എന്റെ തന്തയു

ചത്തു.

സഖാവ് വിഎസും

ചത്തു.

ഗാന്ധിയും

ചത്തു.

നെഹ്റുവും

ചത്തു.

ഇന്ദിരയും

ചത്തു.

രാജീവും

ചത്തു.

കരുണാകരനും

ചത്തു.

ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു.

നിന്റെ അമ്മേടെ നായര് ചാണ്ടിയാണേ അയാളും

ചത്തു.

ചത്തു

ചത്തു

ചത്തു

ചത്തു.

           പ്രശസ്ത സിനിമാ നടന്‍ വിനായകന്‍ എഴുതിയ വരികളാണ്. നിങ്ങള്‍ക്ക് ഈ എഴുത്തിനെ കവിതയെന്നോ കഥയെന്നോ വിമര്‍ശനമെന്നോ ആക്ഷേപഹാസ്യമെന്നോ എന്തുവേണമെങ്കിലും വിളിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ച് ആ വരികള്‍ സവര്‍ണ ഭാഷാ മാടമ്പിത്തരത്തിനോടുള്ള പ്രതിഷേധമാണ്, പ്രതികരണമാണ് ,പ്രതിരോധമാണ്.

          എന്താണ് ഈ വരികളില്‍ നിങ്ങളെ അലോസരപ്പെടുത്തുന്നത് എന്ന് എനിക്കറിയാം. നിങ്ങള്‍ ബഹുമാനിക്കുന്ന ജീവിതങ്ങളെ ചത്തു എന്ന് വിശേഷിപ്പിക്കുന്നത് നിങ്ങള്‍ക്ക് സഹിക്കുന്നില്ല അല്ലേ ? അവര്‍ നാടുനീങ്ങിയെന്നോ ദിവംഗതനായി എന്നോ അന്തരിച്ചു എന്നോ തീപ്പെട്ടുവെന്നോ കാലംചെയ്തു എന്നോ മറ്റോ പ്രയോഗിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ കൈയ്യടിക്കുമായിരുന്നു അല്ലേ ? ഇനി അഥവാ മരിച്ചു എന്നെങ്കിലും പ്രയോഗിച്ചു കൂടായിരുന്നോ എന്ന് നിങ്ങള്‍ നെറ്റി ചുളിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പക്ഷേ സുഹൃത്തേ , നൂറ്റാണ്ടുകളോളം ഈ പറഞ്ഞ വാക്കുകളൊന്നും ഉപയോഗിക്കാനാകാതെ ഭൂരിപക്ഷം വരുന്ന ഒരു ജനത , തുല്യതയ്ക്കുവേണ്ടി , സമത്വത്തിനുവേണ്ടി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭാഷാപരമായ തിട്ടൂരങ്ങളെ അവര്‍ വകവെച്ചു തരുന്നതെന്തിന് ? ചത്തു എന്നുമാത്രം പറയാന്‍ പഠിപ്പിക്കപ്പെട്ട ഒരു ജനത എത്രയോ കാലമായി തങ്ങളുടെ പിതാക്കന്മാരെയൊക്കെ ചത്തു ചത്തു എന്നുതന്നെയല്ലേ പറഞ്ഞു വന്നത് ? ആ പറച്ചില്‍ നിങ്ങളുടെ നേരെയായപ്പോള്‍ നിങ്ങള്‍ക്ക് പൊള്ളുന്നുണ്ടല്ലേ ?

          ചത്തു എന്ന് പറയാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന അതേ അധികാര മനോഭാവം തന്നെയാണ് തമ്പുരാനെന്ന് വിളിക്കണമെന്ന് കല്പിക്കുന്നതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. അപ്പോഴാണ് നിങ്ങള്‍ തമ്പുരാനാണെങ്കില്‍ എനിക്കൊരു മൈരുമില്ല എന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത്. ഇവിടെ വിനായകന്‍ ചെയ്യുന്നതും മറ്റൊന്നല്ല. അയാള്‍ പ്രതിഷേധത്തിന്റെ ഇങ്ങേയറ്റത്തെ ഒരു കണ്ണിമാത്രമാകുന്നു. അയാളുടെ അച്ഛന്‍ ചത്തു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെങ്കില്‍ നിങ്ങളുടെ അച്ഛനും ചത്തുതന്നെ തീരണം എന്ന് അയാള്‍ നിശ്ചയിക്കുന്നതില്‍ നിങ്ങള്‍ക്ക് ദേഷ്യം കൊള്ളാന്‍ എന്താണ് ന്യായം ? വിനായകന്റെ അച്ഛനും അയാളുടെ അച്ഛനും അയാളുടെ അച്ഛനും ഈ നാട്ടില്‍ ചത്തുപോയവരാണ്. അവര്‍ അന്തരിച്ചുപോയവരോ മരണപ്പെട്ടു പോയവരോ തീപ്പെട്ടു പോയവരോ അല്ല. കേവലം ഒരു പട്ടിയെപ്പോലെ ചത്തുപോയവര്‍ മാത്രമാണ്. അവരെ അങ്ങനെ പറയാനാണ് എത്രയോ നൂറ്റാണ്ടുകളായി നിങ്ങള്‍ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ അവരുടെ അച്ഛന്മാരെക്കുറിച്ച് , അമ്മമാരെക്കുറിച്ച് അവര്‍ പ്രയോഗിച്ചുപോന്നിരുന്ന വാക്കുകള്‍ നിങ്ങളുടെ നേരെ പ്രയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിമ്മിഷ്ടമാണല്ലേ ? കൊള്ളാം, ഇത് ചരിത്രം നിങ്ങള്‍ക്കു വേണ്ടി കരുതിവെച്ച നിമിഷമാണ്.

 

          നോക്കൂ , അവര്‍ നിങ്ങളുടെ ഭാഷ ഉപയോഗിക്കും. പക്ഷേ അതിനുമുന്നോടിയായി അവരെ നിങ്ങള്‍ തുല്യരായി പരിഗണിക്കണം. അവര്‍ നിങ്ങളുടെ ഭാഷ ഉപയോഗിക്കും. പക്ഷേ നാളിതുവരെ അവരില്‍ നിന്ന് കവര്‍‌ന്നെടുത്ത അവകാശങ്ങളെല്ലാം തിരിച്ചുകൊടുക്കണം.         അവര്‍ നിങ്ങളുടെ ഭാഷ ഉപയോഗിക്കും. പക്ഷേ നിങ്ങളുടെ പെണ്‍കുട്ടികള്‍ , നിങ്ങളുടെ ആണ്‍കുട്ടികള്‍ മനുഷ്യര്‍ എന്ന ഒരൊറ്റ മൂല്യബോധവുമായി അവരുടെ പെണ്‍കുട്ടികളുമായും ആണ്‍കുട്ടികളുമായും വിവാഹം കഴിക്കണം. അവര്‍ നിങ്ങളുടെ ഭാഷ ഉപയോഗിക്കും. ഒരു തരത്തിലുള്ള സംവരണവും കൂടാതെ അവര്‍ക്ക് ഈ സമൂഹത്തില്‍ തലയുയര്‍ത്തി നില്ക്കാനാകുന്ന കാലമുണ്ടാകണം. അതായത് , നിങ്ങള്‍ നിങ്ങളുടെ ജാതീയതയെ ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍ , നിങ്ങള്‍ നിങ്ങളുടെ സവര്‍ണപിന്തുടര്‍ച്ചാവകാശങ്ങളെ മാറോടു ചേര്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും താഴെവെയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളെന്തിന് നിങ്ങളുടെ കോയ്മകള്‍ക്ക് കാവല്‍ നില്ക്കണം ? നിങ്ങള്‍ മണിമേടകളില്‍ നിന്ന് താഴെയിറങ്ങി മണ്ണില്‍ ചവിട്ടി നില്ക്കാന്‍ പഠിക്കുന്നതുവരെ , അതുവരെ എന്റെ പ്രിയപ്പെട്ട സുഹൃത്തേ അവര്‍ നിങ്ങളുടെ വെണ്‍കളിമേടകള്‍ക്കു മുകളില്‍ ഒരു തെറിപ്പാട്ടുമഴയായി പെയ്തിറങ്ങുക തന്നെ ചെയ്യും ! സഹിക്കുക എന്നല്ലാതെ മറ്റൊരു പോം വഴിയും നിങ്ങളുടെ മുന്നിലില്ല.

 

         

 

         

|| #ദിനസരികള് - 110 -2025 ജൂലൈ 25 , മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍