ക്ഷമിക്കണം,
സോളാര്‍ വിശേഷങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ച് ഉമ്മന്‍
ചാണ്ടിയുടെ പ്രിയ പത്നി മറിയാമ്മ ഉമ്മന്‍ നടത്തിയ വേദനാനിര്‍ഭരമായ പ്രസംഗം കേള്‍ക്കാന്‍
സാധിച്ചത് ഇന്നാണ്. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ശബ്ദം പുറത്തുവരാതെയും
ചിലപ്പോഴൊക്കെ വിതുമ്പിയും ആയമ്മ തന്റെ സങ്കടങ്ങള്‍ പങ്കുവെച്ചു. കേരളത്തിന്റെ
പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം എം ഹസനുമൊക്കെയിരിക്കുന്ന വേദിയില്‍
വെച്ചായിരുന്നു ആ പ്രതികരണം എന്നത് അതീവപ്രാധാനമര്‍ഹിക്കുന്ന
ഒന്നുതന്നെയായിരുന്നു. അവരുടെ വാക്കുകളെ
നമുക്ക് കേള്‍ക്കുക :-
“സോളാര്‍ കുടുംബത്തെ
തകര്‍ത്ത ഒരു വിഷയമാണ്. നിങ്ങള്‍ എന്റെ ഹൃദയത്തെ തകര്‍ത്തു. ഞാന്‍ ഏറ്റവും കൂടുതല്‍
വിഷാദിച്ചിരിക്കുന്നു. വല്ലവര്‍ക്കും സഹതാപം തോന്നുന്നുണ്ടോ എന്ന് ഞാന്‍ നോക്കി.
ആരേയും കണ്ടില്ല. ആരെങ്കിലും ആശ്വസിപ്പിക്കുവാന്‍ വരുന്നുണ്ടോയെന്ന്
നോക്കിക്കൊണ്ടിരുന്നു, ആരും വന്നില്ല താനും.ഞാന്‍ ഉമ്മന്‍ ചാണ്ടിയോട് ചോദിച്ച ഒരു
ചോദ്യമാണ്. അത് തെറ്റായിപ്പോയി അദ്ദേഹത്തിന് വിഷമമായി എന്നെനിക്ക് ഇന്ന്
തോന്നുന്നുണ്ട്. കുഞ്ഞേ കുഞ്ഞിന് ഒത്തിരി വ്യക്തിബന്ധങ്ങളുണ്ടല്ലോ എല്ലാമ
മേഖലയിലും ? ആരും കുഞ്ഞിനെയൊന്ന് സപ്പോര്‍ട്ട് ചെയ്യാന്‍
വന്നില്ലല്ലോ ? ഇന്ന് ഒരുപാട് ആളുകള്‍ ദൈവത്തെപ്പോലെ
ഉമ്മന്‍ ചാണ്ടിയെ കാണുന്നു, അതുപോലെ എന്നേയും കാണുന്നു. ഒരുപാടു പേര്‍ മുത്തം
തരുന്നു , സ്നേഹിക്കുന്നു. “
എന്തൊരു നിഷ്കളങ്കമായിട്ടാണ് ആ അമ്മ തന്റെ
ഉള്ളിലെ നീറുന്ന നൊമ്പരങ്ങളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചത് ? ഒരു വിഷമഘട്ടത്തില്‍ കൂടെയുണ്ടാകും എന്ന്
കരുതിയിരുന്നവരാരും തന്നെ തിരിഞ്ഞു നോക്കാതെ ഒറ്റപ്പെടലിന്റേയും അവഗണനയുടേയും
നടുക്കടലില്‍ ഏകാകിയായി തുഴഞ്ഞു തീര്‍ത്ത ദൂരങ്ങളെ മറിയാമ്മ ഉമ്മന്‍
അവതരിപ്പിക്കുമ്പോള്‍ സത്യത്തില്‍ കണ്ണു നിറഞ്ഞുപോയി. ഇത്രമാത്രം ഒറ്റപ്പെടല്‍
അനുഭവിച്ചാണോ ഉമ്മന്‍ ചാണ്ടി തന്റെ അവസാനകാലങ്ങളെ തള്ളിനീക്കിയത് ? ആണെന്ന് അദ്ദേഹത്തിന്റെ പ്രിയപത്നി ശ്രീ
മറിയാമ്മ ഉമ്മന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ നാം എന്തിനാണ് സംശയിക്കുന്നത് ? ഒരവസരം ഒത്തുകിട്ടിയപ്പോള്‍ വേദിയിലും
സദസ്സിലുമുള്ള കോണ്‍ഗ്രസ് നേതാക്കളോടും അനുഭാവികളോടും അവര്‍ മനസ്സു തുറന്നു
പറഞ്ഞതും ഒറ്റപ്പെടുത്തിയതിന്റെ കഥ തന്നെയായിരുന്നല്ലോ !
ശ്രീമതി മറിയാമ്മ ഉമ്മന്റെ പ്രസ്താവനയെ മുന്‍നിറുത്തി
പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത് ഇവിടെയാണ്. ഇത്രമാത്രം അവഗണിക്കപ്പെട്ട് ,
ഒറ്റപ്പെടുത്തപ്പെട്ട് ,
പരിത്യക്തനാക്കപ്പെട്ട് , ഉപേക്ഷിക്കപ്പെട്ട് നിരാശ്രയനായി കഴിഞ്ഞുപോന്ന ഉമ്മന്‍
ചാണ്ടി , എങ്ങനെയാണ് തന്റെ മരണത്തോടെ വിശുദ്ധനായും അതിജനകീയനായും മാറിയത് ? എന്താണോ വാസ്തവത്തില്‍ ഉമ്മന്‍ ചാണ്ടി
അതിനു നേരെ എതിരായുള്ള പ്രിതിബിംബ പ്രതിഷ്ഠ നടത്തി അദ്ദേഹത്തെ വിശുദ്ധനായി
അവരോധിക്കാന്‍ പ്രയത്നിച്ചത് തീര്‍ച്ചയായും നമ്മുടെ മാധ്യമങ്ങളാണ്. അവര്‍
ഇടതുപക്ഷത്തിനെതിരെ പ്രതിഷ്ഠിക്കുവാന്‍ ഒരു ബിംബത്തെ കാത്തിരിക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി മരിച്ചതോടെ അദ്ദേഹത്തെ അവര്‍ ഏറ്റെടുക്കുകയും
ബിംബവത്കരിക്കുകയുമായിരുന്നു. ഇടതുപക്ഷ നേതാക്കള്‍ക്ക് കിട്ടുന്ന സ്വീകാര്യതയെ
വെല്ലുവിളിക്കാന്‍ അവര്‍ക്ക് ജനകീയനായ ഒരു ഉമ്മന്‍ ചാണ്ടിയെ വേണമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ അത്ര കണ്ട് ജനകീയനായ ഒരു
നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി സത്യസന്ധമായി
പറയുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍
രാഷ്ട്രീയ കരുനീക്കങ്ങളിലെ രാജാവായിരുന്ന കരുണാകരനെപ്പോലും വെട്ടിമാറ്റിയ കുശാഗ്ര
ബുദ്ധി ഉമ്മന്‍ ചാണ്ടിയ്ക്ക് സ്വന്തമായിട്ടുണ്ടായിരുന്നു എന്ന കാര്യം നമുക്കറിയാം.
അതിനുമപ്പുറം ജനങ്ങളുടെ പ്രശ്നങ്ങളേറ്റെടുത്ത് , നാടിന്റെ വികസനങ്ങളുടെ പക്ഷം
പിടിച്ച് കേരളത്തെ പുരോഗമനോന്മുഖമായും ജനകീയമായും മുന്നോട്ടു നയിച്ച ഒരാളായിരുന്നു
ഉമ്മന്‍ ചാണ്ടി എന്ന് ആരെങ്കിലും പറയണമെങ്കില്‍ അയാള്‍ക്ക് അത്രമാത്രം അന്ധത
ഉണ്ടാകേണ്ടതുണ്ട്.
അതുതന്നെയാണ്
ഇന്ന് ഒരുപാട് ആളുകള്‍ ദൈവത്തെപ്പോലെ ഉമ്മന്‍ ചാണ്ടിയെ കാണുന്നു, അതുപോലെ
എന്നേയും കാണുന്നു എന്ന് മറിയാമ്മ ഉമ്മന്‍ പറയുമ്പോള്‍ നമുക്ക് വെളിപ്പെട്ടു
കിട്ടുന്നതും. അതായത് ഞാന്‍ വിശദമായി എഴുതിയത് മറിയാമ്മ ഉമ്മന്‍ ഒറ്റവരിയില്‍
ഒതുക്കി, അത്രമാത്രം !
|| #ദിനസരികള്
- 109 -2025 ജൂലൈ
24 , മനോജ്
പട്ടേട്ട് ||
Comments