#ദിനസരികള്‍ 1068 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - A Short History of Nearly Everything - 1



            ഞാന്‍ ഇടയ്ക്കിടയ്ക്ക് എന്നെപ്പറ്റി ചിന്തിക്കാറുണ്ട്. അത്തരം ചിന്തകളുടെ തുടക്കമെന്ന നിലയില്‍ എന്താണ് ഞാന്‍ എന്നൊരു ചോദ്യം അപ്പോഴൊക്കെ എന്നെ വന്നു മുട്ടിവിളിക്കാറുമുണ്ട്. ആരാണ് ഞാന്‍ ? എന്താണ് ഞാന്‍ ? എങ്ങനെയാണ് ഞാനിവിടെയെത്തിയത് ? എന്തിനാണ് ഇവിടെ തുടരുന്നത് ? എന്താണ് ഇതിനുമപ്പുറം എന്നെ കാത്തിരിക്കുന്നത് ? ഇതൊക്കെ ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നതാണെങ്കിലും കേവലം ഇതൊരു ഞാനുംഞാനുമായുള്ള പ്രശ്നമേയല്ല. ഈ നീലജലഗോളത്തിലെ ആവാസ വ്യവസ്ഥയില്‍ പരസ്പരം കണ്ടുമുട്ടുന്ന അല്ലെങ്കില്‍ ഒരിക്കലും കണ്ടുമുട്ടാത്ത - എല്ലാ ജീവകോശങ്ങളും സ്വയം ഉന്നയിക്കുന്ന , ഉന്നയിക്കേണ്ട ഒരു ചോദ്യമാണിത്. അതിനുമപ്പുറം ഇവിടെയുള്ള അജീവ വസ്തുക്കളും ഇതേ ചോദ്യത്തിന്റെ വിശാലതയിലേക്ക് വന്നുചേരേണ്ടതുണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ട് ഞാന്‍ എന്നെപ്പറ്റി ചോദിക്കുന്ന അതേ ചോദ്യംതന്ന അതേ ഗൌരവത്തോടെ  ഈ അണ്ഡകടാഹത്തിന്റെ ഏതു മൂലയ്ക്കിരിക്കുന്ന ആര്‍ക്കും ചോദിക്കാം. ഉത്തരങ്ങള്‍ തേടാം - ആയിരമായിരം നക്ഷത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ട ആകാശ വിതാനങ്ങള്‍ എങ്ങനെയാണ് രൂപപ്പെട്ടു വന്നത് ? എന്തുകൊണ്ടാണ് അത് രാത്രിയായും പകലായും വിഭജിക്കപ്പട്ടത് ? സൂര്യനും ചന്ദ്രനും എങ്ങനെയാണ് അതാതിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടത് ?  ഞാനിങ്ങനെ കാലുകുത്തി വിജ്യംഭിച്ചു നില്ക്കുന്ന ഈ നീലജലഗോളം എങ്ങനെയാണ് ഇവിടെ വന്നത് ?    അത്ഭുതമേ ! അത്ഭുതം ! നാളിതുവരെ അങ്ങനെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍‌ക്കൊന്നിനും തന്നെ കൊള്ളാവുന്ന ഒരുത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നു തുറന്നു സമ്മതിക്കുന്നതില്‍ ഞാനെന്തിന് നാണിക്കണം ? ഒരു പുല്ല് മുളയ്ക്കുന്നതെന്തിനാണെന്നോ എങ്ങനെയാണെന്നോ ഒരു പൂവ് തിടം വെച്ചു വന്ന് കണ്ണിനു കുളിര്‍മ നല്കുന്നതെങ്ങനെയെന്നോ എന്നോട് ചോദിച്ചാല്‍ നിഷ്കൃഷ്ടമായി ഒരുത്തരം നല്കാന്‍ എനിക്കു കഴിയില്ല. അമ്പ ! അത്രയും വലിയ വിവരക്കേടുണ്ടെങ്കിലും സര്‍വ്വജ്ഞാനിയാണെന്ന അഹങ്കാരത്തിന് ഒരു കുറവും വന്നുകൂടായെന്ന വാശിയ്ക്ക് ഒട്ടും കുറവില്ല എന്നുമാത്രം .
          ചോദ്യങ്ങള്‍ ഇപ്പോഴും ചോദ്യങ്ങളായിത്തന്നെ തുടരുന്നു.ഇത്തരത്തില്‍ ആളെ കുഴപ്പത്തിലാക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും  ഒരുത്തരം നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ നമുക്കായി കണ്ടെത്തിയിട്ടുണ്ട്. അതറിയുന്നതോടെ എല്ലാ സംശയങ്ങളും അവസാനിക്കുന്നു. പിന്നെ ചോദ്യങ്ങളൊന്നുംതന്നെ നമ്മെ അലട്ടുകയേയില്ല. ആ ഉത്തരമാണ് ദൈവം. എല്ലാത്തിനേയും സൃഷ്ടിച്ചും സംരക്ഷിച്ചു സംഹരിച്ചു പോരുന്ന സാക്ഷാല്‍ ദൈവം. ദൈവം അറിയാതെ ഇവിടെ ഒരു പുല്‍‌ക്കൊടി പോലും മുളപൊട്ടുകയില്ലല്ലോ, ഒരു തീപ്പൊരിപ്പോലും പാറുകയില്ലല്ലോ , രാവും പകലുമുണ്ടാകുകയില്ലല്ലോ , വായുവും വെള്ളവും ഉണ്ടാകുകയില്ലല്ലോ ! ഇക്കാണാവുന്നതെല്ലാം നമുക്കായി അതിമനോഹരമായി സംവിധാനിച്ചു വെച്ചിരിക്കുന്നത് കരുണാമയനായ ദൈവമാണ്. അവിടുത്തെ മഹാകാരുണ്യത്തിന്റെ സാഗരവഴികളില്‍ അത്ഭുതപ്പെട്ട് സ്തംഭിച്ചു പോകുന്ന ഒരുവനായി , വിനീതനായി ഞാന്‍ - നിങ്ങളും - തരളനാകുന്നു. എന്തുകൊണ്ടാണ് ആകാശാദികളില്‍ മഹാപ്രകാശങ്ങള്‍ ജ്വലിച്ചു നില്ക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാകുന്നു. എങ്ങനെയാണ് നാം ഇവിടെയെത്തിയത് എന്ന് നമുക്ക് മനസ്സിലാകുന്നു.പുല്ലും പൂവും പുഴുവും പൂമ്പാറ്റയും അങ്ങനെ എന്തെല്ലാം എന്തെല്ലാം എങ്ങനെയാണ് ഈ ഭൂമിയെ ചൈതന്യവത്താക്കുന്നതെന്ന് നാം തിരിച്ചറിയുന്നു. അഹോ ദൈവമേ , എല്ലാ ചോദ്യങ്ങളും നിന്നിലാരംഭിച്ച് നിന്നിലവസാനിക്കുന്നുവല്ലോ. നീ തന്നയൊണ് എല്ലാ ചോദ്യത്തിന്റേയും ആത്യന്തികമായ ഉത്തരം. അതുകൊണ്ട് എല്ലാ സ്തുതിയും നിനക്കുള്ളതാകട്ടെ ! നാം ദൈവമെന്ന ഉത്തരത്തെ കണ്ടെത്തുന്നതോടെ എല്ലാ ചോദ്യങ്ങളും അവസാനിക്കുകയാണ്. അതല്ലെങ്കില്‍ എല്ലാ ചോദ്യങ്ങളും ഒരൊറ്റ ഉത്തരത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്.
          ദൈവം മഹത്തായ ഒരത്ഭുതമാണ്. പാറിപ്പറക്കുന്ന പൊടിപടലങ്ങളില്‍ ദൈവത്തെ കണ്ടെത്തിയ കാപ്രയും ( Five years ago, I had a beautiful experience which set me on a road that has led to the writing of this book.I was sitting by the ocean one late summer afternoon, watching the waves rolling in and feeling the rhythm of my breathing, when I suddenly became aware of my whole environment as being engaged in a gigantic cosmic dance. Being a physicist, I knew that the sand, rocks, water and air around me were made of vibrating molecules and atoms, and that these consisted of particles which interacted with one another by creating and destroying other particles. I knew also that the Earth’s atmosphere was continually bombarded by showers of ‘cosmic rays’, particles of high energy undergoing multiple collisions as they penetrated the air. All this was familiar to me from my research in high-energy physics, but until that moment I had only experienced it through graphs, diagrams and mathematical theories. As I sat on that beach my former experiences came to life; I ‘saw’ cascades of energy coming down from outer space, in which particles were created and destroyed in rhythmic pulses; I ‘saw’ the atoms of the elements and those of my body participating in this cosmic dance of energy; I felt its rhythm and I ‘heard’ its sound, and at that moment I knew that this was the Dance of Shiva, the Lord of Dancers worshipped by the Hindus.- Tao of Physics ല്‍ നിന്ന് ) അസാധാരണമായ വേഗതയില്‍ ആര്‍ത്തലച്ചു വരുന്ന ഒരു യന്ത്രത്തിന്റെ പാതയില്‍ നിന്നും നൂലിഴയ്ക്ക് വഴുതി രക്ഷപ്പെട്ടു പോകുന്ന സ്വാമി വിവേകാനന്ദന്റെ പുഴുവും എത്ര കുതിര ശക്തിയുള്ള ഭീമാകാരമായ ഒരു യന്ത്രമാണെങ്കിലും ദൈവ സൃഷ്ടിയായ ഒരു ചെറിയ പുഴുവിന്റെ മുന്നില്‍‌പ്പോലും ഒന്നുമല്ലെന്ന ധ്വനി തിളങ്ങി നില്ക്കുന്നത് കാണാതിരിക്കരുത് -   ആയിരം സൂര്യന്റെ ഉജ്ജ്വലപ്രഭാവത്തോടെ ആകാശം മുട്ടെ ജ്വലിച്ചുയര്‍ന്ന അണു വിസ്ഫോടനം കണ്ട്
ദിവി സൂര്യ സഹസ്രസ്യ
ഭവേദ് യുഗപദുത്ഥിതാ
യദി ഭാ : സദ്യശ്രീ സാ സ്യാദ്
ഭാസ സ്തസ്യ മഹാത്മന : എന്ന് അത്ഭുത സ്തബ്ദനായ ഓപ്പണ്‍ഹീമറുമൊക്കെ അമേരിക്ക ആദ്യ അണുപരീക്ഷണം നടത്തിയപ്പോള്‍ സൈനിക മേധാവികള്‍‌ക്കൊപ്പം വിമാനത്തിലിരുന്ന് അത് വീക്ഷിച്ച ഓപ്പണ്‍ഹീമര്‍ ആ സ്ഫോടനം കണ്ടപ്പോള്‍ ഭഗവത് ഗീതയിലെ ഈ വരികളാണ് ഓര്‍‌മ്മിച്ചതെന്ന് പിന്നീട് പറഞ്ഞത്രേ ! - ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതേ ദൈവത്തിന്റെ പടുതികളെ പാടിപ്പുകഴ്ത്തുകയാണ് ചെയ്യുന്നത്. അതായത് ലോകം ബഹുമാനിക്കുന്ന ശാസ്ത്രജ്ഞരും ചിന്തകരുമടക്കം നിരവധിയാളുകള്‍ ആ മഹാശക്തിയെ വണങ്ങുന്നു , വാഴ്ത്തിപ്പാടുന്നു.
          കാണപ്പെട്ടില്ല കാണും തിറമൊടതിനു കണ്ണില്ല കയ്യില്ല കാലി     
          ല്ലാണല്ലല്ലാതെ മറ്റല്ലണുവുമളവുമില്ലാദിയില്ലന്തമില്ല
          സ്ഥൂണപ്രായം ജഡത്വം ചെറുതു പറയുവാനില്ല മറ്റൊന്നുമല്ലി
          ക്കാണും ബ്രഹ്മാണ്ഡ കോടീ കപട നടനകലാശാലിയാണെന്റെ ദൈവം എന്ന് ആ അത്ഭുതത്തെ നമ്മുടെ കവികള്‍ പ്രകീര്‍ത്തിക്കുന്നു.
          ഒന്നിനും നിശ്ചയമില്ലാത്ത ഈ പ്രപഞ്ചത്തില്‍ സുനിശ്ചിതമായ അറിവ് , വിജ്ഞാനം , ദൈവത്തിങ്കല്‍ മാത്രമേയുള്ളു എന്നതുകൊണ്ട് എല്ലാ അഹങ്കാരവും അവസാനിപ്പിച്ച് അവിടുത്തെ പാദാരവിന്ദങ്ങളെ അഭയം പ്രാപിക്കുക എന്ന ജന്മോദ്ദേശമാണ് ഇവിടെ നമുക്ക് , ഓരോ മനുഷ്യനും , എന്തിന് പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും , നിര്‍വ്വഹിക്കാനുള്ളത്. അതുകൊണ്ട് ചോദ്യങ്ങള്‍ അവസാനിപ്പിച്ച് ദൈവത്തിന്റെ മഹത്വത്തില്‍ , ഇക്കാണായ പ്രപഞ്ചാവലികളെ ആവിഷ്കരിച്ചു വെച്ചിരിക്കുന്നതിനു പിന്നിലെ കാരുണ്യത്തില്‍ നാം വിശ്വസിക്കുക !


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം