#ദിനസരികള്‍ 815
“പൂണൂലിട്ട ഡെമോക്രസി” – എം ഗോവിന്ദന്റെ തിരിച്ചറിവുകള്‍
1949 ലാണ് “പൂണൂലിട്ട ഡെമോക്രസി” എന്ന ലേഖനം എം ഗോവിന്ദന്‍ എഴുതുന്നത്. സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഘോഷിക്കപ്പെട്ടിട്ട് കേവലം രണ്ടു കൊല്ലം മാത്രമേ ആയിട്ടുള്ളു എന്നതുകൊണ്ടാണ് കാലത്തിന് അത്രമാത്രം പ്രാധാന്യം ലഭിക്കുന്നത്.ഇന്ത്യാമഹരാജ്യത്തിന്റെ ഒരു മൂലയിലിരുന്ന് ഗോവിന്ദനെപ്പോലെയൊരാള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ തുറന്നെഴുതാന്‍ പറ്റിയ ഒരു സാഹചര്യം അന്നേ ഉരുത്തിരിഞ്ഞു വന്നിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്താതെ വയ്യ.
അദ്ദേഹം എഴുതുന്നു “ ആര്‍ക്കുവേണ്ടിയാണോ , ആര്‍ക്ക് അവകാശപ്പെട്ടതാണോ അത് ആ മനുഷ്യരുടെ അളവെടുക്കാതെ തുന്നിയ ഒരു കുപ്പായമാണ് ഈ ഡെമോക്രസി.തന്നിമിത്തം സിദ്ധാന്തത്തിലും പ്രയോഗത്തിലും ജനാധിപത്യാഭാസമായിത്തീരുകയും ചെയ്തു.സാക്ഷാല്‍ അവകാശികള്‍ക്ക് കിട്ടിയില്ല, അര്‍ഹതയില്ലാത്തവര്‍ അണിഞ്ഞു ഞെളിയാനും സാധിച്ചു.കുപ്പായത്തിന് മനുഷ്യനെക്കാള്‍ പ്രാധാന്യം നല്കിയാല്‍ അങ്ങനെയല്ലാതെ വരാനിടയില്ലല്ലോ.രാജാധിപത്യത്തിന്റെ കഞ്ചുകം അഴിച്ചു വെച്ച് ഈ പുതിയ കഞ്ചുകം ധരിച്ച ജനാധിപത്യം നമുക്ക് സുപരിചിതമാണുതാനും.രാജാവിന് ഒരലങ്കാരം മറ്റൊന്നിനു വേണ്ടി മാറേണ്ടി വന്നു. അത്രമാത്രം.”
ഉള്‍ക്കാമ്പിലൊരു മാറ്റവുമുണ്ടാകാത്ത പുറംപൂച്ചു മാത്രമായിരുന്നു നമ്മുടെ ജനാധിപത്യമെന്ന കലഹിക്കല്‍ അര്‍ത്ഥവത്താണെന്ന് ഇന്ന് നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.വേഷഭൂഷാദികളെ മാറ്റി അരങ്ങുവാഴാന്‍ രാജാപ്പാര്‍ട്ടുകാര്‍ക്കുതന്നെ അവസരങ്ങള്‍ ലഭിച്ചു. കോടാനുകോടി വരുന്ന പ്രജകള്‍ കേവലം പ്രജകളായി മാത്രം തുടര്‍ന്നു , തുടരുന്നു. “ തിയോക്രസിയില്‍ തുടിച്ചു നില്ക്കുകയും തടിച്ചു വീര്‍ക്കുകയും ചെയ്ത പൌരോഹിത്യത്തേയും സ്ഥാപിത താല്പര്യങ്ങളേയും ഡെമോക്രസി നശിപ്പിച്ചു കളഞ്ഞു.ശരിയാണ്.പക്ഷേ എങ്ങനെയാണ് ഇത്രയും പറഞ്ഞു തീര്‍ത്തത് എന്നാണ് ചോദ്യം.പുതിയ പൌരോഗിത്യത്തേയും നിക്ഷിപ്തതാല്പര്യങ്ങളേയും വളര്‍ത്താതെ ആധുനിക ഡെമോക്രസിക്കും വാഴ്ച നടത്തുവാന്‍ കഴിയുന്നില്ല.അന്നു ചത്ത പൌരോഹിത്യത്തിന്റേയും മതസ്വാധീനതകളുടേയും പ്രേതങ്ങള്‍ പ്രതികാരദേവതകളായി പരിണമിച്ചിരിക്കുകയാണ്.തിയോവില്‍ നിന്നും കേന്ദ്രം തെറ്റുകയും ഡെമോയില്‍ ഘടിപ്പിക്കപ്പെടുകയും ചെയ്യാതെ താന്‍ പാതി ദൈവം പാതി എന്ന മെഴുകുപാകത്തില്‍ ഒട്ടിയും വിളിച്ചും വിളയുന്ന ഒരു ക്രസിയാണ് നാഷണല്‍ ഡെമോക്രസി” എന്ന് ഗോവിന്ദന്‍ എഴുതുമ്പോള്‍ ആരൊക്കൊയാണ് പ്രതിക്കൂട്ടിലേക്ക് ചെന്നു കയറേണ്ടി വരുന്നത്? മതസ്വാധീനങ്ങള്‍ക്ക് വഴങ്ങുകയും ജനാധിപത്യത്തിന്റെ മൂല്യവ്യവസ്ഥകളില്‍ വിള്ളലുകളുണ്ടാക്കി ആ വിടവുകളിലേക്ക് മതങ്ങളുടെ പക്ഷപാതിത്വങ്ങളെ കുത്തിക്കയറ്റുവാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് നാളിതുവരെ നമ്മെ ഭരിച്ച രാജാക്കന്മാര്‍ യഥാര്‍ത്ഥത്തില്‍ നമ്മെ ആനയിച്ച അതേ രാഷ്ട്രസങ്കല്പത്തിലാണ് നാം ഇന്നെത്തി നില്ക്കുന്നത്.ജനാധിപത്യത്തിലേക്കാണ് നാം കുതിക്കുന്നതെന്ന ധാരണയില്‍ മതാധിപത്യത്തിന്റെ പടുകുഴിയിലേക്കാണ് പോയിവീണത്.വീണുകഴിഞ്ഞതിനു ശേഷമാണ് ആ കുഴിയുടെ ആഴത്തെക്കുറിച്ചും പരപ്പിനെക്കുറിച്ചും നാം ബോധവാന്മാരാകുന്നത്.അപ്പോഴേക്കും തിരിച്ചു കയറാനുള്ള പടവുകളില്‍ മുക്കാലേ മുണ്ടാണിയും മുടിഞ്ഞു പോയിരുന്നു.
ഈ ആപത്ഘട്ടത്തെ മുക്കാല്‍ നൂറ്റാണ്ടിനു മുമ്പേ കണ്ടറിഞ്ഞ ഗോവിന്ദനപ്പോലെയുള്ളവരെ നാം യാന്ത്രികമായ പ്രതികരണങ്ങളില്‍ അവഗണിച്ചു വിട്ടു.എന്നാല്‍ കാലത്തെ കടന്നു കണ്ട ആ കണ്ണുകള്‍ വളരെ വ്യക്തമായിത്തന്നെ പ്രവചിച്ചു “ തിയോക്രസിയുടെ പരിവേഷം മതമാണ്, നമ്മുടെ ഡെമോക്രസിയുടേയും തഥൈവ.രാജാവിനു പകരം രാജപ്രമുഖനുണ്ടായതുപോലെതന്നെ ഒരു പുതിയ മതവും പൌരോഹിത്യവും പഴയതിന്റെ സ്ഥാനത്തു വാഴിക്കപ്പെട്ടു.നേഷന്‍ എന്ന ഏകദൈവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നവീനമതം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഇതരമതങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുരോഗമനപരമാണിതെന്ന് അതിന്റെ പ്രണേതാക്കള്‍ അവകാശപ്പെടുന്നു.”
ദര്‍ശന ദീപ്തിയുടെ സങ്കീര്‍ണമായ ഉള്‍പ്പെരുക്കങ്ങളെ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുവാന്‍ നാം മടികാണിച്ചു. കാരണം നമുക്ക് ഭരിക്കാനായിരുന്നുവല്ലോ ധൃതി? അതിനാവശ്യമായ സാഹചര്യങ്ങളൊരുക്കാന്‍ വേണ്ടി ഏതുകൂട്ടിലും കിടക്ക വിരിക്കുന്ന സ്വഭാവങ്ങളെ നാം സ്ഥാപിച്ചെടുത്തു. അതിന്റെ ഫലമാണ് ഇന്നനുഭവിക്കുന്ന കെടുതികളെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു.ഗോവിന്ദനാകട്ടെ അന്നേ അത് തിരിച്ചറിഞ്ഞുവെന്ന് മാത്രം !
Comments