#ദിനസരികള്‍ 989 ഇനിയും മനസ്സിലാകാത്തവര്‍ വായിക്കുവാന്‍ ...
ഇനിയും ഇവിടെയെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന്
മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു കഥ പറയാം. കഥയല്ല, ഇന്നലെ ഞാന്‍ സാക്ഷിയായ ഒരു
സംഭവമാണ്.
വൈകുന്നേരം പൊതുവേയുള്ള സായാഹ്നസവാരിക്കിടയില്‍
പോക്കറിക്കായുടെ ചായക്കടയില്‍ ചെന്നു കയറി.രണ്ടോ മൂന്നോ ആളുകളേ അവിടെയുള്ളു.
“പോക്കറിക്കാ.. ചായ..” ഞാന്‍
പറഞ്ഞു.
“ഓ........ ങ്ങളിരിക്ക്....” അദ്ദേഹം
ഉപചാരം പറഞ്ഞു.
ഞാനിരുന്നു.. ഡെസ്കിന്റെ
പുറത്തു കിടന്ന പത്രം മറിച്ചു നോക്കി..
അപ്പോഴാണ് അവിടേക്ക്
ചന്ദ്രേട്ടന്‍ കടന്നു വരുന്നത്.പോക്കറിക്കായും ചന്ദ്രേട്ടനും സമപ്രായക്കാരാണ്.
“പോക്കറേ” വന്നപാടെ ചന്ദ്രേട്ടന്‍ പറഞ്ഞു.. “ഒരു
വിത്തൌട്ട് ചായ”
“ഞ്ഞിരിക്ക് ചന്ദ്രോ....”
എന്ന് പോക്കറിക്ക.
ചന്ദ്രേട്ടന്‍ ഇരുന്നു.
പത്രത്തിന്റെ ഒരു കഷണം പുള്ളി കൈക്കലാക്കി.
“ഓ അപ്പോ അവര് രണ്ടും കല്പിച്ചന്നെ അല്ലേ
? കാക്കാമാരെ
ഇവിടെ ജീവിക്കാന്‍ സമ്മതിക്കൂലാന്ന് ഒറപ്പിച്ചിട്ടാണല്ലോ...”
അദ്ദേഹം പത്രത്തില്‍ നോക്കിക്കൊണ്ടു തന്നെ പറഞ്ഞു.
ആ വാക്കുകളെ ഞാനും ശ്രദ്ധിച്ചു. ചന്ദ്രേട്ടന്‍ ഒരു ചര്‍ച്ചയ്ക്കുള്ള
ഒരുക്കത്തിലാണെന്ന് തോന്നി.
“പോക്കറേ അവര് ആ നിയമമൊന്നും പിന്‍വലിക്കാന്‍
പോന്നില്ല ല്ലേ ….
“സാധ്യത കൊറവാണ് ചന്ദ്രാ...”
“എതിര്‍ക്കുന്നവരോട് പാകിസ്താനിലേക്ക്
പൊയ്ക്കോളാനാണ് പറേന്നത്..”
“അതേ... ഇന്ത്യ വിട്ടു പോകണത്രേ .”
“ഉം.... ഡാ നീ പാകിസ്താനിലേക്ക് പോമ്പം
പറയണേ... നിന്റെ വീടും പറമ്പും എനിക്കെടുക്കാനാണ്...”
അതു കേട്ടപ്പോള്‍ ഞാന്‍
പോക്കറിക്കായെ ശ്രദ്ധിച്ചു. അദ്ദേഹം ഗ്ലാസിലേക്ക് ചായ പകര്‍ന്ന് മുന്നിലേക്ക്
വെച്ചു. എന്നിട്ട് ചന്ദ്രേട്ടനെ നോക്കി
“ചന്ദ്രോയ് .. “ പോക്കറിക്കാ
നീട്ടി വിളിച്ചു.
“ഞാന്‍ പാകിസ്താനിലേക്ക് പോകേണ്ടി
വന്നാല് എന്റെ വീടും പറമ്പും അനക്കു തരൂല ചന്ദ്രാ..”
“അതെന്താ പോക്കറേ.. നീയെന്തായാലും
പോകുവല്ലേ?”
ചന്ദ്രേട്ടന്‍ വിടാനുള്ള ഭാവമില്ലായിരുന്നു.
“ഡാ... ഞ്ഞി തീയ്യനല്ലേ....
നെന്നെപ്പോലെയുള്ള തീയ്യന്മാര്‍ക്കും പൊലയന്മാര്‍ക്കും നായന്മാര്‍ക്കുമൊന്നും
ഞാനെന്റെ വീടു കൊടുക്കൂല..”
ഞാന്‍ പോക്കറിക്കായെ സൂക്ഷിച്ചു നോക്കി. ആ മനുഷ്യന്‍ ഇത്രയും
കഠിനമായി സംസാരിക്കുന്നത് നാളിതുവരെ കേട്ടിട്ടില്ല. പക്ഷേ മുഖത്ത് ഇപ്പോഴും
ചിരിക്ക് ഒരു മങ്ങലുമില്ല.
“അതെന്താഡാ തീയ്യന്മാര്‍ക്കൊരു കൊറവ്..”
ചോദ്യം ചന്ദ്രേട്ടന്റെ വകയാണ്.
“ചന്ദ്രാ...... ഞാന്‍ വീടു കൊടുക്കുവാണെങ്കില്
വല്ല ബ്രാഹ്മണന്മാര്‍ക്കോ മറ്റോ കൊടുക്കൂ... കാരണം അവരു മാത്രമേ ഇവിടെ സ്ഥിരമായി
ഉണ്ടാകൂ.. ഞാളു ആദ്യം പോയാല് അതിന്റെ പൊറകേ രണ്ടാമത് പോകേണ്ടത് നിങ്ങളാ .. കാരണം
ങ്ങള് വെറും ശൂദ്രന്മാരല്ലേ.. അങ്ങനെയുള്ള നിങ്ങള്‍ക്ക് എന്റെ വീട്ടില് സ്ഥിരമായി
താമസിക്കാനൊക്കൂല.. ഇനി ഇവിടം വിട്ട് പോകേണ്ടി വന്നില്ലെങ്കിലും
കൊള്ളാവുന്നതൊന്നും നിങ്ങക്ക് ഉപയോഗിക്കാന്‍ പറ്റൂല.. ഏതേലും മൂലയ്ക്ക് പഴേപോലെ
ഒരു കൂര വലിച്ചു കെട്ടി കൂടേണ്ടിവരും... പിന്നെ വെറുതെ നെനക്ക് തന്നിട്ടെന്തിനാ...”
പോക്കറിക്ക പറഞ്ഞു നിറുത്തി.
ആ മറുപടി അക്ഷരാര്‍ത്ഥത്തില്‍ തന്നെ എന്നെ ഞെട്ടിച്ചു കളഞ്ഞു.
എത്ര വസ്തുതാപരമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ഇന്ന് രാജ്യത്തു നിന്നും
ഭ്രഷ്ടരാക്കപ്പെടുന്നത് ഒരു വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ നാളെ അതു
മറ്റൊരു വിഭാഗമായിരിക്കും.
മറ്റന്നാള്‍ വേറൊന്ന്. അങ്ങനെയങ്ങനെ സവര്‍ണാധിപത്യപരമായ
ഒരു സമൂഹത്തിന്റെ പുനസ്ഥാപനം വരെ സംഘപരിവാരം തങ്ങളുടെ ശ്രമം തുടരുമെന്ന് എത്ര
സരസ്സമായാണ് അദ്ദേഹം ബോധ്യപ്പെടുത്തുന്നത്.
ഇത് വരാനിരിക്കുന്ന നാളെയുടെ കഥയാണ്. ഇന്ന് എനിക്കു നേരെ ആരും
വരുന്നില്ലല്ലോ എന്ന ധൈര്യത്തില്‍ നാം മിണ്ടാതിരിക്കുന്നുവെങ്കില്‍ നാളെ
അവര്‍ നിങ്ങളെത്തേടിയായിരിക്കും വരിക എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ കഥ.
Comments