#ദിനസരികള്‍ 812



പൊയ്കയില്‍ അപ്പച്ചന്‍ - തീകൊണ്ട് ചരിത്രം രചിച്ച നാളുകള്‍

          പൊയ്കയില്‍ അപ്പച്ചനെപ്പോലെ അത്രയധികം മാനസിക സംഘര്‍ഷം അനുഭവിച്ച മറ്റൊരു നവോത്ഥാന നായകനും കേരള ചരിത്രത്തിലില്ല എന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും രചനകളിലൂടേയും കടന്നുപോയപ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട്.കെട്ടു നാറിയ ജാതി വ്യവസ്ഥയില്‍ നിന്നും രക്ഷ തേടി ഓരോരോ ഇടങ്ങളെ അഭയം പ്രാപിക്കുകയും അവിടെ നിന്നൊക്കെ നിരാശനായി മടങ്ങേണ്ടി വരികയും ചെയ്ത അദ്ദേഹത്തിന് ജീവിതം, മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരാശയത്തെത്തേടിയുള്ള പലായനമായിരുന്നു. ചരിത്രത്തില്‍ ഇടമില്ലാത്ത ഒരു ജനതയുടെ കൂട്ടത്തില്‍ വന്നു ജനിച്ച പൊയ്കയില്‍ അപ്പച്ചന്‍ തന്റെ വേദന ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്
          കാണുന്നിവല്ലൊരക്ഷരവും
          എന്റെ വംശത്തെപ്പറ്റി
          കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍
          ഓര്‍ത്തീടുമ്പോള്‍  ഖേദമുള്ളില്‍
          ആരംഭിക്കുന്നേ അവ 
          ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍
          ചിലതെല്ലാം
          ഉര്‍വ്വിയില്‍ പിറന്ന നരജാതികളിലും
          കുല ഹീനരെന്നു ചൊല്ലുന്ന എന്റെ വംശത്തെപ്പറ്റി
          എന്റെ വംശത്തിന്‍ കഥ എഴുതി വെച്ചീടാന്‍ പണ്ടീ
          ഉര്‍വ്വിയിലാരുമില്ലാതെ പോയല്ലോ എന്ന വിലാപം അദ്ദേഹം അനുഭവിച്ച വേദനയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
          ജാതിയുടേയോ അത്തരത്തിലുള്ള മറ്റേതെങ്കിലും കെടുതികളുടേയോ ക്ലേശപ്പെടുത്തലുകളില്ലാതെ ജീവിച്ചു പോകാന്‍ സഹായിക്കും എന്ന പ്രത്യാശയോടെയാണ് അദ്ദേഹം താന്‍ ജനിച്ച സമുദായത്തെ വെടിഞ്ഞ് ക്രിസ്തുവിന്റെ പാതകളെ പിന്തുടരാന്‍ തീരുമാനിച്ചത്. ക്രിസ്തുവിന്റെ വഴിയില്‍ ജാതി ചിന്തകളില്ലന്നും മനുഷ്യനെ മനുഷ്യനായി മാത്രമാണ് കാണുന്നതെന്നുമുള്ള പ്രചാരണങ്ങളിലാണ് അപ്പച്ചന്റെ മനസ്സ് ഉടക്കിയത്. എന്നാല്‍ അവിടേയും അദ്ദേഹത്തെ കാത്തിരുന്നത് അതേ ജാതിബോധത്തിന്റെ നീരാളിപ്പിടുത്തമായിരുന്നു.
          മാര്‍‌ത്തോമ സഭയില്‍ പെട്ട ശങ്കരമംഗലം എന്ന തറവാട്ടിലായിരുന്നു അധസ്ഥിതനായി ജനിച്ച അപ്പച്ചന്‍ അടിമ വേല ചെയ്തിരുന്നത്. അവരുടെ സ്വാധീനത്തില്‍ ചെറുപ്പം മുതലേ ബൈബിള്‍ കേട്ടു പഠിച്ച കുമാരനെ ( അതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലത്തെ പേര് ) സ്വീകരിക്കാനും വിദ്യാഭ്യാസം നല്കുവാനും സി എം എസ് മിഷണറിമാര്‍ക്ക് പ്രയാസമേതും തോന്നിയില്ല.ബൈബിളില്‍ രക്ഷയെ കണ്ടെത്താനും സുവിശേഷ പ്രവര്‍ത്തനം ജീവിത ലക്ഷ്യമാക്കിയെടുക്കാനുമുള്ള തീരുമാനം അങ്ങനെയാണ് കുമാരന്‍ കൈക്കൊള്ളുന്നത്.സുവിശേഷ വേല സ്വീകരിച്ചതോടെ അദ്ദേഹം സ്വന്തം പേര് യോഹന്നാന്‍ എന്നാക്കി മാറ്റി.
          വാഗ്വൈഭവം കൊണ്ട് പേരെടുത്ത യോഹന്നാനെ പല പ്രസംഗങ്ങള്‍ക്കും ആളുകള്‍ വിളിച്ചു കൊണ്ടുപോയി.അദ്ദേഹം പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു.എന്നാല്‍ അടിമ എന്ന വിശേഷണത്തില്‍ നിന്നും അദ്ദേഹം ഒരിക്കലും മോചിപ്പിക്കപ്പെട്ടില്ല. സഭയിലെ ഉന്നതരൊക്കെ മേശപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ യോഹന്നാന് താഴെ വെറും നിലത്ത് ഭക്ഷണം വിളമ്പി. ദളിതു വിഭാഗത്തില്‍ നിന്നും വന്നവരെ രണ്ടാംകിടക്കാരായി കാണുന്ന രീതി ബൈബിളിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ലായിരുന്നു.
          ഹിന്ദുമതത്തിന്റെ പുറവഴിയേ നമ്മള്‍      
          ബന്ധമില്ലാതെ വലഞ്ഞലഞ്ഞു
          ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍
          അനാഥരെന്ന പോല്‍ സഞ്ചരിച്ചു - എന്ന് അദ്ദേഹം ഈ വേദനയെ പ്രകടിപ്പിക്കുന്നുണ്ട്.
          ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചാല്‍പ്പിന്നെ നാളിതുവരെ അനുഭവിച്ചുപോന്ന സാമൂഹിക അസമത്വങ്ങളെല്ലാം തന്നെ അവസാനിക്കുമെന്ന് വാഗ്ദാനം നല്കിയവര്‍ തന്നെ അതിനു വിരുദ്ധമായി പെരുമാറുന്നത് അദ്ദേഹത്തിന് അസഹനീയമായിത്തോന്നി.ഇക്കൂട്ടര്‍ ബൈബിളിനെക്കൂടി കളിയാക്കുകയാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ എതിര്‍പ്പ് പരസ്യമായി പറയാനും അദ്ദേഹം തയ്യാറായതോടെ മാര്‍‌ത്തോമസഭയിലെ സവര്‍ണമാടമ്പികള്‍ അദ്ദേഹത്തിനെതിരെ വാളെടുത്തു.എന്നാല്‍ ബൈബിള്‍ നല്കിയ യുക്തിബോധത്തിന്റെ വെളിച്ചത്തില്‍ അത്തരത്തിലുള്ള തെമ്മാടികളെ അദ്ദേഹം സമര്‍ത്ഥമായി നേരിട്ടു. നോക്കുക
          വേദം നീ വായിച്ചിട്ടുണ്ടോ
          അതില്‍ ജാതിയെത്രയെന്ന് കണ്ടിട്ടുണ്ടോ?
          എന്‍ മാന്യ സ്നേഹിതാ
          പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍
          തള്ളയെന്നും പെങ്ങളെന്നും
          മുരചെയ്യും എന്‍ മാന്യ സ്നേഹിതാ
          പള്ളി പിരിഞ്ഞു വെളിയില്‍
          പറക്കള്ളിയെന്നും പുലക്കള്ളിയെന്നും
          ഉരചെയ്യും എന്‍  മാന്യ സ്നേഹിതാ എന്ന ചോദ്യം സവര്‍ണരെ ചൊടിപ്പിക്കാതിരിക്കുകയില്ലല്ലോ ! അവര്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെ തുറന്നെതിര്‍ത്ത യോഹന്നാനെ ഇനിയും സഹിച്ചു കൂടെക്കൊണ്ടു നടക്കുകയെന്നത് അവര്‍ക്ക് സങ്കല്പ്പിക്കാവുന്നതിനും അപ്പുറമായിരുന്നു.
          പ്രത്യക്ഷ രക്ഷാ ദൈവ സഭ രൂപീകരിക്കുന്നതുവരെ മാറി മാറി ക്രിസ്ത്യന്‍ മതത്തിലെ അവാന്തര വിഭാഗങ്ങളോട് യോജിച്ചു പ്രവര്‍ത്തിച്ചുവെങ്കിലും ദളിതനെ ദളിതനായി മാത്രം കാണുന്ന അവരുടെ രീതികളില്‍ ഒരു മാറ്റവുമുണ്ടായില്ല. സവര്‍ണരെ അടക്കം ചെയ്യുന്ന ശ്മശാനങ്ങളില്‍ നിന്നും മാറിയാണ് ദളിതരെ സംസ്കരിക്കുക പോലും ചെയ്തത്.ഈ അസമത്വങ്ങളെല്ലാം കണ്ട് മനസ്സ് വിഷമിച്ച അദ്ദേഹം ബൈബിള്‍ കത്തിച്ചുകൊണ്ടാണ് യാഥാസ്ഥിതിക സവര്‍ണ തെമ്മാടിത്തരങ്ങളോട് പ്രതികരിച്ചത്. പിന്നിട് പി ഗോവിന്ദപ്പിള്ള ആ ബൈബിള്‍ കത്തിക്കലിനെ പമ്പയാറിന് തീ പിടിച്ച നാളുകള്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.
          തമ്പുരാനൊരു പള്ളി  
          അടിയാനൊരു പള്ളി
          അക്കൂറും ഇക്കൂറും   
          വെവ്വേറെ പള്ളി
          പറയനൊരു പള്ളി
          പുലയനൊരു പള്ളി
          മീന്‍ പിടുത്തക്കാരന്‍
          മരയ്ക്കാനൊരു പള്ളി എന്ന അവസ്ഥയെ ഒരിക്കലും അംഗീകരിച്ചു പോകാന്‍ പൊയ്കയില്‍ യോഹന്നാനെപ്പോലെയുള്ള ഒരാള്‍ക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല.
          എല്ലായ്പോഴും സംഘര്‍ഷ ഭരിതമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. തിന്മക്കെതിരെ പോരാടുവാന്‍ ഉറച്ച അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിഞ്ഞില്ല. എതിരാളികള്‍ തന്നെ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും ഭയം തൊട്ടുതീണ്ടാത്ത മനസ്സുമായി അദ്ദേഹം ശരിയും വഴിയേ സഞ്ചരിച്ചു.തന്റെ പാട്ടിലൂടേയും പ്രവര്‍ത്തനങ്ങളിലൂടേയും മനുഷ്യന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം വാചാലനായി.എന്നാല്‍ അതിനൊത്ത് വളരാത്ത സഭവിശ്വാസികള്‍ അദ്ദേഹത്തെ സമൂഹത്തില്‍ നിന്നും ആട്ടിപ്പായിക്കാന്‍ വ്യഗ്രതകൊണ്ടു. അവരുടെ ആ ശ്രമങ്ങളാണ് സ്ത്രീയും പുരുഷനും തുല്യരാണെന്ന് പ്രഖ്യാപിച്ച പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ രൂപീകരണത്തിലേക്ക് എത്തിച്ചത്.അസമത്വങ്ങളെ സൃഷ്ടിച്ചും സംരക്ഷിച്ചും പോന്ന സമൂഹത്തിലെ സവര്‍ണ ബോധ്യങ്ങള്‍‌ക്കെതിരെയുള്ള ഒരു കലാപമായിരുന്നു ആ ജീവിതം.
         
         


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം