#ദിനസരികള്‍ 816

ബി. എസ്. എന്‍. എല്ലിനെ രക്ഷിക്കുക !


മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് മറ്റൊരു ഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചു നിറുത്തിയാല്‍ ഏറെക്കുറെ പൂര്‍ണമായും ബി. എസ്. എന്‍. എലിനെ തന്നെയായിരുന്നു ഞാന്‍ ആശ്രയിച്ചു പോരുന്നത്. ചില കുഴപ്പങ്ങളൊക്കെയുണ്ടാക്കി ചിലപ്പോഴൊക്കെ അവര്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും സ്ഥായിയായ വിരോധം തോന്നേണ്ട ഒന്നുംതന്നെ അക്കൂട്ടര്‍ ചെയ്തുകൂട്ടിയതായി ഓര്‍മയിലില്ല. പുതിയ കണക്ഷന്‍ അനുവദിക്കാനാണെങ്കിലും ലാന്റ് ഫോണുകളുടെ തകരാറുകള്‍ പരിഹരിക്കാനാണെങ്കിലും അധികം കാലതാമസമെടുക്കാറില്ലെന്നതാണ് എന്റെ അനുഭവം.അതുകൊണ്ടുതന്നെ ബി.എസ്.എന്‍.എല്ലിനോട് ഒരു മമത തോന്നുക സ്വാഭാവികമാണല്ലോ.
എന്നാല്‍ നരസിംഹറാവു മുതല്‍ മാറി മാറി കേന്ദ്രം ഭരിച്ച സര്‍ക്കാറുകള്‍ അവലംബിച്ചുപോന്ന സ്വാകാര്യവത്കരണ നയങ്ങളുടെ ഭാഗമായി കുത്തകകളെ സഹായിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ 2000 ത്തില്‍ ആരംഭിച്ച ബി. എസ്. എന്‍. എല്‍ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കഷ്ടകാലമാരംഭിച്ചു. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലികോമിനെ ബി. എസ്. എന്‍. എല്‍ , വി. എസ്. എന്‍. എല്‍ , എം. ടി .എം. എന്‍. എല്‍ എന്നിങ്ങനെ മൂന്നു കമ്പനികളായി വിഭജിച്ചുകൊണ്ടാണ് അന്നത്തെ ബി. ജെ. പി സര്‍ക്കാര്‍ ഈ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയത്. നവീകരണങ്ങള്‍ക്ക് അനുമതി നല്കാതെയും ജീവനക്കാരുടെ പ്രശ്നങ്ങള്‍ യഥാസമയം പരിഹരിക്കാതെയും ബി. എസ്. എന്‍. എല്ലിനെ ഞെരുക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കിടയിലും വലിയ നഷ്ടമില്ലാതെ 2016 വരെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു പോന്നു.
എന്നാല്‍ ബി.എസ്.എന്‍.എല്ലിന്റെ നടുവൊടിഞ്ഞത് 2016 ല്‍ റിലയന്‍സിന്റെ ജിയോയുടെ വരവോടുകൂടിയാണ്. കുറഞ്ഞ നിരക്ക് എന്നതായിരുന്നു റിലയന്‍സ് കൊളുത്തി വെച്ച ചൂണ്ട. സ്വാഭാവികമായും നിരവധിയാളുകള്‍ അതില്‍ കൊത്തി. മേഖല കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ ഭീമമായ തുക മാറ്റി വെച്ച് അവര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുടെ നില പരുങ്ങലിലായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവരുടെ താല്പര്യപ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈയ്യും മെയ്യും മറന്ന് ഈ കുത്തക മുതലാളിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ 2014 -15 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലായിരുന്ന ബി എസ് എന്‍ എല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി.ഈ വിഷയത്തെ മുന്‍നിറുത്തി എളമരം കരിം എഴുതുന്നു :-
2014 ‐15 സാമ്പത്തികവർഷംമുതൽ തുടർച്ചയായി പ്രവർത്തനലാഭം നേടി. 2015ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബി.എസ്.എന്‍.എല്ലിനെ അഭിനന്ദിച്ചു.റിലയൻസ് ജിയോ രംഗത്ത് വന്നതിനുശേഷമാണ് ബി.എസ്.എന്‍.എൽ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. റിലയൻസ് ജിയോ, ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാൻ തുടങ്ങിയതാണ് മറ്റുള്ള ടെലികോം കമ്പനികളെ പ്രശ്നത്തിലാക്കിയത്. റിലയൻസിന്റെ ഭീമമായ സാമ്പത്തികശക്തി ഉപയോഗിച്ച് മറ്റുള്ള കമ്പനികളെ ഈ രംഗത്തുനിന്ന് നിഷ്കാസനം ചെയ്യിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം. കേന്ദ്രസർക്കാരും ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്)യും റിലയൻസിന് പിന്തുണ നൽകി. ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നൽകിയിരുന്നത് ഓർക്കുമല്ലോ. ഒരു കോർപറേറ്റ് കമ്പനിയുടെ താൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഒരു മറയുമില്ലാതെയാണ് രംഗത്തുവന്നത്. ഇതിന്റെയെല്ലാം ഫലമായി ബി.എസ്.എന്‍.എൽ ഉൾപ്പെടെ എല്ലാ ടെലികോം കമ്പനികളുടെയും വരുമാനം ഗണ്യമായി ഇടിഞ്ഞു. എല്ലാവരും നഷ്ടത്തിലായി.”
ഇപ്പോഴാകട്ടെ എന്തൊക്കെ വെല്ലുവിളിയുണ്ടായിട്ടും നഷ്ടത്തിലേക്ക് പോയിട്ടില്ലാത്ത കേരള സര്‍ക്കിളും നഷ്ടത്തിലായിരിക്കുന്നു.അതൊടൊപ്പം ഏകദേശം അരലക്ഷത്തോളം ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. ഇങ്ങനെ പിരിച്ചു വിട്ടാല്‍ ഏകദേശം പതിനയ്യായിരത്തോളം കോടി രൂപ ലാഭത്തിലാക്കാം എന്നാണ് കണക്കാക്കുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് മാസങ്ങളോളമായിരിക്കുന്നു.എന്നു മാത്രവുമല്ല , തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു പങ്കും ബി.എസ്.എന്‍.എല്ലിന്റെ ഉന്നമനത്തിനു വേണ്ടി നീക്കിവെച്ച കരാര്‍ തൊഴിലാളികളെ യാതൊരു ആനുകൂല്യവും അനുവദിക്കാതെ അമ്പത്താറു വയസ്സില്‍ പിരിച്ചു വിടാന്‍ പോകുന്നു.ജീവനക്കാരുടെ യാത്രാ ആനുകൂല്യങ്ങളും ചികിത്സാ സഹായങ്ങളും നിറുത്തലാക്കി. റെയില്‍ വേയിലെ സേവനങ്ങള്‍ക്ക് ജിയോയെ ചുമതലപ്പെടുത്തി.
എല്ലാ തലത്തിലും ബി.എസ്.എന്‍.എല്ലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.യൂണിയനുകളെ ഇല്ലാതാക്കിയും പ്രതിരോധങ്ങളുടെ വായ്മൂടിക്കെട്ടിയും സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ ഏറെക്കുറെ ഫലപ്രാപ്തിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.ഇനി രക്ഷപ്പെടണമെങ്കില്‍ ഈ സ്ഥാപനത്തെ ആശ്രയിച്ചു ജീവിക്കുന്നവര്‍ മാത്രം പ്രതികരിച്ചാല്‍ പോര, മറിച്ച് പൊതുജനമൊന്നാകെ പ്രതിഷേധവുമായി രംഗത്തിറങ്ങണം.അല്ലെങ്കില്‍ കുത്തകമുതലാളിമാരുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളിക്കൊടുക്കേണ്ടിവരുന്ന കുട്ടിരാമന്മാരായി പൊതുജനം മാറുന്ന കാലം അതിവിദൂരമല്ല.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം