#ദിനസരികള്‍ 1007 ഗവര്‍ണര്‍ ഇനിയും മനസ്സിലാക്കേണ്ടത്..



            എനിക്കു തോന്നുന്നത് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേവലം നിഷ്കളങ്കനായ തമാശക്കാരാനാണെന്നാണ്. മാതൃഭൂമിക്കാര്‍ ആ പാവത്തിനെക്കുറിച്ച് , സ്വരം കടുപ്പിച്ച് ഗവര്‍ണര്‍ , യുദ്ധംപ്രഖ്യാപിച്ച് ഗവര്‍ണര്‍, വിട്ടുവീഴ്ചയില്ലാതെ ഗവര്‍ണര്‍ , നോട്ടീസ് അയച്ച് ഗവര്‍ണര്‍  എന്നൊക്കെ ഓരോന്ന് വെറുതെ എഴുതിവിട്ട് എന്തോ കടുപ്പക്കാരനാണ് അദ്ദേഹം എന്ന പ്രതിച്ഛായയുണ്ടാക്കാനാണ് ശ്രമിക്കുന്നത്.സത്യത്തില്‍ ശര്‍ക്കര മിഠായി കിട്ടാതെ വരുമ്പോള്‍ കോലുമിഠായിയ്ക്കു വേണ്ടി കരയുന്ന നമ്മുടെയൊക്കെ കുട്ടിക്കാലത്തേയും , സര്‍ക്കസ് കൂടാരത്തിലെ ചങ്കിടിപ്പിക്കുന്ന ട്രപ്പീസ് പ്രകടനങ്ങള്‍ക്കിടയില്‍ അടിച്ചാല്‍ ഒച്ച കേള്‍പ്പിക്കുന്ന വടിയുമായി നടന്ന് എന്തെങ്കിലും കുസൃതി കാണിച്ച് ജനങ്ങളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന കോമാളിയേയുമാണ് സത്യത്തില്‍ ഗവര്‍ണറദ്യേം ഓര്‍മ്മിപ്പിക്കുന്നത്.അതിനുമപ്പുറം എന്തു പ്രാധാന്യമാണ് കുറച്ചു ദിവസമായി അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ക്കും നീക്കങ്ങള്‍ക്കും ഉള്ളത് ?
            ബി ജെ പിയുടെ രാഷ്ട്രീയ ദൌത്യവുമായി കേരളത്തിലേക്ക് വന്ന ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റ നിമിഷം മുതല്‍ തന്റെ പ്രകടനം തുടങ്ങിയതാണ്. തന്റെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള ആ ശ്രമങ്ങള്‍ ഒരു പക്ഷേ വിജയിച്ചേക്കാം. എന്നാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും അവരുടെ തലയ്ക്കുമുകളില്‍ ഭീഷണിയായി തൂങ്ങി നിന്നുകൊണ്ട് തന്റെ ചൊല്പടിക്കു നിറുത്താനുമുള്ള ശ്രമങ്ങള്‍ക്ക് ഒരു തരത്തിലും കേരളം വഴങ്ങുകയില്ലെന്ന് അദ്ദേഹം ഇനിയെങ്കിലും മനസ്സിലാക്കണം. കാരണം, അത്തരം വഴങ്ങായ്മകളാണ് പല മുന്നേറ്റങ്ങളിലും ലോകത്തിനു തന്നെ മാതൃകയായ കേരളത്തിനെ സൃഷ്ടിച്ചെടുത്തിരിക്കുന്നതെന്ന് ഈ നാടിന്റെ ചരിത്രം നമ്മെ പഠിപ്പിക്കും.
          സുപ്രിംകോടതി ചീഫ് ജസ്റ്റീസായിരുന്ന സദാശിവം ഗവര്‍ണറായി വന്നപ്പോള്‍ അതൊരു സൂപ്പര്‍ പവ്വറായി മാറിയേക്കാമെന്ന ആശങ്ക കേരളത്തിനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് നിയമം അറിയാമായിരുന്നതുകൊണ്ടും തന്റെ അധികാരത്തിന്റെ പരിധി നിശ്ചയമുണ്ടായിരുന്നതുകൊണ്ടും വളരെ സൂക്ഷിച്ചാണ് ഇടപെട്ടിരുന്നത്.ജനാധിപത്യത്തില്‍ ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഒരു തസ്തിക മാത്രമാണെന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന് മുകളില്‍ ഒരു അധീശ ശക്തിയായി പ്രവര്‍ത്തിച്ചുകൂടായെന്നുമാണ് ഭരണഘടനാ നിര്‍മ്മാണ സഭയുടെ ചര്‍‌ച്ചകളില്‍ അംബേദ്കര്‍ വ്യക്തമാക്കിയിട്ടുള്ളത്.കാരണം അത്തരമൊരു അധികാര കേന്ദ്രമായി ഗവര്‍ണര്‍മാറിയാല്‍ ജനാധിപത്യം അവസാനിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ജനതയോട് ഉത്തരവാദിത്തമുള്ള ഒരു നേതാവിന് അങ്ങനെയേ ചിന്തിക്കാന്‍‌ കഴിയുകയുണ്ടായിരകുന്നുള്ളു. എന്നാല്‍ കേവലം  എന്നാല്‍ ഗവര്‍ണറാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അവസാന വാക്ക് താനാണെന്നും ധരിച്ചു വശായ ആരിഫ് മുഹമ്മദ് ഖാനെപ്പോലെയുള്ളവര്‍ക്ക് അംബേദ്കറുടെ ജനാധിപത്യ മനസ്സ് ഒരു കാലത്തും വഴങ്ങിക്കൊടുക്കുകയില്ല. അതുകൊണ്ടുതന്നെ ജനാധിപത്യത്തില്‍ രാജാവുണ്ടെന്ന് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നു. ആ ധാരണയോടൊപ്പം തന്റെ യജമാന്മാരോടുള്ള നന്ദിപ്രകടനം കൂടിയാകുമ്പോള്‍ ഗവര്‍ണര്‍ എല്ലാ ജനാധിപത്യമൂല്യങ്ങളും അവഗണിക്കുന്നു.
          ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിച്ചു കൊണ്ടു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍‌ക്കാര്‍ നിര്‍ണായകമായ നീക്കങ്ങള്‍ നടത്തുന്നതിലുള്ള അസ്വസ്ഥയാണ് ചുമതലയേറ്റെടുത്ത അന്നുമുതല്‍ അദ്ദേഹം പ്രകടിപ്പിക്കുന്നത്.നിയമ സഭ പാസ്സാക്കിയ പ്രമേയത്തിനെതിരെയും പ്രചരണ പരിപാടികള്‍‌ക്കെതിരേയും അദ്ദേഹം ആവര്‍ത്തിച്ച് സംസാരിച്ചു.എന്നാല്‍ അദ്ദേഹത്തേയും സംഘപരിവാരത്തേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതോടെ ഗവര്‍ണര്‍ ശരിക്കും ഉറഞ്ഞു തുള്ളുകയായിരുന്നു. അപ്രതീക്ഷിതമായ ആ നീക്കം രാജ്യത്തെ മതേതര മനസ്സുകളില്‍ ധൈര്യം പകരുന്ന ഒന്നായിരുന്നു.
          സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത് ഭരണത്തലവനായ തന്നെ അറിയിച്ചില്ല എന്നതാണ് ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചത്. റൂള്‍സ് ഓഫ് ബിസിനസ്സ് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാടിനെ ന്യായീകരിക്കുന്നതെന്നതുകൂടി നാം മനസ്സിലാക്കണം. അതായത്, ഭരണഘടനതന്നെ റദ്ദാക്കുന്ന നടപടിയുണ്ടായിട്ടുപോലും അതിനെ ന്യായീകരിക്കുന്ന ആളാണ് സ്ഥാപനങ്ങള്‍ തമ്മിലുള്ള പെരുമാറ്റച്ചട്ടങ്ങളെ മുന്‍നിറുത്തി ഉറഞ്ഞു തുള്ളുന്നത് എന്നാലോചിക്കുമ്പോഴാണ് എത്ര അല്പനാണ് ഗവര്‍ണര്‍ എന്ന് നാം ചിരിച്ചു പോകുക.
          ഭരണഘടന ഗവര്‍ണര്‍ക്കും കൂട്ടര്‍ക്കും വലയി പ്രസക്തിയുള്ള ഒന്നല്ലെങ്കിലും ആര്‍ട്ടിക്കിള്‍ 131 സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്കുന്ന അവകാശത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.കേന്ദ്രസര്‍ക്കാറിന്റെ ഭരണപരമായ ഒരു വിഷയത്തെ മുന്‍നിറുത്തിയല്ല കേരള സര്‍ക്കാര്‍ സുപ്രിംകോടതിയെ മറിച്ച്, പാര്‍ലമെന്റ് അംഗീകരിച്ച ഒരു നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്നതിനാണ്. ഇത് കേന്ദ്രവും കേരളവും തമ്മിലുള്ള ഏതെങ്കിലും കൊടുക്കല്‍ വാങ്ങലുകളെ സംബന്ധിച്ചുള്ളവയല്ല. ഇതു മനസ്സിലാക്കാതെയാണ് റൂള്‍സ് ഓഫ് ബിസിനസ്സിനെ മുന്‍നിറുത്തി സംസ്ഥാന സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ കലാപം നടത്തുന്നത്.
          അതുകൊണ്ട് കേരളത്തിന്റെ ഗവര്‍ണര്‍ ജനാധിപത്യത്തിന് കീഴടങ്ങണമെന്നാണ് ഈ നാടിന്റെ ആവശ്യം.താനാണ് സംസ്ഥാനത്തിന്റെ പരമാധികാരി എന്ന ചിന്ത ഭരണഘടനാപരമല്ല എന്നുകൂടി അദ്ദേഹം മനസ്സിലാക്കണം. ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനമുള്ള ഒരു ജനതയാണ് ഇവിടുള്ളത്.എന്നാല്‍ അടിച്ചമര്‍ത്തലുകളെ ഈ ജനത ഒരു കാലത്തും വകവെച്ചു തരികയില്ലെന്നുംകൂടി ഗവര്‍ണര്‍ മനസ്സിലാക്കേണ്ടതുണ്ട്.
                                                    

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1