#ദിനസരികള്‍ 1058 രാജ്യമോ , അമിത് ഷായോ എന്നതാണ് ചോദ്യം.



            ഭുതവും വര്‍ത്തമാനവും എന്ന പംക്തിയില്‍ ശ്രീ രാമചന്ദ്ര ഗുഹ എഴുതിയ ഒരു ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ ജീവിതവും ഭാവിയും എന്ന ലേഖനം പതിവിലുമേറെ പരുഷമാണ്.എന്തൊക്കെ കലാപങ്ങളെ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും നമ്മുടെ ജനത ഇത്രത്തോളം വിഭജിക്കപ്പെട്ടിരുന്നില്ല. ബഹുസ്വരതകള്‍ ഇത്രത്തോളം ആക്രമിക്കപ്പെട്ടിരുന്നില്ല. ലോകരാജ്യങ്ങളുടെ മുമ്പില്‍ നാം ഇത്രത്തോളം അപഹാസ്യരാക്കപ്പെട്ടിട്ടില്ല.എന്നാല്‍ ഇന്ന് ഈ രാജ്യം അമിത് ഷാ എന്ന പിടിവാശിക്കാരനായ ആഭ്യന്തരമന്ത്രിയുടെ തെറ്റായ നടപടികള്‍ കാരണം കെടുതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.ഷായെക്കുറിച്ച് ഗുഹ എഴുതുന്നു :- അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തിലേറിയിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. ഈ ചുരുങ്ങിയ കാലയളവില്‍ത്തന്നെ അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും കൊണ്ട് നമ്മുടെ സാമൂഹിക ഘടനയ്ക്ക് ഉണ്ടായ പരിക്ക് ചില്ലറയല്ല.അതുകൊണ്ടാണ് ആഭ്യന്തരമന്ത്രിയെ മാറ്റണമെന്ന് നമ്മുടെ സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം ആവശ്യമുയരുന്നത്.  എന്നാല്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ ആവശ്യത്തെ കേള്‍ക്കാത്തത് എന്ന് ചോദിക്കുന്നുണ്ട്, ഗുഹ. അദ്ദേഹം കണ്ടെത്തുന്ന ഉത്തരം രാഷ്ട്രതാല്പര്യം എന്നതിനെക്കാള്‍ വ്യക്തിപരമായും പ്രത്യയശാസ്ത്രപരമായും മോഡിയും ഷായും തമ്മിലുള്ള ബന്ധമാണ് ഈ കുട്ടുകെട്ടിനെ നിലനിറുത്തുന്നത് എന്നാണ്.
          രാജ്യം കണ്ട ഏറ്റവും മോശമായ ആഭ്യന്തരമന്ത്രിയായിരുന്നിട്ടുകൂടി ഷായെ മാറ്റാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തത് ഈ വിധേയത്വം കൊണ്ടാണെന്ന് നമുക്കറിയാം. ആ കൂട്ടുകെട്ട് ഗുജറാത്ത് കലാപകാലത്തിനു മുന്നേ തുടങ്ങിയതുമാണ്. അതേ കൂട്ടുകെട്ടുതന്നെയാണ് ഭാരതീയ ജനതാപാര്‍ട്ടിക്കുള്ളിലെ തലമുതിര്‍ന്ന നേതാക്കളെയെല്ലാം വെട്ടി വീഴ്ത്തി അധികാരം ആട്ടിപ്പിടിക്കാന്‍ ഇരുവരേയും സമര്‍ത്ഥരാക്കിയത്.അതുകൊണ്ടുതന്നെ രാജ്യതാല്പര്യമോ ജനതയുടെ സന്തോഷ ജീവിതമോ അവര്‍ക്ക് ഭാരമാകേണ്ട കാര്യമല്ല, മറിച്ച് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വിത്തുകള്‍ വിതച്ച് അധികാരം വിളവെടുക്കുക എന്നതുമാത്രമാണ് അവരനെസംബന്ധിച്ച് അഭികാമ്യമായിട്ടുള്ളത്. അതിന് മോഡിയെ സഹായിക്കുവാന്‍ കുശാഗ്രബുദ്ധിക്കാരനും പിടിവാശിക്കാരനുമായ അമിത് ഷായോളം പോന്ന മറ്റൊരാളെ നിര്‍‌ദ്ദേശിക്കുവാന്‍ ആര്‍ എസ്സ് എസ്സിനുമില്ല.
          ചരിത്രവസ്തുതകളെ പരിഗണിക്കാത്ത അനാവശ്യമായ ബില്ലുകളെ ലോകസഭയില്‍ കൊണ്ടുവന്നുവെന്ന് നിലവിലുള്ള ഭൂരിപക്ഷമുപയോഗിച്ച് ഷാ നിയമമാക്കിയെന്ന് ഗുഹ പറയുന്നുണ്ട്. അതിലേറ്റവും അപകടകരമായ രണ്ടു ബില്ലുകള്‍ ഒന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും രണ്ട് പൌരത്വ ഭേദഗതി നിയമവുമാണ്. രണ്ടും നാം പുലര്‍ത്തിപ്പോന്ന എല്ലാത്തരം മൂല്യങ്ങളുടേയും കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണ്.രാജ്യത്തെ ഏക മുസ്ലിംഭൂരിപക്ഷ സംസ്ഥാനത്തെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്എന്ന ഗുഹയുടെ വാദം നാം ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുമാണ്. രണ്ടാമത്തെ നിയമമാകട്ടെ നമ്മെ ലോകത്തിനു മുന്നില്‍ തികച്ചും അപഹാസ്യരാക്കി. ഇന്ത്യ എന്താണെന്നാണോ നാം നാളിതുവരെ അവകാശപ്പെട്ടുകൊണ്ടിരുന്നത് അതല്ല നമ്മളെന്ന് തെളിയിക്കപ്പെട്ടു.കേവലം ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മില്‍ത്തല്ലുകയും വിഭജിക്കപ്പെടുകയും ചെയ്ത് കെട്ടുനശിച്ച് നില്ക്കുന്ന ഒരു പ്രാകൃത ജനതയാണ് നാം എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.
          ഇത്തരമൊരു ഗതികെട്ട അവസ്ഥയിലേക്ക് ഇന്ത്യന്‍ ഭരണഘടനപോലെയും ചേരിചേരാ നയംപോലെയുമൊക്കെ ഗംഭീരങ്ങളായ ആശയങ്ങളെ ലോകത്തിന് സംഭാവന ചെയ്ത നമ്മുടെ രാജ്യം എത്തിപ്പെട്ടത് അസഹിഷ്ണവും ചരിത്രത്തേയും വര്‍ത്തമാനത്തേയും മാനിക്കാത്തയാളുമായ അമിത് ഷായുടെ നീക്കങ്ങള്‍ കാരണമാണ്.പ്രധാനമന്ത്രിയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം രാജ്യത്തിന്റെ നിലനില്പിനെത്തന്നെ അപകടപ്പെടുത്തുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.അതുകൊണ്ട് രാജ്യമാണോ , അമിത് ഷാ എന്ന വ്യക്തിയാണോ വലുത് എന്ന ചോദ്യമുന്നയിക്കപ്പെടേണ്ട സമയം ആഗതമായിരിക്കുന്നു.ഇന്ത്യയിലെ സാധാരണക്കാരായ ആളുകളടക്കം എല്ലാ തലങ്ങളിലുമുള്ളവര്‍ ഇതേ ചോദ്യം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. രാജ്യമാണോ വ്യക്തിയാണോ വലുത് ? പ്രധാനമന്ത്രിയാണ് ഉത്തരം പറയേണ്ടത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1