#ദിനസരികള്‍ 849 - പെഹ്ലുഖാനില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം എന്തു സ്വാതന്ത്ര്യമാണ് ?
പെഹ്ലുഖാനില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം
എന്തു സ്വാതന്ത്ര്യമാണ് ?
സ്വാതന്ത്ര്യ
ദിനമാണ്. ഇന്നലെ വരെ എനിക്കുണ്ടായിരുന്നുവെന്ന് അഭിമാനിച്ച സ്വാതന്ത്ര്യത്തിന്റെ
പേരില്‍ , തോഴരേ, നിങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യട്ടെ !
ഇന്ന് , സ്വാതന്ത്ര്യമില്ലായ്മയുടെ ഇരുള്‍ക്കെട്ടുകളില്‍
ഞാന്‍ നിസ്സഹായനായി വീണു കിടക്കുന്നു. അപ്പോഴും നിങ്ങളില്‍ ചിലര്‍ എനിക്ക്
സ്വാതന്ത്ര്യ ദിനാശംകള്‍ അയക്കുന്നു.ചോദിക്കട്ടെ , കൂട്ടരേ എന്താണ് നിങ്ങള്‍
ആശംസിക്കുന്ന സ്വാതന്ത്ര്യം ?
ഒരു പ്രദേശത്തിനു മുകളില്‍ സര്‍വ്വാധിപത്യം പേറുന്നതാണോ
നിങ്ങളുടെ സ്വാതന്ത്യം ?
അതായത് ഇന്ത്യ എന്ന് ഭൌമികമായി
അടയാളപ്പെടുത്തിയിരിക്കുന്ന ഒരു പ്രദേശത്തിനുമുകളില്‍ നിലനില്ക്കുന്ന ഭരണ
വ്യവസ്ഥയ്ക്ക് നിയന്ത്രണമുണ്ടെങ്കില്‍ സ്വാതന്ത്ര്യമായോ? എങ്കില്‍ അതുപോലും നമുക്കില്ലെന്ന് നിങ്ങള്‍ മറന്നു
പോകരുത്. പാകിസ്താന്റേയും ചൈനയുടേയും അതിര്‍ത്തികള്‍ 1947 ല്‍ നാം വരച്ചവയില്‍
നിന്നും ഇന്ന് ഏറെ മാറിയിക്കുന്നു, ഇപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു.വടക്കു
കിഴക്കന്‍ മേഖലകളില്‍ ചൈന അനുദിനം അതിര്‍ത്തികള്‍ മാറ്റി വരച്ചു കൊണ്ടിരിക്കുന്നു ;
വടക്കു പടിഞ്ഞാറാകട്ടെ പാകിസ്താനും
തങ്ങളാലാവുന്ന വിധം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ബാക്കിയുള്ള ഇടങ്ങളില്‍ കടലായതു ഭാഗ്യമെന്നു തന്നെയാണ്
ഞാന്‍ കരുതുന്നത്.
അതിര്‍ത്തികളിലെ അതിര്‍ത്തിയില്ലായ്മയെ
തല്ക്കാലം നമുക്കു വിടാം. സൈനീകമായ ശേഷി ഒരു പരിധി വരെയുള്ള കടന്നു കയറ്റങ്ങളെ
അകറ്റി നിറുത്തുമെന്ന് പ്രത്യാശിക്കുകയും ചെയ്യാം. എന്നാലും ആ അതിര്‍ത്തിക്കുള്ളിലെ
, അല്ലെങ്കില്‍ നമ്മുടെ രാജ്യമെന്ന് നാം കരുതുന്ന പ്രദേശത്തിനുള്ളിലെ ജനതയുടെ
കാര്യമോ? അവര്‍ ഒട്ടും
സ്വതന്ത്രരല്ലെങ്കില്‍ , ഓരോ നിമിഷവും ചങ്ങലകളുടെ ഓരോ കുടുക്കുകളാണ് അവരുടെ
കാലുകളിലേക്ക് വന്നു കയറുന്നതെങ്കില്‍ , നോക്കുക , നാം സ്വതന്ത്രരാണെന്ന് എങ്ങനെ
അഭിമാനിക്കാന്‍ കഴിയും ?
സ്വാതന്ത്ര്യദിനാശംസകളുണ്ടാക്കുന്ന
ആനന്ദങ്ങള്‍ക്കപ്പുറം നിങ്ങള്‍ ചുറ്റുമൊന്ന് കണ്ണോടിക്കുക. സ്വതന്ത്ര ഭാരതത്തിലെ
ഒരു ജനത എന്ന നിലയില്‍ നാം ഏറ്റവുമധികം പാരതന്ത്ര്യം അനുഭവിക്കുന്നത് ഇക്കാലത്താണ്
എന്നു നമുക്ക് മനസ്സിലാകും. കേവലം രാഷ്ട്രീയമായ കുത്സിത ചിന്തയുടെ ഫലമായിട്ടല്ല
മറിച്ച് ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്ന എല്ലാ വിധമൂല്യങ്ങളും
അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ വേദനയില്‍ നിന്നുകൊണ്ടാണ് ഞാനിതു
പറയുന്നത്.
എന്റെ സ്വാതന്ത്ര്യ സങ്കല്പമെന്ന്
പറയുന്നത് എനിക്ക് ഇഷ്ടമുള്ളത് ഉടുക്കാനും ഇഷ്ടമുള്ളത് ഉണ്ണാനും ഇഷ്ടമുള്ളത്
പറയാനും ഇഷ്ടമുള്ളത് ചെയ്യുവാനും ഇഷ്ടമുള്ളത് വിശ്വസിക്കുവാനും ഇഷ്ടമുള്ളതിനു
വേണ്ടി പ്രവര്‍ത്തിക്കുവാനുമുള്ള അവകാശമാണ്. ഒരു വ്യക്തിയുടേയും
സ്വാതന്ത്ര്യത്തിന്റെ പരിധികളിലേക്ക് ഇടിച്ചു കയറാനും തങ്ങളിലേക്ക് വന്നു
കയറുന്നവനെ അകറ്റി നിറുത്തുവാനുമുള്ള അവകാശമാണ്. ജാതിയുടേയോ മതത്തിന്റേയോ മറ്റു
സങ്കുചിതമായ താല്പര്യങ്ങളുടേയോ പേരില്‍ ആരെയെങ്കിലും ആക്രമിക്കാനോ കൂട്ടംകൂടി
തല്ലിക്കൊല്ലാനോ ചെയ്യാതിരിക്കാനുള്ള അവകാശമാണ്.നമ്മുടെ ഭരണഘടനയുടെ അന്തസത്തക്കു
നിരക്കുന്ന ആശയങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതം സ്വേച്ഛാ പ്രകാരം നയിക്കാനുള്ള
അവകാശമാണ്.
ജയ് ശ്രീറാം എന്നു
വിളിക്കാതിരിക്കാനുള്ള അവകാശമാണ്.
സര്‍വ്വോപരി , മതവെറിയന്മാരായ
തെമ്മാടികള്‍ തല്ലിക്കൊന്ന പെഹ്ലുഖാന്‍ എന്ന
കര്‍ഷകന് നീതി കിട്ടുന്നതുവരെയെങ്കിലും ഇവിടെ സ്വാതന്ത്ര്യമില്ലെന്ന് പറയാനുള്ള
അവകാശമാണ്.
Comments