#ദിനസരികള്‍ 1042 ആചാരങ്ങള്‍ ആഘോഷങ്ങള്‍ - ചില രഹസ്യങ്ങളിലേക്ക്.
ആചാരങ്ങള്‍
ആഘോഷങ്ങള്‍ എന്ന പേരില്‍ പ്രൊഫസര്‍ അരവിന്ദാക്ഷന്‍ എഴുപത്തിരണ്ടു പേജുമാത്രം
വരുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്
പ്രസാധകര്‍. ഏതോ കാലങ്ങള്‍ മുതല്‍ ജനത തുടര്‍ന്നു വരുന്ന ആചാരാനു ഷ്ഠാനങ്ങളെക്കുറിച്ചും
അവ ഏതേതു വിധത്തിലാണ് ഇന്നു കാണുന്ന രീതിവിധാനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്
എന്നതിനെക്കുറിച്ചുമാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
“നമ്മളിന്ന് പുലര്‍ത്തിപ്പോരുന്ന ആചാരങ്ങള്‍ക്കും ആഘോഷിക്കുന്ന
ഉത്സവങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അവയുടെ മഹത്വത്തേയും സമാദരണീയതയേയും
എടുത്തു പറയുന്നവര്‍ ഈ പഴക്കത്തെ പൊക്കിപ്പിടിക്കാറുമുണ്ട്.പഴക്കമുള്ള എന്തിലും
ചിലര്‍ക്ക് അന്ധമായ വിശ്വാസമാണല്ലോ . പുരാണമെന്നതുകൊണ്ടുമാത്രം ഒന്നും
സാധുവാകുന്നില്ല എന്ന പ്രസ്താവനയ്ക്കുമാത്രം പഴക്കമുണ്ടായിട്ടും വേണ്ടത്ര അംഗീകാരം
ലഭിച്ചിട്ടില്ല എന്നത് അത്ഭുതം തന്നെ.” എന്ന് അന്ധവിശ്വാസങ്ങളില്‍ അഭിരമിച്ചു പോകുന്ന നമ്മുടെ മനസ്സുകളെ
നിശിതമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രൊഫസര്‍ തന്റെ പുസ്തകം
തുടങ്ങുന്നതുതന്നെ.
പഴമയുടെ അടിമയായിരിക്കുകയെന്നത് നമ്മുടെ
ഒരു പൊതുസ്വാഭാവമാണ്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള
ഒരാചാരത്തിനെക്കുറിച്ചും പുതിയ കാലത്തിന്റെ വെളിച്ചങ്ങളിലിരുന്നുകൊണ്ട്
ആലോചിക്കുവാന്‍ നാം മിനക്കെടാറില്ല. പഴക്കമുള്ളതെന്തും ചോദ്യം ചെയ്യപ്പെടാന്‍
പാടില്ലാത്ത വിധത്തില്‍ ആധികാരികമായതാണ് എന്നാണ് നാം കരുതുന്നത്. അതുകൊണ്ടുതന്നെ
അവയെല്ലാംതന്നെ എങ്ങനെയോ അങ്ങനെ നിലനിന്നുപോകണമെന്നാണ് വാശി. അത്തരത്തിലുള്ള
ആഘോഷങ്ങളെ , ആചാരങ്ങളെ വിശുദ്ധ പരിവേഷങ്ങള്‍ അണിയിച്ച് നാം വിശ്വാസങ്ങളുടെ
ശ്രീകോവിലിലേക്ക് ആനയിച്ചിരുത്തുന്നു. എന്നാല്‍ എങ്ങനെ എപ്പോള്‍ അവ
ആരംഭിച്ചുവെന്നോ എന്തായിരുന്നു അതിന്റെ പിന്നിലെ ഉദ്ദേശമെന്നോ ചിന്തിക്കുവാന്‍
നാം ഒട്ടുംതന്നെ മിനക്കെടാറില്ല. അവിടെയാണ് ഈ പുസ്തകം സമര്‍ത്ഥമായ ഒരിടപെടലായി
തീരുന്നത്.”
അര്‍ത്ഥമില്ലാത്തതെന്നോ അന്ധമായി ആരാധിക്കേണ്ടതെന്നോ പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന
പല ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും സങ്കല്പങ്ങളുടേയും വേരുകള്‍ കിടക്കുന്നത്,
മാനുഷിക അധ്വാനത്തിലാണ്.കേവലം ഉല്ലാസോപാധികളെന്ന് തോന്നിക്കുന്ന വേലപൂരങ്ങളുടേയും
കലകളുടേയും കഥയും ഇതുതന്നെ. ജീവസന്ധാരണത്തിന് മനുഷ്യന്‍ ആശ്രയിച്ച നായാട്ടിന്റേയും
കൃഷ്യയുടേയും സംവിധാനരീതികളുമായി ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അവയ്ക്ക്
നിയാമകമായ പഞ്ചാംഗത്തിനുമുള്ള ബന്ധം നിസ്തര്‍ക്കമാണ്.എല്ലാ വൈവിധ്യങ്ങളേയും
അതിശയിക്കുന്ന ഒരു ഏകീകരണ ശക്തിയുണ്ട്, മനുഷ്യനെ മനുഷ്യനാക്കുന്നതായിട്ട് – അധ്വാനം.ആ ശക്തിയാണ്
സര്‍വ്വാന്തര്യാമിയായ പരാശക്തി.അതിന്റെ പൊരുള്‍ കണ്ടെത്തിയാല്‍ മാനവൈക്യം
ആകാശകുസുമമായ ആദര്‍ശം എന്നീ നിലകളില്‍നിന്ന് ഇറങ്ങിവന്ന് ഭൌതികമായ ഒരുയാഥാര്‍ത്ഥ്യമായിത്തീരും
” എന്ന്
ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നുണ്ട്.
അതായത് എല്ലാത്തരം ആഘോഷങ്ങളുമുണ്ടായത്
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അധ്വാനവുമായി ബന്ധപ്പെട്ടാണ്, അല്ലാതെ
ദൈവികേച്ഛകളുടെ ഫലമായിട്ടല്ല എന്ന വസ്തുതയെ മുന്നില്‍ നിറുത്തിയാണ് ഈ
പുസ്തകത്തിലെ ചിന്തകള്‍ വികസിക്കുന്നത്. അധ്വാനത്തിന്റെ ഇടവേളകളെ
ഭാവനാത്മകമായി പുതുക്കിയെടുക്കുകയാണ് മിക്ക ആഘോഷങ്ങള്‍ക്കും കാരണമാകുന്നത്.
എന്നാല്‍ കാലംപോകെ അവയോടു ബന്ധപ്പെട്ടും സമാന്തരമായും വിശ്വാസ സംബന്ധിയായ പല
തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും രൂപം കൊണ്ടു. അവ എങ്ങനെയൊക്കെ പരസ്പരം
ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യവച്ഛേദിച്ചെടുക്കുക ഏറെ പണിപ്പാടുള്ള ജോലിയാണ്.
മനുഷ്യന്‍ കാര്‍ഷിക ജീവിതം തുടങ്ങിയ
കാലം മുതല്‍ തന്നെ ഓരോരോ ആചാരങ്ങള്‍ വ്യാപകമായി രൂപപ്പെട്ടുതുടങ്ങി. തങ്ങളിടപെടുന്ന
പ്രകൃതിയുടെ അനുഗ്രഹം കൃഷിയ്ക്ക് അനുപേക്ഷണീയമാണെന്ന തിരിച്ചറിവില്‍ , പ്രകൃതിയെ ,
അതിന്റെ വിവിധങ്ങളായ ശക്തിപ്രഭാവങ്ങളെ ആരാധിക്കുന്ന രീതികളുണ്ടായി. തങ്ങള്‍ക്ക്
നല്ല വിള ലഭിക്കാന്‍ , കള കയറാതിരിക്കാന്‍ , ഭൂമി ജലസമൃദ്ധമാകാന്‍ , വിത്തുകള്‍ കരുത്തോടെ
മുളയ്ക്കാന്‍ അങ്ങനെയങ്ങനെ വിവിധ സാഹചര്യങ്ങളില്‍ അവര്‍ വിവിധങ്ങളായ
പെരുമാറ്റ രീതികളെ പരുവപ്പെടുത്തിയെടുത്തു.പിന്നീട് അവ ആചാരങ്ങളായും
അനുഷ്ഠാനങ്ങളായും മറ്റും മാറി അവരെത്തന്നെ നിയന്ത്രിക്കാന്‍ തുടങ്ങി.
പിന്നീടൊരിക്കലും അത്തരം ആചാരങ്ങളുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെടാത്തവരായി
നമ്മള്‍ മാറി.പ്രൊഫസര്‍ അരവിന്ദാക്ഷന്‍ പറയുന്നത് അക്കഥയാണ്.
Comments