#ദിനസരികള് 1272 നൂറു ദിവസം നൂറു പുസ്തകം ||പതിനൊന്നാം ദിവസം – ഭാരതപര്യടനം||
( മാരാര് കൃതികളിലൂടെ )
കുട്ടികൃഷ്ണമാരാരുടെ ഏറ്റവും പ്രധാനപ്പെട്ടെ രചനയേത് എന്ന
ചോദ്യത്തിന് പലരും പറയുന്ന ഉത്തരം ഭാരതപര്യടനം എന്നായിരിക്കും. ആ ഉത്തരത്തില്‍
മാരാര്‍ക്കും ഇഷ്ടക്കേടൊന്നുമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മഹാഭാരതത്തിലെ
ചില സന്ദര്‍ഭങ്ങളെ മുന്നില്‍ വെച്ച് ജീവിതത്തിന്റെ ഗതിവിഗതികളെ കൂടുതല്‍ ആഴത്തിലും
പരപ്പിലും ഇഴവിടര്‍ത്തിക്കാണിക്കുവാന്‍ മാരാര്‍ പരിശ്രമിച്ചതിന്റെ ഈടുറ്റ ഫലമാണ്
ഭാരതപര്യടനമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എം കെ സാനു
ചൂണ്ടിക്കാണിക്കുന്നതുപോലെ ആ ഗ്രന്ഥം ആര്‍ക്കും തന്നെ വെറുതെ വായിച്ചുപോകുവാന്‍ കഴിയുന്ന
ഒന്നല്ല മറിച്ച് അനുഭവിക്കാനും ജീവിതത്തെത്തന്നെ മാറ്റിപ്പണിയാനുമുള്ളതാണ്. വിമര്‍ശനത്തിലെ
രാജശില്പി എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു. "ആന്തരിക
ജീവിതത്തില്‍ ചലനമോ മാറ്റമോ ഉണ്ടാകുമ്പോള്‍ മാത്രമേ വായനയെക്കുറിച്ച്
അനുഭവം എന്നു പറയാനാകൂ. ഗ്രന്ഥം വായിക്കുന്നതിനുമുമ്പുള്ള അവസ്ഥയില്‍ തുടരാന്‍
വായനക്കു ശേഷം നിങ്ങള്‍ക്കു സാധിക്കില്ല. കാണാത്ത പലതും കണ്ടതായി നിങ്ങള്‍ അറിയുന്നു.ആലോചനയില്‍ പെട്ടിട്ടില്ലാത്ത
പലതും ആലോചനയിലേക്ക് കടന്നു വരുന്നതായി നിങ്ങള്‍ അറിയുന്നു. നിങ്ങള്‍ അസ്വസ്ഥനായിത്തീരുന്നു.
ആരോഗ്യകരമായ അസ്വസ്ഥതയാണ് അത്. സ്വാതന്ത്ര്യത്തിലേക്കുയരുന്ന ഏതൊരാളും അഭിമാനപൂര്‍വ്വം
സ്വാഗതം ചെയ്യേണ്ട അസ്വസ്ഥത. താല്ക്കാലിക വിനോദങ്ങളില്‍ മുഴുകി ഉദാസീനരായി
കഴിയുന്നവരില്‍പ്പോലും രചനാത്മകമായ അസ്വാസ്ഥ്യമുണര്‍ത്തുന്നു എന്നത്
ഭാരതപര്യടനത്തിന്റെ സവിശേഷഗുണമാണ്."
സാനുവിന്റെ പ്രസ്താവനയില്‍ ഒട്ടുംതന്നെ
അതിശയോക്തിയില്ലെന്ന് ഭാരതപര്യടനത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയ ഒരാള്‍ക്ക് ബോധ്യപ്പെടുന്നതാണ്.
കൃതികള്‍ മനുഷ്യകഥാനുഗായികളാണല്ലോ എക്കാലത്തും . വ്യാസവിരചിതമായ
മഹാഭാരതവും ആ വിശേഷണത്തിന്റെ പരിധിയില്‍പെടുന്നു. കാലം പരിവേഷങ്ങളുടെ മഹാഭാരം ഓരോരുത്തരുടേയും
ചുമലുകളില്‍ ഏറ്റിക്കൊടുക്കുന്നുണ്ടെങ്കിലും ഭാരതത്തിലെ ഓരോ കഥാപാത്രങ്ങളും
അമാനുഷികമായ ആലക്തിക സൌന്ദര്യങ്ങളോടല്ല ചേര്‍ന്നു നില്ക്കുന്നത്, മറിച്ച് മനുഷ്യര്‍
നടക്കുന്ന വഴികളിലൂടെ തന്നെയാണ് അവരേയും വ്യാസന്‍ കൈപിടിച്ചാനയിരിക്കുന്നത്. ഓരോ
തിരിവുകളിലും അടുത്തു വരാനിരിക്കുന്നവര്‍ക്കു വേണ്ടി വ്യാസന്‍ ഓരോ അടയാളവും
അവശേഷിപ്പിക്കുന്നു. കണ്ണുള്ളവര്‍ ആ അടയാളത്തെ പിന്‍തുടര്‍ന്ന് തങ്ങളുടെ
വഴികളെ കൂടുതല്‍ സാര്‍ത്ഥകമാക്കുന്നു. അല്ലാത്തവര്‍ ഇരുളില്‍ ഉഴറിനടന്ന്
വ്യര്‍ത്ഥജീവിതങ്ങളായി ഒടുങ്ങിപ്പോകുന്നു. മാരാര്‍ , വ്യാസന്‍ കൊളുത്തിവെച്ച
അടയാളങ്ങളെ കണ്ടെത്തുകയും നമുക്കായി ചൂണ്ടിക്കാണിച്ചു തരികയും ചെയ്യുന്നു
എന്നതിലാണ് അദ്ദേഹത്തിന്റെ ഭാരതപര്യടനത്തിന്റെ മഹത്വം കുടികൊള്ളുന്നത് എന്നാണ്
എനിക്ക് തോന്നുന്നത്.
ലേഖനത്തിന്റെ ആദ്യഭാഗത്ത് ഭാരതത്തിലെ സന്ദര്‍ഭം ഒരു
ചെറുകഥയായി പറയുക, അതിനുശേഷം ആഴത്തിലേക്കൊരു ഊളിയിടലിലൂടെ ധര്‍മ്മാധര്‍മ്മങ്ങളെ
വേര്‍തിരിച്ചെടുക്കുക. ഈയൊരു രീതിയാണ് അദ്ദേഹം പൊതുവേ ഭാരതപര്യടനത്തില്‍ അവംലബിച്ചിരിക്കുന്നത്.
കഥയിലെ നാടകീയത നിലനിറുത്താനും അദ്ദേഹം പലപ്പോഴും മനസ്സിരുത്തിയിട്ടുണ്ട്. രണ്ട്
അഭിവാദനങ്ങള്‍ എന്ന ലേഖനം ഈ പറഞ്ഞതിനെ സര്‍വ്വാത്മനാ സാധൂകരിക്കുന്ന ഒന്നാണ്.
സന്ദര്‍ഭത്തെ ചടുലമായി അവതരിപ്പിച്ചതിനു ശേഷം യുധിഷ്ഠിരന്റെ അഭിവാദ്യത്തെക്കാള്‍ കര്‍ണന്റെ
അഭിവാദ്യമാണ് ശ്രേഷ്ഠമായിരിക്കുന്നതെന്ന് മാരാര്‍ സ്ഥാപിക്കുന്നത് നമുക്ക്
അത്ഭുതാദരവുകളോടെ മാത്രമേ നോക്കിക്കാണാനാകൂ. കര്‍ണാഭിവാദ്യത്തിന് പ്രദര്‍ശനപരത
തീരെയില്ലെന്നും യുധീഷ്ഠിരന്റേത് അങ്ങനെയല്ലെന്നും മാരാര്‍ ഉറപ്പിക്കുന്നു." സാഹിത്യനിരൂപണ
ഭാഷയില്‍ ചുരുക്കിപ്പറഞ്ഞാല്‍ നേര്‍ക്കുനേരെ കയര്‍ത്തുനില്ക്കുന്ന ആ
രണ്ടു സൈന്യനിരയുടെ നടുക്കുവെച്ച് നടന്ന ആ ഒന്നാം രംഗത്തിന് രൂപോജ്ജ്വലത
കൂടുമെങ്കിലും അതിലേക്കാള്‍ ഭാവോല്‍ക്കൃഷ്ടത ഈ രണ്ടാം രംഗത്തിലാണുള്ളത്" എന്ന്
മാരാര്‍ ലേഖനം അവസാനിപ്പിക്കുമ്പോള്‍ ആ വാഗ്‌വൈഭവത്തിനും , യുക്തിബോധത്തിനും മുന്നില്‍ നാം
എഴുന്നേറ്റു നിന്നു കൈയ്യടിക്കുക തന്നെ ചെയ്യും.
എന്നാല്‍ പര്യടനത്തിന്റെ മൊത്തത്തിലുള്ള ഒരു
ഗൌരവത്തിന് ചേരാത്ത ചില ലേഖനങ്ങളും ഇതില്‍ കാണാമെന്ന് എനിക്കഭിപ്രായമുണ്ട്. അതോടൊപ്പം
മാരാരുടെ ചില അഭിപ്രായങ്ങളോട് വിയോജിപ്പുകളും തോന്നാം. പ്രത്യേകിച്ചും ഭീഷ്മരെ
മാരാര്‍ അനാവശ്യമായി വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഒരാക്ഷേപം
ഭീഷ്മപ്രതിജ്ഞ വായിക്കുമ്പോള്‍ നമുക്ക് തോന്നിയേക്കാം. 'സംസാരത്തിലെ
ഭോഗസംവിഷ്ഠുലതയില്‍ നിന്ന് എത്രക്കെത്രക്ക് വാങ്ങി നില്ക്കുവാന്‍ കഴിയുമോ
അത്രയ്ക്കത്രക്കാണ് മനുഷ്യന് ശ്രേയസ്സ്' എന്ന് സ്ഥാപിക്കുന്നതിനാണ്
ഭീഷ്മപ്രതിജ്ഞയില്‍ മാരാര്‍ പ്രയത്നിക്കുന്നത്. വംശരക്ഷ പ്രധാന കര്‍മ്മമായി
കാണേണ്ട ഒരാള്‍ , അതിനു തുനിയാതെ താന്‍ കൊടുത്ത വാക്കിന് തലവെച്ച്
സ്വയമൊടുങ്ങിപ്പോകുകയെന്ന ദുര്‍വിധിയെ ആശ്ലേഷിക്കുന്നതിനെയാണ് മാരാര്‍ ഇത്രയും
പാടിപ്പുകഴ്ത്തുന്നതെന്ന് കാണാതിരുന്നുകൂടാ. വ്യാസന്‍ ഭീഷ്മരെ അങ്ങനെ
നിലനിറുത്തിയതുകൊണ്ടുമാത്രം മാരാര്‍ അതിനെ ന്യായീകരിച്ചു എന്നേ നമുക്ക്
തോന്നാനിടയുള്ളു. അല്ലായിരുന്നുവെങ്കില്‍ വംശരക്ഷണത്തിനുവേണ്ടി ഭീഷ്മര്‍ വിവാഹം
കഴിച്ചത് ഉചിതമായിരുന്നുവെന്ന് വാദിക്കുന്ന മാരാരെയായിരിക്കും നാം കാണുക.
ഭാരതപര്യടനത്തിലെ
ഏറ്റവും പ്രധാനപ്പെട്ട ഒരു ലേഖനമായി , അതായത് മാരാരെ ജീവിതകാലം മുഴുവന്‍ തന്നെ
സ്വാധീനിച്ച ഒരാശയത്തിന്റെ വിശദീകരണമായി എനിക്കു തോന്നിയിട്ടുള്ള നേശേ ബലസ്യേതി
ചരേദധര്‍മ്മം എന്ന ലേഖനമാണ്. ബലം എന്ന വാക്കിന് മാരാരുടെ നിരൂപക ജീവിതത്തില്‍ അസാമാന്യമായ
സ്ഥാനമുണ്ട്. താന്‍ ചെയ്യുന്നതെന്തും ബലത്തോടെ . നിര്‍ഭയനായി ചെയ്യുക എന്നാണ്
മാരാര്‍ എപ്പോഴും ചിന്തിക്കുന്നത്. വേദാന്തത്തെ ഉദ്ധരിച്ച് അഭയം വൈ ബ്രഹ്മ
എന്നൊരു ലേഖനം മാരാര്‍ എഴുതിയിട്ടുമുണ്ട് എന്നതുകൂടി ഓര്‍ക്കുക. ബലത്തോടെ കര്‍മ്മം
ചെയ്യുക എന്ന ആശയം അദ്ദേഹത്തിന് പ്രിയമായിരുന്നു. അതുകൊണ്ടാണ് ബലത്തിനാളല്ലെന്ന്
വന്നാല്‍ അധര്‍മ്മം ചെയ്യാവുന്നതാണ് - നേശേ ബലസ്യേതി ചരേദധര്‍മ്മം - എന്ന
അര്‍ത്ഥം വരുന്ന മാര്‍ക്കണ്ഡേയ വാക്യത്തെ ബലത്തിനാളല്ലെന്നു കരുതി
ചെയ്യുന്നതെന്തും അധര്‍മ്മമാകും എന്ന് വ്യാഖ്യാനിച്ചെടുത്തപ്പോള്‍ അദ്ദേഹം കൂടുതല്‍ തൃപ്തനായത്.
എന്നുമാത്രവുമല്ല ഒരു കര്‍മ്മം ധര്‍മ്മമോ അധര്‍മ്മമോ എന്നു നിശ്ചയിക്കുന്നതുപോലും
ചെയ്തവന്റെ ബലാബലബോധത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്നും മാരാര്‍ വാദിക്കും.
ഈ ബോധത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സാഹിത്യകേരളത്തോട് സംവദിച്ചതും പറയാനുള്ളത് ഉറച്ചും ഉച്ചത്തിലും നിര്‍ഭയമായി
അദ്ദേഹം വിളിച്ചു പറഞ്ഞതും. (ബലത്തെക്കുറിച്ച് കൂടുതലായി അദ്ദേഹം അഭയം വൈ ബ്രഹ്മ
എന്ന ലേഖനത്തിലും ചര്‍ച്ച ചെയ്യുന്നുണ്ട്.)
വ്യാസനെ അറിയണമെങ്കില്‍ ഭാരതപര്യടനം കൂടി
കൈയ്യിലെടുക്കേണ്ടതുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തി.
(ചിത്രത്തിന് കടപ്പാട്)
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 11 , 01.15 PM ||
Comments