#ദിനസരികള്‍ 1057 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - 4 - ഭാരതീയ സാഹിത്യ ദര്‍ശനം -4



            മുണ്ടശ്ശേരി കാവ്യപീഠികയില്‍ സാഹിത്യകലയെക്കുറിച്ച് പറയുന്നു :- തന്റെ അന്തര്‍ഗതങ്ങള്‍ അപ്പപ്പോള്‍ ആവിഷ്കരിച്ചു രസിക്കുന്നൊരു പ്രകൃതക്കാരനാണ് മനുഷ്യന്‍.ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു ചെയ്തേ അവന്‍ അടങ്ങുകയുള്ളു. മനശാസ്ത്രജ്ഞര്‍ ഈ ആത്മാവിഷ്കാര ത്വരയെ Vital Urge എന്നു വിളിക്കുന്നു.കുട്ടികളുടെ ലീലാകലവികള്‍ തൊട്ട് ഖലകേസരികളുടെ പരദ്രോഹ ഉത്സാഹംവരെ അത്തരത്തിലുള്ള ആവിഷ്കാരമാണെ" ന്നും മുണ്ടശേരി സൂചിപ്പിക്കുന്നു എന്നാല്‍ "മറ്റാരുടേതിലും മഹത്തരമായിരിക്കും കലാകാരന്മാരുടെ അന്തര്‍ഭാവങ്ങളും തദാവിഷ്കാരങ്ങളുമെ" ന്നിടത്താണ് കലയുടെ പ്രസക്തിയും പ്രയോജനവും എന്നുകൂടി അദ്ദേഹം എടുത്തെഴുതുന്നുണ്ട്. അപ്പോള്‍ മറ്റു തരത്തിലുള്ള ആവിഷ്കാരങ്ങള്‍‌പോലെയല്ല കലാകാരന്റേത് എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. അവിടെയാണ് കലാകാരന്‍ കാവ്യസംസാരത്തിലെ പ്രജാപതിയാകുന്നതെന്ന് ആനന്ദവർദ്ധനന്റെ ധ്വന്യാലോകത്തിലെ , അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി എന്ന സൂക്തമുദ്ധരിച്ചു കൊണ്ട് സ്ഥാപിക്കുന്നത്.
            സാഹിത്യമെന്നാല്‍ എന്താണ് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് കാവ്യപീഠികകാരന്‍ നിര്‍വഹിക്കുന്ന അതേ വഴികളില്‍ തന്നെയാണ് അച്യുതനുണ്ണിയും സഞ്ചരിച്ചുതുടങ്ങുന്നത്. കല എന്താണെന്ന് നിര്‍വ്വചിക്കുക അസാധ്യമാണെന്ന് ഒരിക്കല്‍ പാതികളിയായും പാതികാര്യമായും സാമുവല്‍ ജോണ്‍സണ്‍ പറഞ്ഞതിനെ അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. എന്നാല്‍‌പ്പോലും സാഹിത്യമെന്നാല്‍ എന്ത് എന്ന അന്വേഷണം നാം അവസാനിപ്പിക്കുന്നില്ല. ലോകത്തെവിടേയുമുള്ള സാഹിത്യമീമാംസകന്മാര്‍ ഇതേ ചോദ്യമുന്നയിച്ചിട്ടുണ്ട്. ഭാരതവും അക്കാര്യത്തില്‍ അപവാദമല്ല.ഇക്കാണാവുന്ന പ്രപഞ്ചമാകെത്തന്നെ ഒരു ചൈതന്യ വിശേഷത്തിന്റെ പ്രാതിഭാസിക രൂപം മാത്രമാണെന്ന ശൈവചിന്തയിലാണ് ആ ചോദ്യത്തിന്റെ വേരുകള്‍ മുട്ടി നില്ക്കുന്നതെന്ന് അച്യുതനുണ്ണി പറയുന്നു.നമുക്ക് അത്രത്തോളം പോകേണ്ടതില്ലെങ്കിലും ആത്മീയതയോട് ഒട്ടിനില്ക്കുന്ന അത്തരം ആശയങ്ങള്‍ ഭാരതീയ മീമാംസയുടെ പൊതു സ്വഭാവമാണ്. സൃഷ്ടി സാധിക്കപ്പെടുന്നത് ശിവനോടൊപ്പം ശക്തിയും ചേരുമ്പോഴാണെന്ന് അവര്‍ ചിന്തിച്ചു.
            ന ശിവ: ശക്തിരഹിതോ ന ശക്തിര്‍വ്യതിരേകിണി
            ശക്തിശക്തിമതോര്‍ഭേദ : ശൈവേ ജാതു ന വിദ്യതേ - എന്ന ചിന്തയ്ക്ക് ഹേതുവാകുന്നത് ആ ചിന്തയാണ്.
            ഇവിടെ നിന്ന് പരസ്പരം ചേര്‍ന്നിരിക്കുന്ന വാക്കിലേക്കും അര്‍ത്ഥത്തിലേക്കും ചെന്നെത്തുവാന്‍ എളുപ്പമാണല്ലോ. ശിവനും ശക്തിയും ചേര്‍ന്നാണല്ലോ പ്രാതിഭാസികമായ പ്രപഞ്ചം പ്രകാശിക്കുന്നത്.  അതുപോലെ വാക്കും അര്‍ത്ഥവും ചേര്‍‌ന്നാണ് സാഹിത്യം രൂപംകൊള്ളുന്നുവെന്ന് അവര്‍ സിദ്ധാന്തിക്കുന്നു.സ്ഫോടസിദ്ധാന്തത്തെക്കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം ലഭ്യമാകുമെന്നാണ് കരുതുന്നത്. എന്തായാലും അങ്ങനെ ചേര്‍ന്നിരിക്കുന്ന വാക്കും അര്‍ത്ഥവും സാഹിത്യത്തിന് നിദാനമാകുന്നുവെന്ന് - ശബ്ഗാര്‍ത്ഥൌ സഹിതൌ കാവ്യം - എന്ന് കാവ്യാലങ്കാരകര്‍ത്താവായ ഭാമഹന്‍ ചിന്തിക്കുന്നുണ്ട് ( തുടരും )
                                                            (


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം