#ദിനസരികള്‍ 1022 ജഗ്ഗി വാസുദേവ് – കപ്പലോടിക്കുന്ന കള്ളന്‍



            ആരാണ് ജഗ്ഗി വാസുദേവ് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് കെ എ ഷാജി മാധ്യമം ആഴ്ചപ്പതിപ്പില്‍ ( 2020 ഫെബ്രുവരി 10 ) ഒരു ലേഖനമെഴുതിയിട്ടുണ്ട്. സദ്ഗുരു എന്ന വിശേഷണം പേറിക്കൊണ്ട് ആള്‍‌ദൈവത്തിന്റെ പടുതയിലേക്ക് ഉയര്‍ന്ന ജഗ്ഗി വാസുദേവ് എന്ന പഴയ കാല പോലീസുകാരന്റെ നിഗൂഢജീവിതത്തെ പ്രസ്തുത ലേഖനത്തില്‍ ഷാജി തുറന്നു കാണിക്കുന്നുണ്ട്.അധികാരവും പണവും ആത്മീയതയും ചേര്‍ത്തുള്ള ഒരു മിശ്രിതംകൊണ്ട് ഒരു സമൂഹത്തെ അയാള്‍ മയക്കിക്കൊണ്ടേയിരിക്കും.സ്വയം സദ്ഗുരു എന്ന് വിളിക്കുകയും മറ്റുള്ളവരെ അങ്ങനെ വിളിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം കാലഘട്ടത്തെ തന്റെ വഴിയില്‍ നയിക്കാന്‍ ശേഷിയുള്ളവനാണ്എന്നു പറഞ്ഞു കൊണ്ടാണ്. ഈ വരികള്‍ ജഗ്ഗിയുടെ കഴിവിനുള്ള അംഗീകാരമല്ല , മറിച്ച് നാം നേരിടാന്‍ പോകുന്ന പ്രതിസന്ധിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇനി വരാനുള്ള കാലം ഇത്തരത്തിലുള്ള ഏതെങ്കിലും ജഗ്ഗിമാരും അമ്മമാരും ബാബാമാരും ഭരിക്കുന്ന ഒന്നായിരിക്കുമെന്നു കൂടിയാണ് ആ സൂചന.
          ലേഖനത്തിലേക്ക് കടക്കും മുമ്പ് വിക്കിപ്പീഡിയയിലെ ജഗ്ഗി വാസുദേവ് എന്ന പേജില്‍ നാം ഇങ്ങനെ വായിക്കും സദ്‍ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ്, ഒരു ഇന്ത്യൻ യോഗിയും ദിവ്യജ്ഞാനിയുമാണ്‌. അദ്ദേഹം സ്ഥാപിച്ച ഇഷാ ഫൗണ്ടേഷൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. ഈ സംഘടന ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഇംഗ്ളണ്ട്, ലബനൻ, സിംഗപ്പൂർ, കാനഡ, മലേഷ്യ, ഉഗാണ്ട, ആസ്ട്രേലിയ, ഇങ്ങനെ ലോകമെമ്പാടും യോഗാ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. സമൂഹനന്മക്കും ഉന്നമനത്തിനും ഉതകുന്ന ധാരാളം പരിപാടികളിൽ ഈ സംഘടന ഭാഗഭാക്കാകുന്നു. അതിനാൽ ഇതിന് ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തികസാമൂഹ്യ കൗൺസിലിൽ പ്രത്യേക ഉപദേഷ്ടാവ് എന്ന സ്ഥാനം ലഭിച്ചിട്ടുണ്ട്.ഇതാണ് ജഗ്ഗിയെക്കുറിച്ചുള്ള പൊതുവേയുള്ള ധാരണ. ആ ധാരണ ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ തന്റെ ബന്ധങ്ങളെ സജീവമായി നിലനിറുത്താന്‍ ജഗ്ഗി വളരെയേറെ ശ്രദ്ധിക്കുന്നു.
          ജഗ്ഗി സ്ഥാപിച്ച ഇഷാ യോഗാ ഫൌണ്ടേഷനെക്കുറിച്ചും ഷാജി എഴുതുന്നുണ്ട്. ലോകപരിസ്ഥിതി ദിനത്തില്‍ ഏറ്റവുമധികം വൃക്ഷത്തൈകള്‍ നടുന്നത് ഇഷയാണത്രേ. കാവേരി വിളിക്കുന്നു എന്ന പേരില്‍ ഇഷയുടെ നേതൃത്വത്തില്‍ നടക്കുന്ന കാവേരി നദീസംരക്ഷണപ്രവര്‍ത്തനങ്ങള്‍ പക്ഷേ കോടതിയുടെയടക്കം നിശിതമായ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.കര്‍ഷകരില്‍ നിന്നും പിരിവെടുത്തുകൊണ്ട് ജഗ്ഗിയും കൂട്ടരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലേഖനത്തില്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു ജഗ്ഗി പറയുന്നതനുസരിച്ച് കാവേരി വിളിക്കുന്നു പദ്ധതി പ്രകാരം ഇരുനൂറ്റി നാല്‍പത്തിരണ്ടു കോടി വൃക്ഷത്തൈകള്‍ കാവേരിയുടെ ഇരുകരകളിലും നട്ട് സംരക്ഷിക്കും.നടുന്ന ഓരോ മരത്തിനുമായി നാല്പത്തിരണ്ടു രൂപ വീതം ഇഷയ്ക്കു നല്കണം.അതായത് പതിനാറായിരത്തി അറുനൂറ്റി ഇരുപത്താറു കോടി രൂപ ജനങ്ങളില്‍ നിന്നും ഇഷയും ജഗ്ഗിയും സമാഹരിക്കും.ഇത്രയും വലിയ തുക സമാഹരിക്കാന്‍ ആരാണ് അനുവാദം കൊടുത്തത് എന്ന് ചോദിച്ചാണ് എ വി അമര്‍ നാഥന്‍‌ എന്ന കര്‍ഷകന്‍ കോടതിയെ സമീപിച്ചത്
          ഇഷ കാവേരി സംരക്ഷണത്തിന്റെ പേരില്‍ കാണിച്ചു കൂട്ടുന്ന പ്രവര്‍ത്തനങ്ങളൊന്നും തന്നെ പ്രകൃതിയെ വീണ്ടെടുക്കാനോ അതിന്റെ സ്വാഭാവികത നിലനിറുത്താനോ സഹായിക്കുന്നതല്ല എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്.കോടിക്കണക്കിനു രൂപ കൈവശപ്പെടുത്താന്‍ വേണ്ടി നടത്തുന്ന വെറും ഷോ മാത്രമാണ് അതെന്ന് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്കു ചുറ്റുമുള്ള പരിവേഷങ്ങളെ വിദഗ്ദമായി ഉപയോഗിച്ചുകൊണ്ട് അത്തരത്തിലുള്ള ആരോപണങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ജഗ്ഗി വാസുദേവിന് കഴിയുന്നു. അവിടെയാണ് അയാളുടെ ഭാഷാവിലാസത്തിന്റേയും ആത്മീയ വിചാരങ്ങളുടേയും ആകര്‍ഷണ വലയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കമുള്ള അധികാര കേന്ദ്രങ്ങള്‍ മയങ്ങി നില്ക്കുമ്പോള്‍ ആരാണ് അദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടുക?
            അങ്ങനെ വരുമ്പോഴാണ് കെ എ ഷാജിയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് ഒരു ജനകീയ വിചാരണയുടെ പ്രാധാന്യം ലഭിക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ ഇത്തരം ആള്‍‌ദൈവങ്ങള്‍ക്ക് അടിപ്പെട്ട് വിടു പണി ചെയ്യുമ്പോള്‍ ശരി മറ്റൊന്നാണെന്ന് വിളിച്ചു പറയാനുള്ള ആര്‍ജ്ജവത്തിന് ഇക്കാലത്ത് നാം  കൈയ്യടിക്കുക.
           
         







Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1