#ദിനസരികള്‍ 1069 പിടിച്ചാല്‍ പ്രതി പിണറായി , പിടിച്ചില്ലെങ്കില്‍ ദൈവത്തിന് മഹത്വം !



            പള്ളിയില്‍ അല്ലെങ്കില്‍ അമ്പലത്തില്‍ പോയിട്ട് കൊറോണ വരികയാണെങ്കില്‍ വരട്ടെ എന്നു പ്രതികരിക്കുന്നവര്‍ ധാരാളമുണ്ട്. ആരാധനാ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായതോടെ നാളിതുവരെയില്ലാത്ത ഒരു തരം വാശിയോടെ അക്കൂട്ടര്‍ ആരാധനാലയങ്ങളിലേക്ക് വന്നു കയറുന്നത്.സര്‍ക്കാറും മറ്റ് അധികാരികളും നല്കുന്ന മുന്‍കരുതല്‍ നിര്‍‌ദ്ദേശങ്ങളെ മാനിച്ചു കൊണ്ട് വിട്ടുനില്ക്കാന്‍ തയ്യാറാകുന്നവരെ ഭീരുവെന്നും ദൈവത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കാത്തവന്‍ എന്നുമൊക്കെ ആക്ഷേപിക്കുന്നു.അതിലുമപ്പുറം മറ്റൊരു ന്യായികരണവും ഇവരുടേതായിട്ടുണ്ട്. അതായത് കമ്യൂണിസ്റ്റുകാരല്ലേ ഭരിക്കുന്നത് അവര്‍ പള്ളിയിലും അമ്പലത്തിലുമൊന്നും പോകില്ലെന്ന് പറയും. അവര്‍ക്ക് പണ്ടേ വിശ്വാസമില്ലല്ലോ. എന്നാല്‍ ദൈവവിശ്വാസികളെ സംബന്ധിച്ച് അതിനൊന്നും ചെവി കൊടുക്കേണ്ടതില്ല. നമ്മള്‍ കേള്‍‌ക്കേണ്ടത് ദൈവത്തിന്റെ ദൈവത്തിന്റെ വാക്കുകളാണ് എന്നാണ് ആ ന്യായീകരണം.
          വിശ്വാസികളുടെ ഇത്തരം അല്പത്തരങ്ങള്‍ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ മടുപ്പു തോന്നുന്നുണ്ട്. എത്ര പറഞ്ഞാലും മനസ്സിലാക്കാത്തവര്‍. അതാത് മതങ്ങളുടെ ആസ്ഥാന കേന്ദ്രങ്ങള്‍ പോലും അടച്ചിട്ടിരിക്കുന്നുവെന്ന വസ്തുത ഇക്കൂട്ടര്‍ക്ക് അറിയാത്തതല്ല. തിരക്കൊഴിയാതെ നിന്നിരുന്ന വത്തിക്കാന്‍ തെരുവുകള്‍ വിജനമായിരിക്കുന്നു. ജനക്കൂട്ടങ്ങളെ ഒഴിവാക്കി പോപ്പ് ഏകനായി കുര്‍ബാന സമര്‍പ്പിക്കുന്നു. സാഹചര്യങ്ങളുടെ പ്രാധാന്യത്തെ പരിഗണിച്ച്  മക്കയിലും മദീനയിലുമുള്ള മുസ്ലിം ആരാധാനാ കേന്ദ്രങ്ങള്‍ ആളുകളുടെ പ്രവേശനത്തെ നിരോധിക്കുന്നു. മതാധികാരികള്‍ സ്വന്തം വിശ്വാസികളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ ലോകത്താകമാനം നിലനില്ക്കവേയാണ് ഇവിടെ നമ്മുടെ നാട്ടില്‍ വിശ്വാസത്തിന്റെ പേരില്‍ പേക്കൂത്തുകള്‍ അരങ്ങേറുന്നത് എന്നതാണ് ഏറെ കഷ്ടമായിട്ടുള്ളത്.
          കൊറോണയുടെ പേരിലും വര്‍ഗ്ഗീയമായ ധ്രൂവീകരണമുണ്ടാക്കുവാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമംകൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാകുന്നു. ചില മതവിശ്വാസികള്‍ കൂട്ടംകൂടുകയും എല്ലാത്തരം നിര്‍‌ദ്ദേശങ്ങളും കാറ്റില്‍ പറത്തി മറ്റു ജനവിഭാഗങ്ങളെക്കൂടി അപകടത്തില്‍ പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം നാട്ടുസംസാരങ്ങളിലുണ്ട്.അതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് ആരാധനാ കേന്ദ്രങ്ങളിലെ ആളെണ്ണമാണ്.പുണ്ണു പിടിച്ച മനസ്സുകളുടെ ഇത്തരത്തിലുള്ള നികൃഷ്ടമായ വാദങ്ങളെ ബലപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു മതസ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കരുത്. അത്യാപത്തില്‍ പെട്ടുഴലുന്ന ജനതയുടെ മുന്നിലേക്ക് തങ്ങളുടെ ആപത്തിന് കാരണക്കാരായി ഒരുകൂട്ടത്തെ അവതരിപ്പിച്ചുകൊടുത്താല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവരതേറ്റെടുക്കുമെന്ന് ചില കുബുദ്ധികള്‍‌ക്കെങ്കിലും അറിയാം. അവരത് സമര്‍ത്ഥമായി വിനിയോഗിക്കാനും ശ്രമിക്കുന്നു.
          ഇക്കാലം എല്ലാം കൊണ്ടും ജാഗ്രത പുലര്‍‌ത്തേണ്ട കാലമാണ്. സങ്കുചിതമായ എല്ലാത്തരം കാഴ്ചപ്പാടുകളും മനുഷ്യനെന്ന നന്മയെ മുന്‍നിറുത്തി മാറ്റി വെയ്ക്കപ്പെടണം. വിശ്വാസികളായാലും അവിശ്വാസികളായാലും ശാസ്ത്രീയാവബോധം ഓരോ വിഷയങ്ങളിലും ഉള്‍‌ത്തെളിച്ചമാകേണ്ടതുണ്ട്.
          അതുകൊണ്ട് ഈ അവസാന മണിക്കൂറുകളിലെങ്കിലും എല്ലാ മതസ്ഥാപനങ്ങളും ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ലോകമാകെ വ്യാപിച്ചിരിക്കുന്ന ഒരു വന്‍വിപത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരം നിങ്ങളുടെ നിസ്സാരമായ പിടിവാശികളുടെ പേരില്‍ നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ ഉള്ള മുതലെടുപ്പുകള്‍ക്ക് രോഗവ്യാപനം കാരണമാകരുത്.
          അതുകൊണ്ട് വൈറസ് പിടിച്ചാല്‍ പ്രതി പിണറായിയും പിടിച്ചില്ലെങ്കില്‍ ദൈവത്തിനു മഹത്വവും എന്നല്ല ചിന്തിക്കേണ്ടതെന്ന കാര്യം എല്ലായ്പ്പോഴും ഓര്‍മയിരിക്കട്ടെ.
         


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍