#ദിനസരികള്‍ 1023 പ്രതിപക്ഷ പ്രമേയം – ഗവര്‍ണര്‍ മനസ്സിലാക്കേണ്ടത്.



          ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം 37 നെതിരെ 73 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞുവല്ലോ. ഭരണപക്ഷവും ഗവര്‍ണറും മുഖാമുഖം നില്ക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേണമായിരുന്നുവെങ്കില്‍ പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയത്തെ അംഗീകരിച്ചുകൊണ്ട് ഗവര്‍ണര്‍ക്കുള്ള ശക്തമായ താക്കീതായി പാസ്സാക്കാമായിരുന്നു. എന്നാല്‍ അതിനു തുനിയാതെ പ്രമേയത്തിനു പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ അനുവദിക്കാതിരിക്കാനുള്ള ജാഗ്രതയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. അത് തികച്ചും അഭിനന്ദനീയമായ ഒന്നാണെന്ന് പറയാതെ വയ്യ. കാരണം , പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഫലവത്തായി പ്രതികരിക്കാന്‍ കഴിയാതെ പോയ പ്രതിപക്ഷം ചുളുവില്‍ ആളാകാനുള്ള ശ്രമമാണ് ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള പ്രമേയത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിച്ചത്. അത്തരമൊരു നീക്കത്തിന് തീരെ ആത്മാര്‍ത്ഥതയില്ല എന്ന കാര്യം വ്യക്തമാണ്.മാത്രവുമല്ല പൌരത്വ ഭേദഗതി നിയമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ മുഖ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഗവര്‍ണറെ നേരിടുന്നു. ബ്രിട്ടീഷുകാലത്തെ റസിഡന്റ് എന്ന് ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറെ വിശേഷിപ്പിക്കുന്ന തരത്തിലേക്ക് ആ തര്‍ക്കം മൂര്‍ച്ഛിച്ചെത്തി. ഈ അവസരം കൂടുതലായി മുതലെടുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിച്ചുകൊണ്ട് ഭരണ പ്രതിസന്ധിയുണ്ടാക്കുക എന്നതുകൂടി പ്രതിപക്ഷത്തിന്റെ ലക്ഷ്യമാണ്. അത്തരത്തിലുള്ള കുത്സിതമായ ഒരു നീക്കത്തിന് കൈയ്യടിച്ചു കൊടുക്കാതിരിക്കാനുള്ള വിവേകം ഭരണപക്ഷം കാണിച്ചത് അഭിനന്ദനീയം തന്നെയാണ്.
          ഗവര്‍‌ണര്‍ സര്‍‌ക്കാറിനെ ശത്രുപക്ഷത്തു നിറുത്തുന്ന സമീപനം സ്വീകരിച്ചിരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ വിവേകപൂര്‍വ്വം , ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സിന് കോട്ടം തട്ടാത്ത വിധത്തില്‍ , തീരുമാനമെടുത്തിരിക്കുന്നത്. ഗവര്‍ണര്‍‌ ഈ തത്വാധിഷ്ടിതമായ സമീപനത്തെ മനസ്സിലാക്കുക തന്നെ വേണം. പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചും അതിനെതിരെ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി കടന്നാക്രമിച്ചും തന്റെ സ്ഥാനത്തിന് യോജിക്കാത്ത വിധത്തിലാണ് അദ്ദേഹം പെരുമാറിക്കൊണ്ടിരിക്കുന്നത്. എന്നു മാത്രവുമല്ല സര്‍ക്കാറുമായി ഏറ്റു മുട്ടാനും മടിക്കില്ലെന്ന വെല്ലുവിളി, വാര്‍ഡു വിഭജനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് തിരിച്ചയച്ചതിലൂടെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.കൂടാതെ, തന്നെ അറിയിക്കാതെ പൌരത്വ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെച്ചൊല്ലി അദ്ദേഹം നടത്തിയ പ്രസ്ഥാവനകള്‍ ആ സ്ഥാനത്തിന്റെ മഹനീയതയെപ്പോലും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു. താനാണ് തലവനെന്ന് നാഴികയ്ക്ക് നാല്പതുവട്ടം കേരളത്തെ ഓര്‍‌മ്മിപ്പിച്ച ഗവര്‍ണര്‍ ഒരു ഭരണ പ്രതിസന്ധിയുണ്ടാക്കുവാന്‍ പോലും മടിക്കില്ലെന്നും തോന്നിപ്പിച്ചു. ഇങ്ങനെ തികച്ചും വ്യക്തിപരമായി വിഷയങ്ങളെ സമീപിച്ചുകൊണ്ട് അപക്വമായ നിലപാടുകളിലൂടെ കേരള സര്‍ക്കാറിനെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് , ഗവര്‍ണര്‍‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം അനുവദിക്കാതെയിരുന്നത് എന്നതുകൂടി പ്രത്യേകം ശ്രദ്ധിക്കുക.
          ഏറ്റവും പ്രധാനമായി ഇവിടെ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക , രണ്ടു പ്രധാന ഭരണഘടനാ സ്ഥാപനങ്ങള്‍ പരസ്പരം എല്ലാ തരത്തിലുള്ള വിശ്വാസങ്ങളും നിലനിറുത്തണമെന്നു തന്നെയായിരിക്കും. ഒന്ന് ഒന്നിനെ അസ്ഥിരപ്പെടുത്തുന്നത് ജനാധിപത്യത്തെ ശാക്തീകരിക്കാന്‍ ഉപയുക്തമാകില്ലെന്ന ആ തിരിച്ചറിവ് ഇക്കാലത്ത് വളരെ പ്രാധാന്യമുള്ളതാണ്.ഗവര്‍ണര്‍ക്ക് ഇല്ലാതെ പോയതും അതാണെന്ന് ഖേദപൂര്‍വ്വം ഓര്‍മ്മപ്പെടുത്തട്ടെ.
          പൌരത്വ ഭേദഗതി നിയമത്തില്‍ ഇന്ന് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാടേ ഏതു കാലത്തും കേരളത്തിന് സ്വീകരിക്കാന്‍ കഴിയൂ. നിങ്ങള്‍ എന്തുകൊണ്ട് ഇന്ത്യന്‍ പൌരനായിരിക്കുന്നുവെന്ന ചോദ്യത്തിന് കൃസ്ത്യാനിയായതുകൊണ്ട് , ഹിന്ദുവായതുകൊണ്ട് , ബൌദ്ധനായതുകൊണ്ട് , ജൈനനായതുകൊണ്ട് എന്നിങ്ങനെ മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സാഹചര്യം കേരളത്തിന് ഒരിക്കലും മനസ്സിലാകില്ല. അതുകൊണ്ടുതന്നെ മതം അടിസ്ഥാനപ്പെടുത്തി പൌരത്വത്തെ നിശ്ചയിക്കുന്ന രീതി നടപ്പിലാക്കുക എന്നത് ആത്മഹത്യാപരമാണെന്നും നാം ചിന്തിക്കും. രാജ്യത്തെ വിഭജിക്കുന്ന ശിഥിലീകരിക്കുന്ന തരത്തിലുള്ള ഒന്നായി ഈ നിയമം മാറും എന്ന ആശങ്ക അസ്ഥാനത്തല്ല.അതുകൊണ്ടാണ് കേരള നിയമസഭ പ്രമേയം പാസ്സാക്കിയതും സുപ്രിംകോടതിയെ സമീപിച്ചതും. വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള ഈ നീക്കത്തെ ഗവര്‍ണര്‍ വ്യക്തിപരമായി കണ്ടു എന്നതാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. എന്നാല്‍ വിഷയം ഒട്ടുംതന്നെ വ്യക്തിപരമല്ല എന്ന നിലപാടാണ് പ്രതിപക്ഷ പ്രമേയത്തെ നിരാകരിക്കുന്നതിലൂടെ ഭരണപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്.
          മൂല്യാധിഷ്ഠിതമായ ഈ നിലപാടിനോട് ഗവര്‍ണര്‍ ഐക്യപ്പെടുമോ ഇല്ലയോ എന്നതാണ് ഇനിയും അവശേഷിക്കുന്ന കാതലായ ചോദ്യം.

         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1