#ദിനസരികള് 657



കെ ആര്‍ മീരയ്ക്ക് , ഖേദപൂര്‍‌വ്വം

പ്രിയപ്പെട്ട കെ ആര്‍ മീരയ്ക്ക്
സംഘപരിവാരം നടത്തിയ രണ്ടാം ഗാന്ധിവധത്തില്‍ ഞെട്ടലും അമര്‍ഷവും
രേഖപ്പെടുത്തിക്കൊണ്ടുള്ള താങ്കളുടെ കുറിപ്പ് വായിച്ചു.ഗാന്ധിജിയെന്നോ
മഹാത്മാ എന്നോ നാം വിളിക്കുന്ന അഹിംസാവാദിയായ ഒരു മനുഷ്യന്റെ വധം
പുനരാവിഷ്കരിക്കുക വഴി അവര്‍ ഉന്നം വെയ്ക്കുന്നത് , ഗാന്ധി ഭാരതത്തിനു
പഠിപ്പിച്ചുകൊടുത്ത പാഠങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതു മാത്രമല്ല ,
മറിച്ച് ഇനിയും ഈ മഹാരാജ്യത്ത് മൂല്യങ്ങളായി എന്തെങ്കിലും
അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെയൊക്കെ എന്നന്നേക്കുമായി
അവസാനിപ്പിച്ചെടുക്കുക എന്നതു കൂടിയാണ്.നമ്മുടെ ഭരണഘടനയും ജനാധിപത്യ
ബോധ്യങ്ങളും മതേതരത്വ സങ്കല്പങ്ങളും മാനവികമായ ഏതേതു വിതാനങ്ങളെ ചെന്നുതൊടണമെന്ന് സങ്കല്പിച്ചുകൊണ്ടാണോ നാം ആവിഷ്കരിച്ചെടുത്തത് അവിടേക്കൊന്നും എത്തിപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും പരിപാലിച്ചു പോരേണ്ട മൂല്യങ്ങളായി നമ്മളില്‍ ചിലര്‍ ഇന്നും കരുതിപ്പോരുന്നുണ്ട്. എന്നാല്‍ അത്തരം സങ്കല്പങ്ങളെക്കൂടി എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊള്ളണമെന്ന കല്പന കൂടിയാണ് ഈ പ്രതീകാത്മക ഗാന്ധിവധം ഇന്ത്യയില്‍ അവശേഷിക്കുന്ന
സ്വതന്ത്രമനസ്സുകളോട് ആവശ്യപ്പെടുന്നത്. ആ തിട്ടൂരങ്ങളെ
എതിര്‍ക്കുന്നതിനുവേണ്ടി താങ്കള്‍ കാണിച്ച ആര്‍ജ്ജവം അങ്ങേയറ്റം
അഭിനന്ദനീയമാണ്. എന്നുമാത്രവുമല്ല ഓരോ പൌരനില്‍ നിന്നും നമ്മുടെ രാജ്യം ഈ
വിഷമഘട്ടത്തെ മറികടക്കുന്നതിനു വേണ്ടി പ്രതീക്ഷിക്കുന്നതുമാണ്.
അത്തരമൊരു നിലപാടിനൊപ്പം താങ്കളോടൊപ്പം ഐക്യപ്പെട്ടു നില്ക്കാന്‍ സന്തോഷമേയുള്ളു.
  എന്നിരുന്നാലും പൊതുവേ താങ്കള്‍ പ്രകടിപ്പിച്ച ആശങ്കളേയും
ജാഗ്രതപ്പെടുത്തലുകളേയും പിന്‍പറ്റുമ്പോഴും സൂക്ഷ്മതലങ്ങളില്‍ ചില
വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടിവരുന്നുവെന്നത് ഖേദകരം തന്നെയാണ്. അതൊരു പ്രാധാന്യമുള്ള ദൌത്യമാണെന്ന് ഞാന്‍ കരുതുന്നതുകൊണ്ടും
വിയോജിപ്പുകളും അത് പ്രകടിപ്പിക്കാനുള്ള അവസരങ്ങളുമാണ് ജനാധിപത്യം
നല്കുന്ന ഏറ്റവും വലിയ അവകാശങ്ങളിലൊന്ന് എന്ന ബോധ്യമുള്ളതുകൊണ്ടും
ഇക്കാലങ്ങളില്‍ അത്തരം ബോധ്യങ്ങളെ ഭയാശങ്കകളില്ലാതെ
ഉയര്‍ത്തിപ്പിടിക്കുകയെന്നത് ചരിത്രപരമായ ദൌത്യമാണെന്നതുകൊണ്ടും ചില
ഭിന്നതകള്‍ സൂചിപ്പിക്കാതെ വയ്യ.
  ഇന്ത്യയുടെ മനസ്സ് പൊതുവേ വലതുവത്കരിക്കപ്പെട്ട
ഒന്നാണ്.വേണ്ട രീതിയില്‍ ഉഴുതെടുക്കുകയും മൂല്യങ്ങളെ കുഴമറിക്കുകയും
ചെയ്തില്ലായെങ്കില്‍ എത്ര കാലംവേണമെങ്കിലും ചേറും ചെളിയും നിറഞ്ഞ തന്റെ
ചതുപ്പില്‍ സുഖമായി ആഴ്ന്നു കിടക്കാന്‍ അതിനു മടിയില്ല. എന്നുമാത്രവുമല്ല
എത്രമാത്രം വലതുവത്കരണത്തിന് വിധേയമായി യാഥാസ്ഥിതികമാകാന്‍ കഴിയുമോ അത്രക്കത്രക്ക് അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ വലതുവത്കരണത്തിന്റെ പരമാവധി എന്നു പറയുന്നത് സംഘപരിവാരം ലക്ഷ്യം വെയ്ക്കുന്ന ഹിന്ദുത്വഫാഷിസം തന്നെയാണ്. പൊതുവേയുള്ള ഈ വലതു
സാഹചര്യത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇടതുപക്ഷം
വലതുപക്ഷത്തിനുള്ളില്‍ തന്നെയാണ് തങ്ങളുടെ ഇടങ്ങളെ പണിതെടുക്കുന്നതെന്ന് മനസ്സിലാക്കുകയാണ് നാം ആദ്യമായി ചെയ്യേണ്ടത്. എന്നുവെച്ചാല്‍ പ്രതിലോമകരമായ ആശയങ്ങളെ അബോധങ്ങളില്‍ പേറുകയും എന്നാല്‍ പുരോഗമനാശയങ്ങളെ പിന്തുടരേണ്ടിവരികയും ചെയ്യുന്ന അന്തരാളഘട്ടത്തിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ പരിച്ഛേദമെന്ന നിലയില്‍ത്തന്നെയാണ് ഇന്ത്യന്‍ സാഹചര്യങ്ങളോടേറ്റു മുട്ടി ഇടതുമനസ്സും
ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒന്നു കൂടി തുറന്നു പറഞ്ഞാല്‍ തരം
കിട്ടിയാല്‍ തന്റെ ചളിക്കുളത്തിലേക്ക് തിരിച്ചുപോകുന്ന പോത്തിനെപ്പോലെ
എന്നുതന്നെ പറയേണ്ടിവരും. ഇടതുപക്ഷം രാഷ്ട്രീയമായി മേല്‍‌ക്കോയ്മ
പുലര്‍ത്തിയിരുന്നതെന്ന് നാം അവകാശപ്പെടുന്ന ചില സംസ്ഥാനങ്ങള്‍ ഇങ്ങനെ
പിന്‍‌മടങ്ങിയത് പ്രത്യക്ഷമായ ഉദാഹരണങ്ങളായി നമുക്കു മുന്നിലുണ്ട്.
ഈ പിന്‍മടക്കങ്ങളെ തടയുകയെന്നത് അത്ര ലളിതമായ കാര്യമല്ലെന്ന് ഏകദേശം ഒന്നരനൂറ്റാണ്ടുകാലം കേരളം പുലര്‍ത്തിപ്പോന്ന മുന്നേറ്റങ്ങള്‍ സാക്ഷിയാണ്.ഇലാസ്തികസ്വഭാവമുള്ള വലതുപക്ഷ ക്രമങ്ങളെ പുരോഗമനാശയങ്ങളിലേക്ക് വലിച്ചുനിറുത്തുകയെന്ന വലിയ ദൌത്യമാണ് കേരളത്തില്‍ നവോത്ഥാനമുന്നേറ്റങ്ങള്‍ നടത്തിയത്. ആ നീക്കത്തെ മുന്‍നിറുത്തിയാണ് കേരളത്തില്‍ ഇടതുപക്ഷം തങ്ങളുടെ വേരുകള്‍ പായിച്ചത്. ആധുനിക കാലത്ത് ജനാധിപത്യപരമായി ഒരു  സമൂഹത്തില്‍ നിലനില്ക്കേണ്ട മൂല്യങ്ങളെ കുറേയെങ്കിലുമൊക്കെ സ്വാംശീകരിക്കുവാന്‍‌ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും  ഏതളവില്‍ വരെ നവോത്ഥാനപാഠങ്ങള്‍ നമ്മളില്‍ വേരുറപ്പിച്ചു എന്ന ഒരു പരിശോധനയാണ് ശബരിമല യുവതി പ്രവേശനത്തെ മുന്‍നിറുത്തി കേരളത്തില്‍ നടന്നത് , നടക്കുന്നത്. നമ്മുടെ വലതുപക്ഷമാകെത്തന്നെ ജീവന്മരണ പോരാട്ടമായി ഈ വിഷയത്തെ എടുത്തുയര്‍ത്തിയപ്പോള്‍ പരീക്ഷിക്കപ്പെട്ടത് ഇടതിന്റെ ഉള്ളുറുപ്പു തന്നെയായിരുന്നു.സമസ്ത സന്നാഹങ്ങളേയും സമാഹരിച്ചുകൊണ്ടുള്ള ആ പോരാട്ടത്തില്‍ വ്യക്തികളെന്ന നിലയില്‍ ചിലര്‍ ചെന്നു ചാടിയ വീഴ്ചകളൊഴിച്ചു നിറുത്തിയാല്‍ പുരോഗമന ജനാധിപത്യ ബോധ്യങ്ങള്‍ക്കു തന്നെയാണ് മേല്‍‌ക്കോയ്മ എന്ന് തെളിയിക്കപ്പട്ടു.
ഈ ഘട്ടത്തിലാണ് താങ്കളുടെ പ്രസ്താവനയുടെ അവസാന ഭാഗം നമ്മുടെ ചര്‍ച്ചയിലേക്ക് കടന്നു വരുന്നത്. അതിങ്ങനെയാണല്ലോ :- ഇടതുപക്ഷമേ, നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ.വെറുതെ.ജീവനോടെയുണ്ട് എന്നു തെളിയിക്കാന്മാത്രം.വളരെ കാവ്യാത്മകമായി താങ്കള്‍ രേഖപ്പെടുത്തിവെച്ച ഈ വരികള്‍ പക്ഷേ ഇടതുപക്ഷത്തിനെ വിലയിരുത്തുന്നതിലും മനസ്സിലാക്കുന്നതിലും നിങ്ങള്‍ ദയനീയമായി പരാജയപ്പട്ടിരിക്കുന്നതിന്റെ തെളിവാണെന്ന് ഞാന്‍ സംശയിക്കുന്നു.
പ്രസ്ഥാവനയുടെ ആദ്യഭാഗത്തില്‍ ഹിന്ദുത്വ അജണ്ടയുടെ മുദ്രാവാക്യങ്ങളേറ്റു വിളിച്ചുകൊണ്ട് സംഘപരിവാരത്തെക്കാള്‍ നന്നായി ജാഥ നയിച്ച കക്ഷികളെക്കുറിച്ചുള്ള വസ്തുതാപരമായ വിലയിരുത്തലുകളാണ്. അവരുടെ നിലപാട് ജനാധിപത്യത്തെ ക്ഷീണിപ്പിക്കാനും ഫാഷിസത്തിന്റെ വരവിനെ ത്വരിതപ്പടുത്താനും എങ്ങനെയൊക്കെ സഹായിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.എന്നാല് അവിടെ നിന്നും നിങ്ങളൊന്ന് വെട്ടിത്തിരിയുന്നു. പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടമായി ഇടതുപക്ഷം മാറിയിരിക്കുന്നുവെന്നും അവര്‍ ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവിനായി ഒന്ന് നിലവിളിക്കുകയെങ്കിലും ചെയ്യണമെന്ന നിര്‍‌ദ്ദേശം ആക്ഷേപകരമായ രീതിയില്‍ ഉന്നയിക്കപ്പെടുന്നു.ഇടതുപക്ഷം ഇന്ത്യക്കുതന്നെ വഴിതെളിച്ചുകൊണ്ട് നടത്തിയ ആശയപരമായ മുന്നേറ്റങ്ങളെ വിലയിരുന്നതില്‍ നിങ്ങള്‍ക്കു പിഴച്ചിരിക്കുന്നു. നാം ചെയ്ത സമരങ്ങളേയും വീണ്ടെടുത്ത മൂല്യങ്ങളുടെ പ്രയോഗക്ഷമതയേയും സംശയിച്ചുകൊണ്ട് ആശയക്കുഴപ്പമുണ്ടാക്കേണ്ട ഒരു സാഹചര്യമല്ല നിലവിലുള്ളത്.ഒരു ജനത എന്ന നിലയില്‍ അപ്രതിരോധ്യമായ കരുത്ത് നമുക്കുണ്ട് എന്ന പ്രഖ്യാപനത്തെയാണ് നിങ്ങളെപ്പോലെ വഴി തെളിയിച്ചു മുന്നില്‍ നടക്കേണ്ടവരില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.
സമദൂരവും നിഷ്പക്ഷതയും ഒരാശയമായി ജനാധിപത്യത്തില്‍ നിലകൊള്ളേണ്ടതു തന്നെയാണെങ്കിലും എതിര്‍ പക്ഷത്ത് വര്‍ഗ്ഗീയതയും മതതീവ്രവാദവുമൊക്കെയാകുമ്പോള്‍  ഈ രണ്ടു ആശയങ്ങളുമാണ് നമ്മെ നയിക്കുന്നതെങ്കില്‍ അത് ഫലത്തില്‍ വലതുപക്ഷ മനസ്ഥിതികളെ സഹായിക്കുന്നതായി മാറും. അതുകൊണ്ടു ഇക്കാലഘട്ടങ്ങളില്‍ രണ്ടു പക്ഷത്തുള്ളവരേയും തുല്യമായി വിമര്‍ശിച്ചുകൊണ്ട് ഞാന്‍ ശരിഎന്നല്ല സ്ഥാപിച്ചെടുക്കേണ്ടത്. രണ്ടും കണക്കാണ് എന്ന അരാഷ്ട്രീയതയുമല്ല , മറിച്ച് മറ്റെന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മതേതരത്വവും ജനാധിപത്യവും ഈ മഹാരാജ്യത്ത് പുലരണമെന്ന താല്പര്യം തന്നെയാണ്. പക്ഷം പിടിക്കേണ്ടതായ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അതുകൊണ്ടുതന്നെ ശരിയുടെ പക്ഷത്തു നിന്നേ മതിയാകൂ എന്നുമുള്ള ബോധ്യമാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്.
നിഷ്പക്ഷതയില്‍ രമിച്ച് കൈയ്യടികള്‍ വാങ്ങേണ്ട ഒരു കാലത്തല്ല നാം ജീവിക്കുന്നതെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് താങ്കളുടെ പ്രസ്താവനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്ന പ്രതീക്ഷയോടെ


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം