#ദിനസരികൾ 847


            ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നാണല്ലോ വിശേഷണം?  എന്നിട്ടും കേരളത്തില്‍ പ്രളയം താണ്ഡവമാടുമ്പോള്‍ ഇവിടെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളില്‍‌പ്പോയി ആകാശ നിരീക്ഷണം നടത്തി പ്രളയത്തിന്റെ പ്രഹരശേഷി വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുവാന്‍ ത്വരിക്കുന്നയാളെ ഇനിയും ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്നു വിളിക്കുവാന്‍ നമ്മള്‍ കേരളീയര്‍ക്ക് സാധിക്കുമോ? രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന പദവിയുടെ വില ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് കഴിഞ്ഞ ദിവസം അമിത് ഷായില്‍  നിന്നും ഉണ്ടായത്. മലയാളികളെ ഒന്നടങ്കം അപമാനിക്കുന്നതിനും വെല്ലുവിളിക്കുന്നതിനുമുള്ള അവസരമായിട്ടാണ് അതിരൂക്ഷമായ ഈ അപകട സമയത്തെ ബി ജെ പിയും കൂട്ടരും ഉപയോഗപ്പെടുത്തിയത് എന്ന കാര്യം വ്യക്തമാകുന്നു.
            കര്‍ണാടകയോ മഹാരാഷ്ട്രയോ സന്ദര്‍ശിക്കരുതെന്നോ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എന്തെങ്കിലും ചെയ്യരുതെന്നോ ഈ കുറിപ്പ് ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അവയുടെ കൂടെ കേരളവും ഈ രാജ്യത്തിലെ ഒരു സംസ്ഥാനമാണെന്നും ഇവിടേയും കഷ്ടപ്പെടുന്ന ഒരു ജനതയുണ്ടെന്നും ചിന്തിക്കാനുള്ള ശേഷിയില്ലാതെ പോയ അല്പത്തരത്തിനെയാണ് ഞാന്‍ ഉന്നം വെയ്ക്കുന്നത്. എന്നാലും കേരളത്തോടുള്ള വാശി കാണിക്കുവാനെങ്കിലും പ്രളയ ബാധിതരായ ആ സംസ്ഥാനത്തെ ജനതക്കെങ്കിലും കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ എന്നല്ലാതെ വേറെന്തു പറയാന്‍.
            അമിത് ഷായുടെ അനുയായികള്‍ ആവുന്നത്ര അഴിഞ്ഞാടിയിട്ടും കേരളത്തില്‍ ഒരു സീറ്റു പോലും കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍ നേടുവാന്‍ കഴിഞ്ഞിട്ടില്ലെന്നത് ബി ജെ പിയെ എത്ര ആഴത്തിലാണ് സ്പര്‍ശിച്ചിരിക്കുന്നതെന്നാണ് ഈ പെരുമാറ്റം വ്യക്തമാക്കുന്നത്. തങ്ങള്‍‌ക്കൊപ്പം നില്ക്കാത്ത ജനതയെ തരം കിട്ടുമ്പോഴെല്ലാം വേദനിപ്പിക്കുകയെന്നതാണ് അവരുടെ അജണ്ട.
            കേരളത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന സന്ദേശമാണ് അനുയായികള്‍ക്ക് കേന്ദ്രനേതാക്കന്മാര്‍ നല്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. അതുകൊണ്ടു തന്നെയാണ് സംസ്ഥാനം വലിയ നാളിതുവരെ നേരിട്ടിട്ടില്ലാത്ത അപകടങ്ങളിലൂടെ കടന്നുപോകുമ്പോഴും ജനതയോടും കേരളത്തിലെ സര്‍ക്കാറിനോടും ഐക്യപ്പെടാതെ അവര്‍‌ക്കെതിരെ ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ സംഘപരിവാരം ഉന്നയിക്കുന്നതെന്ന് വ്യക്തം. ഈ പ്രളയ കാലത്തിന്റെ തുടക്കം മുതല്‍ അക്കൂട്ടര്‍ അത്തരം ആരോപണങ്ങളിലാണ് അഭിരമിച്ചത്. അതില്‍ ഏറ്റവും ശക്തവും കൂട്ടായതുമായ ആക്രമണം നടന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് നധിയിലേക്ക് ലഭിച്ച തുക വകമാറ്റി ചില വഴിക്കുന്നുവെന്നും സ്വന്തക്കാര്‍ക്കും മറ്റും ഒരു കണക്കുമില്ലാതെ വാരിക്കോരി നല്കുന്നുവെന്നുമൊക്കെ അവര്‍ പ്രചരിപ്പിച്ചു. അതുകൊണ്ടുതന്നെ ഒട്ടും വിശ്വാസ്യതയില്ലാത്ത ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും അതിലേക്ക് ഒരു തരത്തിലുള്ള സംഭാവനകളും നല്കരുതെന്നും വാദിച്ചു.
            തങ്ങള്‍ക്കു വോട്ടു ചെയ്യാത്ത കേരളത്തിലെ ജനതയ്ക്ക് ഒരു കാരണവശാലും ഒരു സഹായവും ചെയ്യരുതെന്നായിരുന്നു മറ്റൊരു പ്രചാരണം. സേവാഭാരതി കഴിഞ്ഞ കൊല്ലം ചെയ്തുവെന്ന് അവകാശപ്പെടുന്ന സേവനങ്ങള്‍ പോലും ഇക്കൊല്ലം കേരളത്തില്‍ ചെയ്യരുതെന്ന് സംഘപരിവാരത്തിന്റെ അനുയായികള്‍ ആവര്‍ത്തിച്ചു.
            ഇങ്ങനയൊക്കെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അവരെ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ബി ജെ പിയുടെ അഖിലേന്ത്യാ നേതൃത്വമാണെന്ന് വെളിവാക്കുന്നതാണ് അമിത് ഷായുടെ നടപടി. അതായത് കേരളത്തിനെതിരെ സംഘപരിവാരം ആസുത്രീതമായി അഖിലേന്ത്യ തലത്തില്‍ തന്നെ ഗൂഡാലോചന നടത്തുന്നുവെന്ന് വ്യക്തം. കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് ആവശ്യത്തിന് സാമ്പത്തിക പിന്‍ബലമില്ലാതാക്കി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെയാക്കുകയും അതുവഴി ജനതയുടെ മനസ്സില്‍ വെറുപ്പുണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നതാണ് ബി ജെ പിയുടെ തന്ത്രം. എങ്ങനേയും കേരളത്തെ കൈപിടിയിലാക്കുക എന്ന സംഘപരിവാര തന്ത്രത്തിനെ പ്രതിരോധിക്കാന്‍ കേരളത്തിന്റെ മതേതര മനസ്സ് ഒരു പാട് വിയര്‍‌‍പ്പൊഴുക്കേണ്ടിവരുമെന്നാണ് എല്ലാം തന്നെ സൂചിപ്പിക്കുന്നത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം