#ദിനസരികള്‍ 1090 ഈ മണല്‍ക്കാട്ടിലീ മൂടല്‍ മഞ്ഞില്‍…….




ചങ്ങമ്പുഴയുടെ നിഴലുകള്‍ എന്ന സമാഹാരത്തില്‍ പത്തൊമ്പതു ലഘുഗീതങ്ങളാണുള്ളത്. പത്തൊമ്പതു ചെമ്പനീര്‍പ്പൂവുകളെന്നു വേണം പറയാന്‍. അവ മൊട്ടിട്ട് വിരിഞ്ഞത് 1945 ല്‍ ആണെങ്കിലും ഇപ്പോഴും അവ സൌരഭ്യം ചുരത്തിക്കൊണ്ടിരിക്കുന്നു, ഒട്ടും പുതുമ മാറാതെ.
          കവിതകളിലേക്ക് കടക്കുന്നതിനു മുമ്പ് പുളിമാനയുടെ ഒരു അവതാരിക വായിക്കേണ്ടതുണ്ട്. അക്കാലത്ത് അവതാരികയെക്കുറിച്ചുഅവശതയുടെ ഒരു പ്രകടന പത്രികഎന്ന ഒരു ആക്ഷേപം ഉയരുന്ന കാലമായിരുന്നു.ഈ ആക്ഷപത്തെ സമര്‍ത്ഥമായി നേരിട്ടുകൊണ്ടാണ് അദ്ദേഹം കൃതിയിലേക്ക് പ്രവേശിക്കുന്നത് :- ഏതു സാഹിത്യ സൃഷ്ടിക്കും ഒരവതാരിക അപരിത്യാജ്യമാണെന്നാണ് ഇതെഴുതുന്നയാളിന്റെ അഭിപ്രായം. ഇന്ന് ഒരാള്‍ ഒരു ചങ്ങമ്പുഴക്കൃതി അവതരിപ്പിക്കുകയാണെങ്കില്‍ അതു കേരളീയര്‍ക്ക് സുപരിചിതനായ ഗ്രന്ഥകര്‍ത്താവിനെ വീണ്ടും കേരളീയര്‍ക്ക് പരിചയപ്പെടുത്തുക എന്നുള്ള വൃഥാ സ്ഥൂലവും അനാവശ്യവുമായ സംരംഭത്തിനല്ല , ആ സാഹിത്യ കൃതിയ്ക്ക് അനുയോജ്യമായ പശ്ചാത്തലത്തിന്റെ സൃഷ്ടി സാധിച്ച് സഹൃദയ ലോകത്തിന്റെ ആസ്വാദനത്തിന് കൃതിയെ കൂടുതല്‍ വിധേയമാക്കുക എന്നുള്ള അനുപേക്ഷണീയമായ ചുമതല നിര്‍‌വ്വഹിക്കുന്നതിനായിരിക്കുംഅങ്ങനെ അവതാരിക സര്‍ഗ്ഗാത്മക നിരൂപണം കൂടിയാകുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.
          ആ ചര്‍ച്ചയ്ക്ക ചരിത്രപരമായ പ്രാധാന്യമുള്ളതുകൊണ്ട് സൂചിപ്പിച്ചുവെന്നേയുള്ളു.അവതാരിക വേണമോ വേണ്ടയോ എന്നത് ഓരോ എഴുത്തുകാരുടേയും താല്പര്യമായതുകൊണ്ടുതന്നെ പുളിമാനയെ അവതാരികയില്‍ വിടുക. നമുക്ക് കവിതകളിലേക്ക് കടക്കുക.
          ഒരു ഭാഷയ്ക്ക് എത്രത്തോളം മനോഹരമാകാന്‍ കഴിയും ? ചങ്ങമ്പുഴയുടെ മലയാളത്തോളം എന്ന് ഉത്തരം പറയാന്‍ ശങ്കിക്കേണ്ടതില്ലെന്ന് അടിവരയിടുകയാണ് ഈ സമാഹാരത്തിലെ പത്തൊമ്പതു ലഘുഗീതകങ്ങളുമെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. മലയാളികള്‍ക്ക് ചങ്ങമ്പുഴയുടെ ഭാഷാപ്രയോഗ സാമര്‍ത്ഥ്യത്തെക്കുറിച്ച് ആരും പറഞ്ഞു കൊടുക്കേണ്ടതായിട്ടില്ല. ആ ഭാഷ മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ മഞ്ജിമ വിടരും പുലര്‍കാലമായി മലയാളികളെ കൊതിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായതാണല്ലോ ?അതേ മനോഹരമായ ഭാഷയില്‍ വായനക്കാരന്റെ ഭാവകോടികളെ തൊട്ടുണര്‍ത്തുക തന്നെയാണ് ഈ ഗീതകങ്ങളും ചെയ്യുന്നത്.
          ചങ്ങമ്പുഴക്കവിതകളില്‍ പൊതുവേ കാണാന്‍ കഴിയുന്ന നിരാശ ഇവിടേയുമുണ്ട്. വായനക്കാരനെ സന്തോഷത്തിന്റെ കൊടുമുടിയേറ്റാനും ജീവിത നിരസാത്തിന്റെ പടുകുഴിയിലേക്ക് തള്ളി വീഴ്ത്താനും ചങ്ങമ്പുഴയ്ക്ക് ഏറെ നേരമൊന്നും വേണ്ട. എന്നാല്‍ പുളിമാന ശക്തമായിത്തന്നെ ആ നിലപാടിനെ ന്യായീകരിക്കുന്നു. അദ്ദേഹത്തിന്റെ വാദിക്കുന്നത് ഒരു വിഷയത്തിന്റെ രണ്ടു വശങ്ങളേയും പരിഗണിക്കുന്നതുകൊണ്ടാണ് ചങ്ങമ്പുഴ ഇങ്ങനെ ചിന്തിച്ചു പോകുന്നതെന്നാണ്. പുളിമാന അതിലൊരു തെറ്റും കാണുന്നുമില്ല.
          തര്‍‌ക്കം ആ വഴിക്കു നടക്കട്ടെ , നമുക്ക് ചില കവിതകളെ കാണുക.
          കാലമിമ്മട്ടു കടന്നുപോകും
          കാണുന്നതോരോന്നുമകന്നുമായും
          അത്രയ്ക്കടുത്തവര്‍ നമ്മള്‍ പോലു-
          മശ്രുവാര്‍ത്തങ്ങനെ വേര്‍പിരിയും
          ജീവിതം ജീവിതം സ്വപ്നമാത്രം
          കേവലമേതോ നിഴലുമാത്രം
          ഉല്‍ക്കടചിന്തയും കണ്ണുനീരും
          ഉഗ്രവിഷാദവും വേദനയും
          എന്നാവയ്ക്കിടയ്ക്കങ്ങുമിങ്ങും      
          മിന്നിപ്പൊലിയുന്ന പുഞ്ചിരിയും
          ആരാരിപ്രശ്നമപഗ്രഥിക്കും
          ആരിതിലന്‍ സത്യം തിരഞ്ഞെടുക്കും ?
-          ഈ മണല്‍ക്കാട്ടിലീ മൂടല്‍ മഞ്ഞില്‍
നാമെന്തിനന്യോന്യം കണ്ടു മുട്ടി ……?
                                    2
            അനുഭവങ്ങളേ , നിങ്ങളിനിമേ
          ലനുവദിക്കില്ലാ സ്വപ്നം രചിക്കാന്‍
          മധുരചിന്തകള്‍ ചാലിച്ച ചായം
          വിധി മുഴുവനും തട്ടക്കളഞ്ഞു.
          സതതമെന്‍ മനം നോവിച്ചു മാത്രം
          സഹകരിപ്പതുണ്ടിപ്പൊഴും കാലം
          വെറുതെയാണിപ്പരിഭവം മേലില്‍
          ശരി, യൊരിക്കലും ദുഖിച്ചിടാ ഞാന്‍
          ഹതനെനിക്കതു സാധ്യമോ ? വീണ്ടും
          ഇതളുതിര്‍ന്നതാ വീഴുന്നു പൂക്കള്‍
          ഇവിടെയെല്ലാമിരുട്ടാണ് . കഷ്ട
          മെവിടെ നിത്യതേ നിന്‍ രത്നദീപം ?
                        -നിയതിയെന്‍ കാതില്‍ മന്ത്രിപ്പൂ പേര്‍ത്തും
                   നിഖില,മയ്യോ നിഴലുകള്‍ മാത്രം...

           
         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം