#ദിനസരികള്‍ 1085 ജയിക്കുന്ന മോഡിയും തോല്ക്കുന്ന ഇന്ത്യയും.



            പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്‍പറ്റി ഇന്നലെ രാത്രി ഒമ്പതു മണിക്ക് ഒമ്പതു മിനുട്ടുനേരം നാം വൈദ്യുത വിളക്കുകള്‍ കെടുത്തി , മറ്റു വിളക്കുകള്‍ കൊളുത്തി കൊറണയ്ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യം പകര്‍ന്നു. കേരളത്തില്‍ വലിയ ജനക്കൂട്ടങ്ങളുടെ ആഘോഷമുണ്ടായില്ലെങ്കിലും   രാജ്യത്തിന്റെ പലയിടത്തും ഈ ഐക്യപ്പെടല്‍ ദീപാവലിയെന്ന പോലെ വലിയ ആഘോഷങ്ങളായി മാറി. ആളുകള്‍ പന്തങ്ങള്‍ കത്തിച്ചു പിടിച്ചു കൊണ്ട് നിരത്തുകളിലിറങ്ങി ജാഥ നടത്തി. വലിയൊരു യുദ്ധം നടത്തി കൊറോണയെ തോല്പിച്ചു കളഞ്ഞ സംതൃപ്തിയാണ് പലരുടേയും പ്രതികരണങ്ങളില്‍ കണ്ടത്.മോഡിയുടെ ആഹ്വാനം കേട്ട് ലൈറ്റ് കെടുത്താനും വിളക്കു കത്തിക്കാനും തയ്യാറാകത്തവരെ ഒരു തരം നീരസത്തോടെയാണ് മറ്റുള്ളവര്‍ നോക്കിയത്. രാജ്യമാകമാനം വലിയൊരു പോരാട്ടത്തിലായിരിക്കുമ്പോള്‍ ഇവന്‍ മാത്രം ഒറ്റുകാരനായല്ലോ എന്നാണ് ആ നോട്ടത്തില്‍ നിഴലിച്ച ഭാവമെന്ന് എടുത്തു പറയട്ടെ.
          ഇതിനു മുമ്പു പാത്രം മുട്ടാനായിരുന്നു ആഹ്വാനമുണ്ടായത്. അതും രാജ്യം വലിയ ആഘോഷമാക്കിയെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവല്ലോ. പാത്രങ്ങള്‍  തമ്മില്‍ മുട്ടിക്കൊണ്ട് നടന്നു നീങ്ങുന്ന ജനക്കൂട്ടങ്ങളെ നാം കണ്ടു. അവര്‍‌ മോഡിജിയ്ക്ക് സിന്ദാബാദ് വിളിക്കാനും മറന്നില്ല.ചിലരാകട്ടെ വലിയ വടിയുപയോഗിച്ചു നിലത്തു കിടക്കുന്ന പാത്രത്തില്‍ ആഞ്ഞടിച്ച് ഒച്ചപ്പാടുണ്ടാക്കിയാണ് കൊറോണയെ ഭയപ്പെടുത്തിയോടിച്ചത്.
          അതൊടൊപ്പം വിളക്കുകത്തിക്കലിന്റേയും പാത്രം മുട്ടലിന്റേയും പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് വിവരിക്കാനും ധാരാളം ആളുകള്‍ നാട്ടിലുണ്ടായി. ഭാരതീയവും ദൈവീകവുമായ ചിന്തകളുടെ വെളിച്ചത്തില്‍ അവയുടെ ശാസ്ത്രീയവശങ്ങള്‍ വെളിപ്പെടുത്താന്‍ അത്തരക്കാര്‍ തിരക്കുകൂട്ടി. ഭാരതത്തില്‍ ഭൂരിപക്ഷം വരുന്ന നിരക്ഷരകുക്ഷികളായ പൊതുജനം അവയെല്ലാം സത്യമെന്ന് കരുതി ശിരസ്സിലേറ്റി, കഴിയാവുന്നത്ര രീതിയില്‍ പരസ്പരം പ്രചരിപ്പിച്ചു.
          ചുരുക്കം ചില ആളുകളാണ് മോഡിയുടെ ഇത്തരം നടപടികളെ തള്ളിക്കളയാന്‍ തുനിഞ്ഞത്. അവര്‍ ഇതിനെ അസംബന്ധമെന്ന് വിവക്ഷിച്ചു. ശാസ്ത്രീയവും ജനതയുടെ ജീവിതത്തില്‍ പ്രത്യക്ഷമായിത്തന്നെ ഇടപെടാന്‍ കഴിയുന്ന വിധത്തിലുമുള്ള നടപടികളാണ് ഈ പകര്‍ച്ച വ്യാധികളുടെ കാലത്തുണ്ടാകേണ്ടതെന്നും അതല്ലാതെ അന്ധവിശ്വാസത്തിന്റേയും കെട്ടുകഥകളുടേയും പിന്നാലെ ജനതയെ നയിക്കുകയല്ല വേണ്ടതെന്നും അവര്‍ ശഠിച്ചു.എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സ്തുതിപാഠകരുടെ മുന്നില്‍ അവരുടെ നേര്‍ത്ത ശബ്ദത്തിന് ആരും ചെവികൊടുക്കാനില്ലാതെയായി.
          ഒന്ന് വിളിക്കു കത്തിച്ചാല്‍ , പാത്രം മുട്ടിയാല്‍ എന്താണ് കുഴപ്പം ? അതിനെതിരെ എന്തിനാണ് നിങ്ങളിങ്ങനെ വാശി പിടിക്കുന്നത് എന്നാണ് ഇത് അംസബന്ധമാണെന്ന് പറഞ്ഞവരോട് ജനം ചോദിച്ചത്.ഒരു ദോഷവുമില്ലാത്ത , ആര്‍ക്കും ഒരു ചേതവുമില്ലാത്ത ഒന്നിനെ രാഷ്ട്രീയത്തിന്റെ പേരിലും മറ്റു താല്പര്യങ്ങളുടെ പേരിലും വെറുതെ എതിര്‍ക്കുകയാണെന്ന് ജനത ആക്ഷേപിച്ചു. എന്തൊക്കെപ്പറഞ്ഞാലും മോഡി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലേ എന്ന മറുചോദ്യമാണ് പലപ്പോഴും ശാസ്ത്രവാദികള്‍ക്കും യുക്തിചിന്തകര്‍ക്കും നേരിടേണ്ടി വന്നത്.
          ഇവിടെയാണ് മോഡി ജയിക്കുന്നത്.താന്‍ ചെയ്യുന്നത് അസംബന്ധമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നാലും രാജ്യത്തിന്റെ പേരിലാകമ്പോള്‍ തര്‍‌ക്കമില്ലാതെ ഏറ്റെടുക്കാനും ഭൂരിപക്ഷമുണ്ടാകുമെന്നും അറിയാം. ആ അറിവാണ് ഇത്തരം അസംബന്ധങ്ങളുമായി എഴുന്നള്ളുവാനുള്ള കരുത്ത് അദ്ദേഹത്തിന് നല്കുന്നത്.
          പ്രാകൃതമായ ആചാരങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണിതെന്നതുപോലെ ഗൂഢമായി ഹിന്ദുത്വ അജണ്ടയെ നടപ്പിലാക്കുക കൂടിയാണ് ഇദ്ദേഹം ചെയ്യുന്നത്. കൊറോണയുടെ ആദ്യദിനങ്ങള്‍ ഭാരതീയര്‍ എല്ലാക്കാലത്തും ചെയ്യുന്നതുപോലെ ഇനി കൈകൂപ്പുക മാത്രമേ രക്ഷയുള്ളു എന്ന് പറഞ്ഞതുമുതല്‍ വിളക്കു കത്തിക്കല്‍ വരെയുള്ളവക്കു പിന്നിലെ ഉദ്ദേശങ്ങള്‍ മറ്റൊന്നല്ല. അതോടൊപ്പം തന്നെ രാഷ്ട്രത്തിന്റെ രക്ഷകനായി അദ്ദേഹം സ്വയം അവരോധിക്കുന്നു. ജനത എങ്ങനെ ജീവിക്കുമെന്നോ എന്തു കഴിക്കുമെന്നോ ഉള്ള ആശങ്കകള്‍ അദ്ദേഹത്തെ തീണ്ടാറേയില്ല.
          ഫലത്തില്‍ മോഡിയും ഹിന്ദുത്വയും വിജയിക്കുകയും ഇന്ത്യയും  അതില്‍ അധിവസിക്കുന്ന കോടാനുകോടി ജനതയും  തോല്‍ക്കുകയുമാണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമില്ലാത്തത്.
         



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം