#ദിനസരികള്‍ 1060 കൊറോണ – ചില പാഠങ്ങള്‍ ഇനിയും ബാക്കിയുണ്ട്.




            കൊറോണ മുന്നറിയിപ്പുകളെത്തുടര്‍ന്ന് പരസ്പര സമ്പര്‍ക്കം കഴിയുന്നത്ര കുറയ്ക്കേണ്ടതാണെന്ന വിദഗ്ദ നിര്‍‌ദ്ദേശങ്ങളെ നാം എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് ചുറ്റുമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കൈകൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ പൂര്‍വ്വാധികം ഉത്സാഹത്തോടെയാണ് ചിലര്‍ തുനിയുന്നത്. എന്താണ് നിങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുന്നറിയിപ്പുകളെ ഇത്രയും നിസ്സാരമായെടുക്കുന്നതെന്ന് അവരോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ,  വരാനുള്ളത് വഴിയില്‍ തങ്ങില്ല, മരിച്ചാല്‍ മരിക്കട്ടെ എന്നൊക്കെയാണ്. തങ്ങള്‍ വലിയ ധൈര്യശാലികളാണെന്ന തരത്തിലാണ് അവര്‍ ഇങ്ങനെ പ്രതികരിക്കുന്നത്.മുന്നറിയിപ്പുകള്‍ മാനിക്കേണ്ടതാണെന്നും അങ്ങനെയല്ലാതെ പെരുമാറരുതെന്നും നമ്മളാരെങ്കിലും പറഞ്ഞാല്‍ ഒരു തരം കളിയാക്കുന്ന ഭാവമാണ് അവര്‍ക്കുണ്ടാകുക. എന്നുമാത്രവുമല്ല ഇപ്പറയുന്ന നമ്മള്‍ ഭീരുവാണെന്നു കൂടി അവര്‍ പറഞ്ഞുകളയും.മരിക്കാന്‍ ഇത്രയും ഭയപ്പെടരുത് കേട്ടോ എന്ന് എന്നെ ഉപദേശിച്ചവരും അക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞാല്‍ എല്ലാമായല്ലോ.
          നൂറ്റിയിരുപത്തൊന്നിലധികം രാജ്യങ്ങളിലെ ജനങ്ങളെ ബാധിച്ച , ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ഒന്നിനെയാണ് നാമിത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതെന്നതുകൂടി ശ്രദ്ധിക്കുക. നമുക്കു വേണ്ടി ആരൊക്കെയോ ഉറക്കമിളയ്ക്കുന്നതുകൊണ്ടാണ് നാം ഇവിടെ , അതാതിടങ്ങളില്‍ , സുഖമായി ഉറങ്ങുന്നതെന്ന ബോധ്യം എന്നാണ് ഇവര്‍ക്കുണ്ടാകുക ?
            എന്തായാലും കൊറോണയ്ക്കൊപ്പം ഇത്തരക്കാരുടെ അസംബന്ധങ്ങളോടും നമുക്ക് യുദ്ധം ചെയ്യേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ആരോഗ്യവിദഗ്ദരുടേയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടേയും മുന്നറിയിപ്പുകളെ നാം ഗൌരവമായിത്തന്നെ എടുക്കണം. പെരുമാറ്റത്തില്‍ ആ നിര്‍‌ദ്ദേശങ്ങള്‍ സസൂക്ഷ്മം പകര്‍ത്തുകയും വേണം.എന്നാല്‍ അത്തരം നിര്‍ദ്ദേശങ്ങളെ അനുസരിച്ച് പരിഭ്രാന്തി പരത്തി ജനങ്ങളെ പേടിപ്പെടുത്താനുള്ള അതിജാഗ്രതയിലേക്ക് ചെന്നു വീഴാതിരിക്കാനുള്ള സാമാന്യ ബുദ്ധിയും നാം കാണിക്കേണ്ടതുണ്ട്.കൊറോണയെ ലാഘവത്തോടെ കാണാതിരിക്കുക എന്നുതന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവേഷണങ്ങളില്‍ ഏര്‍‌പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരും നമുക്ക് മുന്നറിയിപ്പ് നല്കുന്നത്.നിലവില്‍ കൊറോണ വൈറസിന് മരുന്നുകളൊന്നുംതന്നെ കണ്ടെത്തിയിട്ടില്ല.അതുതന്നെയാണ് ലോകജനത നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയും.
വൈറസ്സിന് പ്ലാസ്റ്റിക് സ്റ്റീല് മുതലായ പ്രതലങ്ങളില്‍ ഏകദേശം മൂന്നു ദിവസത്തോളം ജീവിക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റേതൊക്കെ ഇടങ്ങളില്‍ എത്രനേരം അവയ്ക്ക് കഴിയാനാകും എന്ന് കൃത്യമായ തെളിയിക്കുന്ന പഠനങ്ങളൊന്നും തന്നെയില്ല. കാര്‍ഡ് ബോര്‍ഡുകളും മറ്റും അവയ്ക്ക് അനുകൂലമാണ്.വായുവില്‍ നശിച്ചുപോകാതെ മണിക്കൂറുകളോളം അവയ്ക്ക് കഴിയാനാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ ബാധിതനില്‍ നിന്ന് പുറത്തേക്ക് കലരുന്ന വൈറസ്സ് അടുത്തുള്ളവരിലേക്ക് പകരുവാന്‍ എളുപ്പമാണ്. വൈറസ് ബാധിതന്‍ സ്പര്‍ശിച്ച ഇടങ്ങളിലൂടെയും പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് കഴിയുന്നത്ര പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പു നല്കുന്നത്.
          അതുകൊണ്ട് മുന്നറിയിപ്പുകളെ ജാഗ്രതയോടെ അനുസരിക്കുന്നത് മരണഭയം കാരണമല്ല, മറിച്ച് ആത്മഹത്യ ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണെന്നു കൂടി നാം പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍