#ദിനസരികൾ 846
പ്രളയം പഠിപ്പിക്കുന്നത്.
- കുളിക്കാന്‍
നാലും അഞ്ചും
ബക്കറ്റു വെള്ളം. പതപ്പിച്ചിട്ടും പതപ്പിച്ചിട്ടും പോരാ എന്നാണ് തോന്നല്‍.അതുകൊണ്ട്
വീണ്ടും വീണ്ടും സോപ്പിടുന്നു. കയ്യും കാലും കക്ഷവുമൊക്കെ തൊട്ടും മണത്തും
നോക്കുന്നു. ഉപ്പൂറ്റി ഉരച്ചുരച്ച് വെളുപ്പിക്കുന്നു. വീണ്ടും സോപ്പിടുന്നു.
വെള്ളമൊഴിക്കുന്നു. തേയ്ക്കുന്നു. വൃത്തിയായി എന്ന് ഉറപ്പിക്കുന്നു. ഇങ്ങനെ
രാവിലേയും രാത്രിയിലുമായി രണ്ടു നേരം കുളി.എന്നാലോ ? പ്രളയം
വന്നതോടെ കാര്യങ്ങള്‍ കുഴങ്ങി മറിയുന്നു. കറന്റ് എതിലേ പോയിയെന്ന് അറിയില്ല.
ടാങ്കില്‍ വെള്ളമില്ല. കോരിക്കൊണ്ടു വരണം. ബക്കറ്റിന്റെ എണ്ണം കുറയുന്നു. ഒരു
ബക്കറ്റ് അല്ലെങ്കില്‍ ഒന്നര ബക്കറ്റില്‍ കുളി കഴിയുന്നു. ഒന്നോ രണ്ടോ കപ്പു
വെള്ളം ശരീരത്തിലൊഴിക്കുന്നു. ആവശ്യത്തിന് സോപ്പിടുന്നു. ആവശ്യത്തിനു മാത്രം
പതപ്പിക്കുന്നു. കക്ഷവും കാലും ആവശ്യത്തിന് കഴുകുന്നു. ആഡംബരങ്ങളേതുമില്ലാതെ
ആവശ്യത്തിന് കുളി കഴിയുന്നു.ശരീരം വളരെ വളരെ വൃത്തിയായും വെടിപ്പായും തന്നെയാണ്
ഉള്ളതെന്ന് മനസ്സിലാക്കുന്നു. വെറുതെ എത്ര ജലമാണ് വിശദമായ കുളിയുടെ പേരില്‍ ദിവസം
ഒഴുക്കിക്കളയുന്നതെന്ന് തിരിച്ചറിയുന്നു. എങ്ങനെ കുളിക്കാം എന്ന പാഠം പൂര്‍ത്തിയാകുന്നു.
2 . പല്ലു തേയ്ക്കല്‍
ആദ്യം
ഒരു വട്ടം മുഖം കഴുകി മൂഡു വരുത്തുന്നു. പിന്നെ ബ്രഷ് നിറയെ പേസ്റ്റെടുക്കുന്നു.
ഗുളു ഗുളായെന്ന് വായിലാകെ തേച്ചു നിറയ്ക്കുന്നു. പല തവണ പല്ലുകളിലൂടെ ബ്രഷ്
കയറിയിറങ്ങുന്നു. എന്നിട്ടും വൃത്തിയായില്ല എന്ന തോന്നലില്‍ വീണ്ടും വീണ്ടും
തേച്ചു കൊണ്ടേയിരിക്കുന്നു. കൈവിരലുകൊണ്ട് നാവിലുരുമ്മി വൃത്തിയാക്കാന്‍ ശ്രമിക്കുന്നു
. കൂടാതെ നാക്കുവടി മൂന്നോ നാലോ പ്രാവശ്യം പ്രയോഗിക്കുന്നു. വായിലെ ശ്വാസം
കയ്യിലടിച്ച് മണപ്പിച്ച് നോക്കുന്നു. എല്ലാ വെടിപ്പായി എന്ന ബോധ്യത്തില്‍ പല തവണ
കഴുകി ബ്രഷ് തിരിച്ചു വെയ്ക്കുന്നു. ഏകദേശം ഒന്നൊന്നര ബക്കറ്റു വെള്ളത്തിലാണ് ഈ
പ്രക്രിയ നടക്കുന്നതെന്ന് മനസിലാക്കുക. ഇതേ മാമാങ്കമാണ് രാവിലേയും വൈകുന്നേരവും
നടക്കുന്നത്. രണ്ടു നേരത്തെ പല്ലുതേപ്പിന് കുറവുണ്ടായിട്ടില്ലെങ്കിലും
(ശീലമായതുകൊണ്ടാണ് ) പ്രളയം പലതും വെട്ടിച്ചുരുക്കിയിരിക്കുന്നു. ഇപ്പോള്‍ ബ്രഷില്‍
ആവശ്യത്തിന് മാത്രമേ പേസ്റ്റ് എടുക്കുന്നുള്ളു. വളരെ ശ്രദ്ധിച്ചും വൃത്തിയായും
പല്ലിന്റെ എല്ലാ ഇടങ്ങളിലും ബ്രഷ് എത്തിക്കുന്നു. അനാവശ്യമായി
പതപ്പിക്കാത്തതുകൊണ്ടു പുറത്തേക്ക് വെറുതെ തുപ്പിക്കളയാനില്ല. ഒരു കവിളു വെള്ളം
കൊണ്ട് കുലുക്കുഴിയുന്നു. നാക്കുവടിയെടുക്കുന്നു. വൃത്തിയാക്കുന്നു. ഒരു കപ്പു
വെള്ളം കൊണ്ട് എല്ലാം തീര്‍ത്ത് സംതൃപ്തിയോടെ വിരമിക്കുന്നു. ശുഭം
3. ഭക്ഷണം
ഇഷ്ടമുള്ളത്
കഴിക്കുക എന്നതിനപ്പുറം കിട്ടുന്നതെന്തും കഴിക്കുമെന്ന തലത്തിലേക്കുള്ള മാറ്റം
അനുഭവിക്കാത്തവര്‍ക്ക് അത്ര പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. എന്തും
കഴിക്കുന്നു. ഇഷ്ടാനിഷ്ടങ്ങളില്ല. അവയില്‍ കുറച്ച് പിന്നത്തേക്ക് മാറ്റി
വെയ്ക്കുന്നു. അയല്‍ വാസി കഴിച്ചുവോയെന്ന് അന്വേഷിക്കുന്നു.ഇല്ലെങ്കില്‍ ഒരു പങ്കു
മാറ്റി വെയ്ക്കുന്നു. അവിടുന്ന് കൊണ്ടു വന്നതിന്റെ രുചി നുണയുന്നു. ഇന്നലെ വരെ
വേണ്ടെന്ന് തള്ളി നീക്കിവെച്ചവയൊക്കെ ഇന്ന് അതിരുചികരങ്ങളായ വിഭവങ്ങളാകുന്നു.കടം
വാങ്ങുകയെന്നത് കുറച്ചിലായി കണ്ടിരുന്നവര്‍ ഒരു മുറി തേങ്ങയും ഒരു കിലോ അരിയും
പരസ്പരം കൈമാറുന്നു. ഇന്നലെ വരെ അപ്പുറത്ത് ആരെങ്കിലുമുണ്ടോയെന്നു പോലും
അന്വേഷിക്കാത്തവര്‍ അയല്‍വക്കത്തെ അടുക്കളയില്‍ ഇന്ന് എന്താണ് പുകയുന്നതെന്ന്
തിരിച്ചറിയുന്നു. ഓരോ ദിവസവും ബാക്കിവരുന്ന കഴിഞ്ഞ ദിവസത്തെ ഭക്ഷണം പ്ലാസ്റ്റിക്ക്
കൂടുകളില്‍ നിറച്ച് അപ്പുറത്തുമിപ്പുറത്തുമൊക്കെ നിക്ഷേപിക്കാറുണ്ടായിരുന്നവര്‍ ഒട്ടും
ബാക്കിവരാത്ത വിധത്തില്‍ ഭക്ഷണം
തയ്യാറാക്കുന്നു. കരുതലോടെ ഉപയോഗിക്കുന്നു.നാളെ എന്നതൊരു വിങ്ങുന്ന വേദനയായി ഓരോ
നിമിഷവും ഓര്‍മ്മപ്പെടുത്തുന്നു.അടത്തും അകലത്തുമുള്ളവരൊക്കെ എന്തെങ്കിലും
കഴിച്ചുവോ ആവോയെന്ന് വെറുതെ ചിന്തിച്ചു പോകുന്നു.
4. മൊബൈലുകളും മറ്റും
ഒരു
ദിവസംപോലും ചാര്‍ജ്ജു നില്ക്കാത്ത മൊബൈലുകള്‍ക്ക് ഇപ്പോള്‍ രണ്ടു
ദിവസമെങ്കിലും ആയുസ്സു ലഭിക്കുന്നു. ആവശ്യത്തിന് മാത്രം വിളികള്‍ . വാട്സാപ്പുകള്‍. മറ്റിടപാടുകള്‍. വൈഫൈകള്‍
ആവശ്യത്തിനു മാത്രം ഓണാക്കുന്നു. ഇന്‍റര്‍ നെറ്റ് അനുവദിക്കുന്ന മോഡം മൂന്നോ നാലു
മണിക്കൂറുകളിലൊരിക്കല്‍ മാത്രം ഓണാക്കുന്നു. എല്ലാം ആവശ്യത്തിന്. നെറ്റ്
എപ്പോഴും ഓണാക്കിയിട്ട് ബാറ്ററി വെറുതെ കത്തിച്ചു തീര്‍ക്കുന്നില്ല. അനാവശ്യമായി
ആളുകളെ വിളിച്ച് ക്ഷേമകഥകളും നാട്ടുവിശേഷങ്ങളും പറഞ്ഞ് രസിച്ചിരിക്കുന്നില്ല.
വെറുതെ ഇന്റര്‍നെറ്റിന്റെ ലോകങ്ങളിലേക്ക് ഊളിയിട്ടു പോകുന്നില്ല. കരുതലുകളുടെ
ഏറ്റവും മികച്ച ഉദാഹരണത്തിന് ഈ നാളുകളിലെ മൊബൈല്‍ ഉപയോഗങ്ങളെ മാത്രം പരിശോധിച്ചാല്‍ മതി.
5. തേയ്ക്കല്‍
ഷര്‍ട്ടും
മുണ്ടുമൊക്കെ തേച്ചലെടുക്കലാണ് മറ്റൊന്ന്. എത്ര സമയമാണ് ചുളിവില്ലാതെ
തേച്ചെടുക്കാന്‍ വിനിയോഗിക്കുന്നത് ? എത്ര നേരമാണ് ഇസ്തിരിപ്പെട്ടി
കറന്റു തിന്നുന്നത്? കറന്റില്ലാതായ കാലത്ത് രണ്ടു മൂന്നും
ദിവസമിടുന്നുണ്ട് ഓരോന്നും. വേറെ വഴികളില്ലാതെയാകുമ്പോള്‍ ഉണങ്ങിക്കിടക്കുന്ന ഷര്‍ട്ടുംമുണ്ടുമൊക്കെ
നന്നായി കുടഞ്ഞെടുക്കുന്നു. നന്നായി കുടഞ്ഞാല്‍ തന്നെ ചുളിവുകള്‍ ഏറെക്കുറെ
നീങ്ങുമെന്ന് നമുക്കെത്ര പേര്‍ക്കറിയാം ? മുഷിഞ്ഞതും ചുളിഞ്ഞതുമായ
വേഷങ്ങളില്‍ ഇപ്പോഴൊരു വൈഷമ്യവും തോന്നുന്നില്ല. ഇത്തിരിയിത്തിരി വിയര്‍പ്പിന്റെ
ഗന്ധവും അസ്വാരസ്യമൊന്നും ഉണ്ടാക്കുന്നുമില്ല.സത്യം പറഞ്ഞാല്‍ ഇത്രയൊക്കെയോ
ആവശ്യമുള്ളുവെന്നതാണ് ശരി. വിയര്‍പ്പിന്റെ ഗന്ധം അന്യന്റെ മുഖം ചുളിയിക്കാതിരിക്കുന്ന
കാലത്തോളം നമുക്ക് ഒന്നു രണ്ടു ദിവസത്തേക്ക് ഒരേ ഷര്‍ട്ടും മുണ്ടും മതിയെന്നും
അതിനപ്പുറമുള്ളതെല്ലാം അനാവശ്യമാണെന്നും പ്രളയം പഠിപ്പിക്കുന്നു.
ഇനിയങ്ങോട്ട് ഓരോന്നും അക്കമിട്ട്
നിരത്തുന്നില്ല. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളേയും പ്രളയം മാറ്റി
വരച്ചിരിക്കുന്നു. ആവശ്യത്തിന് ആവശ്യത്തിന് എന്നതൊരു മൊഴിവഴക്കമായി ചെവിക്കു
ചുറ്റും എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. മനുഷ്യന്
ആവശ്യമുള്ളതിനപ്പുറമുള്ളതെല്ലാം അനാവശ്യമായിരിക്കുന്നു. ആവശ്യങ്ങളാകട്ടെ തുലോം
ചുരുങ്ങിയിരിക്കുന്നു. ഒരു കിലോമീറ്റര്‍ പോലും ദിവസം നടക്കാന്‍ മടിക്കുന്നവര്‍ കിലോമീറ്ററുകളോളം
നടന്നു പോകുന്നു. സാധനങ്ങള്‍ വാങ്ങി പ്രയാസപ്പെട്ട് മടങ്ങി വരുന്നു. എന്നാലും
ഒരു സന്തോഷം മുഖത്തു തെളിയുന്നു. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും തങ്ങള്‍ എങ്ങനെയാണ്
ജീവിച്ചുപോകുന്നതെന്ന് അവര്‍ ജാഗ്രതയോടെ പരിശോധിച്ചുകൊണ്ടേയിരിക്കുന്നു. ആ
ജാഗ്രതയിലേക്ക് അപരേരയും കഴിയുന്നത്ര കയറ്റി നിറുത്തുവാന്‍ ഉത്സാഹിക്കുന്നു.
പ്രളയം ചില പാഠങ്ങള്‍ പഠിപ്പിക്കുന്നു.
ആവശ്യത്തിന് ഉപയോഗിക്കുക എന്നതാണ് ആ പാഠം. ഇത്രനാളും ചെയ്തു വന്നിരുന്നവയില്‍
ആവശ്യമേത് എന്ന തിരിച്ചറിവുണ്ടാകുന്നു. അഥവാ നമുക്കൊക്കെ ജീവിക്കുവാന്‍ ഇത്രയൊക്കെ
മതി, ബാക്കിയുള്ളതെല്ലാം അനാവശ്യമാണെന്നു തന്നെയാണ് ഒന്നാമത്തേയും അവസാനത്തേയും
പാഠം.
Comments