#ദിനസരികള് 653



സത്യനും സുധാമണിയും സന്യാസത്തില്‍ നിന്നുള്ള പിന്മടങ്ങലുകള്‍

            എന്തുകൊണ്ടാണ് അമൃതാനന്ദമയിയെ സുധാമണി എന്നും ചിദാനന്ദപുരിയെ സത്യനെന്നും അവരുടെ മാതാപിതാക്കള്‍ നല്കിയ പേരുകളില്‍ ചിലര്‍ ഇക്കാലങ്ങളില്‍ വിളിക്കുന്നത് ? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുമ്പ് എങ്ങനെയാണ് സുധാമണി  അമൃതാനന്ദമയിയും സത്യന്‍ ചിദാനന്ദപുരിയുമാകുന്നതെന്ന് നാം മനസ്സിലാക്കി വെയ്ക്കേണ്ടതുണ്ട്. ഈ മനസ്സിലാക്കല്‍ ഫലത്തില്‍ എന്താണ് സന്യാസം എന്ന ചോദ്യത്തിനുള്ള മറുപടിയായിരിക്കുമെന്നു കൂടി സൂചിപ്പിട്ടെ.
            ഹൈന്ദവമായ കാഴ്ചപ്പാടുകള്‍ അനുസരിച്ച് ജീവിതത്തിന് നാലു ധര്‍മങ്ങളുണ്ട്. ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെയാണ് അവയെ വേര്‍തിരിച്ചിരിക്കുന്നത്.പറഞ്ഞിരിക്കുന്ന ജീവിതപരിതോവസ്ഥകളിലൂടെ കടന്നും നേരിട്ടും സന്യാസത്തിലേക്ക് ഒരാള്‍ക്കു ചെന്നു ചേരാം.സന്യാസത്തിന് തത്വചിന്തകനായ കൃഷ്ണന്‍ നല്കുന്ന നിര്‍വചനം കാമ്യാനാം കര്‍മണം ന്യാസം എന്നാണ്. കാമ്യകര്‍‌മങ്ങളെ അഥവാ ഒരു വ്യക്തിക്ക് പ്രിയപ്പെട്ടതായ പ്രവര്‍ത്തികളെ ഉപേക്ഷിക്കുന്നതാണ് സന്യാസം എന്ന് നമുക്ക് ഈ നിര്‍വചനത്തെ ലളിതമായി മനസ്സിലാക്കാം.(ഗീതയിലെ പതിനെട്ടാം അധ്യായമായ മോക്ഷസന്യാസ യോഗം എന്ന അധ്യായത്തില്‍ സന്യാസത്തിന്റേയും ത്യാഗത്തിന്റേയും രഹസ്യമറിയാനാഗ്രഹിക്കുന്നുവെന്ന് അര്‍ജ്ജുനന്‍ അറിയിച്ചതിനെത്തുടര്‍ന്ന് രണ്ടും എന്താണെന്ന് കൃഷ്ണന്‍ പറയുന്നുണ്ട്. ശ്ലോകം മുഴുവനായിത്തന്നെ കൊടുക്കുന്നു കാമ്യനാം കര്‍മ്മണം ന്യാസം സന്യാസം കവയോ വിദു : സര്‍വ്വ കര്‍മ്മഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണ : ശാസ്ത്രത്തിന്റെ പൊരുളറിഞ്ഞവര്‍ കാമ്യങ്ങളായ കര്‍മ്മങ്ങളുടെ ന്യാസത്തെ (വിടലിനെ ) സന്യാസമായി അറിയുന്നു. ശാസ്ത്രാര്‍ത്ഥത്തെ അറിവാന്‍ സമര്‍ത്ഥന്മാര്‍ എല്ലാ കര്‍മങ്ങളുടേയും ഫലത്തിന്റേയും ത്യാഗത്തെ (വിടലിനെ) ത്യാഗമായി പറയുന്നു എന്ന് പ്രകാശാനനന്ദ അര്‍ത്ഥം പറയുന്നു.)
            അപ്പോള്‍ സന്യാസമെന്നു പറയുന്നത് ആത്മാന്വേഷണത്തിന്റെതായ കൊടുമ്പിരിക്കൊള്ളലുകളാണ്. ആ പാതയിലേക്ക് ഇറങ്ങുന്നവന്‍ തനിക്കു സാധാരണ ജീവിതത്തില്‍ ലഭിച്ചിരിക്കുന്നതായ എല്ലാത്തിനേയും തന്നെ ഉപക്ഷിച്ചുപോകുന്നു. ഉപേക്ഷിക്കുന്നുവെന്നതിനെക്കാള്‍ അതൊക്കെ അപ്രസക്തമാകുന്നു. സ്വന്തമായി അവര്‍ക്ക് ഒന്നും തന്നെ കരുതിവെയ്ക്കുവാന്‍ അനുവാദമില്ല.അതുകൊണ്ട് അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നുവെങ്കില്‍ കൂടി അവരെ മരിച്ചതായി കണക്കാക്കി ബലിതര്‍പ്പണങ്ങള്‍ നടത്തുന്നു. ലോകത്തിന്റേതായ വാസനകള്‍ എന്തങ്കിലും തന്നില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതൊക്കെ ഉപേക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ സ്വയം മരിച്ചതായി കണക്കാക്കി മരണാനന്തരക്രിയകള്‍ ചെയ്യുന്നു. അച്ഛനമ്മാര്‍ നല്കിയ പേരു മാറ്റി പുതിയ പേരു സ്വീകരിക്കുന്നു. അതായത് സന്യാസിയാകുന്നവന്‍ ഈ ലോകത്തോട് യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്തവനാണെന്നും സത്യാന്വേഷണ തല്പരത മാത്രമേ അവനെ നയിക്കാവു എന്നുമാണ് സങ്കല്പങ്ങള്‍.ഇങ്ങനെയൊക്കെയാണ് ഒരു സന്യാസി രൂപം കൊള്ളുന്നത്.
            അങ്ങനെ പുതിയ ശരീരത്തേയും ചിന്തയേയുമൊക്കെ സ്വീകരിച്ച് പുതിയ ജീവിതം ആരംഭിക്കുന്ന സന്യാസിമാര്‍ ലോകത്തിന്റെ ഗുരുക്കളായി മാറുന്നു. അവര്‍ എക്കാലത്തും ജനങ്ങളാല്‍ ബഹുമാനിക്കപ്പെട്ടു പോന്നിട്ടുണ്ട്. നമ്മുടെ ഉപനിഷത് ഇതിഹാസ പുരാണാദികളില്‍ അത്തരത്തിലുള്ള എത്രയോ സന്യാസിമാരെ നാം പരിചയപ്പെട്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദനും ചട്ടമ്പി സ്വാമിയും ശ്രീനാരായണനുമൊക്കെ ആധുനികകാലത്തെ ലോകാരാധ്യന്മാരായ അത്തരം ഗുരുക്കന്മാരുടെ പട്ടികയില്‍ പെടുന്നു.
            ആ ഗുരുക്കന്മാര്‍ തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ തങ്ങള്‍ അണിഞ്ഞിരിക്കുന്ന പരിവേഷത്തിന്റെ പിന്‍ബലത്തില്‍ ജനങ്ങളിലേക്ക് ഒളിച്ചു കടത്താന്‍ ശ്രമിച്ചിട്ടില്ല.സ്വാമി വിവേകാനന്ദന്‍ അമേരിക്കയെ അഭിവാദ്യം ചെയ്തത് അമേരിക്കയിലെ എന്റെ ക്രിസ്ത്യന്‍ സഹോദരി സഹോദരന്മാരേ എന്നായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് സ്വീകാര്യത ലഭിക്കുമായിരുന്നോ? അവര്‍ ജനതയെ വിഭജിച്ച് മാറ്റി നിറുത്തുവാനല്ല മറിച്ച്  ഒരേ ജ്യോതിസിന്റെ വ്യത്യസ്തമായ ആവിഷ്കാരങ്ങളായി അടയാളപ്പെടുത്തുവാനാണ് ശ്രമിച്ചത്.അവിടെ ജാതിമത വ്യത്യാസങ്ങളില്ല , സ്ത്രീപുരുഷ ഭേദങ്ങളില്ല . ഗാര്‍ഗ്ഗിയും മൈത്രേയിയും അടങ്ങുന്ന  , മനുഷ്യരെ ഒന്നായി കാണുന്നു ഒരു മഹാപാരമ്പര്യത്തിന്റെ വക്താക്കളാകുന്നു, ഗുരുക്കന്മാരാകുന്നു , സന്യാസിമാരാകുന്നു. മാനവികതയിലുറച്ചതും പരസ്പരം വിഭജിക്കാത്തതുമായ അത്തരമൊരു ചിന്തയില്‍ ഉറച്ചു നിന്നതുകൊണ്ടാണ് നാണു , നാരായണ ഗുരുവായി മാറിയതും ആ ഗുരുവിനെ ജനം നെഞ്ചേറ്റി എഴുന്നള്ളിച്ചു നടക്കുന്നതുമെന്നും നാം മനസ്സിലാക്കണം.എപ്പോള്‍ വിഘടിപ്പിക്കുന്നതും വിധ്വംസാത്മകവുമായ ചിന്തകളിലേക്ക് ഇവര്‍ പതിക്കുന്നുവോ അപ്പോള്‍ ജനം പ്രതികരിച്ചു തുടങ്ങും. അവര്‍ അനുവദിച്ചുകൊടുത്തിരിക്കുന്ന മഹനീയമായ സ്ഥാനങ്ങളില്‍ നിന്നും വലിച്ചു താഴെയിറക്കും.കാട്ടാളന്‍ സന്യാസി വര്യനാകുമ്പോള്‍ ജനം അംഗീകരിക്കുമെങ്കിലും സന്യാസി വീണ്ടും കാട്ടാളനായാല്‍ ആ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കൂടാ.
            ഇനി നമുക്ക് അമൃതാനന്ദമയിയെന്ന സുധാമണിയിലേക്കും ചിദാനന്ദപുരിയെന്ന സത്യനിലേക്കും മടങ്ങി വരിക. ലോകത്തെ മക്കളേ എന്നഭിവാദ്യം ചെയ്തുകൊണ്ടിരുന്ന ഒരമ്മ , 2019 ലെ ഇലക്ഷന്‍റെ കേളികൊട്ടായി സംഘാടകര്‍ പ്രഖ്യാപിച്ച ഒരു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് - അതും ഭരണഘടനാ വിരുദ്ധമായ ആശയങ്ങളെ പ്രചരിപ്പിക്കാന്‍‌ വിളിച്ചു ചേര്‍ത്തിരിക്കുന്ന ഒരിടത്തില്‍ - ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമ്പോള്‍ ലോകം അവര്‍ക്കു അനുവദിച്ചുകൊടുത്തിരിക്കുന്ന ഉജ്ജ്വലമായ ഗുരുസ്ഥാനത്തു നിന്നും താഴേക്ക് വീണുപോകുന്നു.ലോകത്തിന്റെ അമ്മയായ അമൃതാനന്ദമയി കേവലം സുധാമണിയെന്ന വ്യക്തി മാത്രമായി മാറുന്നു. സന്യാസിമാര്‍ക്കും ഗുരുക്കന്മാര്‍ക്കും ജനത നല്കുന്ന അംഗീകാരത്തെ തെറ്റായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് ജനത തിരിച്ചറിയുന്നു.അതുകൊണ്ടാണ് ഒരു രാഷ്ട്രീയ വേദിയില്‍ അമൃതാനന്ദമയി പ്രത്യക്ഷപ്പെട്ടത് ലോകത്തിന്റെ അമ്മയായ ഒരുവളായിട്ടല്ല , മറിച്ച് കേവലം ഒരു വ്യക്തിമാത്രമായ , സങ്കുചിതമായ താല്പര്യങ്ങള്‍‌ വെച്ചു പുലര്‍ത്തുന്ന സുധാമണിയായിട്ടാണ് എന്നു നാം വിലയിരുത്തുന്നത്. അവരങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് നാം ആശങ്കപ്പെടുന്നത്.
            ചിദാനന്ദപുരിയാകട്ടെ അദ്വൈതിയാണെന്നും ശങ്കരപാരമ്പര്യങ്ങളെയാണ് പിന്‍‌ പറ്റുന്നതെന്നുമാണ് കേള്‍വി.അല്ലെങ്കില്‍ത്തന്നെ എങ്ങനെയാണ് ഒരു സന്യാസിക്ക് , ഒരൈദ്വൈതിക്ക് വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ മുനയാകുവാന്‍ കഴിയുക ? അദ്വൈതി എങ്ങനെയാണ് ലിംഗഭേദങ്ങളെ ന്യായീകരിക്കുക? സന്യാസിമാര്‍ക്കു രാഷ്ട്രീയമോ സാമൂഹിക പ്രവര്‍ത്തനങ്ങളോ പാടില്ല എന്നല്ല. എന്നാല്‍ അതൊന്നും ജനതയെ വിഭജിച്ചുകൊണ്ടാകരുത്. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടാകരുത്.ഇവിടെ ചിദാനന്ദപുരി ഒരു സന്യാസിക്കു ചേരുന്ന പ്രവര്‍ത്തനങ്ങളല്ല, ഒരു വര്‍ഗ്ഗീയവാദിക്കു ചേരുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ബി ജെ പിക്കാരനായോ ആറെസ്സെസ്സു കാരനായോ അദ്ദേഹത്തിന് അതു ചെയ്യാം. എന്നാല്‍ സന്യാസിയായി നിന്നുകൊണ്ട് അങ്ങനെ ചെയ്യുന്നതു ജനം അനുവദിക്കില്ല. എന്നുവെച്ചാല്‍ ഭാരതീയ പാരമ്പര്യമനുസരിച്ച് ഒരു സന്യാസിക്ക് ഒരിക്കലും ആറെസ്സെസ്സിലോ സംഘപരിവാരത്തിലോ ചേരാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഉദരനിമിത്തം ബഹുകൃത വേഷം എന്നു ശങ്കരന്‍ പറഞ്ഞതുപോലെ വയറ്റിപ്പിഴപ്പിനുവേണ്ടിയുള്ള വേഷം കെട്ടല്‍‌ മാത്രമായി അദ്ദേഹത്തിന്റെ സന്യാസം അധപതിക്കുന്നു. അങ്ങനെവവരുമ്പോള്‍ സ്വാമി ചിദാനന്ദപുരി കേവലം സത്യനായി മാറുന്നു.‍
            സാമൂഹികപ്രവര്‍ത്തനങ്ങള്‍ സന്യാസിക്കു നിഷിദ്ധമാണെന്ന് ഈ വാദങ്ങളൊന്നും അര്‍ത്ഥമാക്കുന്നില്ല.എന്നാല്‍ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന, ലിംഗനീതിയെ അനുവദിക്കാത്ത, ഭരണഘടനയെ വെല്ലുവിളിക്കുന്ന, കോടതി വിധികളെ തള്ളിക്കളയുന്ന പ്രവര്‍ത്തനങ്ങളില്‍ ഗുരുസ്ഥാനത്തു നിലകൊള്ളുന്നവര്‍ കരുതലോടെ വേണം ഇടപെടുവാന്‍. ആ കരുതലില്ലായ്മയാണ് അമൃതാനന്ദമയിയെ സുധാമണിയും ചിദാനന്ദപുരിയെ സത്യനുമായി സന്യാസത്തിന്റെ ലോകത്തു നിന്നും പിന്‍മടക്കുന്നത്. തിരുത്തുക തിരിച്ചു വരിക എന്നു മാത്രമാണ് ജനതക്ക് അവരോടുള്ള അഭ്യര്‍ത്ഥന.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം