#ദിനസരികള്‍ 1021 ടൊവീനോയ്ക്ക് മനസ്സിലാകാത്ത ജനാധിപത്യത്തിന്റെ ആന്തരിക ബലങ്ങള്‍



            കൂവിയ വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിപ്പിച്ച് മൈക്കിലൂടെ കൂവിച്ച് ടൊവീനോ നടത്തിയ പ്രകടനത്തിന്  കൈയ്യടിക്കുന്നവരുണ്ടെങ്കില്‍ ജനാധിപത്യത്തിന്റെ ആന്തരികബലങ്ങളെക്കുറിച്ച് അത്തരക്കാര്‍ക്ക് ശരിയായ ബോധ്യങ്ങളില്ലെന്ന് വേണം കരുതാന്‍. എന്നു മാത്രവുമല്ല , ബലം പ്രയോഗിക്കുക എന്ന ഫാസിസ്റ്റ് രീതിയോട് നിങ്ങളുടെ അടുക്കളയില്‍ വെച്ച് സമരസപ്പെട്ടു പോകുന്ന ഒരാളാണ് നിങ്ങളെന്നു കൂടി പ്രസ്തുത സംഭവം അടയാളപ്പെടുത്തും. അതായത് ഉള്ളിന്റെ ഉള്ളിലെവിടെയോ നിങ്ങള്‍ ഹിറ്റ്ലറിനെ മുസ്സോളിനിയെ നരേന്ദ്രമോഡിയെ അമിത് ഷായെ ഒക്കെ ഇഷ്ടപ്പെടുന്നു എന്നുതന്നെ.
          സംഭവം മാനന്തവാടിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്നതാണ്. ടൊവീനോയാണ് പ്രധാന അതിഥി. അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കേ ഒരു കുട്ടി അഖില്‍ എന്നാണ് അവന്റെ പേര് കൂവി. അവനെ ടൊവീനോ വേദിയിലേക്ക് വിളിപ്പിച്ചു. മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെട്ടു.എന്നു മാത്രവുമല്ല അവനെ ബലമായി മൈക്കിന്റെ അടുത്തേക്ക് നീക്കി നിറുത്തുകയും കൂവണം എന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. നാലുതവണ കൂവിച്ചതിനു ശേഷമാണ് ടൊവീനോ വേദി വിടാന്‍ അവനെ സമ്മതിച്ചത്.
          കളക്ടറും സബ്കളക്ടറും മറ്റു പൌരപ്രമുഖരും അടങ്ങുന്ന ഒരു വേദിയിലാണ് ഇത്തരമൊരു സംഭവം നടന്നത്.
          ടൊവീനോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. വളരെ പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥി കൂവിയതെന്നും അതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നുമാണ് ചിലരുടെ വാദം. ഇനി ചിലരാകട്ടെ ജനാധിപത്യപരമായി വിമര്‍ശിക്കുവാനുള്ള അവകാശത്തെ (കൂവി പ്രതിഷേധം അറിയിക്കലും വിമര്‍ശനം തന്നെയാണല്ലോ) നിഷേധിക്കുവാന്‍ ടൊവീനോയ്ക്ക് എന്തവകാശം എന്നാണ് ചോദിക്കുന്നത്.
          ടൊവീനോ കൂവിയ കുട്ടിയെ വേദിയിലേക്ക് വിളിച്ചു വരുത്തിയതുവരെ ഞാന് സമ്മതിക്കും. പ്രതിഷേധം അറിയിച്ചയാളോട് എന്താണ് അതിന്റെ കാരണം എന്നന്വേഷിക്കേണ്ടത് സമാന്യ മര്യാദയാണല്ലോ.തെറ്റ് തന്റെ ഭാഗത്താണെങ്കിലും വിദ്യാര്ത്ഥിയുടെ ഭാഗത്താണെങ്കിലും തിരുത്തുവാന് അത്തരത്തിലുള്ള ഒരു നീക്കം സഹായിക്കുമല്ലോ. അതുകൊണ്ട് എന്തിനാണ് കൂവിയതെന്ന് വിദ്യാര്ത്ഥിയോട് ചോദിക്കുകയും അത് വിശദീകരിക്കുവാന് ആവശ്യപ്പെടുകയും ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം. കുട്ടി തെറ്റാണെങ്കില് അവനെന്തുകൊണ്ടാണ് തെറ്റായിരിക്കുന്നതെന്ന് വസ്തുതാപരമായി പറഞ്ഞു തിരുത്തുന്നത് മനസ്സിലാക്കാം. അല്ലെങ്കില് അതുവരെയോ നാം മനസ്സിലാക്കേണ്ടതുള്ളു. അതിനപ്പുറത്തേക്ക് കടക്കുന്ന നിമിഷം കാര്യങ്ങള് ജനാധിപത്യവിരുദ്ധമാകുന്നു. വിളിച്ചു വരുത്തിയ കുട്ടിയോട് എന്തിനാണ് കൂവിയത് എന്നല്ല ടൊവീനോ ചോദിക്കുന്നത് മറിച്ച് മൈക്കിലൂടെ കൂവാന് ആവശ്യപ്പെടുകയാണ്. ഒരു തവണ കൂവിയ കുട്ടി പോകാനായുന്നുണ്ടെങ്കിലും അവനെ വിടാതെ പിടിച്ചു നിറുത്തി വീണ്ടും കൂവാന് ആവശ്യപ്പെടുന്നു. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്, മാത്രവുമല്ല അതിക്രമവുമാണ്. മറ്റൊരാളെ തടഞ്ഞു വെയ്ക്കുന്നതും അയാളുടെ ഇഷ്ടമില്ലാതെ ശരീരത്തില് സ്പര്ശിക്കുന്നതും എന്തെങ്കിലും ചെയ്യാന് പ്രേരിപ്പിക്കുന്നതുമൊക്കെ ഇന്ത്യന് പീനല് കോഡില് കുറ്റമായി കണക്കാക്കുന്നുണ്ട് എന്നതുകൂടി മനസ്സിലാക്കുക.കുറ്റമാണെങ്കിലും തല വെട്ടാനുള്ള കുറ്റമൊന്നുമില്ലല്ലോ എന്നായിരിക്കും ചിലരുടെ പ്രതികരണമെന്ന് ഊഹിക്കാവുന്നതേയുള്ളു. അത്തരത്തിലുള്ളവര് അറിഞ്ഞുകൊണ്ടു തന്നെ പ്രോത്സാഹിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധത തന്നെയാണ് ഇന്നാട്ടില് നടക്കുന്ന എല്ലാ വിധ ഭരണഘടനാ വിരുദ്ധതയ്ക്കും വളമാകുന്നത്. ശബരിമലയില് തേങ്ങയെറിയെറിഞ്ഞവനെ വിശ്വാസമില്ലാതാക്കാന് ശ്രമിച്ചിട്ടല്ലേ എന്നു ചോദിച്ച് ന്യായീകരിക്കുന്നതും ഇതും തമ്മില് തത്വത്തില് വ്യത്യാസമൊന്നുമില്ല.  ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ടൊവീനോ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു പ്രസ്തുത സംഭവം നടന്നതെന്നത് രസകരംതന്നെയാണ്.അങ്ങനെയാണെങ്കില്‍,  ജനാധിപത്യത്തോട് നീതി പുലര്‍ത്തണം എന്ന് ടൊവീനോ കരുതുന്നുണ്ടെങ്കില്‍ കൂവിയ കൂട്ടിയെ അപമാനിച്ചതിലും അതിക്രമം കാണിച്ചതിലും ടൊവീനോ മാപ്പു ചോദിക്കാന്‍ തയ്യാറാകണം. അതാണ് , അഥവാ അതുമാത്രമാണ് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ വഴി.
          ജനാധിപത്യം ബലവത്താകണമെങ്കില്‍ ഇത്രയും നനുത്ത വശങ്ങളെക്കൂടി നാം പരിഗണിക്കണം.അല്ലാതെയുള്ളവ അനുവദിച്ചൂ കൂടാ.അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ ആന്തരികബലങ്ങളെക്കുറിച്ച് നാം ഇനിയും ബോധവാന്മാരേണ്ടതുണ്ടെന്ന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഞാന്‍‌ രേഖപ്പെടുത്തിയത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1