#ദിനസരികള്‍ 935 മിത്രാവതി - 2



    എന്താണ് കഥയെന്ന് കേള്‍ക്കാനുള്ള ആകാംക്ഷ രാജ സദസ്സില്‍ ആസനസ്ഥരായവരുടെ മുഖങ്ങളില്‍ മിന്നിമറഞ്ഞു. അവര്‍ മിത്രാവതിയെ ഉറ്റുനോക്കി. അവളാകട്ടെ ആരേയും ശ്രദ്ധിക്കാതെ എന്നാല്‍ എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു
          യജ്ഞസേനന്‍ ധീരനായ യോദ്ധാവായിരുന്നു. അതുകൊണ്ടുതന്നെ ശത്രുവിനോട് അടരാടുകയെന്നത് അദ്ദേഹത്തിന് ഏറെ പ്രിയംകരമായിരുന്നു. എന്നു മാത്രമല്ല, യുദ്ധദേവതയെ ഭാര്യയായി വരിച്ചതിനു ശേഷമാണ് അദ്ദേഹം  എന്നെപ്പോലും വരിക്കുന്നതെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. എന്റെ കടക്കണ്ണിന്റെ ലാസ്യവിലാസങ്ങളില്‍ അനുഭവിക്കാത്ത രതിചാതുരി യജ്ഞസേനന്‍ യുദ്ധവേളകളില്‍ അനുഭവിച്ചു
          എന്തിനാണ് ഇതൊക്കെ ഇവിടെ പറയുന്നത് ?” സദസ്സില്‍ നിന്നും ആരോ ചൊടിച്ചു.യുദ്ധത്തിന് പോകുന്ന സ്വകാന്തന്റെ ജീവിതം ഭാര്യയുടെ കൈവശമാണ്. മനസ്സും വാക്കും കര്‍മ്മവും ശുദ്ധമാക്കി അയാളുടെ ജീവിതം സുഭദ്രമാക്കുകയെന്ന കടമയാണ് പതിവ്രതയായ ഒരു പത്നിയ്ക്ക് നിര്‍വ്വഹിക്കാനുള്ളത്. എന്നാല്‍ ഇവളാകട്ടെ മറ്റെന്തൊക്കെയോ പുലമ്പുകയാണ്അയാള്‍ കൂട്ടിച്ചേര്‍ത്തു.
    മിത്രാവതിയാകട്ടെ രാജഗുരുവിനോട് ശുദ്ധിയെന്നാലെന്താണെന്നും അത്  സങ്കല്പം മാത്രമാണോ അതോ കര്‍മ്മം കൊണ്ടറിയേണ്ടതോ എന്നൊരു ചോദ്യം തൊടുക്കുകയാണ് ചെയ്തത്. ഗുരു, അവളുടെ ചോദ്യത്തിന് നീ തുടരുക എന്ന അനുവാദമാണ് മറുപടിയായി നല്കിയത്. :-“ശുദ്ധത്തേയും അശുദ്ധത്തേയും കുറിച്ച് തര്‍ക്കിക്കുകയെന്നത് ശുദ്ധാത്മാക്കളുടെ ശീലമാണ്. ജ്ഞാനികളുടെ പ്രമാണമാകട്ടെ നേതി നേതി എന്നുമാണ്
    അവള്‍ , മിത്രാവതി, ഒരു നിമിഷം നിശ്ചലയായി. പിന്നീട് ഗുരുവിനെ കൂപ്പിക്കൊണ്ട് തുടര്‍ന്നു :-“ ഞാന്‍ ഒരു ഗൃഹചര്യയും ഒരു നാളും മുടക്കിയിട്ടില്ല. പതിയുടെയൊപ്പമിരുന്ന് ജപഹോമാദികള്‍ ചെയ്തു. അതിഥികളെ യഥാവിധി സ്വീകരിച്ചു.ഭര്‍ത്താവിനെ സേവിച്ചു.പിതൃപ്രപിതാമഹന്മാര്‍ക്ക് തര്‍പ്പണം നടത്തി. ഭര്‍ത്താവ് യുദ്ധത്തിനായി പോകുമ്പോള്‍ ഞാന്‍ തീര്‍ത്ഥസ്ഥലങ്ങളില്‍ അദ്ദേഹതിന്റെ ആയുസ്സിലായി പ്രാര്‍ത്ഥിച്ചുകൊണ്ട് അഭയംതേടി.
          അങ്ങനെ അലഞ്ഞു നടക്കുന്ന ഒരു നാളില്‍ തിരിച്ച് വീണ്ടും വീട്ടിലേക്ക് ചെല്ലുവാനുള്ള ഒരുള്‍വിളി എന്നിലുദയം ചെയ്തു. ദേശാടനം അവസാനിപ്പിക്കുക എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതായി തോന്നി.
          മടക്കയാത്രയുടെ വഴികളില്‍ ഒരു ദിനം സന്ധ്യയ്ക്ക് അതിമനോഹരമായ ഭൂവിതാനങ്ങളില്‍ നിലകൊള്ളുന്ന ഉദ്ദാലകന്റെ ആശ്രമത്തിലെത്തിച്ചേര്‍ന്നു. എത്ര നയനമനോഹരിയായ പ്രകൃതി! പൂത്തു നില്ക്കുന്ന പരിമളങ്ങളെ ആവാഹിച്ചുകൊണ്ടുവരുന്ന മാരുതന്‍! പുക്കളില്‍ നിന്ന് പൂക്കളിലേക്ക് പ്രയാണം തുടരുന്ന ചെറുജാതികള്‍ , പക്ഷികള്‍ ! ശ്രവണസുഭഗമായ കളഗാനങ്ങളുമായി വനഗായകര്‍ , കുയിലുകള്‍ ! വിശ്വത്തിന്റെ ഭംഗി മുഴുവനായിത്തന്നെ സ്വന്തം പീലികളിലേക്ക് ആവാഹിച്ച നര്‍ത്തകര്‍ , മയിലുകള്‍! ആഹാ ഭംഗികള്‍ , ഭംഗികള്‍ !
    ആളില്ലെന്ന് നിനച്ച് ആശ്രമത്തിന്റെ അകത്തേക്ക് പ്രവേശിച്ച ഞാന്‍ ഒരു ദര്‍പ്പവിരിപ്പില്‍ മയങ്ങുന്ന മുനികുമാരനെ കണ്ടു. അവനാകട്ടെ തപസ്സിന്റെ ക്ലേശംകൊണ്ട് പരീക്ഷീണനായിരുന്നുവെങ്കിലും അതികോമളനായിരുന്നു. അവന്റെ ഉച്ഛ്വാസവായുവിനു പോലും ഹവിസ്സിന്റെ ഗന്ധമായിരുന്നു.വിരിഞ്ഞമാറുകള്‍ . പൌരുഷം സ്ഫുരിക്കുന്നവന്‍. അവന്‍ ഉണര്‍‌ന്നെഴുന്നേല്ക്കുന്നതുവരെ ഞാന്‍ അവിടെ കാവലാളായി.
          ഉണര്‍ന്നപ്പോള്‍ അവനെന്നെ കണ്ട് ആരാണ് എന്ന് അന്വേഷിച്ചു.ആ മഹാസന്ധ്യയെ സാക്ഷിനിറുത്തി ഞാന്‍ എന്നെത്തനെ അവനായി പരിചയപ്പെടുത്തി.അവനു മുന്നില്‍ ഞാന്‍ എന്നെ മറന്നു, ലോകത്തെ മറന്നു. നാളിതുവരെ തൊട്ടുപോയിട്ടില്ലാത്ത സുഖത്തിന്റെ പരമാവധികളിലേക്ക് ഞാനുയര്‍ത്തപ്പെട്ടു.വര്‍ണശബളമായ ഒരു സ്വപ്നത്തിന്റെ ഉജ്ജ്വലമായ വിതാനങ്ങളിലേക്ക് ഞാന്‍ കയറി മറിഞ്ഞു ഇതുതന്നെയായിരിക്കണം ഋഷിമാര്‍ പാടിപ്പുകഴ്ത്തുന്ന മോക്ഷപ്രാപ്തി. ഇവിടെ മരിക്കുക തന്നെ പുണ്യം.
          എല്ലാം അടങ്ങിയ ശേഷം , അവന്‍ പറഞ്ഞു നാളിതുവരെ ഇതുപോലെ ആരും തന്നെ എനിക്ക് കാവലായിട്ടില്ല
          ഞാന്‍ പ്രതിവചിച്ചു :- ” ആരും ഇതുവരെ ഇതുപോലെ എന്നെ അറിഞ്ഞിട്ടുമില്ല

           ( വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ മിത്രാവതി എന്ന കവിതയെ അടിസ്ഥാനമാക്കി എഴുതിയത് )                      
                                                                                                (തുടരും)

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1