#ദിനസരികള്‍ 1065 ഗോഗോയി നല്കുന്ന പാഠങ്ങള്‍
സുപ്രിംകോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗോഗോയ്
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക്
പെട്ടെന്ന് പറയാന്‍ തോന്നിയത് അയ്യേ എന്നാണ്. രാജ്യ സഭാ എം പി എന്ന സ്ഥാനത്തോടുള്ള
അവഹേളനമായിരുന്നില്ല ,മറിച്ച് രാജ്യത്തെ നിയമ മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം
വഹിച്ചിരുന്ന ഒരാള്‍ തന്റെ റിട്ടയര്‍മെന്റിനു ശേഷം , താരതമ്യേന എളുപ്പത്തില്‍ ,
മറ്റൊരു രംഗത്തേക്ക് നിയോഗിക്കപ്പെടുമ്പോള്‍ അതിനു പിന്നിലൊരു അസ്വാഭാവികതയുണ്ട്
എന്ന ചിന്തയിലാണ് അത്തരമൊരു പ്രതികരണം വന്നത്.ഒന്നു കൂടി വിശദമാക്കിയാല്‍ തന്റെ
ഔദ്യോഗിക ജീവിത കാലത്ത് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് എന്തിനൊക്കെയോ
വഴങ്ങിക്കൊടുക്കുകയും അതിന്റെ പ്രത്യുപകാരമായി ഈ രാജ്യസഭാ എംപി സ്ഥാനം ലഭിക്കുകയും
ചെയ്യുന്നുവെന്ന് ഇന്നാട്ടിലെ സാധാരണക്കാരായ പൌരന്മാര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം
പറയാന്‍ കഴിയില്ല.
റിട്ടയര്‍മെന്റിനു ശേഷം ഇത്തരത്തില്‍ എറിഞ്ഞു
കിട്ടുന്ന എന്തെങ്കിലും അപ്പക്കഷണത്തിനു വേണ്ടി നമ്മുടെ ന്യായാധിപര്‍
വഴങ്ങിക്കൊടുക്കുന്നുവെന്ന് ചിന്തിക്കാന്‍ സത്യത്തില്‍ ദുഖമുണ്ട്.
എന്നുമാത്രവുമല്ല , അത് നിലനില്ക്കുന്ന നിയമവ്യവസ്ഥയില്‍ അവിശ്വാസമുണ്ടാക്കുമെന്നും
നമുക്കറിയാം. എന്നാല്‍ അതിനുമപ്പുറം ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട്
ധാരാളം കേസുകള്‍ പരിഗണിക്കേണ്ടി വന്നയാള്‍ , ആ പാര്‍ട്ടിയുമായി മറ്റേതെങ്കിലും
തരത്തില്‍ ബന്ധമില്ലാത്ത ഒരാള്‍, വളരെ പെട്ടെന്ന്
തന്നെ പ്രധാനപ്പെട്ട ഒരു സ്ഥാനത്തേക്ക് അതേ പാര്‍ട്ടിയാല്‍ തന്നെ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍
നാം , ഇന്നാട്ടിലെ ജനത, എന്താണ് ചിന്തിക്കേണ്ടത് ?
സുപ്രിംകോടതി
ചീഫ് ജസ്റ്റീസായിരുന്ന പി സദാശിവത്തെ വിരമിക്കലിനു ശേഷം കേരളത്തിന്റെ ഗവര്‍ണറായി
നിയമിച്ചപ്പോഴേ നാം അതു ശരിയായ കീഴ്‌വഴക്കമല്ല എന്ന് ചിന്തിച്ചതാണ്. വിരമിക്കുന്ന
ന്യായാധിപര്‍ ഇത്തരത്തില്‍ എന്തെങ്കിലും സ്ഥാനം സ്വീകരിക്കുന്നത് , താന്‍
വഹിച്ച സ്ഥാനത്തിന്റെ മഹത്വത്തെ ഇടിച്ചു താഴ്ത്തുന്നതാണ് എന്നാണ്
ജനാധിപത്യവാദികളായവരുടെ അഭിപ്രായം. തങ്ങള്‍ക്ക് അനുകൂലമായി ചില വിധികള്‍
പുറപ്പെടുവിച്ചതിന്റെ നന്ദിപ്രകടനമാണ് വിരമിക്കലിന്റെ ശേഷമുള്ള ഇത്തരം
സ്ഥാനലബ്ദികളെന്ന് അവര്‍ ചിന്തിച്ചാല്‍ അതത്ര കഴമ്പില്ലാത്തതല്ല.
രഞ്ജന്‍ ഗോഗോയിയെ
സംബന്ധിച്ചാണെങ്കില്‍ രാജ്യം ചെവിയോര്‍ത്ത വിധികളില്‍ ചിലത്
അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇരുപത്തഞ്ചു കൊല്ലക്കാലമായി നിലനിന്ന ബാബറി മസ്ജിജ്
കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള വിധിയാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. ആ
വിധിയെക്കുറിച്ച് സാമാന്യ ബുദ്ധിയുള്ളവരെല്ലാംതന്നെ എതിരഭിപ്രായം
രേഖപ്പെടുത്തിയതാണെങ്കിലും രാജ്യത്തെ ജനതകള്‍ തമ്മിലുള്ള സൌഹാര്‍ദ്ദം പുലരേണ്ടത്
അനിവാര്യമാകയാല്‍ കോടതി വിധിയെ ഒരു പരിധിവരെ അംഗീകരിക്കുകയാണുണ്ടായത്.അയോധ്യയില്‍
ക്ഷേത്രം നിര്‍മ്മിക്കാമെന്നും അതിന് ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും
മുസ്ലിംങ്ങള്‍ക്ക് ആരാധനാലയം നിര്‍മ്മിക്കാന്‍ യു പിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം
അനുവദിക്കേണ്ടതാണെന്നുമായിരുന്നു ആ വിധിയെന്നു കൂടി നാം മറക്കാതിരിക്കുക.
മറ്റൊരു വിധി രാഷ്ട്രീയമായി ഏറെ
കോളിളക്കമുണ്ടാക്കിയ റാഫേല്‍ കേസുമായി ബന്ധപ്പെട്ടതാണ്. പ്രസ്തുത കേസുമായി
ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തി കാവല്‍ക്കാരന്‍ കള്ളനാണെന്ന
പ്രസ്താവന വലിയ വിവാദമുണ്ടാക്കിയിരുന്നു. നരേന്ദ്രമോഡിയടക്കമുള്ള ബി ജെ പി നേതാക്കന്മാര്‍ക്ക് ക്ലീന്‍ ചിറ്റ്
നല്കിക്കൊണ്ടാണ് രഞ്ജന്‍ ഗോഗോയി ആ കേസ് അവസാനിപ്പിച്ചത്. രാഷ്ട്രീയമായി ബി ജെ
പിയ്ക്ക് ഏറെ ആശ്വസമാണ് ആ വിധിയുണ്ടാക്കിയതെന്നത് എടുത്തുപറയേണ്ടതില്ലല്ലോ.രഞ്ജന്‍
ഗോഗോയിയുടെ അവസാനനാളുകള്‍ തിരക്കിട്ട് കേസുകള്‍ കേള്‍ക്കുന്നതായിരുന്നു.
ശബരിമല കേസ് വിശാല ബഞ്ചിനു വിട്ടതും ഇദ്ദേഹമായിരുന്നു.
എന്തായാലും രാജ്യസഭയിലേക്കുള്ള പ്രവേശനം
ഉറപ്പാക്കിയതോടെ അദ്ദേഹം വിധി പറഞ്ഞ കേസുകളിലെ നിഷ്പക്ഷത വീണ്ടും ചോദ്യം
ചെയ്യപ്പെടും. ജൂഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് സാരമായി കോട്ടംതട്ടുമെന്ന കാര്യമാണ്
അതിനുമപ്പുറം നമ്മെ അലട്ടേണ്ടത്.ഒരു വിധിയും – അതെത്ര
സത്യസന്ധമാണെങ്കിലും – ഇനിയും ഈ ജനത എങ്ങനെ വിശ്വാസത്തിലെടുക്കാനാണ് ? അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടി വഴങ്ങിക്കൊടുക്കുന്ന ന്യായാധിപര്‍
എന്തു തരത്തിലുള്ള വിധി പ്രസ്താവിക്കുവാനും മടിക്കില്ലെന്നല്ലേ ഇനി നാം
ചിന്തിക്കുകയുള്ളു ?
ജുഡിഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്നത്
രാജ്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.
Comments