#ദിനസരികള്‍ 1045 നാളേക്കു വേണ്ടി
രാവിലെയും
ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ അടുത്തുള്ള പള്ളിയില്‍ നിന്നും
വാങ്കുവിളിക്കുന്നതു കേള്‍ക്കുമ്പോള്‍ എന്റെ കുഞ്ഞിനോട് അമ്മ പറഞ്ഞു ഇങ്ങനെ കൊടുക്കുന്നു.
“ആണ്ടെ മോളേ..
ഉമ്പോറ്റിയെ വിളിക്കുന്നു.. കൈകൂപ്പി പ്രാര്‍ത്ഥിക്ക്” രണ്ടു വയസ്സുകാരിയായ
അവള്‍ക്ക് ദൈവമെന്താണെന്നോ പ്രാര്‍ത്ഥനയെന്താണെന്നോ അറിയുമെന്ന് ഞാന്‍
കരുതുന്നില്ല.എന്നാല്‍ താന്‍ ജനിച്ചതില്‍ നിന്നും ഭിന്നമായ ഒരു മതത്തോട്
എത്ര സഹിഷ്ണുതാപൂര്‍വ്വമാണ് അമ്മ പെരുമാറുന്നത്? ഞാന്‍ ജനിച്ചത് ഹിന്ദുമതത്തിലാണെങ്കിലും
നാളിതുവരെ അന്യമതങ്ങളെ നിഷേധിക്കുവാനുള്ള ഒരു പ്രേരണയും എന്റെ മാതാപിതാക്കളില്‍ നിന്നും
ഉണ്ടായിട്ടില്ല.എന്നുമാത്രവുമല്ല മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുവാനും
പ്രാര്‍ത്ഥനകള്‍ നടത്തുവാനുമാണ് അമ്മ ആവശ്യപ്പെടാറുള്ളത്. പള്ളിക്കുന്നു
പള്ളിയില്‍ കഴുന്ന് എഴുന്നള്ളിച്ചതുകൊണ്ടാണ് ഞാന്‍ പത്താംക്ലാസ് പാസായത്
എന്നാണ് എന്റെ അമ്മ ഇന്നും വിശ്വസിക്കുന്നത്.( ഫെബ്രുവരിയിലാണ് പള്ളിക്കുന്ന്
പള്ളിയിലെ പെരുന്നാള്.മാര്‍ച്ചിലാണലാണല്ലോ പരീക്ഷ.പരീക്ഷയ്ക്ക് മുന്നേ ഞാന്‍
പത്താംക്ലാസ് എഴുതിയ കൊല്ലം എന്നെക്കൊണ്ട് അമ്മ കഴുന്നെടുപ്പിച്ചിരുന്നു.)
ഇന്ന് രാവിലെ ദേശാഭിമാനിയില്‍ പതിമൂന്നു
മരണം എന്ന വാര്‍ത്ത വായിച്ചതിനു ശേഷം അമ്മ പറഞ്ഞ് ഇങ്ങനെ. “ശേ.. അവനോന്റെ മതം
അവനോന്.. ഇവരിങ്ങനെ ആളെക്കൊല്ലുന്നത് എന്തിനാണ് ?”
ഇതു
ഞാന്‍ സൂചിപ്പിച്ചത് ഒരു ശരാശരി ഹിന്ദുവിന്റെ മനസ്സ് ചൂണ്ടിക്കാണിക്കുവാനാണ്.മതം
അവന് ഒരിക്കലും അടരാടാനുള്ള ഒരായുധമാകുന്നില്ല,അപരനില്‍ അതിക്രമിച്ചു
കയറാനുള്ള ആവേശമാകുന്നില്ല. മാത്രവുമല്ല അക്രമവുമായി ബന്ധപ്പെട്ടല്ല തന്റെ
മതത്തിന്റെ നിലനില്പ് എന്ന് അവന് ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഇതര മതസ്ഥരും കൂടി
കലര്‍ന്നു പോകുന്നതാണ് ആ സമൂഹം എന്ന് അവന്‍ ചിന്തിക്കുന്നു.അതുകൊണ്ട് മറ്റു
മതങ്ങളില്‍ പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് തലയുയര്‍ത്തിനിന്ന് അവരുടെ വിശ്വാസങ്ങളേയും സങ്കല്പങ്ങളേയും
മുറുകെപ്പിടിച്ചുകൊണ്ട് ജീവിച്ചു പോകാനുള്ള സാഹചര്യം ഇവിടെയുണ്ടാകണമെന്ന് അവന്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ ഈ ശരാശരി ഹിന്ദു രാഷ്ട്രീയ ഹിന്ദുവായി മാറുന്നതോടെ അവനിലുള്ള എല്ലാത്തരം സഹിഷ്ണുതയും
കടലെടുത്തുപോകുന്നു.
രാഷ്ട്രീയ ഹിന്ദുവിന് നാളിതുവരെ പുലര്‍ത്തിപ്പോന്ന
എല്ലാത്തരം മാനവികതകളില്‍ നിന്നും വെട്ടിത്തിരിഞ്ഞു പോകുന്നതാണ് താല്പര്യം. അവന്‍ വിദ്വേഷങ്ങളെയാണ്
ഉയര്‍ത്തിപ്പിടിക്കേണ്ട ആശയമായി ചൂണ്ടിക്കാണിക്കുന്നത്. അതില്‍ അപരമതങ്ങളോടും
അവരുടെ ആചാര രീതികളോടും അവയിലെ അനുയായികളോടും അവരുടെ ജീവിതരീതികളോടുമൊക്കെ
ഇത്തരത്തിലുള്ള വെറുപ്പുകളെ വിക്ഷേപിക്കുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ജനത
പലതായി വിഭജിക്കപ്പെടുകയും പുതിയ പുതിയ മതിലുകള്‍ അവര്‍ക്കിടയില്‍ കെട്ടിയുയര്‍ത്തപ്പെടുകയും
ചെയ്യുന്നു.
മതിലുകള്‍ തീര്‍ത്തുകൊണ്ടേയിരിക്കുക
എന്നതാണ് ഹിന്ദുത്വയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട. മനുഷ്യര്‍ക്കിടയില്‍ മതങ്ങളുടെ
പേരില്‍ , ജാതിയുടെ പേരില്‍ , വര്‍ഗ്ഗത്തിന്റേയും വര്‍ണത്തിന്റേയും പേരില്‍
മതിലുകളുയര്‍ത്തപ്പെടുന്നു. ഏറ്റവും അവസാനം ഉള്ളവനും ഇല്ലാത്തവനുമിടയിലും മതിലുകള്‍
കെട്ടി മറച്ചതും നാം കണ്ടു.
അതേ രാഷ്ട്രീയ ഹിന്ദുത്വയുടെ വിഭജന
യുക്തികള്‍ തന്നെയാണ് ഇന്ന് രാജ്യ തലസ്ഥാനത്തെ കൊലക്കളമാക്കുന്നതെന്നും
നമുക്കറിയാം.സ്വന്തം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ അടയാളക്കൊടി
സ്ഥാപിച്ചുകൊണ്ട് സംഘപരിവാരം ഡല്‍ഹിയില്‍ വംശഹത്യ നടത്തുകയാണ്.
മുസ്ലിംമതവിഭാഗത്തെയാണ് അവര്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത്.നിങ്ങള്‍ ഹിന്ദുവോ
മുസ്ലിമോ എന്ന ചോദ്യം മാത്രമാണ് എവിടേയും. സംശയം തോന്നുന്നവരെ ഹിന്ദുതീവ്രവാദികള്‍
വസ്ത്രമുരിഞ്ഞ് പരിശോധിക്കുന്നു.
ഡല്‍ഹിയുടെ ക്രമസമാധാനച്ചുമതല
കേന്ദ്രസര്‍ക്കാറിനാണ്. അതിന്റെ പിന്‍ബലത്തിലാണ് പോലീസിനെ
നോക്കുകുത്തിയാക്കിക്കൊണ്ട് അക്രമികള്‍ അഴിഞ്ഞാടുന്നത്. അവര്‍ തോക്കും ബോംബും
മറ്റ് ആയുധങ്ങളും നിര്‍ബാധം ഉപയോഗിക്കുന്നു. മുസ്ലിങ്ങളെ നിര്‍ദാക്ഷിണ്യം
തല്ലിക്കൊല്ലുന്നു. അവരുടെ വീടുകളില്‍ കൈയ്യേറ്റം നടത്തുന്നു.ആരാധനാലയങ്ങളെ
ചുട്ടെരിക്കുന്നു.
ഡല്‍ഹിയില്‍ നടക്കുന്നത് 2020 ലെ
ഗുജറാത്തില്‍ സംഘപരിവാരം പരീക്ഷിച്ചു വിജയിച്ച വംശഹത്യയാണ്.രാജ്യം ഭരിക്കുന്ന
പാര്‍ട്ടിയുടെ ഭ്രാന്തന്മാരായ അണികളുടെ അഴിഞ്ഞാട്ടമാണ് അവിടെ നടക്കുന്നത്.ഡല്‍ഹിയില്‍
നിന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കപ്പെടാന്‍ അധിക സമയമിനി വേണ്ട. അവര്‍ ആ
മതഭ്രാന്തന്മാര്‍ എന്റെ കുഞ്ഞിന്റെ മുന്നിലുമെത്തും എന്നിട്ട് വാങ്കുവിളിയുയരുന്ന
മിനാരങ്ങളില്‍ അതിക്രമിച്ചു കയറി തച്ചുടച്ചു കളയാനുള്ള കല്പന
പുറപ്പെടുവിക്കും.
പ്രിയപ്പെട്ട സുഹൃത്തേ , നമ്മുടെ മക്കള്‍ എല്ലാ
സഹിഷ്ണുതകളേയും മാറ്റി വെച്ച് അങ്ങനെ ചെയ്യുന്നതാണ് നല്ലതെന്ന് നിങ്ങള്‍
കരുതുന്നുവെങ്കില്‍ തലപുതപ്പുകൊണ്ടു മൂടുക, കൈയ്യുകള്‍ കാലുകള്‍ക്കിടയിലേക്ക്
തിരുകുക, ഉറങ്ങുക.അതല്ലെങ്കില്‍ തെരുവുകളിലേക്ക് ഇറങ്ങുക, നാളെയെ
സംരക്ഷിക്കേണ്ടത് ഇന്ന് നമ്മളാണ്.
Comments