#ദിനസരികള്‍ 1013 നിയന്ത്രിക്കപ്പെടാത്ത മാഫിയകള്‍ !



            തന്റെ സ്ഥലത്തു നിന്നും അനുവാദമില്ലാതെ മണ്ണെടുത്ത സംഘത്തെ ചോദ്യം ചെയത് യുവാവിനെ ജെ.സി.ബി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന വാര്‍ത്ത നാം വായിച്ചു.തിരുവനന്തപുരത്തിനടുത്ത് കാട്ടാക്കട കീഴാവൂര്‍ കാഞ്ഞിരം വിള ശ്രീമംഗലം സംഗീതിനെയാണ് മണ്ണുമാഫിയ സംഘം കൊലപ്പെടുത്തിയത്.സംഗീതിന്റെ വീടിനു പിന്നില്‍ നിന്നുമാണ് ഈ സംഘം അദ്ദേഹത്തെ അറിയിക്കാതെ മണ്ണെടുത്തു മാറ്റിയത്. കാര്യമറിഞ്ഞ് സ്ഥലത്തില്ലാതിരുന്ന സംഗീത് രാത്രിതന്നെ എത്തുകയും നാട്ടുകാരുടെ സഹായത്തോടെ മണ്ണെടുക്കുന്ന സംഘത്തെ ചോദ്യം ചെയ്യുകയുമായിരുന്നു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചപ്പോഴാണ് ജെ സി ബി കൊണ്ട് തലയ്ക്ക് അടിക്കുകയും മതിലിടിച്ച് ശരീരത്തിലേക്ക് ഇടുകയും ചെയ്തത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റാണ് സംഗീത് മരണമടഞ്ഞത്.
          നാട്ടുകാരടക്കമുള്ളവര്‍ സംഗീതിനൊപ്പമുണ്ടായിരുന്നുവെന്നതുകൂടി നാം കാണണം. കൂടാതെ തൊട്ടടുത്തുള്ള ആറു കിലോമീറ്റര്‍ ദൂരമെന്ന് മാധ്യമങ്ങള്‍ - പോലീസ് സ്റ്റേഷനിലേക്ക് സംഭവത്തിന്റെ തുടക്കം മുതല്‍ അയാളുടെ ഭാര്യ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ ! പോലീസിന്റെ ഭാഗത്തു നിന്നും ഒരാളു പോലും തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
          പാതിരാത്രിയില്‍ ഒരു വ്യക്തിയുടെ സ്ഥലത്തേക്ക് ഒരു സംഘം അതിക്രമിച്ചു കടക്കുക, നാട്ടുകാരടക്കം എതിര്‍ത്തിട്ടും സ്ഥലം ഉടമയെ ആക്രമിച്ചു ദാരുണമായി കൊലപ്പടുത്തുക, വാഹനവുമായി കടന്നു കളയുക, ഒരാളൊഴിച്ച് ബാക്കിയുള്ള പ്രതികളെയൊന്നും (ഇതെഴുതുന്ന സമയം വരെ) പോലീസിന് കണ്ടെത്താന്‍ കഴിയാതിരിക്കുക, പോലീസിന്റെ സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടും എത്താതിരിക്കുക ഒരു സിനിമാക്കഥ പോലെ തോന്നുന്ന ഈ സംഭവങ്ങള്‍ കേരളത്തിലാണ് നടക്കുന്നതെന്ന് നാം മറന്നു പോകരുത്.
          ഇത്തരത്തിലുള്ള അക്രമങ്ങളില്‍ ഇത് ആദ്യത്തേതല്ല, അവസാനത്തേത് ആകാന്‍ സാധ്യതയുമില്ല. കാരണം ആ മാഫിയ സംഘത്തിന്റെ ഒരു കണ്ണി പ്രാദശിക പോലീസ്റ്റ് സ്റ്റേഷനുകളിലേക്കും രാഷ്ട്രീയ പാര്‍ട്ടികളിലെ അഴിമതിക്കാരായ ചില നേതാക്കളിലേക്കും എത്തി നില്ക്കുന്നുവെന്നതുകൊണ്ട് അന്വേഷണമൊക്കെ ഒരു പരിധിക്കപ്പുറം പോകാറുമില്ല. ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടതുകൊണ്ടു മാത്രമാണ് അറസ്റ്റിലേക്ക് എത്തിയതെന്ന കാര്യം കൂടി അടിവരയിട്ടു പറയട്ടെ. അതല്ലായിരുന്നുവെങ്കില്‍ ആരോരും അറിയാതെ അവസാനിപ്പിച്ചു പോകുമായിരുന്ന ഒന്നായിരുന്നു ഈ മണ്ണെടുക്കലുമെന്നതാണ് വസ്തുത. എക്സൈസുകാരെ ആക്രമിച്ചവരെക്കുറിച്ചും മദ്യ- മയക്കുമരുന്നു വില്പന ചോദ്യം ചെയ്തവരെ തല്ലിയൊതുക്കിയവരെക്കുറിച്ചും ഖനന മണല്‍ - കല്ല് മാഫിയകളെക്കുറിച്ചുമൊക്കെ നാം ധാരാളമായി കേട്ടു കൊണ്ടേയിരിക്കുന്നു.അതൊന്നും തന്നെ ഒരു കോളം വാര്‍ത്തയ
          അതുകൊണ്ട് കണ്ണികളില്‍ നിന്ന് ആദ്യം വിച്ഛേദിച്ചു മാറ്റേണ്ടത് പോലീസ് രാഷ്ട്രീയ ബന്ധങ്ങളെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. സഹായിക്കാന്‍ ആളുണ്ടെന്ന ഹുങ്കാണ് ഇത്തരം നീക്കങ്ങളുടേയെല്ലാം പ്രേരകമായി പ്രവര്‍ത്തിക്കുന്നത്. ഒരു നിയമവ്യവസ്ഥയും ബാധകമല്ലെന്ന മട്ടില്‍ എന്തുതെമ്മാടിത്തരവും ചെയ്തുകൂട്ടുവാന്‍ മടികാണിക്കാത്ത ഇത്തരം മാഫിയ സംഘങ്ങളെ ഇനിയെങ്കിലും നിയന്ത്രിച്ചേ തീരൂ.ആവശ്യമായ നടപടിയെടുക്കുന്നവര്‍തന്നെ ദുഷിച്ചു പോയിരിക്കുന്നുവെന്ന ആക്ഷേപം നിലനില്ക്കുമ്പോഴും ജനത ഇനിയും ചിലതെല്ലാം ആഗ്രഹിക്കുന്നുണ്ട്.
         
         


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം