#ദിനസരികള്‍ 845
ഈ
പ്രളയ കാലത്ത് രണ്ടു തരം ക്ഷുദ്ര ജീവികളെയാണ് കേരളത്തിലെ ദുരിതമനുഭവിക്കുന്ന
മനുഷ്യന്മാര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. സര്‍ക്കാറിനേയും
സര്‍ക്കാര്‍ സംവിധാനങ്ങളേയും അവിശ്വാസപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയമായ
മുതലെടുപ്പിന് വേണ്ടി തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നവരാണ് ഒന്നാമത്തെ
വിഭാഗം. രണ്ടാമത്തേത് , അര്‍ഹതപ്പെട്ടവരിലേക്ക്
കൃത്യമായും ഏറ്റക്കുറച്ചിലുകളില്ലാതെയും സാധനങ്ങളും സേവനങ്ങളും വിതരണം
ചെയ്യുന്നതിനു വേണ്ടി സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത്
ആരംഭിച്ചിരിക്കുന്ന കളക്ഷന്‍ സെന്ററുകള്‍ മുഖാന്തിരം മാത്രമേ ആളുകള്‍ക്കും
ക്യാമ്പുകളിലും മറ്റും സാധനങ്ങള്‍ വിതരണം ചെയ്യാവു എന്ന നിര്‍ദ്ദേശം വന്നതുകൊണ്ട്
സേവനത്തിന്റെയും സഹായത്തിന്റേയും പേരില്‍ പല വികാരങ്ങള്‍ ഒട്ടിച്ചു വെച്ച
സ്വന്തം മുഖത്തിന്റെ നാനാ ചിത്രങ്ങളെടുത്ത് പബ്ലിസിറ്റിയുണ്ടാക്കാന്‍ കഴിയാതെ
പോയവരാണ് . ഈ രണ്ടു കൂട്ടരും പ്രളയാനന്തര കേരളത്തെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുക
തന്നയൊണ്.
ഇതില്‍ ഒന്നാമത്തെ കൂട്ടരാണ്
കേരളത്തിന് അതിജീവിക്കാനുള്ള സാധ്യതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവയെല്ലാം തന്നെ
തല്ലിക്കൊഴിച്ചേ മതിയാകൂ എന്ന വാശിയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയെപ്പറ്റി ഒരു വസ്തുതയുമില്ലാത്ത നുണകള്‍ പ്രചരിപ്പിക്കുന്നത്.സി എം ഡി ആര്‍
എഫിനെപ്പോലെ സുതാര്യമായ ഒരു ഫണ്ടിംഗ് സംവിധാനം വേറെ നിലനില്ക്കുന്നില്ല. അതില്‍
നിന്നും വന്നു ചേരുന്നതും ചിലവഴിക്കുന്നതുമായ ഓരോ രൂപയ്ക്കും കൃത്യമായ
കണക്കുകളുണ്ട്. എന്നു മാത്രവുമല്ല മുഖ്യമന്ത്രി വിചാരിച്ചാല്‍ ആ ഫണ്ടില്‍ നിന്നും അനാവശ്യമായി അതിന്റെ ഉദ്ദേശ
ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമായും ഒരു രൂപ പോലും അനുവദിക്കുവാനും കഴിയില്ല. പത്തുരൂപ
അടച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ നാളിതുവരെ ഫണ്ട് വിനിയോഗിച്ചതിന്റെ
എല്ലാ വിധ കണക്കുകളും ആര്‍ക്കും ലഭിക്കുന്നതാണ്. കൂടാതെ ഈ അക്കൌണ്ട് സി എ ജിയുടെ
ഓഡിറ്റിംഗിന് വിധേയവുമാണ്. അത്തരമൊരു ഓഡിറ്റ് റിപ്പോര്‍ട്ട് പ്രതിപക്ഷത്തും
ഭരണപക്ഷത്തുമുള്ള ഏതു നിയമ സഭാ സമാജികനും ലഭ്യവുമാണ്. അതുകൊണ്ടുതന്നെ യാതൊരു
തരത്തിലുള്ള തിരിമറികളും ദുരിതാശ്വാസ നിധിയില്‍ നടത്തുക അസാധ്യമാണ്.
എന്‍ സി പിയുടെ നേതാവ് അന്തരിച്ച
ഉഴവൂര്‍ വിജയന്റെ ചികിത്സക്കു വേണ്ടി ഇരുപത്തഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ
നിധിയില്‍ നിന്നും നല്കിയതാണ് പലരും ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം ധമനന്ത്രി
തോമസ് ഐസക് അതിന് ഇങ്ങനെ മറുപടി പറയുന്നു :- എല്ലാവര്‍ഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റില്‍ നിന്നു പണം
നീക്കി വയ്ക്കാറുണ്ട്. ഇതില്‍ നിന്നാണ് മാറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നത്. പ്രളയ ദുരിതാശ്വാസ
നിധി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്നുറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത് പ്രത്യക
അക്കൌണ്ടുകളില്‍ സൂക്ഷിച്ചിട്ടുള്ളത്” എന്നു വെച്ചാല്‍ സര്‍ക്കാര്‍ സ്വന്തം
ബജറ്റില്‍ നിന്നും നീക്കി വെച്ചിരിക്കുന്ന ഫണ്ടില്‍ നിന്നുമാണ് ഇതര
ആവശ്യങ്ങള്‍ക്കുള്ള തുക ചിലവഴിക്കുന്നത്.
ഇത്രയും സുതാര്യമായി നടക്കുന്ന ഒരു
സംവിധാനത്തെക്കുറിച്ചാണ് സംഘപരിവാരമടക്കമുള്ള വലതു പക്ഷ സംഘടനകള്‍ വ്യാപകമായ
പ്രചാരണങ്ങള്‍ നടത്തുന്നത്. അതിനു പിന്നിലെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കാതെ ഈ സര്‍ക്കാര്‍
കഷ്ടപ്പെടണമെന്നും അതുവഴി ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാമെന്നുമാണ് അവര്‍ പ്രത്യാശിക്കുന്നത്.എന്തു
കുബുദ്ധി ഉപയോഗിച്ചാലും വേണ്ടില്ല സര്‍ക്കാരും കേരളവും നേരെ നില്ക്കുന്ന
അവസ്ഥയുണ്ടാകരുതെന്ന വാശിയിലാണ് അക്കൂട്ടരുള്ളത്. അതുകൊണ്ടാണ് അവര്‍
ദുരിതാശ്വാസ നിധിക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയും തങ്ങളുടെ മുഴുവന്‍ സംവിധാനങ്ങളുമുപയോഗിച്ചു
കൊണ്ട് കള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് നാം തിരിച്ചറിയണം.
രണ്ടാമത്തെ കൂട്ടരാകട്ടെ തങ്ങള്‍ക്ക്
ക്യാമ്പുകളിലെത്തി നേരിട്ട് സാധനങ്ങള്‍ നല്കണമെന്ന വാശിക്കാരാണ്. ദുരിത
സാഹചര്യത്തെപ്പോലും വില കുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാനുള്ള സാധ്യതയാണ്
അവര്‍ തേടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധനങ്ങള്‍ ശേഖരിച്ച്
ക്യാമ്പുകളിലെത്തിച്ച് തുല്യമായി വിതരണം ചെയ്യുന്നത് അക്കൂട്ടര്‍ക്ക്
ദഹിക്കുന്നില്ല.എന്നു മാത്രവുമല്ല മതത്തിന്റേയും ജാതിയുടേയുമൊക്കെ പേരില്‍ ആളുകളെ
വേര്‍തിരിച്ചു നിറുത്തി സാധനങ്ങള്‍ വിതരണം ചെയ്യുന്നവരും മൌനത്തിലാണ്. കാരണം
സങ്കുചിതമായ അത്തരം താല്പര്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ഇട നല്കുന്നില്ലെന്നതു
തന്നെയാണ്.
ദുരിതമനുഭവിക്കുന്ന
പാവപ്പെട്ട ജനതയുടെ കണ്ണുനീരില്‍ ചവിട്ടി നിന്നു കൊണ്ട് രണ്ടു കൂട്ടരും കൂടി
ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഈ നാടിനെയാണ്. അത്തരമാളുകളെ തോളോടു തോള്‍ ചേര്‍ന്നു
നിന്നുകൊണ്ട് ആട്ടിയകറ്റാനുള്ള ആര്‍ജ്ജവം കേരളത്തിലെ ജനത പ്രകടിപ്പിക്കുമെന്ന
പ്രത്യാശയിലാണ് മനുഷ്യത്വമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. അതെ, ഇത്തരം
ഛിദ്രശക്തികളെ തട്ടിയകറ്റി ഈ നാടിന് മുന്നോട്ടു പോയേ തീരു. കരുതേണ്ടത് പ്രകൃതി ദുരന്തങ്ങളെയല്ല , നാടിനെ
ഒറ്റിക്കൊടുക്കുന്ന ഇത്തരം വിഷജന്തുക്കളെയാണ്.
Comments