#ദിനസരികള്‍ 1047 ദേവനന്ദ – വിടപറഞ്ഞ മഞ്ഞുതുള്ളി




(ഈ കുറിപ്പ് എഴുതുന്നതിനിടയില്‍ ഏറെ ദുഖകരമായ ആ വാര്‍ത്ത വന്നിരിക്കുന്നു.ഇന്നു രാവിലെ ദേവനന്ദയുടെ വീടിനുമുന്നിലുള്ള പുഴയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. മാതാപിതാക്കളുടെ ദുഖത്തില്‍ പങ്കു ചേരുന്നു.  പൂര്‍ത്തിയാക്കാത്തതെങ്കിലും, കുറിപ്പിന്റെ വിഷയം പ്രസക്തമായതിനാല്‍ ചിന്തകളെ ഇവിടെ അങ്ങനെത്തന്നെ അവശേഷിപ്പിക്കുന്നു )
            ദേവനന്ദയെന്ന ആറുവയസ്സുകാരിയെ കാണാതായത് ഇന്നലെ രാവിലെയാണ്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവളെ കാണാനില്ലെന്ന് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതുമുതല്‍ അവളെ കണ്ടെത്തിയെന്ന ശുഭവാര്‍ത്തയ്ക്കായി കേരളം കാത്തിരിക്കുകയാണ്.കാണാതായത് അറിഞ്ഞ നിമിഷം മുതല്‍ പോലീസും മറ്റ് ഏജന്‍സികളും വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള മാധ്യമങ്ങളും ഒന്നടങ്കം കുഞ്ഞിനു വേണ്ടി തങ്ങള്‍ക്കാകുന്ന വിധം അധികാരികളെ സഹായിക്കുന്നു. എന്നിട്ടും കുഞ്ഞെവിടെ എന്നു കണ്ടെത്താനായിട്ടില്ല എന്നത് വേദനാ ജനകമാണ്. പതിനഞ്ചുമിനിറ്റു നേരത്തെ ഇടവേളയിലാണ് കുഞ്ഞിനെ കാണാതായതെന്ന് അമ്മ ധന്യ പറയുന്നു. വീടിന്റെ പിന്‍വശത്ത് അവര്‍ തുണിയലക്കിക്കൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിനോട് വീടിന്റെ അകത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതിനു ശേഷമാണ് അമ്മ ജോലി തുടര്‍ന്നത്. ആ ഇടവേളയിലാണ് കുട്ടി അപ്രത്യക്ഷമായിരിക്കുന്നത്.
          വാര്‍ത്ത അറിഞ്ഞതുമുതല്‍ ഒരസ്വസ്ഥത മനസ്സിലിരുന്ന് വിങ്ങുന്നു.എങ്ങനെയെങ്കിലും ആ കുട്ടിയെ അപകടമൊന്നും കൂടാതെ കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു. നാളിതുവരെ നേരിട്ട് ഒരിക്കല്‍‌പ്പോലും കാണാത്ത എവിടെയോ ഉള്ള ഒരു കുട്ടി എന്നില്‍ ഇത്രയ്ക്ക് വേദന ജനിപ്പിക്കുന്നുവെങ്കില്‍ ആ അച്ഛന്റേയും  അമ്മയുടേയും സ്ഥിതി എന്തായിരിക്കുമെന്ന ചിന്ത എന്റെ ഉറക്കം കെടുത്തുന്നു.
          ഇതിനു മുമ്പ് സമാനമായ ഒരു സംഭവമുണ്ടായത് നാം മറന്നിരിക്കാനിടയില്ല. 2005 ല്‍ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന ഏഴുവയസ്സുകാരനായ രാഹുല്‍ എന്ന കുഞ്ഞിനെ കാണാതായിട്ട് പതിനഞ്ചു വര്‍ഷങ്ങളായിരിക്കുന്നു. സര്‍ക്കാറിന്റെ എല്ലാ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായിട്ടില്ലെന്നു മാത്രമല്ല , എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല.
          അങ്ങനെ എത്ര കുട്ടികള്‍ ? ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു.2009 മുതല്‍ ഏകദേശം പതിനഞ്ചായിരത്തോളം കുട്ടികളെയാണ് പല തരത്തിലുള്ള അക്രമങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. ചെറിയൊരു കണക്കല്ല അത്. സാക്ഷരതാ നിരക്ക് ഏറെ ഉയര്‍ന്നു നില്ക്കുന്ന കേരളം പോലെയൊരു സംസ്ഥാനത്ത് നടക്കുന്നതാണ് ഇതെന്നു കൂടി ഓര്‍ക്കുക. നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് ഏറെ മികച്ച രീതിയില്‍ സാമൂഹ്യ ജീവിതനിലവാരം ഉയര്‍ന്നിരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ പ്രായേണ പിന്നോക്കം നില്ക്കുന്നവയുടെ സ്ഥിതി എന്താകുമെന്ന് ആലോചിക്കുക.പോക്സോകേസുകളില്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത പോലും ഏറെ കുറവായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1