#ദിനസരികള്‍ 1027 ജനങ്ങള്‍ക്കു വേണ്ടിയുള്ള ബജറ്റ്.


          ധനകാര്യവിദഗ്ദനായല്ല രാഷ്ട്രീയ പ്രവര്‍ത്തകനായി ചിന്തിച്ചതിന്റെ ഫലമാണ്  കെ എം മാണിയുടെ പേരിലുള്ള സ്ഥാപനം തുടങ്ങാന്‍ മന്ത്രി തോമസ് ഐസക് ചിന്തിച്ചതെന്ന ആക്ഷേപം മനസ്സില്‍ വെച്ചുകൊണ്ടാണ് ഇന്നത്തെ മാധ്യമങ്ങളിലെ ബജറ്റ് അവലോകനങ്ങളിലൂടെ കണ്ണോടിച്ചത്.
          ഏകലോചനവുമായി മലയാള മനോരമയില്‍ ഐസക്.ഒരു കണ്ണില്‍ ചിരി. മറുകണ്ണില്‍ കരച്ചില്‍. ബൈജുവിന്റെ വര. ക്ഷേമഭാരം എന്ന വെണ്ടയ്ക്ക തലക്കുമുകളില്‍. 1980 ല്‍ മാണി പതിനാറുകോടിയുടെ മിച്ച ബജറ്റ് അവതരിപ്പിച്ചതിനു ശേഷം നാല്പതുകൊല്ലം കഴിഞ്ഞ് തോമസ് ഐസക്കാണ് മറ്റൊരു മിച്ച ബജറ്റ് അവതരിപ്പിക്കുന്നതെന്ന ഓര്‍മ്മപ്പെടുത്തല്‍.അടിസ്ഥാന ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബജറ്റ് എന്ന സാക്ഷ്യപ്പെടുത്തല്‍. നല്ല വാക്കുകളേറെയുണ്ടെങ്കിലും ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളത് എന്ന മുള്ളവെയ്ക്കാനും മനോരമ മറക്കുന്നില്ല.
          വരവും ചെലവും കൂട്ടിമുട്ടിക്കാനുള്ള ശ്രമം വിജയിച്ചതില്‍ മനോരമയ്ക്ക് ഇത്തിരി സങ്കടമുണ്ടെങ്കിലും ഒരു കൈകൊണ്ട് തല്ലാനും മറുകൈകൊണ്ട് തലോടാനുമുള്ള ധനമന്ത്രിയുടെ വൈദഗ്ദ്യത്തെ കാണാതിരിക്കുന്നുമില്ല.59 ലക്ഷം പേര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതിനെ അവര്‍ അഭിനന്ദിക്കുന്നു.അതുപോലെ ഒരു ലക്ഷം പുതിയ വീടുകള്‍ , രണ്ടര ലക്ഷം പുതിയ ശുദ്ധജല കളക്ഷന്‍ എന്നിവയ്ക്കും മനോരമയുടെ കൈയ്യടിയുണ്ട്.
          വിമര്‍ശനങ്ങളുമുണ്ടാകുമല്ലോ. സ്വാഭാവികം. പ്രധാനമായും പണം എവിടുന്ന് എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. ആവശ്യം ജനങ്ങളുടേതാകുമ്പോള്‍ പണം കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഐസക് പറയുന്നുണ്ടെങ്കിലും അടുത്ത ഇലക്ഷനെ ഉന്നം വെച്ചുകൊണ്ടാണ് ബജറ്റെന്ന വേവലാതി ഉമ്മന്‍ചാണ്ടിക്കോ രമേശിനോ ഉണ്ടായില്ലെങ്കിലും മനോരമയ്ക്ക് ഉണ്ടാകാതെ വരില്ലല്ലോ. മനോരമയുടെ മുന്നില്‍ ഉമ്മന്‍ചാണ്ടിയെന്ത് ?
            കൈക്കുടന്ന നിറയെ എന്നാണ് മാതൃഭൂമിയുടെ എഴുത്ത്.എന്തെങ്കിലും പഴുതുണ്ടായിരുന്നുവെങ്കില്‍ മാറ്റിയെഴുതിയേനെ. പക്ഷേ ഐസക് ഒട്ടു വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് ഒന്നാം പേജില്‍ അങ്ങനെയെഴുതിയെങ്കിലും ഭുമി ഇടപാടിന് അന്യായ വില എന്ന് എഡിറ്റോറിയല്‍ പേജില്‍ വെണ്ടയ്ക്ക നിരത്തി സമാധാനിച്ചു. കേന്ദ്രം എത്ര ഞെരുക്കിയാലും കേരളം മറികടക്കും എന്ന് ആത്മധൈര്യത്തോടെ ഐസക് പറയുന്നതും ഒന്നാം പേജില്‍ തന്നെ കൊടുത്തിട്ടുണ്ട്.ചെയ്യാവുന്നതിന്റെ പരമാവധി അവര്‍ ചെയ്തുവെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നും അതുകൊണ്ടുതന്നെ നാം കേന്ദ്രം സൃഷ്ടിച്ച ഈ പ്രതിസന്ധിയെ പുല്ലുപോലെ ചാടിക്കടക്കും എന്നാണ് ഐസകിന്റെ പ്രസ്താവന.തദ്ദേശവോട്ട് ലക്ഷ്യമിട്ട് എന്ന കൊള്ളി വെയ്ക്കുന്നുണ്ടെങ്കിലും ക്ഷേമബജറ്റാണ് എന്ന് സമ്മതിക്കുന്നുണ്ട്.
          മാതൃഭൂമി എടുത്തു പറയുന്നത് ആരോഗ്യ രംഗത്ത് നടപ്പിലാകുന്ന പദ്ധതികളെക്കുറിച്ചാണ്. കാരുണ്യ തുടരും, മരുന്നു വിതരണത്തിന് 50 കോടി, 46 ലക്ഷം ചതുരശ്രയടി വിസ്താരമുള്ള ആശുപത്രിക്കെട്ടിടങ്ങള്‍ , കാര്‍ഡിയോളജി ഓങ്കോളജി , തുടങ്ങിയവയ്ക്കു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍ എന്നിങ്ങനെ ആരോഗ്യമേഖലയില്‍ നടത്താനുദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ എടുത്തു പറഞ്ഞു ശ്ലാഖിക്കുന്നു. കൂടാതെ കാന്‍സര്‍ മരുന്നുകളുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിന് ആലപ്പുഴയില്‍ ഏകദേശം ആറര ഏക്കര്‍ സ്ഥലത്ത് ഓങ്കോളജി പാര്‍ക്ക് വരുന്നതിനെ അവര്‍ രണ്ടുകൈയ്യുമുയര്‍ത്തി സ്വാഗതം ചെയ്യുന്നു. അതോടെ രോഗികളുടെ ചികിത്സാച്ചിലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന പ്രത്യാശയും മാതൃഭുമി പങ്കുവെയ്ക്കുന്നുണ്ട്.
          കേന്ദ്രത്തിന്റെ പ്രതികൂല നടപടികള്‍ കാരണം 8330 കോടി രൂപയാണ് കേരളത്തിന് ഇല്ലാതാകുന്നതെന്ന് മാതൃഭൂമിക്കറിയാം.അതുകൊണ്ടുതന്നെ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പ്രധാന കാരണം കേന്ദ്രമാണെന്ന വസ്തുത നിലനില്ക്കുന്നുണ്ട്.കാര്യങ്ങളങ്ങനെയൊക്കെയാണെങ്കിലും ജനക്ഷേമ പദ്ധതികളില്‍ നിന്ന് സര്‍‌ക്കാര്‍ പിന്നോട്ടില്ല എന്നുതന്നെയാണ് മാതൃഭൂമിയുടെ എഡിറ്റോറിയലും ചൂണ്ടിക്കാണിക്കുന്നത്. 25 രൂപയ്ക്ക് ഊണു ലഭ്യമാകുന്നതും സമൂഹത്തിന്റെ അടിത്തട്ടില്‍ സേവനം അനുഷ്ടിക്കുന്നവരുടെ വേതനം കൂട്ടിയതും അവര്‍ എടുത്തു പറയുന്നു.നെല്‍ക്കര്‍ഷകര്‍ക്ക് ഹെക്ടറിന് രണ്ടായിരം രൂപ വരെ റോയല്‍റ്റി എന്ന നൂതന ആശയത്തേയും മാതൃഭൂമി കൈയ്യടിക്കുന്നുണ്ട്.സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന എല്ലാത്തരം
          തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ മൂലമുണ്ടാകുന്ന വിയോജിപ്പുകള്‍ക്കപ്പുറം നട്ടെല്ലില്‍ തൊട്ടു നില്ക്കുന്ന പോരായ്മകളൊന്നും തന്നെ മാതൃഭുമിക്കും മനോരമയ്ക്കും ചൂണ്ടിക്കാണിക്കാനില്ല. വിമര്‍ശനത്തിനു വേണ്ടിയുള്ള അത്തരം വിമര്‍ശനങ്ങളെ മാറ്റി വെച്ചാല്‍‌ കേരളം കണ്ട ഏറ്റവും ശക്തനായ ഒരു മുഖ്യമന്ത്രിയുടെ ജനകീയ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ വ്യഗ്രതപ്പെടുന്ന ഒരു ബജറ്റ് അവതരിപ്പിച്ചതില്‍ ഐസകിന് അഭിമാനിക്കാം, ഒപ്പം കേരള ജനതയ്ക്ക് ഈ സര്‍ക്കാര്‍ ഒരു തവണ കൂടി തുടരാനായി കൈയ്യുയര്‍ത്തുകയും ചെയ്യാം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1