#ദിനസരികള്‍ 1011 ക്ഷേത്രങ്ങളെ ആറെസ്സെസ്സില്‍ നിന്നും മോചിപ്പിക്കുക



            പാവക്കുളം ക്ഷേത്രത്തില്‍ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ടു നടത്തിയ പരിപാടിക്കിടെ , സ്വന്തം മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ സിന്ദൂരം തൊട്ട് സംരക്ഷിച്ചു നിറുത്തിയിരിക്കുന്നതെന്ന് ആക്രോശിച്ചുകൊണ്ട് ധര്‍മ്മ സംരക്ഷണത്തിനു വേണ്ടി പാഞ്ഞടുക്കുന്ന ഒരു കുലസ്ത്രീയെ കേരളം കണ്ടു. എത്ര അധമവും നീചവും അപരവത്കൃതവുമായ ഒരു ആശയത്തെയാണ് ആ സ്ത്രീയും കൂട്ടരും മുറുകെപ്പിടിച്ചിരിക്കുന്നതെന്ന് ആലോചിക്കുക. ആ കൂട്ടത്തിനെതിരെ ഒറ്റക്കെങ്കിലും തന്നാല്‍ കഴിയുന്ന വിധത്തില്‍ പ്രതിരോധം തീര്‍ത്ത അഞ്ജിമയെ നാം നെഞ്ചോടു ചേര്‍ക്കുക.അത്തരക്കാരാണ് ഇനി അവശേഷിക്കുന്ന പ്രതീക്ഷ. എന്നു മാത്രവുമല്ല അതാതിടങ്ങളില്‍ അതെവിടെയേയുമാകട്ടെ, കഴിയുന്നത്ര പ്രതിരോധങ്ങള്‍ തീര്‍ത്തുകൊണ്ടേയിരിക്കണം എന്നുകൂടിയാണ് അഞ്ജിമയുടെ പ്രതിഷേധം നമ്മോട് ആവശ്യപ്പെടുന്നതെന്നു കൂടി മനസ്സിലാക്കുക.
          പരിപാടി നടന്നത് ഒരു ക്ഷേത്രത്തിലാണ് എന്നതാണ് കാതലായ വിഷയം.അതുകൊണ്ടുതന്നെ എന്താണ് നമ്മുടെ ക്ഷേത്രങ്ങളുടെ , ആരാധാനാലയങ്ങളുടെ അവസ്ഥ എന്നു ചിന്തിക്കേണ്ട സന്ദര്‍ഭമാണ് ഇത്.
          ഈശ്വരവിശ്വാസമുള്ളവരെങ്കിലും വിവിധ രാഷ്ട്രീയ ധാരകളെ പിന്‍പറ്റുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. അക്കൂട്ടത്തില്‍ കമ്യൂണിസ്റ്റും കോണ്‍ഗ്രസുമുണ്ടെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇനി അത്തരം കക്ഷികളോടൊന്നും അനുഭാവം പുലര്‍ത്താത്ത, എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന സാധാരണക്കാരായ നിരവധിയാളുകളും ക്ഷേത്രങ്ങളിലേക്ക് എത്തിച്ചേരാറുണ്ട്. അങ്ങനെ വിവിധ നിലകളിലുള്ള നിരവധിയായ ആളുകള്‍ എത്തിച്ചേരുന്ന ഇടങ്ങളെ സംഘപരിവാരത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കാനുളള്ള ഇടങ്ങളാക്കി മാറ്റുന്നുവെങ്കില്‍ അത് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടമാണ്.
          ഇപ്പോള്‍ത്തന്നെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ആറെസ്സസ്സിന്റെയോ അവരോട് ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയോ കൈകളിലാണ് എന്നതാണ് വസ്തുത. വിശ്വാസത്തെ മുന്‍നിറുത്തി ഇത്തരം ഇടങ്ങളിലേക്ക് അക്കൂട്ടര്‍ ഇടിച്ചു കയറുന്നു. അവിശ്വാസികളാണ് കമ്യൂണിസ്റ്റുകാര്‍ എന്നതുകൊണ്ട് അവിടെ നിന്നും മാറുകയോ മാറ്റിനിറുത്തപ്പെടുകയോ ചെയ്യുന്നു.കോണ്‍‌ഗ്രസിനാണെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ കര്‍ശനമായ ഒരു നടപടി സ്വീകരിക്കുവാന്‍ സാധിക്കാറുമില്ല. അതുകൊണ്ടുതന്നെ ആറെസെസ്സിന്റെ അഭീഷ്ടങ്ങള്‍ക്ക് അനുസരിച്ച് ക്ഷേത്രങ്ങള്‍ ഏറെക്കുറെ മാറിയിരിക്കുന്നു. ഇത് അനുവദിച്ചു കൂടാ എന്ന് പൊതുജനം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. പാവക്കുളം ക്ഷേത്രത്തില്‍ നടന്ന സംഭവം നമ്മുടെ ക്ഷേത്രങ്ങളെ സംഘിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകേണ്ടതുണ്ട്.വിശ്വാസികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം.അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ തങ്ങളുടെ ആരാധനാലയങ്ങളോട് അനുബന്ധിച്ച് നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത വിശ്വാസസമൂഹത്തിനുണ്ട്.
          കൂട്ടത്തില്‍ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കട്ടെ.വിഷയം കാക്കാമാരുമായിത്തന്നെ ബന്ധപ്പെട്ടതാണ്. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പാണ്. ചില മുസ്ലിംതീവ്രവാദി സംഘടനകള്‍ പള്ളിക്കമ്മറ്റികള്‍ പിടിച്ചെടുക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ കേരളത്തില്‍ നടത്തിയപ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ത്തുകൊണ്ട് ശക്തമായി രംഗത്തു വന്ന യഥാര്‍ത്ഥ മത വിശ്വാസികളാണ്, പല മഹല്ല് കമ്മറ്റികളേയും അവരുടെ പിടിയില്‍ നിന്നും മുക്തമാക്കിയെടുത്തത്. തീവ്ര മുസ്ലിംപക്ഷത്തെ അകറ്റി നിറുത്താന്‍ സമസ്തയും ലീഗും വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യംകൂടി എടുത്തു പറയട്ടെ.അവര്‍ പലയിടത്തും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ചോരയൊഴുക്കിയിട്ടുണ്ട്. ചില മഹല്ലുകമ്മറ്റികളുടെ കാര്യമെങ്കിലും എനിക്കു നേരിട്ടറിയാവുന്നതുമാണ്. തീവ്രവാദികള്‍ നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ ഇപ്പോഴും ആ സമൂഹത്തില്‍ രാഷ്ട്രീയമായും സാമുദായികമായും ഇത്തരം പ്രതിരോധങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുമുണ്ട്.
          മുസ്ലിംസമുദായം പ്രകടിപ്പിച്ച ഈയൊരു ആര്‍ജ്ജവമാണ് ഹിന്ദുജനസാമാന്യവും പ്രകടിപ്പിക്കേണ്ടത്. തങ്ങളുടെ ആരാധനലായങ്ങള്‍ ആറെസ്സെസിന്റേയോ അവരുടെ പിന്തുണയുള്ള മറ്റു വര്‍ഗ്ഗീയവാദികളുടെയോ കൈകളിലേക്ക് പോയി വീഴരുത് എന്ന നിര്‍ബന്ധബുദ്ധി വിശ്വാസികളില്‍ ഉണ്ടാകേണ്ടതുണ്ട്.ഇപ്പോള്‍ത്തന്നെ ഏറെ വൈകിയിരിക്കുന്നു.ഒട്ടുമിക്ക ക്ഷേത്രങ്ങളും അക്കൂട്ടരുടെ കൈകളിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. അവിശ്വാസികളെന്ന് വിശേഷണം ചുമത്തി കമ്യൂണിസ്റ്റുകളെ അകറ്റി നിറുത്തിക്കൊണ്ട് താന്‍കാര്യം നേടാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കുന്നു. ആ നീക്കങ്ങളെ ഇനിയെങ്കിലും നാം എതിര്‍ത്തു തോല്പിക്കാന്‍‌ ശ്രമിച്ചില്ലെങ്കില്‍ ആറെസ്സെസ്സിനെ പടച്ചു വിടുന്ന കേന്ദ്രങ്ങളായി നമ്മുടെ ക്ഷേത്രങ്ങള്‍ അധപ്പതിക്കും. പാവക്കുളം ക്ഷേത്രം അത്തരത്തിലുള്ള ഒരുദാഹരണം മാത്രമാണ്.
          പൊതുവിടങ്ങളില്‍ നാം അത്തരം മതസംഘടനകളെ എത്ര എതിര്‍ത്താലും അവര്‍ വളഞ്ഞ വഴികളിലൂടെ കടന്ന് നമ്മുടെ അകത്തളങ്ങളിലേക്ക് എത്തിച്ചേരാതിരിക്കാനുള്ള കരുതലുകളെക്കുറിച്ചുകൂടി പൊതുസമൂഹം ഉച്ചത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം