#ദിനസരികള്‍ 1066 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - വിശ്വചരിത്രാവലോകം – 1



നെഹ്രു , തന്റെ മകള്‍ക്ക് നൈനിയിലെ ജയിലില്‍ നിന്നും ആയിരത്തിത്തൊള്ളായിരത്തി മുപ്പതില്‍ ഒക്ടോബര്‍ 26 ന് അയച്ച ഒരു കത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് : - “One little test I shall ask you to apply whenever you are I doubt. It may help you. Never do anything in secret or anything that you would wish to hide.For the desire to hide anything means that you are afraid , and fear is a bad thing and unworthy for you.Be brave and all the rest follows” അന്യരില്‍ നിന്നും ഒളിച്ചു വെക്കേണ്ടതായ ഒന്നും ചെയ്യാതിരിക്കുക എന്ന ഈ ഉപദേശം പില്ക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിത്തീര്‍ന്ന മകള്‍ എത്രത്തോളം പിന്തുടര്‍ന്നു എന്ന ചോദ്യത്തെ നാം ഉപേക്ഷിക്കുക. പകരം ഓരോ രാഷ്ട്രീയ നേതാവും അഥവാ സത്യസന്ധനായിരിക്കേണ്ട ഓരോ വ്യക്തിയും പിന്‍പറ്റേണ്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം നെഹ്രു ഈ ഉപദേശത്തില്‍ വെളിവാക്കുന്നുണ്ട്- പൊതുസമൂഹത്തില്‍ നിന്നും നമുക്ക് എന്തെങ്കിലും ഒളിച്ചു വെയ്ക്കാനുണ്ടെങ്കില്‍ നാം ചെയ്യുന്നതില്‍ കള്ളത്തരമുണ്ട്.അതു ഭീരുത്വവുമാണ്.
          എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ നമുക്കുണ്ടെങ്കിലും നെഹ്രു വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നതെന്നതില്‍ സംശയമില്ല.വിവരക്കേടുകളും അസത്യങ്ങളും വക്രീകരിക്കപ്പെട്ട അര്‍ദ്ധസത്യങ്ങളും സത്യമെന്ന ഭാവത്തോടെ യാതൊരു മടിയും കൂടാതെ വിളിച്ചു പറയുന്നവരാണ് ഇക്കാലങ്ങളില്‍ രാജ്യം ഭരിക്കുന്നത്. അവര്‍ക്ക് വെളിച്ചത്തില്‍ ഒന്നും ചെയ്യാനില്ല. ഇരുളിന്റെ മറവില്‍, ജനത ഗാഢനിദ്രയിലായിരിക്കുന്ന അര്‍ദ്ധരാത്രികളില്‍ അവര്‍ പുറത്തു വരുന്നു.തങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൂട്ടുന്നു.തെളിവിലൊന്നും ചെയ്യാനില്ലാത്ത , ഒളിച്ചു പിടിക്കാന്‍ ഒരു പാടുള്ള , പ്രകാശത്തെ ഭയപ്പെടുന്ന അത്തരം ഭീരുക്കള്‍ക്ക് ചരിത്രബോധമുള്ള ജനതയാണ് മറുപടിയാകേണ്ടത്. അതുകൊണ്ട് ഇക്കാലങ്ങളില്‍ നെഹ്രുവിനെ വായിക്കുകയെന്നത് ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ മുന്‍കാല ഭരണാധികാരികളില്‍ ചിലരെങ്കിലും എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
          ഹൈസ്കൂള്‍ കാലങ്ങളിലെങ്ങോ ആദ്യമായി വായിച്ചു പോയ വിശ്വചരിത്രാവലോകം,  അദ്ദേഹത്തിന്റെ തന്നെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തെപ്പോലെതന്നെ ഇപ്പോഴും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഒന്നാണ്.
          ആധികാരികം എന്നൊരു വിശേഷണത്തോടെയല്ല ഞാനീ പുസ്തകത്തെ സമീപിക്കുന്നത്, മറിച്ച് ചരിത്രത്തെ അറിയാനും അറിയിക്കാനുമുള്ള ആഗ്രഹമുണ്ടാക്കുവാനുള്ള ഒരുപാധി എന്ന നിലയില്‍ മാത്രമാണ്. അത്രയുമേ നെഹ്രു തന്നെ തന്നെ ഉദ്ദേശിച്ചിരുന്നുള്ളുവെന്നതാണ് വസ്തുത. മകള്‍ക്ക് കത്തുകള്‍  അയക്കുന്ന വേളകളില്‍ ഇതൊരു പുസ്തകമാകുമോയെന്നൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല. അവളില്‍ ചരിത്രത്തെക്കുറിച്ച് കൌതുകമുണ്ടാക്കുകയും അടിസ്ഥാന വിവരങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുക എന്ന പരിമിതമായ ആഗ്രഹമേ നെഹ്രുവിനുണ്ടായിരുന്നുള്ളു. താന്‍ സൂചിപ്പിക്കുന്ന സംഭവങ്ങളിലൂടെ കുറേക്കൂടി ആധികാരികവും വിശാലവുമായി ചരിത്രത്തിലേക്ക് മകള്‍ എത്തിപ്പെടുമെന്നും അതുവഴി മനുഷ്യന്‍ എങ്ങനെയാണ് കൂടുതല്‍ നല്ല മനുഷ്യനായിത്തീരുവാനുള്ള ശ്രമങ്ങള്‍ നടത്തിയതെന്നും എങ്ങനെയാണ് ഇനിയങ്ങോട്ടുള്ള പ്രയാണത്തിലെ കണ്ണികളാകേണ്ടതെന്നുമുള്ള ഒരു അവബോധമുണ്ടാകുമെന്നുമാത്രമേ നെഹ്രു പ്രത്യാശിച്ചിട്ടുണ്ടായിരുന്നുള്ളു.
          എന്തായാലും ലോകത്താകമാനമുള്ള നിരവധി വായനക്കാരെ ഈ കൃതി ആകര്‍ഷിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.എന്തായാലും ഏറ്റവും പ്രധാനപ്പെട്ട നൂറു പുസ്തകങ്ങളെടുത്താല്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനത്ത് Glimpses of World History ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം