വി എസ് മരിച്ചു കിടക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ നോക്കി
അവസാനത്തെ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നു. എന്നിട്ട് സഖാവ് വി എസിനുള്ള ഏറ്റവും
കൃത്യമായ വിശേഷണമാണതെന്ന് കോള്‍മയിര്‍ക്കൊള്ളുന്നു! എന്തൊരു വിഡ്ഢിയാണ് സുഹൃത്തേ നിങ്ങള്‍ ? നിങ്ങളിങ്ങനെ വി എസിനെ പുകഴ്ത്തുമ്പോള്‍ ഈ വിശേഷണത്തിന്റെ പിന്നിലെ കൌടില്യത്തെ
കാണാന്‍ ശേഷിയില്ലാത്തവരാണ് കേരളത്തിലെ , ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ എന്നാണോ
പ്രിയപ്പെട്ട മിത്രമേ താങ്കള്‍ കരുതിയിരിക്കുന്നത് ? എന്തൊരല്പനാണ് താങ്കള്‍ ?
രണ്ടുകാര്യങ്ങളാണ് ഈ വിശേഷണത്തിന്
പിന്നിലുള്ളത്. ഒന്ന് കമ്യൂണിസ്റ്റ് വിരോധം, രണ്ട് വി എസിനെത്തന്നെ റദ്ദു ചെയ്യല്‍
! ആദ്യത്തേതിന് വിശദീകരണമൊന്നും വേണ്ടതില്ല
എന്നാണ് കരുതുന്നത്. അവസാനത്തെ കമ്യൂണിസ്റ്റ് എന്ന് പറയുമ്പോള്‍ അവന്‍
അനുഭവിക്കുന്ന ആനന്ദം പ്രധാനമായും ഇനി കമ്യൂണിസ്റ്റുകളുമില്ല, അതുകൊണ്ടുതന്നെ
കമ്യുണിസ്റ്റ് പാര്‍ട്ടികളുമില്ല എന്നതാണ്. എന്നുവെച്ചാല്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെ
വി എസിനൊപ്പം ഒരു പെട്ടിയില്‍ അടക്കം ചെയ്ത്
അവസാനിപ്പിച്ചിരിക്കുന്നുവെന്നുതന്നെയാണ്. പ്രസ്ഥാനത്തില്‍ ജീവിച്ചിരിക്കുന്ന
മറ്റെല്ലാ ആളുകളേയും തള്ളിക്കളഞ്ഞുകൊണ്ടും അവരൊന്നും തന്നെ കമ്യൂണിസ്റ്റല്ല എന്ന്
പ്രത്യക്ഷമായിത്തന്നെ പ്രഖ്യാപിച്ചുകൊണ്ടുമാണ് വി എസിന്റെ ചിലവില്‍ ഈ
കമ്യൂണിസ്റ്റ് വിരോധം നടപ്പാക്കിയെടുക്കുവാന്‍ ശ്രമിക്കുന്നത്. അമ്പേ ദയനീയം
എന്നല്ലാതെ വേറെന്തു പറയാന്‍ ?
മാത്രവുമല്ല ഈ ആരോപണം കമ്യൂണിസ്റ്റ്
നേതാക്കളെക്കുറിച്ച് എല്ലാക്കാലത്തും നടത്തപ്പെട്ടിട്ടുണ്ട്. ഇ എം എസും എ കെ ജിയും
പി കൃഷ്ണപിള്ളയും ഇ കെ നയനാരുമെല്ലാം ഇത്തരത്തില്‍ അവസാനത്തെ കമ്യൂണിസ്റ്റ് എന്ന “വിശേഷണത്തിന് ” വിധേയരായിട്ടുള്ളവരാണ്. എന്നാല്‍ അവര്‍
ജീവിച്ചിരുന്നപ്പോഴാകട്ടെ ഒരു തരത്തിലും അംഗീകരിക്കുകയോ അവര്‍ പറയുന്നതിനെ സ്വീകരിക്കുകയോ
ചെയ്യാത്തവരാണ് മരിച്ചുകഴിയുമ്പോള്‍ ഈ വിശേഷണവുമായി വരുന്നതെന്നത് പ്രത്യേകം
ശ്രദ്ധിക്കണം. സാക്ഷാല്‍ ഇ എം എസിനെത്തന്നെ വിക്കനെന്നും കള്ളനെന്നുമൊക്കെ
വിളിച്ച് ജീവിച്ചിരുന്നപ്പോള്‍ ആക്ഷേപിച്ചവരുടെ അദമ്യമായ സ്നേഹവായ്പ്
വഴിഞ്ഞൊഴുകുന്നത് കണ്ടത് അദ്ദേഹത്തിന്റെ വിയോഗശേഷമാണ് : അങ്ങനെ ഇ എം എസിനേയും അവസാന
കമ്യുണിസ്റ്റാക്കി. കൃഷ്ണപിള്ളയും എ കെ ജിയും നയനാരുമൊക്കെ “അവസാന കമ്യൂണിസ്റ്റുകളായിരുന്നു എന്ന
കാര്യം കൂടി ഓര്‍ക്കുക .
രണ്ടാമത്തേത്
വി എസിനെത്തന്നെ റദ്ദുചെയ്യുന്ന പരിപാടിയാണെന്ന് പറഞ്ഞല്ലോ ? ഒരു ജീവിതകാലം മുഴുവന്‍ അദ്ദേഹം ഏതൊരു
ആശയത്തിനുവേണ്ടി ജീവിച്ചോ ആ ആശയം ഏറ്റെടുക്കാനുള്ള ഒരാളെപ്പോലും സൃഷ്ടിക്കുവാന്‍
അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നല്ലേ അവസാനത്തെ കമ്യൂണിസ്റ്റ് എന്ന പ്രയോഗത്തിന്റെ
രണ്ടാമത്തെ അര്‍ത്ഥം ? അതായത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍
അദ്ദേഹത്തോടൊപ്പം അവസാനിക്കുന്നു. തുടര്‍ന്നു കൊണ്ടുപോകാനാരുമില്ല ആന്ധ്യകാലമാണ്
വി എസിന് ശേഷമുള്ളത് എന്നുവന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം ഒരു പരാജയമായിരുന്നു
എന്നുതന്നെയല്ലേ അര്‍ത്ഥം ? അപ്പോള്‍ അവസാനത്തെ
കമ്യുണിസ്റ്റ് എന്ന പ്രയോഗം വി എസിനെത്തന്നെ റദ്ദുചെയ്യുന്ന ഒന്നാകുന്നു.
കൂട്ടത്തില്‍
ഒരു കാര്യം എന്റെ സഖാക്കളോടുകൂടി പറയട്ടെ ! നമ്മളില്‍ പലരും ഇനി വി എസിനെപ്പോലെ ഒരാള്‍ ഉണ്ടാകുമോ എന്ന് ചോദിക്കുന്നത് കേള്‍ക്കുന്നുണ്ട്.
എന്തിനാണ് ഇനി വി എസിനെപ്പോലെ ഒരാള്‍ ? വി എസ് അദ്ദേഹം ജീവിച്ച കാലത്തെ നമുക്കുവേണ്ടി മാറ്റിത്തീര്‍ത്തു. നമ്മുടെ ജീവിതം
കൂടുതല്‍ തെളിച്ചമുള്ളതും പ്രയോഗക്ഷമവുമായി. അങ്ങനെ വി എസ് സ്വന്തം ജീവിതം കൊണ്ട് മാറ്റിത്തീര്‍ത്ത്
നമുക്ക് നല്കിയ സാമൂഹ്യ – രാഷ്ട്രീയ - സാഹചര്യങ്ങളില്‍
നിന്നാണ് ഇനി നാം പ്രയാണം ആരംഭിക്കേണ്ടത്. അല്ലാതെ ഇനിയും വി എസിനെപ്പോലെ ഒരാള്‍ വേണമെന്ന്
പറയുമ്പോള്‍ വി എസ് തുടങ്ങിയിടത്തുതന്നെയാണ് നാം നില്ക്കുന്നത് എന്നുവരുന്നു. അത് വി
എസിനെത്തന്നെ റദ്ദു ചെയ്യുന്ന ഒരു ചിന്തയാണ്. വി എസ് അദ്ദേഹം ജനിച്ചു ജീവിച്ച കാലത്തെ
നമുക്കുവേണ്ടി മാറ്റിയെടുത്തു. നമ്മള്‍ ചെയ്യേണ്ടത് ഇന്ന് നാം ജീവിക്കുന്ന കാലത്തു
നിലനില്ക്കുന്ന പ്രശ്നങ്ങളെ നാളെ വരുന്നവര്‍ക്കുവേണ്ടി മാറ്റിയെടുക്കുക എന്നതാണ്. അതുകൊണ്ട്
ഇനിയൊരു വി എസ് ഉണ്ടാകില്ലല്ലോ എന്ന് പരിതപിക്കുന്നത് വി എസിനോടുതന്നെ ചെയ്യുന്ന അപരാധമാണ്
എന്ന് സഖാക്കള്‍ തിരിച്ചറിയുക തന്നെ വേണം.
|| #ദിനസരികള്
- 108 -2025 ജൂലൈ
23 , മനോജ്
പട്ടേട്ട് ||
Comments