#ദിനസരികള്‍ 811


            കെ എ ഷാജി എഴുതിയ വനിതകളുടെ ജയില്‍ ചാട്ടം ആഘോഷിക്കുന്നവരോട്; ജയില്‍ എന്നാല്‍ ചപ്പാത്തിയോ ചിക്കന്‍ കറിയോ അല്ലഎന്ന കുറിപ്പ് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു വിഷയത്തെയാണ് അവതരിപ്പിക്കുന്നത്.കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടു വനിതകള്‍ ജയിലുചാടി എന്നു കേട്ടപ്പോള്‍ അമ്പമ്പടാ പെണ്ണുങ്ങളേ എന്ന് ആശ്ചര്യപ്പെട്ടവരാണ് നാം. അവര്‍ പിടിയിലായി എന്ന് കേട്ടപ്പോള്‍ നിയമവ്യവസ്ഥ രണ്ടു വനിതകളുടെ മുന്നില്‍ മുട്ടുമടക്കാതെ വിജയിച്ചു നിന്നല്ലോ എന്ന് ആശ്വാസംകൊണ്ടു.അതിനുമപ്പുറം ആ വനിതകളെക്കുറിച്ചോ അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ നാം തെല്ലും അലോസരപ്പെട്ടില്ല.എന്തുകൊണ്ടാണ് അവര്‍ ജയിലിലെത്തിയത് , എന്താണ് അവര്‍ ചെയ്ത കുറ്റം എന്നതൊന്നും നമ്മുടെ വേവലാതികളായിരുന്നില്ല.എന്നാല്‍ കെ എ ഷാജി ആ വേവലാതികളെയാണ് വലിയ മതില്‍ എടുത്തു ചാടിയ സ്ത്രീകളെ കുറിച്ചുള്ള അതിശയ കഥകളിലും ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച അതിശയോക്തി കഥകളിലും പോലീസുകാരുടെ വീരേതിഹാസങ്ങളിലും അഭിരമിച്ച മാധ്യമങ്ങള്‍ ചോദിക്കാന്‍ മറന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കുറ്റത്തിനാണ് ഈ രണ്ടു സ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്? എന്ത് കാരണം കൊണ്ടാകാം അവര്‍ ജയില്‍ ചാടിയത്?” എന്നു ചോദിച്ചു കൊണ്ട് നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
          കെ എ ഷാജി ഈ കുറിപ്പ് എഴുതുമ്പോഴും ഈ കുറിപ്പിനെക്കുറിച്ച് ഞാന്‍ എഴുതുമ്പോഴും എത്ര ചെറുതാണെങ്കിലും മോഷണത്തെയോ ഏതെങ്കിലും തരത്തിലുള്ള  നിയമലംഘനങ്ങളേയോ ന്യായികരിക്കുകയാണെന്ന് ചിന്തിച്ചു പോകരുത്. അതൊരു കുറ്റം തന്നെയാണ്.പക്ഷേ ആ കുറ്റം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച സാമൂഹ്യ സാഹചര്യങ്ങളും ജീവിത നിലവാരങ്ങളും പരിഗണിക്കപ്പെടേണ്ടതാണെന്നും ഇടപെടേണ്ട ഏജന്‍സികള്‍ നോക്കുകുത്തികളായിപ്പോയതിന്റെ കെടുതികളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതാണെന്നും മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളു.ഉദാഹരണത്തിന് കഴുത്തിന് പാകമായ കുടുക്കു തേടി നടന്ന കിങ്കരന്‍മാര്‍ തികച്ചും നിരപരാധിയായ ഗോവര്‍ധനനെ കണ്ടെത്തുന്ന ഒരു സന്ദര്‍മുണ്ടല്ലോ ആനന്ദിന്റെ ഗോവര്‍ദ്ധന്റെ യാത്രകളില്‍. അവരുടെ തടങ്കലില്‍ നിന്നും അയാള്‍ രക്ഷപ്പെടുന്നതോടെ നിയമത്തിന്റെ സങ്കീര്‍ണമായ കരങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അയാള്‍ നിരപരധിയാണെന്നതൊന്നും പിന്നീട് പരിഗണിക്കപ്പെടുന്നേയില്ല.നിയമത്തിന്റെ കണ്ണു വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചവന്‍ എന്ന കുറ്റം ചെയ്തവനും അതുകൊണ്ടു തന്നെ ശിക്ഷിക്കപ്പെടേണ്ടവനുമായി മാറുന്നു.
          സമാനമായ അന്ധതയാണ് ഈ വനിതകളുടെ കാര്യത്തില്‍ നമ്മളും പ്രകടിപ്പിച്ചതെന്നതാണ് ദയനീയമായ വസ്തുത.ഒരു വ്യത്യാസമുള്ളത് ഇവര്‍ ഗോവര്‍ധനനെപ്പോലെ തികച്ചും നിരപരാധികളായിരുന്നില്ല. മൂന്നുമാസമോ അതില്‍ കുറവോ ആയ തടവു ശിക്ഷ വിധിക്കാന്‍ നമ്മുടെ നിയമ വ്യവസ്ഥക്ക് സാധിക്കുമായിരുന്ന മോഷണം എന്ന കുറ്റം ചെയ്തവരാണ്.ഷാജി എഴുതുന്നു ജോലിക്ക് നിന്ന വീട്ടില്‍ നിന്നും രണ്ടു ഗ്രാമിന്‍റെ മോതിരം മോഷ്ടിച്ചതിന് പിടിയിലായതാണ് ജയില്‍ ചാടിയ ഒരു സ്ത്രീ. അടുത്തയാള്‍ ചെയ്ത കുറ്റം നാല് ഗ്രാം മുക്കുപണ്ടം പണയം വച്ചത്. രണ്ടു പേരും കൊടിയ ദാരിദ്ര്യം നേരിടുനന്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍. കൃത്യമായ വരുമാനസ്രോതസ്സുകള്‍ ഉള്ള ജീവിത പങ്കാളികള്‍ അല്ല ഇരുവര്‍ക്കും ഉള്ളത്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുമുണ്ട്. രാജ്യത്തെ നിയമം അനുസരിച്ച് പരമാവധി മൂന്നു മാസം തടവോ പിഴയോ എന്നതില്‍ തീരാവുന്ന ശിക്ഷയില്‍ അവസാനിക്കുന്ന കുറ്റം ചെയ്തവര്‍. റിമാന്‍ഡ്  തടവുകാരായി ജാമ്യത്തില്‍ ഇറക്കപ്പെടാതെ അവര്‍ അതിലുമധികം ദിനങ്ങള്‍ ജയിലില്‍ ചെലവഴിച്ചിരിക്കുന്നു.
            കുറ്റം ചെയ്തതിന് ലഭിച്ചേക്കാവുന്ന ശിക്ഷാകാലാവധിയധികം കാലം റിമാന്റ് തടവുകാരായി ജയിലില്‍ കിടക്കേണ്ടി വന്നവര്‍ എന്ന കാര്യം പ്രത്യേകമായി ശ്രദ്ധിക്കുക. ആ കാലാവധിക്കു ശേഷം അവര്‍ അനുഭവിക്കുന്ന തടവിന് ഈ നിയമവ്യവസ്ഥയും സര്‍ക്കാറും മറുപടി പറയാന്‍ ബാധ്യസ്ഥരാകുന്നു.ജാമ്യമെടുക്കാത്തതുകൊണ്ടാണ് എന്ന അഴകൊഴമ്പന്‍ മറുപടിക്കു പകരം ഇനിയെങ്കിലും ഇത്തരം തെമ്മാടിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലാണ് സ്വീകരിക്കേണ്ടത്.
          സമാനമായ സംഭവങ്ങളെ പ്രത്യേകിച്ചും ആദിവാസികളുടെയൊക്കെ കാര്യത്തില്‍ ഇങ്ങനെയുണ്ടാകുന്ന വലിയ  വീഴ്ചകളെ ചൂണ്ടിക്കാട്ടി ഇതിനുമുമ്പും പലതവണ ഞാന്‍ എഴുതിയിട്ടുണ്ട്.  പുകവലിച്ചതിന് ഫൈന്‍ അടയ്ക്കാന്‍  കഴിയാതെ റിമാന്റിലായ ഒരാദിവാസിക്ക് പിന്നീട് ജാമ്യമെടുക്കാന്‍ കഴിയാതെ ജയിലില്‍ തന്നെ തുടരേണ്ടി വന്നതടക്കമുള്ള എന്റെ നേരനുഭവങ്ങളാണ് അവ.അത്തരത്തില്‍ നിരവധിയായ കേസുകളില്‍ പെട്ട് ജയിലില്‍ കഴിഞ്ഞു പോകുന്ന ജീവിതങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇനിയെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
          കൂടാതെ ഇന്ത്യയിലെ കോടതികളില്‍ കേസുകള്‍  നേരിടുന്ന കാലതാമസത്തെക്കുറിച്ച് ആശങ്കപ്പെടാത്തവരുണ്ടാകില്ല. അനന്തമായി നീളുന്ന കേസുകള്‍ പല തലമുറകളേയും കടന്നു പോയിട്ടും അവസാനിക്കാത്ത നിയമത്തിന്റെ നൂലാമാലകള്‍! കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ ആള്‍ബലം ഇല്ലാത്തതിനെച്ചൊല്ലി പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ സുപ്രിംകോടതി ചീഫ് ജസ്റ്റീസിനേയും നാം കണ്ടിട്ടുണ്ട്. എന്നിട്ടും പെറ്റിക്കേസുകളില്‍ ഉചിതമായ ഒരു തീരുമാനമെടുക്കാനും കോടതിയ്ക്കു പുറത്തു വെച്ച് ഫലവത്തായി അവസാനിപ്പിച്ചെടുക്കാനും നാം വേണ്ടത്ര പരിശ്രമിക്കുന്നില്ലെന്നത് നിരാശാ ജനകമാണ്. പെറ്റി മോഷണ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍ക്ക് കുറ്റാരോപിതര്‍ക്ക് നിയമ സഹായം ഉറപ്പാക്കാന്‍ ബാധ്യതയുണ്ട്. പെറ്റി കേസുകള്‍ കോടതികള്‍ക്ക് പുറത്തു തീര്‍പ്പാക്കുന്ന സംവിധാനം ഉണ്ടാക്കണം എന്ന് നിരവധി നിയമ പരിഷ്കാര കമ്മീഷനുകള്‍ പറഞ്ഞിട്ടും ഉണ്ട്. ഈട് നല്‍കാതെ തന്നെ, ശിക്ഷാ കാലാവധിയില്‍ അധികം വിചാരണ തടവുകാരായി കഴിഞ്ഞവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ചും സുപ്രീം കോടതി പലവട്ടം പറഞ്ഞിട്ടുണ്ട്.എന്ന് ഷാജി എഴുതുന്നു.
         


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം