#ദിനസരികള്‍ 658
സിനിമയോളം ശക്തമായ മറ്റൊരു മാദ്ധ്യമമുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭാഷയില്‍ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ വിരളമായിരിക്കുന്നത്? കുറച്ചു പുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അനില്‍ കുമാര്‍ തിരുവോത്തിന്റെ ‘സിനിമയും സാങ്കേതികവിദ്യയും,’ എ എം മനോജ് കുമാറിന്റെ ‘സിനിമാറ്റോഗ്രഫി – പഠനവും പ്രയോഗവും,’ ഊര്‍മിള ഉണ്ണിയുടെ ‘സിനിമാക്കഥ,’ മുഹമ്മ രമണന്റെ ‘കളവുപോയ ക്യാമറ,’ പി കെ ഭരതന്റെ ‘നമുക്കും സിനിമ എടുക്കാം,’ സാജന്‍ തെരുവപ്പുഴയുടെ ‘ഷോര്‍ട്ടു ഫിലിം നിര്‍മ്മാണം,’ എന്നിവയൊക്കെ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് കുറച്ചൊക്കെ പറഞ്ഞു പോകുന്നവയാണ്.
എന്നാല്‍ ഡോ മുരളികൃഷ്ണ എഴുതിയ ‘സിനിമ വീഡിയോ ടെക്നിക്ക്’ എന്ന പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് കനപ്പെട്ട സഹായക ഗ്രന്ഥമാണെന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ. സിനിമ പരിണമിച്ചു വന്ന വഴികളെക്കുറിച്ചും വിവിധ തരം
ക്യാമറകളെക്കുറിച്ചും സിനിമാറ്റോഗ്രഫിയുടെ വിവിധ വശങ്ങളെക്കുറിച്ചും വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നുണ്ട്. പഠിതാക്കള്‍ക്ക് ഈ പുസ്തകം വളരെയേറെ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ എനിക്കൊട്ടുംതന്നെ സംശയമില്ല. എന്നാല്‍ സാജന്‍ തെരുവപ്പുഴയുടെ ‘ഫിലിം ഡയറക്ഷന്‍’ എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ കുറിപ്പില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
ക്യാമറകളെക്കുറിച്ചും സിനിമാറ്റോഗ്രഫിയുടെ വിവിധ വശങ്ങളെക്കുറിച്ചും വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നുണ്ട്. പഠിതാക്കള്‍ക്ക് ഈ പുസ്തകം വളരെയേറെ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ എനിക്കൊട്ടുംതന്നെ സംശയമില്ല. എന്നാല്‍ സാജന്‍ തെരുവപ്പുഴയുടെ ‘ഫിലിം ഡയറക്ഷന്‍’ എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ കുറിപ്പില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
2006 ല്‍ മികച്ച സാങ്കേതിക ഗ്രന്ഥത്തിനുള്ള ഫിലിംക്രിട്ടിക്സ് അവാര്‍ഡു നേടിയ ഈ പുസ്തകം പന്ത്രണ്ടുകൊല്ലങ്ങള്‍ക്കു ശേഷവും വിപണിയില്‍ സജീവമായി നിലനില്ക്കുന്നുവെന്നത് ആ പുസ്തകത്തിന്റെ പ്രസക്തിയെ പ്രത്യക്ഷമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട്.
സംവിധായകനായ കമല്‍, പുസ്തകത്തെക്കുറിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് –“ഒരു സിനിമ എങ്ങനെ രൂപപ്പെടുന്നുവെന്നും വെള്ളിത്തിരയില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നതുവരെ ഏതുതരം രാസപ്രക്രിയകളിലൂടെ കടന്നുപോകുന്നുവെന്നതുമൊക്കെ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്ര കുതുകികള്‍ക്കും മാത്രമല്ല, സിനിമ കാണുന്ന എല്ലാവരിലും സാമാന്യബോധമുണ്ടാകുന്നത് ഈ കല ആസ്വദിക്കാന്‍ കൂടുതല്‍ താല്പര്യമുണര്‍ത്തുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിലയ്ക്ക് സാജന്റെ ഈ രചന പ്രശംസാര്‍ഹമാണ്. ആഖ്യാന രീതികൊണ്ടും സൂക്ഷ്മതകൊണ്ടും ഇതുവരെ ആരും സമീപിച്ചിട്ടില്ലാത്ത സിനിമയുടെ വിശദാംശങ്ങളിലേക്ക് സാജന്‍ കടന്നുചെല്ലുന്നുണ്ട്. സാങ്കേതിക വിവരങ്ങളില്‍പോലും ലളിതമായ രചനാരീതികൊണ്ട് ഈ കൃതിയ വായനയുടെ സുഖവും നമുക്കു പ്രദാനം ചെയ്യുന്നു.”
കമല്‍ സൂചിപ്പിച്ച ലളിതമായ രചനാരീതി എന്നത് സാജന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്നാണ്. വായനക്കാരന് കാര്യങ്ങള്‍ മനസ്സിലാകണം എന്ന നിര്‍ബന്ധം ഇദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ എത്ര സങ്കീര്‍ണമായ സാഹചര്യങ്ങളെക്കുറിച്ചും വളരെ ലളിതമായി പറഞ്ഞുപോകാന്‍ അദ്ദേഹം സവിശേഷമായ ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഭാഷകൊണ്ടുള്ള ട്രപ്പീസുകളിയോടുള്ള വിമുഖത പഠിതാവിന് വിഷയത്തിന്റെ നേര്‍ക്കാഴ്ചയുണ്ടാക്കിക്കൊടുക്കുവാന്‍ സഹായിക്കുന്നുണ്ട്.
ക്യാമറാ ആംഗിളുകള്‍, ഛായാഗ്രഹണം, അണിയറ പ്രവര്‍ത്തനങ്ങള്‍, വിവിധയിനം ഫിലിമുകള്‍, ഷൂട്ടിംഗ് ടെക്നിക്കുകള്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി ഒരു സിനിമ രുപം കൊള്ളുന്ന വ്യത്യസ്തങ്ങളായ മേഖലകളെക്കുറിച്ച് പുസ്തകം നമുക്കു പറഞ്ഞു തരുന്നു. ആവശ്യത്തിന് ചിത്രങ്ങളും പട്ടികകളും ചേര്‍ത്തിരിക്കുന്നുവെന്നത് കാര്യങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന തരത്തിലാണ്.
കാര്യങ്ങള്‍ ഒട്ടും വളച്ചുകെട്ടില്ലാതെ നേരെ പറയുന്ന രീതിയാണ് സാജന്റേത് എന്നു നാം കണ്ടുവല്ലോ. ചിത്രീകരണം എന്ന അധ്യായത്തില്‍ നിന്നും ഒരു ഭാഗം നോക്കുക –“സിനിമാ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഏറ്റവും ശ്രമകരമായ തലം ഇതാണ്. പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ നേരത്തെ ഉറക്കമെഴുന്നേറ്റ് ഷൂട്ടിംഗ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. പുലര്‍ച്ചേ തന്നെ ആര്‍ട്ടിസ്റ്റുകളേയും ടെക്നീഷ്യന്മാരേയും
വിളിച്ചുണര്‍ത്തി തയ്യാറാക്കി വാഹനങ്ങളില്‍ കൃത്യസമയത്ത് ലൊക്കേഷനിലെത്തിക്കുന്നു.
വിളിച്ചുണര്‍ത്തി തയ്യാറാക്കി വാഹനങ്ങളില്‍ കൃത്യസമയത്ത് ലൊക്കേഷനിലെത്തിക്കുന്നു.
അന്നത്തെ ദിവസം ചിത്രീകരിക്കുവാനുള്ള സീനുകള്‍ ഏതാണെന്ന് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറും ചേര്‍ന്ന് ചാര്‍ട്ടു ചെയ്ത് വെച്ചിട്ടുണ്ടാകും. അതുപ്രകാരമുള്ള ആര്‍ട്ടിസ്റ്റുകളും ജുനിയര്‍ താരങ്ങളും എക്സ്ട്രാകളും സാങ്കേതിക വിദഗ്ദ്ധരുമൊക്കെയാണ് ലൊക്കേഷനില്‍ വന്നു ചേര്‍ന്നിട്ടുണ്ടാകുക. ചമയക്കാരനും സഹായികളും ചേര്‍ന്ന് സമയം പാഴാക്കാതെ താരങ്ങളെ മേയ്ക്കപ്പു ചെയ്തു തുടങ്ങുന്നു.” ഇതാണ് അദ്ദേഹത്തിന്റെ ഭാഷാരീതിയുടെ പൊതുസ്വഭാവം. ഒരു തരത്തിലും സങ്കീര്‍ണത സൃഷ്ടിക്കുന്നില്ല എന്നത് വായനക്കാരനെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.
സിനിമയെക്കുറിച്ച് അറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം വളരെ മികച്ച സഹായിയായിരിക്കും. ഡിജിറ്റല്‍ സിനിമയെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും അധ്യായങ്ങള്‍ക്കു പേജു നമ്പറുകളിട്ടുകൊണ്ടും ഇന്‍ഡക്സുകള്‍ തയ്യാറാക്കിയും ഈ പുസ്തകത്തെ അടുത്ത പതിപ്പുകളില്‍ കൂടുതല്‍ സമഗ്രമാക്കിയെടുക്കാവുന്നതാണ്.
Comments