#ദിനസരികള്‍ 930 ഇടതുപക്ഷത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുള്ള യുദ്ധം !
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം
കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന മാതൃകകളെ
സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സേവനങ്ങളും സഹായങ്ങളും ആവശ്യമുള്ള ഓരോ
ഇടങ്ങളിലേക്കും സൌഹാര്‍ദ്ദ പൂര്‍വ്വം സര്‍ക്കാറിന്റെ കൈകള്‍ നീണ്ടു
ചെല്ലുന്നു.മതമോ രാഷ്ട്രീയമോ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രിവിലേജുകളോ നോക്കാതെ
അര്‍ഹതപ്പെട്ടവരില്‍ സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന ആശ്വാസം പകരുന്നു.ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ
ജനതയുടെ ഇടയില്‍ ഇത്രമാത്രം ആത്മാര്‍ത്ഥതയോടെ ഇടപെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സര്‍ക്കാറിനെ
നമ്മുടെ രാജ്യത്തില്‍ വേറെ കാണാനാകില്ല. ദേശീയ സൂചികകളില്‍ ഭൂരിഭാഗവും
കേരളത്തിന്റെ കൈകളിലാണെന്നത് ഈ അവകാശ വാദങ്ങളെയൊക്കെയും ശരിവെയ്ക്കുന്നുമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ
പോലീസ് ഈ മഹത്തായ നേട്ടങ്ങളെയെല്ലാം അട്ടിമറിക്കുന്ന തരത്തിലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
നടത്തിക്കൊണ്ടിരിക്കുന്നത്.പിണറായി സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി
ബാധിക്കുന്ന തരത്തിലുള്ള എത്രയോ ഇടപെടലുകള്‍ പോലീസിന്റെ ഭാഗത്തു നിന്നും
ഉണ്ടായിട്ടുണ്ട് എന്ന് പരിശോധിച്ചാല്‍ നാം അത്ഭുതപ്പെട്ടു പോകും. എന്നിട്ടും
തിരുത്തുവാനോ ആവശ്യമായ ജാഗ്രത പുലര്‍ത്തുവാനോ പോലീസ് തയ്യാറാകുന്നില്ലെന്നത്
ദയനീയമായ വസ്തുതയാകുന്നു. അവര്‍ ചെയ്യുന്നതിന്റെയെല്ലാം ഉത്തരവാദിത്തം
സ്വാഭാവികമായും മുഖ്യമന്ത്രി പദത്തിലിരിക്കുന്ന പിണറായി വിജയനിലേക്ക്
ചെന്നെത്തുകയും ചെയ്യുന്നു.
ഈയടുത്ത ദിവസങ്ങളില്‍ നടന്ന
വാളയാറിലെ കുഞ്ഞുങ്ങളുടെ കൊലപാതകം, മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന കേസ് , സി പി
ഐ എം പ്രവര്‍ത്തകരായ രണ്ടു യുവാക്കള്‍ക്കെതിരെ കരിനിയമമായ യു എ പി എ ചുമത്തിയത്
എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്നു സംഭവങ്ങള്‍ നോക്കുക.മൂന്നിലും പോലീസാണ്
വിവാദത്തിന് വഴിവെക്കുന്നത്. അതില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന കേസ് ഏതു
വിധേനയും ന്യായീകരിക്കപ്പെടാമെങ്കിലും മറ്റു രണ്ടു കേസുകളിലും തീര്‍ച്ചയായും പോലീസുതന്നെയാണ്
പ്രതിസ്ഥാനത്തു വരുന്നത്.
വാളയാറിലെ കുഞ്ഞുങ്ങളുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസ്
കാണിച്ചത് കുറ്റകരമായ അനാസ്ഥയാണ്.സാക്ഷിമൊഴികളും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുമൊക്കെ
ആ കുഞ്ഞുങ്ങളുടെ കൊലപാതകത്തിലേക്കാണ് വിരല്‍
ചൂണ്ടുന്നത്. എന്നാല്‍ അന്വേഷണം നടത്തിയ പോലീസാകട്ടെ വളരെ നിസ്സാരമായിട്ടാണ് കേസ്
കൈകാര്യം ചെയ്തത്.അതുവഴി പ്രതികള്‍ വളരെ എളുപ്പം കോടതയില്‍ നിന്നും
കുറ്റവിമുക്തരാക്കപ്പെട്ടു.
മറ്റൊരു
കേസ് മാവോയിസ്റ്റുകളെ കൊന്നതാണ്. തോക്കുമായി കൊല്ലാന്‍ നടക്കുന്ന ഉന്മൂലന
സിദ്ധാന്തക്കാരോട് വേദമോതിയിട്ട് കാര്യമില്ലെങ്കിലും അവരെ ജീവനോടെ പിടിക്കാനുള്ള
ശ്രമം നടത്താതെ കണ്ടപാടെ വെടിവെച്ചുകൊല്ലാനാണ് പോലീസ് ശ്രമിച്ചത് എന്ന വാദത്തില്‍
കഴമ്പുണ്ട്.മാവോയിസ്റ്റുകള്‍ ഉണ്ട് എന്നറിഞ്ഞിട്ടു തന്നെയാണല്ലോ പോലീസ് സ്ഥലം
വളയുന്നത്. പെട്ടെന്ന് മുഖാമുഖം കണ്ട് പരസ്പരം വെടിവെയ്ക്കുകയല്ലായിരുന്നുവെന്ന്
അര്‍ത്ഥം. ഉന്മൂലനവാദികളെ ജനാധിപത്യവത്കരിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു
പകരം ഉന്മൂലനം ചെയ്യാന്‍ തന്നെ തീരുമാനിച്ച പോലീസിന്റെ നീക്കത്തിനും സര്‍ക്കാര്‍
മറുപടി പറയേണ്ട സാഹചര്യത്തിലായി.
അതുപോലെ
രണ്ടു യുവാക്കളുടെ പേരില്‍ യു എ പി എ ചുമത്തിയ കേസിലും പ്രതിസ്ഥാനത്ത് പോലീസ്
തന്നെയാകുന്നു. ജനാധിപത്യ വിരുദ്ധമായ ആ നിയമത്തോട് സി പി ഐ എമ്മിന്റെ നിലപാട്
എന്താണ് എന്ന് പോലീസിന് അറിയാതെയല്ല. എന്നിട്ടും അത്തരമൊരു നീക്കത്തിന് പോലീസ്
മുതിര്‍ന്നുവെങ്കില്‍ കാര്യങ്ങള്‍ അപകടത്തിലാണെന്നുതന്നെയാണ് വ്യക്തമാകുന്നത്.
എന്തുകൊണ്ടായിരിക്കും
പോലീസ് ഇങ്ങനെ തന്നിഷ്ടപ്രകാരം പെരുമാറി ഭരിക്കുന്ന സര്‍ക്കാറിനേയും പിന്തുണ
നല്കുന്നവരേയും പ്രതിക്കൂട്ടിലാക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉരുത്തിരിഞ്ഞു
വരുന്നു.പോലീസിന്റെ മുകളില്‍ യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലേ എന്ന
ചോദ്യം പോലും സര്‍ക്കാറിന്റെ ബന്ധുക്കള്‍ തന്നെ ഉയര്‍ത്തുന്നു. പോലീസിന്റെ
മെകാനിസത്തെ തിരുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍പ്പിന്നെ മറ്റെന്തു
നേട്ടങ്ങളുണ്ടായിട്ടും കാര്യമെന്ത് എന്നാണ് അവര്‍ ചോദിക്കുന്നത്.
ഇവിടെയാണ്
ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാറിന്റെ
പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ഗൂഢനീക്കങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകുന്നത്.
കേന്ദ്രസര്‍ക്കാറിന് ഇത്തരം ഉദ്യോഗസ്ഥന്മാരില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍
സാധ്യതകളേറെയാണ്. തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ നേരിടാന്‍ എന്തു വഴിയും
സ്വീകരിക്കുന്ന ആറെസ്സെസ്സിന്റെ നേതൃത്വത്തിലുള്ള ഒരു ഗവണ്‍മെന്റാകുമ്പോള്‍ പ്രത്യേകിച്ചും.
ഇത്തരമൊരു ഇടപെടലിനുള്ള സാധ്യത നാം പലപ്പോഴായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. കേന്ദ്രസര്‍ക്കാറിനു
വേണ്ടി എന്തു വിടുപണിയും ചെയ്യാന്‍ തയ്യാറായിട്ടുള്ള ഒരു കൂട്ടം സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. അവരെ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ട്
രാഷ്ട്രീയമായി നേരിടുന്നതിനെക്കാള്‍ വളരെ എളുപ്പത്തില്‍ ഇടതുപക്ഷത്തെ
തോല്പിച്ചെടുക്കാന്‍ കഴിയുമെന്ന ബോധ്യം ആര്‍ എസ് എസ്സിനുണ്ട്. ഇവിടെ യു എ പി
എ ചുമത്തിയ കേസുതന്നെ പരിഗണിക്കുക. അത്തരമൊരു നിയമം അനാവശ്യമായി
ചുമത്തപ്പെടരുതെന്ന ജാഗ്രത സര്‍ക്കാറിന് ഉള്ളതിനാല്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദശങ്ങള്‍ നിലവിലുണ്ട്.
ശക്തമായ തെളിവും ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂറായ അനുമതിയും യു എ പി എ
ചുമത്തുന്നതിന് ആവശ്യമാണ്.സുപ്രിംകോടതി ഇക്കാര്യത്തില്‍ ഇതിനുമുമ്പ്
പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കാതെ ധൃതി പിടിച്ചൊരു
തീരുമാനം ഒരു കാരണവശാലും ഉണ്ടാകരുതെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
എന്നിട്ടും
അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി മാവോയിസ്റ്റ്
ബന്ധമാരോപിച്ച് വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ക്കെതിരെ വളരെ തിടുക്കത്തില്‍ യു
എ പി എ ചുമത്തി ജയിലിലടച്ചത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി
ബാധിക്കുമെന്ന ഉറപ്പുള്ളതുകൊണ്ടുതന്നെയാണെന്ന തിരിച്ചറിവ് കേരളത്തിലെ പ്രബുദ്ധരായ
ജനതയ്ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.അതായത് പോലീസിലെ ഒരു വിഭാഗം മറ്റാര്‍ക്കോ
വേണ്ടി ചിന്തിക്കുയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് സാരം. ഇനി
മുഖ്യമന്ത്രി ഇടപെട്ട് യു എ പി എ ചുമത്തിയത് ഒഴിവാക്കിയെടുത്താലും വേണ്ട വിധത്തില്‍ വിവാദമുണ്ടാക്കുവാന്‍ ഛിദ്രശക്തികള്‍ക്ക്
കഴിഞ്ഞുവെന്നതാണ് വസ്തുത.
ഭരണത്തിലെ വീഴ്ച കൊണ്ടല്ല ലോകത്തിനു മുന്നില്‍ പിണറായി സര്‍ക്കാര്‍
രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത് മറിച്ച് പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകള്‍ കൊണ്ടാണെന്ന് കാണാതിരുന്നു കൂട.
അതുകൊണ്ട് ഐ പി എസ് മേധാവികളുടെ നിരുത്തരവാദപരമായ ഉത്തരവുകളെ അവഗണിച്ചു കൊണ്ട്
നീതിയ്ക്കും സത്യത്തിനും ഒപ്പം നിന്നു പോരാടുവാനുള്ള കര്‍മ്മശേഷി താഴെത്തട്ടിലെ
പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുവാനും അല്ലാത്തവരെ മാതൃകാപരമായി
ശിക്ഷിക്കാനുമുള്ള ജാഗ്രത സര്‍ക്കാര്‍ കാണിക്കണം.അതല്ലെങ്കില്‍ പോലീസിനെ
ഉപയോഗിച്ചുകൊണ്ടുള്ള ഒരു യുദ്ധത്തില്‍ ഇടതുപക്ഷം അട്ടിമറിയ്ക്കപ്പെടുക തന്നെ
ചെയ്യും.
Comments