#ദിനസരികള്‍ 986 ജമായത്തുകാര്‍ വായിച്ചറിയുവാന്‍..


            ജമായത്തെ ഇസ്ലാമി എന്നാണ് പേര്. 1941 ആഗസ്റ്റ് ഇരുപത്തിയാറിനാണ് സ്ഥാപിക്കപ്പെട്ടത്.മൌലാനാ അബുല്‍ ആലാ മൌദൂദിയാണ് സ്ഥാപകന്‍. അന്ന് ജമായത്തെ ഇസ്ലാമിയ ഹിന്ദ് എന്നായിരുന്നു പേര്.ലക്ഷ്യമാകട്ടെ ഹുക്കുമത്തെ ഇലാഹി അഥവാ ദൈവരാജ്യം നടപ്പില്‍ വരുത്തുക എന്നതും. പിന്നീട് , 1947 ല്‍ വിഭജനത്തിനു ശേഷം . ഹുക്കുമത്തുകാര്‍  പാകിസ്താന്‍ ജമായത്തെ ഇസ്ലാമി എന്നും ഇന്ത്യക്കാര്‍ ഇന്ത്യന്‍ ജമായത്തെ ഇസ്ലാമി എന്നും പിന്നീട് ബംഗ്ലാദേശ് ഉണ്ടായപ്പോള്‍ ബംഗ്ലാദേശ് ജമായത്തെ ഇസ്ലാമി എന്നുമൊക്കെയായി പേരുമാറ്റം വരുത്തി. പേരേ മാറിയിരുന്നുള്ളു. ആശയം ഒരു ദൈവീക ഭരണം സ്ഥാപിക്കുക എന്നതുതന്നെയായിരുന്നു. ഇത്തിരി കഴിഞ്ഞപ്പോഴേക്കും ചില അപകടങ്ങള്‍ മനസ്സിലായി.മുക്കാലേ മുണ്ടാണിയും ഹിന്ദുക്കളുള്ള ഇന്ത്യയില്‍ ഹുക്കുമത്തെ ഇലാഹി കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞു.അപ്പോപ്പിന്നെ ആശയമൊന്ന് മാറ്റിപ്പിടിച്ചാലോ എന്നായി ആലോചന. ഇഖാമത്തുദ്ദീന്‍ എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. എന്നു വെച്ചാല്‍ ദീനിന്റെ അഥവാ മതത്തിന്റെ സംസ്ഥാപനം. കേള്‍ക്കുമ്പോള്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. ഒരു വ്യത്യാസവുമില്ല.മറ്റുള്ളവര്‍ പൊട്ടന്മാരാണെന്ന് കരുതി മൌദൂദി വാക്കുകൊണ്ടു കളിച്ച ഒരു കളി.മറ്റൊന്നുമില്ല. ദീനിന്റെ വാഴ്ചയും ദൈവരാജ്യത്തിന്റെ സ്ഥാപനവും ഫലത്തില്‍ ഒന്നുതന്നെ. ഒരു മതരാഷ്ടമുണ്ടാക്കുക. അതായത് ഇന്ത്യയെ ഒരു മുസ്ലിംമതരാഷ്ട്രമാക്കി മാറ്റുക.
          അതുകൊണ്ട് അക്കാലങ്ങളില്‍ ഈ രാജ്യത്തോട് അതിന്റെ വ്യവസ്ഥകളോട് ഭരണരീതികളോട് ഒരു കാരണവശാലും ഇണങ്ങിപ്പോകരുതെന്ന് ഫത്വകള്‍ വന്നു. ഇവിടെ സര്‍ക്കാര്‍ ജോലി സ്വീകരിക്കുകയോ സര്‍ക്കാര്‍ നിയമങ്ങളെ അനുസരിക്കുകയോ ചെയ്തുപോകരുതെന്ന് ഹിക്കുമത്തുകാര്‍ കല്പന പുറപ്പെടുവിച്ചിരുന്നു.വിശ്വാസിയായ ഒരുവന് ജനാധിപത്യം ഹറാമാണെന്ന് മൌൌദൂദി അടിവരയിട്ടു പറഞ്ഞു. അവിടെ ജീവിക്കുന്നവര്‍ മുസ്ലീമല്ലെന്ന് പറയാന്‍ പോലും അദ്ദേഹം മടി കാണിച്ചില്ല.മനുഷ്യന്റെ മേല്‍ അല്ലാഹുവിന്റേതല്ലാത്ത മറ്റൊരു ആധിപത്യവുമില്ലാത്ത ഒരു പിടി മണ്ണു ലഭിക്കുകയാണെങ്കില്‍ ആ ഒരു പിടി മണ്ണിനെയായിരിക്കും മുഴുവന്‍ ഇന്ത്യയെക്കാളും ഞാന്‍ വിലമതിക്കുക എന്നാണ് അനിഷേധ്യമായ പ്രമാണം. എന്നുവെച്ചാല്‍ ഭരണഘടനാപരമായി ജനാധിപത്യം പുലരുന്ന ഈ രാജ്യത്ത് മതനിയമങ്ങള്‍ പ്രാബല്യത്തിലില്ലാത്ത ഈ രാജ്യത്ത് ജീവിച്ചു പോകുന്നതിനെക്കാള്‍ ഈ വ്യവസ്ഥക്കെതിരെ പൊരുതി മരിച്ചു വീഴുകയായിരിക്കും ഉചിതമെന്നാണ് തന്റെ അണികളോട് മൌദൂദിയുടെ ആഹ്വാനം. മൊത്തത്തില്‍ ഒരവസരം കിട്ടിയാല്‍ ഹിന്ദുരാജ്യമുണ്ടാക്കാന്‍ കാത്തിരിക്കുന്നവരുടെ കണ്ണാടി ബിംബമാണ് മൌദൂദിയുടെ ജമായത്ത് എന്നു പറഞ്ഞാല്‍ എല്ലാം വ്യക്തമാകും.
          ഉള്ളിരിലിരുപ്പാണ് പറഞ്ഞത്. പക്ഷേ സാഹചര്യം അതിന് അനുകൂലമല്ല. അങ്ങനെയൊരു ജിഹാദിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പിടിച്ചു നില്ക്കാനാകില്ല. അതുകൊണ്ട് തീരുമാനം തന്ത്രപരമായിരിക്കണം.ആശയം അതാണെങ്കിലും പ്രയോഗം സാധ്യതകളനുസരിച്ച് മാറിക്കൊണ്ടേയിരിക്കണം. അതനുസരിച്ച് മുഖമൊക്കെ ഒന്നു മിനുക്കി. പുരോഗമനോന്മുഖമായ ചില മുദ്രാവാക്യങ്ങളൊക്കെ വിളിച്ച് ഹുക്കുമത്തെ ഇലാഹിയെ ഉള്ളിലടക്കിപ്പിടിച്ച് പ്രകൃതി സ്നേഹം ദളിതു പ്രേമം ആദിവാസി മുന്നേറ്റം ഇത്യാദി മെഴുക്കുകള്‍ പുരട്ടി വെയിലത്തിറങ്ങി നിന്ന് തങ്ങളും തിളങ്ങുന്നുണ്ടെന്ന് കാണിക്കാനുള്ള ശ്രമങ്ങളായി.ഇസ്ലാമിക രാജ്യം എന്ന സ്വപ്നം തല്ക്കാലത്തേക്ക് അട്ടത്തേക്ക് മാറ്റി.
          ആറെസ്സെസ്സിനെപ്പോലെ തന്നെയാണ് കഥ. ഒരു മാറ്റവുമില്ല. ഇന്ത്യ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ കിടന്നു പൊരിഞ്ഞപ്പോള്‍ രാജ്യത്തിനു വേണ്ടിയോ ജനതയ്ക്കു വേണ്ടിയോ വാദിക്കാനൊന്നും മെനക്കെട്ടിട്ടില്ല. നേരത്തെ നാം കണ്ട ഹുക്കുമത്തെ സ്ഥാപിക്കാനായിരുന്നു ശ്രമം. ആറെസ്സെസ്സും മറ്റു പരിവാരവും ഹിന്ദു രാജ്യത്തിനു വേണ്ടി മുറവിളി കൂട്ടിയപ്പോള്‍ അനിയന്‍ മുസ്ലിംരാജ്യത്തിനു വേണ്ടി വാളെടുത്തുവെന്നു മാത്രം. ബ്രിട്ടീഷുകാരു പോയാല്‍ ഹുക്കുമത്തുകാരുവരണം. അത്രതന്നെ.പറയുമ്പോള്‍ എല്ലാം പറയണമല്ലോ ആറെസ്സെസ്സിന്റെ വീരസവര്‍ക്കറെപ്പോലെ ബ്രിട്ടീഷുകാരന് മാപ്പു ചോദിച്ച് കത്തെഴുതാനും ഷൂസ് നക്കിത്തുടച്ചു കൊടുക്കാനും ആരുമുണ്ടായില്ല എന്ന ഒരു കുറവേ ഉണ്ടായുള്ളു. ബാക്കിയെല്ലാം തനി.
          അതായത് പൊതു എന്ന അര്‍ത്ഥത്തില്‍ ഈ നാട്ടിലെ ജനതയ്ക്ക് ഗുണം വരുന്ന ഒന്നും നാളിതുവരെ ചെയ്തിട്ടില്ല. നേരത്തെ സൂചിപ്പിച്ച പോലെ ചില ഇടങ്ങളില്‍ മുഖം മിനുക്കി വന്നിരിക്കും. നാലാളു കണ്ടുവെന്ന് മനസ്സിലാക്കിയാല്‍ തിരിടച്ചു പോകും. അതല്ലാതെ സമൂഹത്തില്‍ ഒരു മാറ്റം വരണമെന്നോ ഭരണഘടനാ പരമായി പൌരന് അനുവദിച്ചു കിട്ടിയിരിക്കുന്ന മൂല്യങ്ങള്‍ ഒരു തടസ്സവും കൂടാതെ നടപ്പിലാക്കണമെന്നോ ആഗ്രഹമില്ല. അനിസ്ലാമികമായ ഒരു ഭരണത്തില്‍ കീഴിലല്ല ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ലോകത്തെ കൊണ്ടുവരികയും മറ്റുള്ളവരെ അതിനു കീഴിലാക്കുകയുമാണ് വേണ്ടതെന്ന ആശയം എന്നെങ്കിലും നടപ്പിലാക്കുവാന്‍ കഴിയണമെന്നെ ആഗ്രഹത്തോടെ മൌദൂദികള്‍ നമുക്കിടയില്‍ ജീവിച്ചു.
          ഇപ്പോഴാകട്ടെ തീവ്രഹിന്ദുത്വവാദികള്‍ ബഹുസ്വരതയെ ഇല്ലാതാക്കിക്കൊണ്ട് തങ്ങളുടെ അജണ്ടകളെ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് ഹിന്ദുത്വ ആശയങ്ങളെ നിയമപരമാക്കി മാറ്റുന്നു , ഭരണഘടനയെ അവസാനിപ്പിച്ചെടുക്കുന്നു. ആ പട്ടികയിലേക്ക് അവസാനമായി വന്നതാണ് പൌരത്വ ഭേദഗതി. അതനുസരിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ പൌരത്വം വിതരണം ചെയ്യാന്‍ തീരുമാനിക്കപ്പെടുന്നു. മുസ്ലിംങ്ങളൊഴിച്ച് ബാക്കി വരുന്ന ഏതു മതത്തില്‍ പെട്ടവനും പൌരത്വം ലഭിക്കും എന്ന അവസ്ഥ സംജാതമാകുന്നു.
          സംഭവം വലിയ അപകടത്തിലേക്ക് പോകുന്നതെന്ന് തിരിച്ചറിഞ്ഞ ഹുകുമത്തെക്കാര്‍ വേവലാതി കൊണ്ടു. അതുവരെ പൊതുസമൂഹത്തിനോടൊപ്പം ചേര്‍ന്നു പൊരുതിയ പാരമ്പര്യമില്ലാത്ത അക്കൂട്ടര്‍ പുരയുടെ പുറത്തിറങ്ങി ചില കൂട്ടായ്മകളിലൊക്കെ മുഖം കാണിച്ചു തുടങ്ങി.ഭരണഘടനയേയും ബഹുസ്വരതയേയും നഖശിഖാന്തം എതിര്‍ത്തിരുന്നവര്‍ അവയെ ശ്ലാഘിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിക്കാന്‍ തുടങ്ങി. ഈമാന്‍ സത്യസന്ധമാണെന്ന് തെളിയിക്കപ്പെടണമെങ്കില്‍ ഇസ്ലാമിക വ്യവസ്ഥക്കു വേണ്ടി പോരാടണമെന്ന് വാശി പിടിച്ചിരുന്നവര്‍ എത്ര പെട്ടെന്നാണ് ജനതയുടെ പൊതുവായ മുദ്രാവാക്യം ഏറ്റു വിളിക്കാന്‍ തുടങ്ങിയത് ? പൌരസ്വാതന്ത്ര്യത്തെക്കുറിച്ചും മൌലികാവകാശങ്ങളെക്കുറിച്ചും വാചാലരാകാന്‍ തുടങ്ങിയത് ?
            അങ്ങനെ കൂടിക്കലരട്ടെ. അതിലൊന്നും ആര്‍ക്കും ആക്ഷേപമില്ല.മതത്തിന്റെ സങ്കുചിത വലയങ്ങളില്‍ നിന്ന് പൊതുഇടങ്ങളിലേക്ക് എല്ലാവരും വന്നെത്തട്ടെ. അങ്ങനെ ഒന്നിച്ചൊന്നായി മുന്നേറുമ്പോള്‍ ഇടക്കിടയ്ക്കു ഉള്ളിലെ ഇസ്ലാമിക രാജ്യമെന്ന സ്വപ്നത്തിന്റെ ഓര്‍മ്മയില്‍  കൈയ്യിലെ ഒളിപ്പിച്ചു വെച്ച വ്യാഘ്രനഖവും രക്തപങ്കിലമായ നാവും വട്ടക്കണ്ണുമൊന്നും പുറത്തേക്കെടുക്കരുത്.അങ്ങനെ പുറത്തേക്കെടുത്താന്‍ അതു കാണുന്ന മതേതരവാദിയായ ജനാധിപത്യ വിശ്വാസി തന്റെ കൈയ്യിലിരിക്കുന്ന മതനിരപേക്ഷതയുടെ കൊടികെട്ടിയ വടികൊണ്ട് തലയ്ക്കിട്ടൊരു കൊട്ടുതരും.അന്നേരം അയ്യോ തല്ലുന്നേ എന്ന് നിലവിളിച്ചിട്ട് കാര്യമില്ല.അവര്‍ക്കറിയാം നിങ്ങളെന്താണെന്ന്. താല്ക്കാലികമായി ഒളിപ്പിച്ചു വെച്ചതാണ് നിങ്ങളുടെ ആയുധങ്ങളെന്നും അറിയാം. ഒരവസരം കിട്ടിയാല്‍ ഇന്നു നിങ്ങളുടെ കൂടെ നില്ക്കുന്നവന്റെ നെഞ്ചിലേക്കു തന്നെ അതെല്ലാം ആഴ്ത്തപ്പെടുമെന്നും അറിയാം. എന്നാലും ഒരു വിശാലമായ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് അവരിപ്പോള്‍ നിങ്ങളെ സഹിക്കുന്നുവെന്നേയുള്ളു.
          അതുകൊണ്ട് മറ്റെല്ലാ അജണ്ടകളും മാറ്റി വെച്ച് ഇവിടെ ഈ രാജ്യത്ത് മനുഷ്യനായി ജീവിച്ചു മരിക്കാനുള്ള അവസാനത്തെ പോരാട്ടത്തില്‍ ഒന്നിച്ചു മുന്നേറുമ്പോള്‍ ഒറ്റുകാരനാകരുത്. വേറിട്ടുള്ള മുദ്രാവാക്യങ്ങളൊക്കെ മാറി നിന്ന് സ്വന്തം ബാനറിനു കീഴില്‍ വിളിച്ചു കൊള്ളുക.അമ്മായി അമ്മായി എന്നു വിളിക്കുകയും അര്‍ദ്ധരാത്രി കതകിനു മുട്ടുകയും ചെയ്യുന്ന പരിപാടിയുടെ പേര് ജനാധിപത്യ സംരക്ഷണമെന്നല്ല എന്ന് ജമായത്തുകാര്‍ ഇനിയെങ്കിലും മനസ്സിലാക്കുക.   

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1