#ദിനസരികള്‍ 1046 ജസ്റ്റീസ് മുരളിധര്‍ : ഇരുള്‍ വഴികളിലെ വെളിച്ചം.



            മനുഷ്യനെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു ന്യായാധിപനെക്കൂടി നാം കേള്‍ക്കുന്നു.ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റീസ് മുരളിധര്‍. ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായ പോലീസും മറ്റു അധികാരകേന്ദ്രങ്ങളും നോക്കുകുത്തികളാകുകയും സംഘപരിവാരം അഴിഞ്ഞാടുകയും മുസ്ലിം മതകേന്ദ്രങ്ങളും ജീവനോപാധികളും വ്യാപകമായി തകര്‍ക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റീസ് മുരളിധറിര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്. എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ എങ്ങനെയാണ് തുടര്‍ നടപടികള്‍ എടുക്കുക? രാഷ്ട്രീയ നേതാക്കള്‍‌ക്കെതിരെ കേസെടുക്കാന്‍ അമാന്തിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്കുക.കേസെടുക്കാന്‍ എന്താണ് താമസമെന്ന സംശയം പൌരന്മാര്‍ക്കുണ്ട്.ഇതുതന്നെയാണ് കോടതിക്കുമുള്ളത്. കേസെടുക്കാന്‍ താമസിച്ചാല്‍ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകും.കേസെടുക്കന്‍ സമയമായിട്ടില്ലെന്നാണ് നിങ്ങളുടെ വാദം.ഇനി എപ്പോഴാണ് ആ സമയം? എത്ര പേര്‍ കൂടി മരിക്കണം? എത്ര നാശനഷ്ടങ്ങള്‍ കൂടി സഹിക്കണം? ഈ നഗരം മുഴുവന്‍ കത്തിയെരിയുന്നത് കാണുന്നില്ലേ ? പൊതുമുതലുകള്‍ നശിപ്പിച്ചതിന് കേസെടുക്കാന്‍ വലിയ ഉത്സാഹമാണല്ലോ ? കേസെടുക്കാന്‍ വൈകുന്ന ഓരോ ദിവസവും അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് ഗൌരവത്തോടെ ആലോചിക്കണം.നാലുപേര്‍‌ക്കെതിരെ മാത്രമല്ല, വിദ്വേഷ പ്രസംഗം നടത്തിയ എല്ലാവര്‍ക്കുമെതിരെ കേസെടുക്കണം.1984 ലെ കലാപം ആവര്‍ത്തിക്കുവാന്‍ ഇടയാക്കരുത്.” (ജഡ്ജിയുടെ വാക്കുകള്‍ ദേശാഭിമാനിയില്‍ നിന്ന് )
          വിദ്വേഷ പ്രസംഗങ്ങളാണ് ഡല്‍ഹിയെ അശാന്തമാക്കിയത്. എ എ പിയില്‍ നിന്നും ബി ജെ പിയിലേക്കെത്തിയ കപില്‍ മിശ്ര ജാഫ്രാബാദിലെ സി എ എ പ്രതിഷേധക്കാര്‍ക്ക് പിരിഞ്ഞുപോകാന്‍ മൂന്നു ദിവസത്തെ സമയം അനുവദിച്ചുകൊണ്ടു നടത്തിയ പ്രസംഗമാണ് അതിലേറ്റവും തീവ്രമായിട്ടുള്ളത്.മൂന്നു ദിവസത്തിനു ശേഷം തങ്ങള്‍ തെരുവിലേക്ക് ഇറങ്ങുമെന്നും പിന്നീട് അവിടെ നടക്കുന്നതിലൊന്നും തങ്ങള്‍ക്ക് യാതൊരു വിധ ഉത്തരവാദിത്തവുമില്ല എന്നുമാണ് അയാള്‍ പ്രസംഗിച്ചത്. ഉന്നത പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ മിശ്രയുടെ പ്രസംഗം പോലീസ് കേട്ടിട്ടില്ലെന്ന് പറഞ്ഞതിനോടും മുരളിധര്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ലോകമാകെ കേട്ട ഒരു പ്രസംഗം നിങ്ങള്‍ മാത്രമായി കേട്ടില്ലെന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് തുറന്നു പറഞ്ഞ ജസ്റ്റീസ് കോടതിമുറിയില്‍ പ്രസംഗം കേള്‍പ്പിക്കുവാനും തയ്യാറായി.
          ഭരണകക്ഷിയുടെ പ്രതികരണം കൂടി നാം ഈ സാഹചര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. നഗരം കത്തിയെരിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ ചില പ്രദേശങ്ങള്‍ മാത്രമേയുള്ളുവെന്നാണ് കേന്ദ്രസര്‍ക്കാറിന് സോളിസിറ്റര്‍ കോടതിയോട് പ്രതികരിച്ചത്. അതേപോലെ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാദ് ഠാക്കൂര്‍ , അഭയ് വര്‍മ്മ, കപില്‍ മിശ്ര എന്നിവരുടെ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന പരാമര്‍മുണ്ടായപ്പോള്‍  ഒവൈസിയുടെ പ്രസംഗവും പരിശോധിക്കണമെന്നായിരുന്നു മറുപടി. എത്ര ലാഘവത്തോടെയും വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമാണ് കേന്ദ്രസര്‍ക്കാര്‍‌ ഈ വിഷയങ്ങളില്‍ നിലപാടു സ്വീകരിക്കുന്നതെന്നതിന്റെ സൂചനകളാണിത്. എന്നു മാത്രവുമല്ല നേരത്തോടു നേരമാകുന്നതിനുമുമ്പേ തങ്ങളുടെ താല്പര്യങ്ങള്‍‌ക്കെതിരെ നിലപാടു സ്വീകരിച്ച ജസ്റ്റീസിനെ സ്ഥലംമാറ്റുകയും ചെയ്തിരിക്കുന്നു. തീരുമാനം ഫെബ്രുവരി രണ്ടിനു ചേര്‍ന്ന കൊളീജിയത്തിന്റേതാണ് എന്നൊരു ന്യായീകരണവും കൂടെയുണ്ട്.
            എന്തായാലും ക്രമസമാധാനം കേന്ദ്രസര്‍ക്കാറിന്റെ ചുമതലയായ ഡല്‍‌ഹിയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ ജസ്റ്റീസ് മുരളിധര്‍ നടത്തിയ നീക്കങ്ങള്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.  എത്ര ആര്‍ജ്ജവത്തോടെയാണ് ഈ ന്യായാധിപന്‍ തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നിരീക്ഷിക്കുന്നതെന്ന് നോക്കുക. സാങ്കേതിക ന്യായാധിപനല്ല അദ്ദേഹമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. കോടതി അനാവശ്യമായി ക്ഷോഭിക്കുകയാണ് എന്ന് പരാതിപ്പെട്ട സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് , ക്ഷോഭമല്ല തീവ്രവേദനയാണ് കോടതിക്കുള്ളതെന്ന് ചൂണ്ടിക്കാണ്ടിയതില്‍ സഹജീവികളെ കാരുണ്യത്തോടെ സമീപിക്കുന്ന ഒരു മനസ്സിനെയാണ് നാം കാണുന്നത്. നിയമപരമായ ഉത്തരവാദിത്തം എന്നതില്‍ക്കവിഞ്ഞ് മനുഷ്യന്റെ വേദനകളോട് മാനുഷികമായി പ്രതികരിക്കുന്ന ഒരു മുഖമാണത്. ഒരു വ്യക്തിയേയും പരിധിയില്‍ കവിഞ്ഞ് പുകഴ്ത്തിക്കൂടായെങ്കിലും സവിശേഷമായ സാഹചര്യങ്ങള്‍ സവിശേഷമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് പൊതുജനത്തിന്റെ പ്രതീക്ഷയായി മാറാറുണ്ട്. ഏതു കൂരിരുട്ടിലും തെളിയുന്ന വെളിച്ചത്തിന്റെ പ്രതീക്ഷാത്തുരുത്തുപോലെ ! ഈ സാഹചര്യത്തില്‍ ജസ്റ്റീസ് മുരളിധര്‍ അത്തരമൊരു പ്രതീക്ഷയാകുന്നു.




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം