#ദിനസരികള്‍ 1087 കേന്ദ്രമേ – ജനതയെ ജീവിക്കാന്‍ അനുവദിക്കുക
ദേശാഭിമാനിയുടെ
ഇന്നത്തെ മുഖപ്രസംഗത്തെക്കുറിച്ച് ഓരോ കേരളീയനും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഈ
ലേഖനം ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കണമെന്നാണ്. കൊവിഡ് 19 ബാധയെത്തുടര്‍ന്ന്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ജനജീവിതം കൂടുതല്‍
ദുസ്സഹമാക്കുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതെന്ന്
ലേഖനം അടിവരയിടുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ ജനതയുടെ ജീവിതം
പ്രതിസന്ധിയിലാകുന്നു.
കൊവീഡ്
ബാധയെത്തുടര്‍ന്ന് വലിയ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്.
പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാറുകളില്‍ പലതും
താല്പര്യമില്ലാതിരുന്നിട്ടുപോലും തങ്ങളുടെ ജീവനക്കാരുടെ ശമ്പളങ്ങള്‍
വെട്ടിക്കുറയ്ക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്തു.ആ തുകകൂടി ചേര്‍ത്തുകൊണ്ടാണ്
ജനങ്ങളുടെ ജീവിതം വഴുതിപ്പോകാതെപിടിച്ചു നിറുത്തുവാന്‍ ശ്രമിക്കുന്നത്. അതായത്
സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ലഭ്യമായ എല്ലാ സ്രോതസ്സുകളും സംസ്ഥാന സര്‍ക്കാറുകള്‍ അന്വേഷിക്കുകയാണ്.
സാഹചര്യം ഇതായിരിക്കേ ഈ അതിജീവനസമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാതെ സംസ്ഥാന സര്‍ക്കാറുകളെ
കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഓരോ
തീരുമാനങ്ങളുമെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി
തീരുമാനങ്ങളെടുക്കുന്നുവെന്നു മാത്രമല്ല അത് വിവേചനപരമായി നടപ്പിലാക്കുകയും
ചെയ്യുന്നു.ലേഖനം പറയുന്നു :- ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് കോവിഡ് പ്രതിരോധത്തിന് തുക അനുവദിച്ചപ്പോൾ
കേരളത്തോട് വിവേചനമാണ് കാണിച്ചിട്ടുള്ളത്. ഇങ്ങനെ പണം അനുവദിച്ചത്
സംസ്ഥാനങ്ങൾക്ക് സഹായകരംതന്നെ. എന്നാൽ, കോവിഡ് രോഗികൾ താരതമ്യേന കൂടുതലുള്ള കേരളത്തിന്
അനുവദിച്ചത് 157 കോടി രൂപമാത്രം.
അതേസമയം, മഹാരാഷ്ട്രയ്‌ക്ക്
കിട്ടിയത് 1,611 കോടി. മഹാരാഷ്ട്രയിൽ കൂടുതൽ
രോഗികളുണ്ടെന്നും കേരളത്തേക്കാൾ ജനസംഖ്യ കൂടുതലാണെന്നും വേണമെങ്കിൽ വാദിക്കാം.
എന്നാൽ, കേരളത്തേക്കാൾ ജനസംഖ്യ
കുറവുള്ള, കോവിഡ് രോഗികൾ
കുറവുള്ള പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവയടക്കം
മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചതെങ്ങനെ? അതിഥിത്തൊഴിലാളികൾക്ക് വേണ്ടിയാണ്
ഈ തുകയെന്ന് കേന്ദ്രം പറയുന്നു. അങ്ങനെയെങ്കിൽ
അതിഥിത്തൊഴിലാളികളുടെ എണ്ണം കുറവുള്ള ഒഡിഷയ്‌ക്ക് 802 കോടി അനുവദിച്ചതിന്റെ ന്യായമെന്ത്? ഒഡിഷയിലേക്കാൾ അതിഥിത്തൊഴിലാളികൾ
കേരളത്തിലുണ്ട്. എന്നിട്ടും കേരളത്തിന് നൽകിയതിന്റെ അഞ്ചിരട്ടി തുക ഒഡിഷയ്‌ക്ക്
അനുവദിച്ചു. എന്ത് മാനദണ്ഡമായാലും അത് പൊളിച്ചെഴുതണം.”
സംസ്ഥാനങ്ങളെ
ഇങ്ങനെ വിവേചനപരമായി കാണുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ അന്തസ്സത്തയ്ക്കു
നിരക്കാത്തതുമാണ്.അതുകൊണ്ട് കേന്ദ്രം
ഇത്തരം സമീപനങ്ങളില്‍ നിന്ന് പിന്‍മാറണം എന്ന വാദം ന്യായമാണ്. അതോടൊപ്പം
വിവിധങ്ങളായ ഗ്രാന്റുകള്‍ക്കു പുറമേ കേരളത്തിന് ജി എസ് ടി ഇനത്തില്‍ മാത്രം
കേന്ദ്രം നല്കാനുള്ളത് മൂവായിരം കോടി രൂപയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടിശിക
അടിന്തിരമായി അനുവദിക്കുവാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ടത്.
എംപിമാരുടെ പ്രാദേശിക വികസനഫണ്ടില്‍
കൈവെച്ചതിനേയും ദേശാഭിമാനി നിശിതമായി വിമര്‍ശിക്കുന്നുണ്ട് “ രണ്ടുവർഷത്തേക്ക് എം പി ഫണ്ട് മരവിപ്പിക്കാൻ കേന്ദ്ര
ഗവൺമെന്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേന്ദ്രത്തിന് കൂടുതൽ പണം കണ്ടെത്താൻ
സ്വീകരിച്ച ഈ നടപടിയും സംസ്ഥാനങ്ങൾക്ക് ദോഷംതന്നെ. കോവിഡ് പ്രതിരോധത്തിന്
സംസ്ഥാനങ്ങൾ കൂടുതൽ പണം തേടുന്ന സാഹചര്യത്തിൽ ഈ തീരുമാനം വിചിത്രമായി. കോവിഡ് ബാധ രാജ്യത്ത്
എല്ലായിടത്തും ഒരുപോലെയല്ല. ഏറ്റക്കുറച്ചിലുണ്ട്. ഓരോ പ്രദേശത്തിന്റെയും ആവശ്യം
നോക്കി പണം അനുവദിക്കേണ്ടതുണ്ട്. എംപിമാർക്ക് അതിന് കഴിയുമായിരുന്നു. ഈ സാധ്യതയാണ്
പെട്ടെന്ന് ഇല്ലാതാക്കിയത്. രണ്ടുവർഷത്തേക്ക് എംപി ഫണ്ട്
നിർത്തിയതുവഴി കേന്ദ്രത്തിന് 7,900 കോടി രൂപ ലഭിക്കും.” എം പിമാരുടെ ഫണ്ട് വെട്ടിക്കുറച്ചത്
എന്തുകൊണ്ട് ശരിയായില്ലെന്ന് ഈ മുഖപ്രസംഗം കാര്യകാരണസഹിതം വ്യക്തമാക്കുന്നുണ്ട്.
കൊവീഡ്
ബാധയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഉത്തരവാദിത്തം ഏകദേശം
മുഴുവനായും കേന്ദ്രം സംസ്ഥാനങ്ങളുടെ ചുമലിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.അതാതു
സംസ്ഥാനങ്ങളുടെ കാര്യം അവരവര്‍തന്നെ നോക്കണമെന്നാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്ന
നിലപാട്. എന്നാല്‍ അതിനനുസരിച്ചുള്ള സാഹചര്യങ്ങളൊരുക്കുന്നതില്‍
സഹായിക്കുകയെങ്കിലും ചെയ്യേണ്ടതല്ലേ ? അങ്ങനെ
ചെയ്യുന്നില്ലെന്നു മാത്രവുമല്ല പല നിലപാടുകളിലും രാഷ്ട്രീയം കലര്‍ത്തി
സങ്കുചിതമായും വിവേചനപരമായും പെരുമാറുകയും ചെയ്യുന്നു.
ഇതിനൊരറുതിയുണ്ടാകേണ്ടതുണ്ട്. ആ തലത്തിലുള്ള ഒരു ചര്‍ച്ചയാണ് ദേശാഭിമാനിയുടെ
മുഖപ്രസംഗം മുന്നോട്ടു വെയ്ക്കുന്നത്. ആറ്റിക്കുറുക്കിയാല്‍ ഈ ലേഖനം കേന്ദ്രത്തോടു
ആവശ്യപ്പെടുന്നത് ജനതയെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാത്രമാണ്.
Comments