#ദിനസരികള്‍ 992 സവര്‍ക്കറുടെ ദേശീയത


(എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം)
            അധികാരികളുടെ അനിഷ്ടം പ്രധാനമായും മുസ്ലിങ്ങളുടെ നേരെയായിരുന്നു. ദൈവത്തിന്റെ സഹായത്താല്‍ ഈ രാജ്യത്തിന്റെ യജമാനന്മാര്‍ ഇംഗ്ലീഷുകാരായിരിക്കുമെന്ന് ഈ തെമ്മാടികളായ മുസ്ലിംങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം എന്നാണ് പിന്നീട് ഫീല്‍ഡ് മാര്‍ഷലായ റോബര്‍ട്സ് എഴുതി.
          പ്രതികാരം ഭയാനകമായിരുന്നു. കുറ്റവാളികളെന്നപോലെതന്നെ നിരപരാധികളും കാരുണ്യലേശമില്ലാതെ ശിക്ഷിക്കപ്പെട്ടു.നല്ലൊരു രാജഭക്തനായ അഹമ്മദ് ഖാന് തന്റെ ജീവിതമാണ് വിലയായി കൊടുക്കേണ്ടി വന്നത്.ഭയവും നിരാശയും പടര്‍ന്നു പിടിച്ചിരുന്ന അക്കാലത്തെക്കുറിച്ച് ഗാലിബ് എഴുതി :- നഗരം വന്യമായി, ഉര്‍ദുബസാര്‍ ഇല്ലാതായി, പിന്നെ ഉര്‍ദുതന്നെ എന്താണ്? ഡെല്‍ഹി ഒരു പട്ടണമല്ല , ഒരു പട്ടാളക്യാമ്പുമാത്രമായിരിക്കുന്നു.കോട്ടകളും നഗരചത്വരങ്ങളും ചന്തകളും ജലമാര്‍ഗ്ഗങ്ങളും ..എല്ലാം എല്ലാം പോയിരിക്കുന്നു.
          കലാപത്തിലെ ധീരമായ മുഖം മുസ്ലിംങ്ങളുടേതായിരുന്നു.അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ പീഢീപ്പിക്കപ്പെട്ടതും അവരായിരുന്നു. അതുകൊണ്ടുതന്നെ പരാജയത്തെ അത്ര പെട്ടെന്ന് അംഗീകരിച്ചുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല.ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഏറെക്കാലം അവര്‍ പിടിച്ചു നിന്നു.എന്നു മാത്രവുമല്ല അവര്‍ പലതരത്തിലുള്ള പ്രതിഷേധങ്ങളെ നിലനിറുത്തി.ഇംഗ്ലീഷ് വിദ്യാഭ്യാസം നിരസിച്ചതിനാല്‍ പതിയെപ്പതിയെ ഗവണ്‍‌‌മെന്റ് സര്‍വ്വീസില്‍ നിന്നും പുറത്തായി.പുതിയ സാഹചര്യങ്ങളോട് ഇണങ്ങി നിന്നുകൊണ്ടും പാശ്ചാത്യ ആശയങ്ങളെ പിന്‍പറ്റിക്കൊണ്ടും ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരോട് ചേര്‍ന്നു നിന്നപ്പോള്‍ മുസ്ലിംങ്ങളാകട്ടെ തങ്ങളുടെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് അവരുമായി കഴിയുന്നത്ര അകന്നു ജീവിച്ചു.അതുകൊണ്ടുതന്നെ മുസ്ലിം നവോത്ഥാനങ്ങള്‍ കലാപത്തിനു ശേഷം ഡല്‍ഹിയില്‍ ഒരു തരം മരവിപ്പിലായി എന്നു പറയാം.അതേസമയം ഹിന്ദുമുന്നേറ്റങ്ങളുടെ ഭൂമികയായ കല്‍ക്കത്തയാകട്ടെ കലാപത്തിന്റെ ഭീകരതകളില്‍ നിന്നും രക്ഷപ്പെടുകയും പുതിയ മാറ്റങ്ങളെ ഉള്‍‌ക്കൊള്ളാന്‍ തക്കവണ്ണം ശരീരവും ആത്മാവും പരുവപ്പെടുത്തുകയും ചെയ്തു.
          അങ്ങനെ പതിയെപ്പതിയെ ഒരു വിള്ളല്‍ ഇരുസമൂഹങ്ങളുടേയും ഇടയിലുണ്ടായി വന്നു.അത് ഇന്ത്യയുടെ ആത്മാവിനെത്തന്നെ രണ്ടായി മുറിക്കാന്‍ ശേഷിയുള്ളതായി വികാസംപ്രാപിച്ചു. നമ്മുടെ പൌരജീവിതത്തെ അസന്തുഷ്ടിപ്പെടുത്തുന്ന സാമൂഹ്യസ്പര്‍ദ്ദകളും അനിഷ്ടങ്ങളും കലാപത്തിന്റെ ബാക്കിപത്രമായി എന്നത് ഏറെ സങ്കടകരമെങ്കിലും വസ്തുതയാണ്.
സവര്‍ക്കറും 1857 ഉം
          നമുക്ക് അറിയാവുന്നതുപോലെ സവര്‍ക്കര്‍ 1857 നെക്കുറിച്ച് The First Indian War of Independence - 1857 എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്.അശോക് മേത്ത എഴുതുന്നു.
          പലരും എഴുതാന്‍ വിമുഖത കാണിച്ചിരുന്ന ഒരിടത്തേക്കാണ് സവര്‍ക്കര്‍ ഒരു മടിയും കൂടാതെ പ്രവേശിച്ചത്. ഉറകുത്തിപ്പോകുമായിരുന്ന പല രേഖകളും പരിശോധിച്ചതിനു ശേഷം കൊള്ളാവുന്ന ഒരു പുസ്തകമാണ് നമുക്ക് സമ്മാനിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വൈകാരികതയും ദേശീയതയും കവിതയുമൊക്കെ ചാലിച്ച് എഴുതിയ പ്രസ്തുത പുസ്തകം ഒരു പരിധിവരെ അപക്വവുമായിരുന്നു.വൈകാരികതകളുടെ പൊട്ടിത്തെറികളാല്‍ ആരചിക്കപ്പെട്ട ഈ പുസ്തകം കേവലമൊരു വസ്തുനിഷ്ഠമായ ചരിത്രം എന്നതിലുപരിയ ഒരു പ്രകടന പത്രിക മാത്രമാകുന്നു. കലാപം , അതിന്റെ സത്തയെ അറിയുന്ന ചരിത്രകാരന്മാരെ കാത്തിരിക്കുന്നു.
          വിമര്‍ശനം ശരിയാണ്.എന്നാല്‍ ഈ പുസ്തകത്തെ കേവലമൊരു പ്രകടനപത്രികയായി കാണുന്നത് എത്രമാത്രം ശരിയാണെന്ന് സംശയമുണ്ട്.സവര്‍ക്കര്‍ ഈ ചരിത്രം എഴുതിയത് പ്രത്യേക ഉദ്ദേശത്തോടെയാണ്.ഹിന്ദുക്കളേയും മുസ്ലിംങ്ങളേയും ഒന്നിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് കോയ്മയില്‍ നിന്നും മോചിപ്പിച്ച് ജനത തുല്യതയോടെ ജീവിക്കുന്ന ഒരു ഭാരതം കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യം ഉദാത്തമായിരുന്നെങ്കിലും പക്ഷേ ചരിത്രം ആ തലത്തിലേക്ക് എത്തിയില്ല.
          ഉദാത്തമായ ഈ ആശയത്തെ പിന്നീട് സവര്‍ക്കര്‍തന്നെ ഉപേക്ഷിച്ചതിനെച്ചൊല്ലി വ്യത്യസ്തങ്ങളായ മൂന്നോളം അഭിപ്രായങ്ങളുണ്ടായി. അവയിലൊന്ന്, മധു ലിമായെ പറയുന്നതുപോലെ സവര്‍ക്കര്‍ ആദ്യകാല നിലപാടുകളുടെ പേരില്‍ മാനിക്കപ്പെടണമെന്നാണ്. ഈ വാദം ചരിത്രത്തോട് നീതിപുലര്‍ത്തുന്നതല്ല.1927 ലെ ഹിന്ദുത്വ എന്ന പുസ്തകത്തെ മറന്നുകൊണ്ട് 1937 ആണ് സവര്‍ക്കറുടെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് ലിമായെ വാദിക്കുന്നതില്‍ അസ്വാഭാവികതയുണ്ട്.അതൊടൊപ്പംതന്നെ 1857 ലെ സമരത്തെക്കുറിച്ച് സവര്‍ക്കറുടെ കാഴ്ചപ്പാടുകളിലെ ചില വശങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും പണ്ഡിതോചിതമല്ല.മറ്റൊരു വാദം സവര്‍ക്കറുടെ പില്കാല നിലപാടുകളുടെ പേരില്‍ പുസ്തകം വിസ്മരിക്കപ്പെടണമെന്നതാണ്.അതും ശരിയായ നിലപാടല്ല.മൂന്നാമത്തേതാകട്ടെ , ചരിത്രത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു പ്രയത്നം എന്ന നിലയില്‍ പരിഗണിച്ചുകൊണ്ടുതന്നെ പുസ്തകത്തെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ്.
                                                          (തുടരും )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം