#ദിനസരികള്‍ 1274 എ എസിനെക്കുറിച്ച്

 


           

ചിത്രകാരന്‍ എ എസിന്റെ വരകളെ ഞാന്‍ പരിചയപ്പെടാന്‍ തുടങ്ങുമ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് മാതൃഭുമിയില്‍ മായാമുരളിക്കുവേണ്ടി മദനന്‍ വരച്ച ചില ചിത്രങ്ങളെ പിന്തുടര്‍ന്നാണ് ഞാന്‍ എ എസിലേക്ക് എത്തുന്നത്. യയാതിക്ക് വേണ്ടി വരച്ച ചിത്രങ്ങള്‍ എന്നെ എ എസ് അതുല്യനായ ചിത്രകാരന്റെ ആജീവനാന്ത ആരാധകനാക്കി മാറ്റി. ഒരു പക്ഷേ രേഖാ ചിത്രങ്ങളില്‍ ഇത്രയധികം പരീക്ഷണം നടത്തിയ മറ്റൊരു ചിത്രകാരന്‍ അക്കാലത്തുണ്ടായിരുന്നില്ലെന്നു തന്നെപറയാം. കാലിഗ്രാഫിയിലും അദ്ദേഹം നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം കൂടി നാം മറക്കാതിരിക്കുക.

            1936 ല്‍ കാറല്‍മണ്ണയില്‍ അത്തിപ്പറ്റ ശിവരാമന്‍ നായര്‍ എന്ന എ എസ് നായര്‍ ജനിച്ചു.മദ്രാസിലെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും ചിത്രകല പൂര്‍ത്തിയാക്കി. കുറച്ചു കാലങ്ങള്‍ ജയകേരളം പോലെയുള്ള മാസികകളില്‍ ജോലി നോക്കിയെങ്കിലും 1961 ല്‍ മാതൃഭൂമിയില്‍ ചേരുന്നതോടെയാണ് എ എസ് എന്ന ചിത്രകാരന്‍ അനുവാചകരുടെ മനസ്സില്‍ കൂടുതലായി സ്ഥാനം പിടിക്കുന്നത്.ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം , ലളിതാംബികയുടെ അഗ്നിസാക്ഷി, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം തുടങ്ങി  വിഖ്യാതമായ നിരവധി നോവലുകള്‍ക്കും കഥകള്‍ക്കും എ എസ് ചിത്രീകരണം നടത്തി. ഓരോ വരയിലും തനതായ ഒരു സ്പര്‍ശം സൂക്ഷിക്കുവാന്‍ അദ്ദേഹം മനസ്സു വെച്ചു. തന്നെത്തന്നെ അനുകരിക്കുന്ന സ്വഭാവത്തിന് നിന്നുകൊടുക്കുവാന്‍ എ എസ് ഒരിക്കലും തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ 'പ്രതിവരഭിന്നമായ ' രചനകളിലൂടെ കടന്നുപോകുന്ന ആരുംതന്നെ അത്ഭുതപ്പെടാതിരിക്കില്ല.

            എ എസിന്റെ  മാതൃഭൂമിക്കാലത്തെക്കുറിച്ച് എം ടി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : " ശിവരാമന്‍ ആഴ്ചപ്പതിപ്പില്‍ ചേര്‍ന്ന ശേഷം സഹപ്രവര്‍ത്തകന്‍ എന്നതിലേറെ നല്ല സുഹൃത്തായിത്തീര്‍ന്നു. പിന്നെ സന്തതസഹചാരിയുമായി മാറി. എ എസിന്റെ രേഖാചിത്രങ്ങളും പ്രസിദ്ധങ്ങളായി. യയാതിയുടെ വിവര്‍ത്തനം ഖണ്ഡശ പ്രസിദ്ധീകരിക്കുവാന്‍ നിശ്ചയിച്ചപ്പോള്‍ ശിവരാമന്‍ ആലോചിക്കുവാന്‍ തുടങ്ങി. ചിത്രങ്ങള്‍ എങ്ങനെ വ്യത്യസ്തമാക്കണം? ചില സാമ്പിളുകള്‍ വരച്ചു കാണിച്ചു.നിശ്ചയിക്കേണ്ടത് ശിവരാമനാണ് ഞാനല്ല. പിന്നീട് ലിനോകട്ട് ശൈലിയില്‍ വരയ്ക്കാമെന്ന് ശിവരാമന്‍ നിശ്ചയിച്ചു. ചിത്രീകരണം മനോഹരമായി . മടുപ്പില്ലാതെ അനേകം മണിക്കൂറുകള്‍ പണിയെടുക്കുന്നത് ശിവരാമന്റെ സ്വഭാവമായിരുന്നു." നിരന്തരം പരീക്ഷണോന്മുഖമായ ഒരു മനസ്സുമായിട്ടാണ് എ എസ് എന്ന ചിത്രകാരന്‍ ഓരോ ചിത്ര സന്ദര്‍ഭങ്ങളേയും സമീപിച്ചതെന്ന് എംടിയുടെ എഴുത്ത് അടിവരയിരുന്നു. എഴുത്തുകാരനെപ്പോലെ തന്നെ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന കൈക്കരുത് എ എസിനും പകര്‍ന്നു കിട്ടിയത് ഈ ശീലങ്ങള്‍  കൊണ്ടായിരിക്കണം. കേരളത്തിന്റെ രേഖാചിത്ര ചരിത്രം അടയാളപ്പെടുത്തുന്ന ഒരാള്‍ക്ക് സുപ്രധാന സ്ഥാനത്തു തന്നെ എ എസ് എന്ന അത്തിപ്പറ്റ ശിവരാമന്‍ നായരെ പ്രതിഷ്ഠിക്കേണ്ടി വരും  എന്നതാണ് ആ വരകളെ ഇന്നും പ്രസക്തമാക്കുന്നത്.

 


 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം