#ദിനസരികള്‍ 1086 കേരളം അഭിമാനമാണ്, എന്നാല്‍ ആഹ്ലാദിപ്പിക്കുന്നില്ല.



            എന്റെ നാട് , കേരളം , കൊറോണ ബാധയ്ക്കെതിരെ ഫലപ്രദമായി പൊരുതിക്കൊണ്ടിരിക്കുന്നു. ലോകത്തെ അതിവികസിത സാമ്പത്തിക ശക്തികള്‍ പോലും പകച്ചു പോയ സമയത്താണ് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം ഇത്തരത്തിലൊരു അഭിനന്ദനീയമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നതെന്നത് രോഗത്തെ പിടിച്ചുകെട്ടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അധികാരികളുടെ പ്രവര്‍ത്തനമികവിന്റെ ഉദാഹരണമാണ്.ഒരുഘട്ടത്തില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിന്റെ സ്ഥാനത്ത് ഒന്നാം സ്ഥനത്തു നിന്നിരുന്ന സംസ്ഥാനം ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. മഹാരാഷ്ട്ര 868 , തമിഴ്നാട് 621, ഡല്‍ഹി 525 ,  തെലങ്കാന 364 , കേരളം 327 (https://www.covid19india.org/ കണക്കുകളനുസരിച്ച് ) എന്നിങ്ങനെയാണ് ഇപ്പോള്‍ രോഗബാധിതരുള്ളത്.
          എന്നാല്‍ നാം കൈവരിച്ച നേട്ടത്തില്‍ ഈ സംസ്ഥാനത്ത് ജീവിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ടെങ്കിലും കേരളം മാത്രമൊരു തുരുത്തായി മാറുന്നു എന്നത് ഒരു മനുഷ്യനെന്ന നിലയില്‍ എന്നെ ആഹ്ലാദിപ്പിക്കുന്നേയില്ലെന്നതാണ് വസ്തുത. ലോകത്താകമാനം കൊറോണബാധയെത്തുടര്‍ന്ന് പൊലിഞ്ഞു പോകുന്ന ആയിരക്കണക്കായ ആളുകളുടെ ജിവീതവും സ്വപ്നങ്ങളും എന്നെ കണക്കിലേറെ അസ്വസ്ഥപ്പെടുത്തുന്നു. അതുകൊണ്ട് ഒരു അതിജീവനവും ഇവിടെ അമിതമായി ആഹ്ലാദിക്കുവാനുള്ള അവസരങ്ങളല്ലെന്ന ജാഗ്രത എന്തുകൊണ്ടോ എല്ലായ്പ്പോഴും എന്നെ തൊട്ടുനില്ക്കുന്നു.
          യു എസ് പോലെയുള്ള പ്രതിരോധ ശേഷിയുള്ള എന്നാല്‍ ആ ശേഷിയെ കൃത്യമായി വിനിയോഗിക്കാനുള്ള ഔചിത്യം കാണിക്കാത്ത രാഷ്ട്രങ്ങളുടെ കാര്യത്തെക്കാള്‍ ആഫ്രിക്കന്‍  വന്‍കരയിലെ രാജ്യങ്ങളെക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? കൊവീഡ് ബാധയുടെ ലോകമാപ്പില്‍ അവിടം പക്ഷേ അത്രക്കൊന്നും ചുവന്നിട്ടില്ലെന്നത് ആശ്വാസത്തിന് കാരണമാകുന്നില്ല. പരിശോധനയും സ്ഥിരീകരണവും എത്രമാത്രം അവിടങ്ങളില്‍ നടക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
          ആഫ്രിക്കയിലെ അമ്പത്തിനാല് രാജ്യങ്ങളില്‍ അമ്പത്തിരണ്ടിലും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രോഗികളുടെ എണ്ണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഒട്ടുംതന്നെ വിശ്വസനീയമല്ലെന്നാണ് കരുതേണ്ടത്. സൌത്ത് ആഫ്രിക്കയില്‍ രണ്ടായിരത്തോളം ആളുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂഖണ്ഡമാകെ അതിവേഗതയിലാണ് രോഗം പടരുന്നതെന്നും ഗവണ്‍‌മെന്റുകള്‍ അതിജീവനത്തിനായുള്ള കരുതലുകള്‍ അതിവേഗതയില്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ എന്താണ് നിലവിലെ അവസ്ഥയെന്ന് കൃത്യവും വിശ്വസനീയവുമായ ഒരു കണക്ക് ആരുടേയും കൈവശമുണ്ടെന്ന് കരുതുന്നില്ല.( ലോകത്തെവിടേയുമില്ല എന്നു കൂടി എടുത്തു പറയണം. കമ്യൂണിസ്റ്റി ട്രാന്‍സ്മിഷന്‍ ആരംഭിച്ചിട്ടില്ല എന്നു ചിന്ത പോലും അതുകൊണ്ടുതന്നെ അസ്ഥാനത്തായേക്കാം ) മനുഷ്യന്‍ പുറപ്പെട്ടുപോന്ന തറവാടിന്റെ വിവിധ ഭാഗങ്ങളില്‍  ജീവിക്കുന്ന മനുഷ്യരുടെ ജീവിതം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.
അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങള്‍ ആവശ്യമായ ആയുധങ്ങള്‍ കൈവശമുണ്ടായിട്ടും അത് കൃത്യമായി ഉപയോഗിക്കാതെ അപകടത്തിലേക്ക് കൂപ്പുകുത്തിയാതാണ്. എന്നാല്‍ ആഫ്രിക്കയാകട്ടെ ആവശ്യത്തിന് ഒരായുധവും കൈവശമില്ലാതെ പകച്ചു നില്ക്കുകയാണ് എന്നതാണ് വാസ്തവം. ലോകരാജ്യങ്ങള്‍ സ്വയം ഈ വൈറസ്സിനെതിരെ പോരാടുമ്പോളും ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ സവിശേഷമായും ശ്രദ്ധ വെക്കേണ്ടതുണ്ടെന്നും കഴിയുന്നത്ര രീതിയില്‍ സഹായിക്കേണ്ടതുണ്ടെന്നും എനിക്ക് തോന്നുന്നു. എന്നോ ആഫ്രിക്കയുടെ അതിരുകള്‍ ഭേദിച്ച് പുറംലോകത്തേക്ക് കാലുവെച്ച ഏതോ ഒരുവനാണ് ഇന്നീക്കാണുന്ന മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിന്റേയും ആദിപിതാവ് എന്ന കാര്യം ലോകം മറന്നുകൂടാ. 
          ഇന്നലെ വൈകുന്നേരം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ രോഗം മൂര്‍ച്ഛിച്ചതിനു പിന്നാലെ  ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് വന്നത്.ഇന്ന് രാവിലെയാകുമ്പോഴേക്കും അദ്ദേഹത്തെ അതിതീവ്രപരിചരണവിഭാഗത്തിലാ ക്കിയിരിക്കുന്നു. ബോറിസ് ജോണ്‍‌സണെ സംബന്ധിച്ച് കാര്യങ്ങള്‍ സുഗമമല്ല എന്നു തന്നെയാണ് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ഞാന്‍ ജോണ്‍സണെ ഉദാഹരിച്ചത് ഈ രോഗത്തിന് മുന്നില്‍ തിരുവനന്തപുരത്ത് മരിച്ച അബ്ദുള്‍ അസീസായാലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായാലും ഭേദമില്ലെന്ന് കാണിക്കുവാന്‍ വേണ്ടിമാത്രമാണ്.
          അതുകൊണ്ടാണ് കൊവീഡിനെതിരെയുള്ള ഒറ്റക്കൊറ്റക്കുള്ള ഒരു പോരാട്ടവും വിജയിക്കുകയില്ലെന്ന് ഞാന്‍ ചിന്തിച്ചു പോകുന്നത്.നിങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്നത് അപ്പുറത്ത് പതിനായിരങ്ങള്‍ മരിച്ചതിനു പകരമാകുന്നുവെന്ന് ചിന്തിക്കുന്നത്ര അല്പത്തരം മറ്റെന്തുണ്ട് ? അതുകൊണ്ടാണ് കേരളത്തിന്റെ നേട്ടങ്ങള്‍ അഭിമാനമാകുമ്പോഴും അതില്‍ ആഹ്ലാദിക്കാന്‍ നമുക്ക് തോന്നാതെ പോകുന്നത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം