#ദിനസരികള്‍ 652

എച്മുക്കുട്ടി എഴുതിയതിന്റെ ഞെട്ടല്‍ ഇപ്പോഴും വായനക്കാരനില്‍ നിന്നും വിട്ടുപോയിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ഒരു കുഞ്ഞിനെ ദുരുപയോഗം ചെയ്യുന്ന പിതാവിന്റെ കെട്ട പ്രവര്‍ത്തിയെ നമുക്ക് എങ്ങനെയാണ് മറക്കാന്‍ കഴിയുക? എന്നാല്‍, നട്ടെല്ലില്‍ ചെന്നു തൊടുന്ന ഒരു ഞെട്ടലില്‍ അവസാനിക്കേണ്ടതാണോ പ്രസ്തുത കൃത്യത്തിന്റെ ക്രൂരത?

തീര്‍ച്ചയായുമല്ല, മറിച്ച് കുഞ്ഞുങ്ങളെ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്യുന്നവര്‍ ആരുമാകട്ടെ, അവര്‍ പിന്നീടൊരിക്കലും ആവര്‍ത്തിക്കാത്ത വിധത്തില്‍ ശിക്ഷിക്കപ്പെടണം. അങ്ങനെ ശിക്ഷിക്കുകയെന്നത് വിട്ടുവീഴ്ചയില്ലാതെ പൊതുസമൂഹം നടപ്പിലാക്കേണ്ട ഉത്തരവാദിത്തമാണ്.
അതുകൊണ്ടു കുട്ടികള്‍‌ക്കെതിരെയുള്ള വൈകൃതങ്ങളെ ഒരു സാഹചര്യത്തിലും മറച്ചു വെക്കാതിരിക്കുകയും കുറ്റവാളികളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുകയും അത്തരക്കാരെ വീഴ്ചയില്ലാതെ ശിക്ഷിക്കാന്‍ നിയമവ്യവസ്ഥയെ സഹായിക്കുകയും ചെയ്യുകയെന്നതാണ് കുഞ്ഞുങ്ങളോട് നമുക്കു ചെയ്യാന്‍ കഴിയുന്ന പരമപ്രധാനമായ കാര്യം.
കുട്ടികളുടെ പക്ഷത്തു നിന്നുകൊണ്ട് അവര്‍‌ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍‌ക്കെതിരെ നടപടിയെടുക്കാനാണ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് നിയമം 2012 ല്‍ ഉണ്ടാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത, അതായത് പതിനെട്ടു വയസ്സിനു താഴെ പ്രായം വരുന്നവരെല്ലാം പോക്സോ നിയമത്തിന്റെ പരിധിയില്‍ വരും.
നിയമമനുസരിച്ച് കടുത്തതായ ശിക്ഷാവിധിക‍ളാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള കാലയളവുകളില്‍ ജയില്‍ ശിക്ഷയും പിഴയുമൊക്കെ പ്രതികള്‍ക്കു വിധിക്കാവുന്നതാണ്. കടുത്ത തോതിലുള്ള ശിക്ഷയും നിയമവുമൊക്കെ നിലവിലിരിക്കുന്നുവെങ്കിലും പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തുലോം കുറവാണ് എന്ന വസ്തുത നമ്മെ ഞെട്ടിക്കുക തന്നെ ചെയ്യും.
മലയാളം വാരികയില്‍ പ്രമീള ഗോവിന്ദ് എഴുതിയ ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു -“കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 2013 മുതല്‍ 2016 വരെ വിധി പറഞ്ഞ 530 കേസുകളില്‍ 70 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഭൂരിഭാഗം ഇരകളും പതിനൊന്നിനും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളായിട്ടുപോലും എണ്‍പത്തിയഞ്ചു ശതമാനം പ്രതികളും രക്ഷപ്പെട്ടു. 2016 ലാകട്ടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 249 കേസുകള്‍ വിചാരണ വരെ എത്തിയെങ്കിലും 202 കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്.”
ലേഖനം തുടരുന്നു. ”പല വിധ കാരണങ്ങള്‍ കൊണ്ടും കേസുകള്‍ പാതിവഴിക്ക് അവസാനിച്ച മട്ടിലാണ്. കേസ് നടത്തിപ്പിലെ അശ്രദ്ധമുതല്‍ കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദം മൂലം ഇരകള്‍ മൊഴിമാറ്റിപ്പറയുന്ന സാഹചര്യം വരെ ഇതിനു കാരണമായിട്ടുണ്ട്. പലപ്പോഴും പറഞ്ഞു പഠിപ്പിച്ച മൊഴികളായിരിക്കും പിന്നീട് പോലീസിനും അധികൃതര്‍ക്കും കിട്ടുക. ചെറുപ്രായത്തില്‍ ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ചോ ഭീഷണികളെക്കുറിച്ചോ ഒക്കെ വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്ന വിചാരണകള്‍ക്കിടയില്‍ കൃത്യമായി ഓര്‍‌‌ത്തെടുക്കാനും കുട്ടികള്‍ക്ക് കഴിയണമെന്നില്ല.”
കുഞ്ഞുങ്ങള്‍‌ക്കെതിരെയുള്ള കേസുകളില്‍ നിന്നും കുറ്റവാളികള്‍ രക്ഷപ്പെട്ടുപോകുന്നതിന്റെ ഒരു നഖചിത്രമാണ് നാം കണ്ടത്. വിശദമായി ചര്‍ച്ച ചെയ്യുകയും ഒരു തരത്തിലും പ്രതികള്‍ രക്ഷപ്പട്ടു പോകാതിരിക്കാനുള്ള പഴുതടച്ച നിയമസംവിധാനം നിലവില്‍ വരികയും വേണം.
അതോടൊപ്പം വിചാരണ കാലാവധി നിജപ്പെടുത്തേണ്ടത് പോക്സോ കേസുകളില്‍ അനിവാര്യമാകുന്നു. കുട്ടിക്കാലത്തു നടന്ന ഒരു അതിക്രമത്തിനെതിരെ തന്റെ ജീവിതകാലം മുഴുവന്‍ പോരാടേണ്ടിവരുന്നുവെന്നത് ഈ കേസുകളെ പ്രതികൂലമായി ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടു തന്നെ കേസ് റജിസ്റ്റര്‍ ചെയ്ത് പരമാവധി രണ്ടു കൊല്ലത്തിനകം വിധി പറയേണ്ടത് നിയമപരമായ ബാധ്യതയാക്കിമാറ്റണം.
പോക്സോ കേസുകളിലെ അപ്പീലുകളും അതുപോലെ തന്നെ പരിഗണിക്കപ്പെടണം. നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ നിയമവ്യവസ്ഥയിലെ പഴുതുകള്‍ കുട്ടികള്‍‌ക്കെതിരെ കൃത്യം നടത്തിയവരെ സഹായിക്കാനുപയോഗിക്കുന്നുവെന്നത് വസ്തുതയാണ്. അത്തരം സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടണം.
കുട്ടികളെ സ്വാധീനിക്കുവാനുള്ള സാധ്യതകളുണ്ട് എന്നതിനാല്‍ സര്‍ക്കാര്‍ മേല്‍ നോട്ടം വഹിക്കുന്ന കേന്ദ്രങ്ങളിലേക്ക് കുട്ടികള്‍ മാറ്റി പാര്‍പ്പിക്കപ്പെടണം. അവര്‍‌ക്കെതിരെയുണ്ടായ ക്രൂരതകളില്‍ നിന്നും ശാരീരികമായും മാനസികമായും മോചിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കുവേണ്ടി അക്കാലയളവ് ഉപയോഗിക്കാവുന്നതാണ്.
ശാരീരികം എന്നതിനെക്കാള്‍ മാനസികമായ ധൈര്യം പകരുകയും പൊതുസമൂഹത്തെ അഭിമുഖീകരിക്കുവാനുള്ള തന്റേടം ഉണ്ടാക്കിയെടുക്കുകയും ചെയ്യുകയെന്നത് കുട്ടികളെ സംബന്ധിച്ച് ചെറിയ വെല്ലുവിളിയല്ല. പലവിധ അഭിപ്രായങ്ങളും സ്വാധീനങ്ങളും ദുര്‍ബലപ്പെടുത്തുന്ന മനസ്സുമായി വീടുകളില്‍ ഒതുങ്ങിക്കഴിയേണ്ടിവരുന്ന ഇരകള്‍ക്ക് ഇത്തരം കേന്ദ്രങ്ങളും അവിടെ വിദഗ്ദ്ധരാല്‍ പരിശീലിക്കപ്പെടുകയും ചെയ്യുകയെന്നത് വലിയ ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ചില ശ്രമങ്ങള്‍ ഈ അര്‍ത്ഥത്തില്‍ നിലവിലുണ്ട് എന്നതു കാണാതിരിക്കുന്നില്ല. എന്നാല്‍ വിചാരണക്കാലം പരിധിയായി പരിഗണിച്ചുകൊണ്ട് അവയെ കുറച്ചു കൂടി സമഗ്രതയോടെ നടപ്പിലാക്കിയെടുക്കേണ്ടതുണ്ട്.
എന്തായാലും സംഭവിച്ചില്ലേ ഇനി പരാതിയൊക്കെക്കൊടുത്ത് കൂടുതല്‍ ആളുകളെ അറിയിച്ച് കുടുംബത്തിലെ ബാക്കിയുള്ളവരെക്കൂടി എന്തിന് വിഷമിപ്പിക്കണം എന്നൊരു ചോദ്യമാണ് കുട്ടികള്‍‌‍ക്കെതിരെയുള്ള വൈകൃതങ്ങളെ മറച്ചു വെയ്ക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നത്.
സ്വന്തം കുടുംബത്തിലുള്ളവരിലും പുറത്തുള്ളവരിലും നിയമപാലകരിലുമൊക്കെ ഇത്തരമൊരു കാഴ്ചപ്പാട് വെളിപ്പടാറുണ്ട്. ഇതിനെതിരെ പൊതുസമൂഹത്തെ വളരെ കര്‍ശനമായി ബോധവത്കരിക്കേണ്ടത് പോക്സോ കേസുകളില്‍ അത്യന്താപേക്ഷിതമാണ്.
പീഢോഫീലിയ പോലെയുള്ള വൈകൃതങ്ങളോട് സമരസപ്പെട്ടു പോകുന്ന സമൂഹത്തില്‍ ഒരു തരത്തിലുമുള്ള മാനവികതയുമുണ്ടാവില്ല. അതുകൊണ്ട് നാളെ വിരിയേണ്ട പൂക്കളെ ഇന്നേ തല്ലിക്കൊഴിക്കുന്നവര്‍ ഒന്നൊഴിയാതെ ശിക്ഷിക്കപ്പെടുക തന്നെ വേണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം