#ദിനസരികള്‍ 1273 ............ വീണ്ടും !
2020 ഒക്ടോബര്‍ പതിനൊന്നു
മുതല്‍ എണ്‍പത് ദിവസം എഴുത്തിനും വായനയ്ക്കും ഇടവേളയുണ്ടായി. അതു നന്നായി എന്നു
തന്നെ കരുതുന്നു. വായനയെക്കാളും എഴുത്തിനെക്കാളും എത്രയോ സുഖകരമാണ് ഇതുരണ്ടും
ചെയ്യാതെയിരിക്കുന്നത് എന്ന് അനുഭവിച്ചറിയുവാന്‍ അക്കാലയളവ് സഹായിച്ചു. വിജയന്‍
പറയുന്നതുപോലെ വിവരങ്ങളുടെ ഭാരമില്ലാതെയിരിക്കുക എന്നത് രസകരമായ അനുഭവം തന്നെയാണ്.
എന്നാല്‍ സുഖത്തില്‍ മാത്രം ജീവിച്ചു പോയാല്‍ പോരല്ലോ.
കനപ്പെട്ട വിഭവങ്ങളൊന്നും വിളമ്പാറില്ലെങ്കിലും ചിലര്‍ക്കെങ്കിലും
ഇഷ്ടപ്പെടാറുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. അവരുടെ പ്രതികരണങ്ങളെ ഗൌരവത്തോടെ തന്നെ
പരിഗണിക്കാറുമുണ്ട്. എന്നാല്‍ തീരെ രസിക്കാത്ത ചിലരേയും കണ്ടിട്ടുണ്ട്. അവര്‍
തങ്ങളുടെ ഇഷ്ടക്കേടുകളെ പരസ്യമായും രഹസ്യമായും അടയാളപ്പെടുത്താറുമുണ്ട്. അത്തരം
പ്രതികരണങ്ങളും എന്നെ പ്രചോദിപ്പിച്ചുവെന്നതൊരു വസ്തുതയാണ്. എന്നാല്‍ ഇനിയും
മറ്റൊരു കൂട്ടരുണ്ട്. അവര്‍ അവഗണന മുഖമുദ്രയാക്കിയവരാണ്. ഒരു കണക്കിന് അവരാണ് 1272
ദിവസം തുടര്‍ച്ചയായി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് പറയുന്നതില്‍ കൌതുകമുണ്ട്.
അവഗണിക്കുന്തോറും വാശിയോടെ കളി തുടരുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ? അതുപോലെ
ചിലരുടെ , അതും കാണേണ്ട ചിലരുടെ അവഗണന എന്നില്‍ രസം ജനിപ്പിക്കുകയും കൂടുതല്‍
വീറോടെ എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അധികാരികളിലേക്ക് എത്തുന്നതുവരെ 'ഷെയറു'
ചെയ്യുക എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോയുമൊക്കെ
കണ്ടിട്ടില്ലേ ? അതുപോലെ
'അധികാരികളുടെ' ശ്രദ്ധയിലേക്ക്
എത്തുന്നതുവരെ ഞാനും വാശി കാണിച്ചു , നിറുത്താതെ പലതും എഴുതി. നിലത്തേക്ക്
അടിച്ചിരുത്തുന്ന റബ്ബര്‍ പന്തുപോലെ പെരുമാറി എന്നു പറയുന്നതായിരിക്കും
കൂടുതല്‍ ശരി.
ആ വാശിപ്പുറത്തേക്കാണ് അപ്രതീക്ഷിതമായി ഇടവേള വന്നു വീണത്.
ഇടവേളക്കാലം പത്രം പോലും വായിക്കാതിരിക്കാനുള്ള ജാഗ്രത കാണിച്ചു.കൂടുതലായും കേള്‍ക്കാന്‍
പഠിച്ചു. എന്നിട്ടും ചില കുറിപ്പുകളുമായി ഓണ്‍ലൈനിടങ്ങളില്‍ വന്നു. ഇനി വീണ്ടും
എഴുത്തിന്റെ തുടര്‍ച്ച. അതുകൊണ്ടാണ് ഇടവേളയെ ഒഴിവാക്കിക്കൊണ്ട് ഒക്ടോബര്‍ പതിനൊന്നിന്റെ
തുടര്‍ച്ചയെന്ന പോലെ 1273 ാം ദിവസം എന്ന് ഞാന്‍ കുറിച്ചിട്ടത്.
മാവോ പണ്ട് "We
should support whatever the enemy opposes and oppose whatever enemy supports
" എന്ന്
പറഞ്ഞിട്ടുണ്ടത്രേ. എന്നാല്‍ മാവോയോടും അദ്ദേഹത്തിന്റെ അതിരറ്റ വിപ്ലവ
സ്വപ്നങ്ങളോടും പ്രതിപത്തി തോന്നാത്തതുപോലെ തന്നെ എനിക്ക് ഈ സൂക്തത്തോടും വലിയ
താല്പര്യമില്ല.ശത്രുവാണെങ്കിലും മിത്രമാണെങ്കിലും തെറ്റ് തെറ്റാണെന്നും ശരി
ശരിയാണെന്നും പറയുക എന്നതാണ് എന്റെ രീതിയുമായി ഇനി ഞാനിവിടെയുണ്ടാകും. അത്രമാത്രം.
Comments