#ദിനസരികള്‍ 988 ഇടങ്ങള്‍ ഒലിച്ചു പോകാതിരിക്കുന്നതിനു വേണ്ടി !


            ഇന്ന് പുതുവത്സര ദിനമാണ്; പ്രതിജ്ഞകളുടെ സുദിനവും. ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടു കൂടുതല്‍ സന്തോഷകരമായ ഭാവിയെ ആനയിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ തീരുമാനിക്കുക എന്നതാണ് പൊതുവേയുള്ള രീതി. എന്നാല്‍ സാമൂഹ്യജീവിതവും രാഷ്ട്രീയ ജീവിതവും ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഇന്ത്യാമഹാരാജ്യത്തെ ഒരു പൌരനെന്ന നിലയില്‍ അത്രത്തോളം സ്വേച്ഛാപരവും സങ്കുചിതവുമായ തീരുമാനത്തിലേക്കെത്തുകയെന്നത് അസംബന്ധമാണെന്ന് എന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യ എന്ന അസ്തിത്വത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നീതിക്കുവേണ്ടി ഒച്ചയുയര്‍ത്തിയതിന്റെ പേരില്‍ കുരുതി കൊടുക്കപ്പെടുന്ന ബഹുസഹസ്രം ജനങ്ങളുടെ വിലാപങ്ങള്‍ നാലുപാടുനിന്നും ആര്‍ത്തലച്ചെത്തുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് അയാളെ പറ്റി മാത്രമായി ഇക്കാലത്തു ചിന്തിക്കാനാകുക ?
            എന്നുമാത്രവുമല്ല, ഇന്നലെവരെ ഭരണഘടനാപരമായി എനിക്കും ഇടമുണ്ടായിരുന്ന ഒരു സമൂഹമായിരുന്നു ഇത്. കാരണം ഇവിടെ ജീവിക്കുന്നതിന് ഞാന്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസം എന്തു തന്നെയാണെങ്കിലും അടിസ്ഥാനമായിരുന്നില്ല. ഈ രാജ്യം വിശ്വാസികളെയെന്നപോലെ, അവിശ്വാസിയായ , ഈശ്വര നിഷേധികളായവരേയും ഉള്‍‌ക്കൊള്ളുന്ന വിശാലമായ ഒരിടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പാടേ മാറിയിരിക്കുന്നു. പൌരത്വ ഭേദഗതി നിയമം ആവിഷ്കരിക്കപ്പെട്ടതോടെ ഇവിടെ ജീവിക്കണമെങ്കില്‍ വിശ്വാസമാണ് മാനദണ്ഡം എന്നു വന്നിരിക്കുന്നു. ഹിന്ദുവിനും ശിഖനും കൃസ്ത്യനും പാഴ്സിയ്ക്കും ബൌദ്ധനും ജൈനനും മറ്റും മറ്റുമായി  ഇവിടെ ഇടമുണ്ട്. അവിശ്വാസിയായ എനിക്കും വിശ്വാസിയായ മുസ്ലിമിനും ഇടമില്ല. മുസ്ലിമിനെപ്പോലെതന്നെ ഞാനും എവിടേക്കാണ് പോകേണ്ടത് ? ഇത്തരത്തിലുള്ള അസംബന്ധങ്ങളെ അടിച്ചേല്പിച്ചുകൊണ്ട് രാജ്യത്തിന്റെ നട്ടെല്ലായ ബഹുസ്വരതയെ ഇല്ലാതാക്കി രാജ്യത്തെ ഒരു ഹൈന്ദവഘടനയിലേക്ക് ഒതുക്കിയെടുക്കാന്‍ ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്ന നിര്‍ണായകമായ ഒരു ദശാസന്ധിയില്‍ നാമെങ്ങനെയാണ് മിണ്ടാതിരിക്കുക?
          രാജ്യത്തെ ഒരു പൌരന്റേയും പൌരത്വം നഷ്ടമാകുന്ന സാഹചര്യമുണ്ടാകില്ല എന്നാണ് അവര്‍ വാദിക്കുന്നത്. എന്നാല്‍ ഈ മഹാരാജ്യത്തിന്റെ രാഷ്ട്രപതിയായിരുന്ന ഒരാളുടെ പിന്‍ഗാമികള്‍ എന്തുകൊണ്ടാണ് പൌരത്വത്തിന് പുറത്തായത് എന്ന ചോദ്യത്തിന് ഉത്തരമില്ല. കാര്‍ഗില്‍ പോലെയുള്ള യുദ്ധങ്ങളില്‍ പങ്കെടുത്ത് സൈന്യം ബഹുമതികള്‍ കൊടുത്ത് ആധരിച്ച ധീരജവാന്മാര്‍ എന്തുകൊണ്ടാണ് ഈ പട്ടികയില്‍ നിന്നും പുറത്തായത് എന്ന ചോദ്യത്തിന് ഉത്തരമില്ല.എന്തുകൊണ്ട് സ്വാതന്ത്ര്യത്തിന് മുമ്പു മുതലേ, ഈ രാജ്യം അതിന്റെ അതിരുകള്‍ക്കുള്ളില്‍ രൂപപ്പെടുന്നതിനുമുമ്പേ ഇവിടെ താമസമാക്കിയവര്‍ പുറത്തായി എന്ന ചോദ്യത്തിന് ഉത്തരമില്ല.
          എന്നാല്‍ ഈ കിരാതനീതികളെ ചോദ്യം ചെയ്യുന്നവര്‍ വേട്ടയാടപ്പെടുന്നു. യുപിയില്‍ , അസമില്‍ , ബീഹാറില്‍ ,മഹാരാഷ്ട്രയില്‍ , കര്‍ണാടകയില്‍. അങ്ങനെ എവിടെയെവിടെയെല്ലാം ഭരണകൂടത്തിന്റെ നൃശംസതയ്ക്കെതിരെ ചോദ്യങ്ങള്‍ ഉയരുന്നുവോ അവിടെയെല്ലാം നരനായാട്ട് നടക്കുകയാണ്.ഇതുശരിയല്ല എന്നു പറയുന്നവരെ ആക്രമിച്ച് പിന്തിരിപ്പിക്കുന്നു. ചിന്തകര്‍,  എഴുത്തുകാര്‍ , കവികള്‍ കലാകാരന്മാര്‍ , ഗായകര്‍ തുടങ്ങി ഈ പൌരസമൂഹത്തിന്റെ സ്പന്ദനങ്ങളെ മുഴുവന്‍ അവര്‍ ഞെരുക്കിപ്പിടിക്കുന്നു. വിഖ്യാത ചരിത്രകാരനായ രാമചന്ദ്രഗുഹയെ ബാംഗ്ലൂരില്‍ വെച്ച് അവര്‍ നേരിട്ടത് ഒരു ഞെട്ടലോടെയല്ലേ കണ്ടു നിന്നത് ? ചോദ്യം ചെയ്തതിന്റെ പേരില്‍ ദളിതുപക്ഷ നേതാവായ ചന്ദ്രശേഖര്‍ ആസാദിനെ തുറുങ്കിലടയ്ക്കുന്നതും നാം കണ്ടില്ലേ ? അങ്ങനെ ആരെയെല്ലാം, ആരെയെല്ലാം ?
          അതുകൊണ്ട് രാജ്യത്തിന്റെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ഒരു വ്യക്തിയുടെ ജീവിതവും അതിലേക്ക് വന്നു ചേരുന്ന മാസ്മരികതകളും അപ്രസക്തമാകുന്നു.നില്ക്കാനുള്ള ഇടങ്ങള്‍ ഒലിച്ചു പോകാതിരിക്കാനുള്ള പോരാട്ടങ്ങളെ വീര്യപ്പെടുത്തുക എന്ന ദൌത്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൊണ്ട് 2020 ന്റെ ഈ പുതുവര്‍ഷപ്പുലരിയില്‍ രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണഘടനയെ , അതിന്റെ മൂല്യങ്ങളെ വീണ്ടെടുക്കുവാനുള്ള പ്രയത്നത്തിന് സ്വയം സമര്‍പ്പിച്ചു കൊണ്ട് പ്രതിജ്ഞ ചെയ്യുക. ആ പ്രതിജ്ഞ ഇന്നത്തേക്കു വേണ്ടിയല്ല , നാളെ വരാനിരിക്കുന്ന തലമുറയ്ക്കു വേണ്ടിയാണ്. കാരണം നാളെ ഇരുട്ടിലേക്ക് ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനും നിങ്ങളുടെ മുഖത്തു നോക്കി. രാജ്യം മതഫാസിസത്തിന്റെ ഇരുള്‍ക്കുഴികളിലേക്ക് വഴുതി വീണപ്പോള്‍ എന്റെ അച്ഛാ, നിങ്ങളിവിടെ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം ചോദിക്കാനിടവരരുത്. അവര്‍‌ക്കെതിരെ പോരാടി നിങ്ങള്‍ എരിഞ്ഞടങ്ങിയിരുന്നുവെങ്കില്‍  എന്റെ അച്ഛാ എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനമാകുമായിരുന്നല്ലോ എന്ന് വിലപിക്കുവാനിടവരരുത്!


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം