#ദിനസരികള്‍ 934 മിത്രാവതി




            ഹിമശൈലങ്ങള്‍ ചൂഴ്ന്നു നിലക്കുന്ന തേഹരി.രാജകൊട്ടാരത്തിന്റെ അകത്തളം. വസന്തവായുവിന്റെ ശീതളസ്പര്‍ശമേറ്റിട്ടും യാഗശാലയിലെ ദേവദാരുത്തറക്കെട്ടില്‍ ഇരിക്കുകയായിരുന്ന തേഹരി നൃപന്‍ വിയര്‍ത്തിരുന്നു.അഗാധമായ ഒരു ദുഖം പ്രസദമധുരമെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നിഴല്‍ വീഴ്ത്തിയിരുന്നു.അവിടേയ്ക്ക് കടന്നു വന്ന വേത്രവതി , അമാത്യരും ഗുരുപാദരും രാജസദസ്സില്‍ കാത്തിരിക്കുന്ന വിവരം ഉണര്‍ത്തിച്ചു. അരചന്‍ ഒട്ടും വൈകാതെ സദസിലേക്ക് എഴുന്നള്ളി.
          രാജാവിനെ കണ്ട് സദസ്സിലുണ്ടായിരുന്നവര്‍ എഴുന്നേറ്റുനിന്ന് അഭിവാദ്യം ചെയ്ത് സ്വസ്ഥാനങ്ങളില്‍ ഇരുന്നു. പ്രൌഡഗംഭീരമായ സദസ്സിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം രാജാവ് ഇങ്ങനെ പറഞ്ഞു.  ഒരു സന്തോഷത്തോടൊപ്പം ദുഖവും വന്നു ചേര്‍ന്നിരിക്കുന്നു.ഒരു പക്ഷേ വിധിയുടെ നീതി അങ്ങനെയായിരിക്കാം.കേള്‍ക്കുക. സൈന്യാധിപനായ യജ്ഞസേന്‍ ഇന്നലെ ശത്രുക്കളായ ശകന്മാരെ തുരത്തി വിജയ ശ്രീലാളിതനായി മടങ്ങിയെത്തിയിരുന്നു.അദ്ദേഹത്തെ നാം പൂര്‍ണകുംഭത്തോടെയാണ് സ്വാഗതം ചെയ്തതെന്ന വിവരം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ആ വരവേല്പിന് രാജ്യമൊട്ടാകെത്തന്നെ സാക്ഷ്യംവഹിച്ചു.ഓരോ പൌരനും വിജയത്തിന്റെ ആഘോഷം ഏറ്റെടുത്തു. രാജ്യത്ത് ഒരുത്സവം നടക്കുന്ന പ്രതീതിയായി.
          ആഘോഷാദികളുടെ മധ്യത്തില്‍ സ്വപത്നിയായ മിത്രാവതിയുമായി ഇന്നലെ രാത്രി യജ്ഞസേനന്‍ നദീ തീരത്തേക്ക് പോയിരുന്നു. നിലാവുള്ള ആ രാത്രിയുടെ മാസ്മരികമായ കാഴ്ചകള്‍ അയാളെ ഭ്രമിപ്പിച്ചിട്ടുണ്ടാകാം.മോഹിപ്പിച്ചിട്ടുണ്ടാകാം. അയാളില്‍  പ്രണയം നുരഞ്ഞു പൊങ്ങാന്‍ ഇടയാക്കിയിട്ടുണ്ടാകാം.അതുകൊണ്ടാകാം ദീര്‍ഘകാലത്തിനു ശേഷമുള്ള സമ്മേളനത്തിന് അയാള്‍ നിലാവുവീണുകിടക്കുന്ന നദിയോരംതന്നെ തിരഞ്ഞെടുത്തത്. എന്നാല്‍ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ ?പുലര്‍ച്ചയില്‍ മിത്രാവതി മാത്രമാണ് മടങ്ങിയെത്തിയത്. യജ്ഞസേനന്‍ ജീവനറ്റ നിലയില്‍ അവിടെ ഒരു പാറപ്പുറത്ത് കിടന്നിരുന്നു.
          രാജാവിന്റെ വിശദീകരണത്തില്‍ സദസ്സൊന്നാകെ വ്യാകുലപ്പെട്ടു.കേട്ടവര്‍ കേട്ടവര്‍ യജ്ഞസേനന്റെ അകാലനിര്യാണത്തില്‍ നടുങ്ങി. ഒരു നിമിഷത്തിനു ശേഷം അമാത്യന്‍ എഴുന്നേറ്റു നിന്നു :-
          പ്രഭോ, എങ്ങനെയാണ് അദ്ദേഹത്തിന് പ്രാണാപായമുണ്ടായത് ? ഏതുകാലത്തും കടന്നുവരാവുന്ന സ്വച്ഛന്ദവിഹാരിയാണ് മരണമെങ്കിലും അത്തരമൊരു ദുര്‍വിധി ഉണ്ടാകാനിടയായ സാഹചര്യമെന്താണ്? അവസാനം വരെ സേനാധിപന്റെ കൂടെയുണ്ടായിരുന്നത് സ്വപത്നി മിത്രാവതി മാത്രമല്ലേ? അവള്‍ക്ക് കൂടുതലായി എന്തെങ്കിലും പറയാനുണ്ടാകില്ലേ ? അവളെ സദസ്സിലേക്ക് വരുത്തുന്നതല്ലേ ഉചിതം ? വിളിക്കുവാന്‍ ആളയച്ചാലും രാജന്‍
    പെട്ടെന്ന് സദസ്സിന്റെ ഒരു കോണില്‍ നിന്നും ആളയയ്ക്കണ്ട, ഞാനിവിടെത്തന്നെയുണ്ട് എന്നൊരു പ്രതിവചനമുണ്ടായി.
          സദസ്സ് ഒന്നാകെ ആ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു.അവിടെ വെളുത്ത വല്കലം ചുറ്റി, വെള്ളപ്പൂക്കള്‍ അണിഞ്ഞ്, പുഞ്ചിരി പൊഴിച്ചു കൊണ്ട് ഒരു കൂസലുമില്ലാത്ത ദേവതയെപ്പോലെ മിത്രാവതി തെളിഞ്ഞു നിന്നു. യാതൊരു വിധത്തിലുള്ള ചാഞ്ചാട്ടവും അവളിലുണ്ടായിരുന്നില്ല. ശബ്ദത്തിലോ ചുവടുകളിലോ ഒരു പതര്‍ച്ചയുമുണ്ടായിരുന്നില്ല.കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോഴും കുലുക്കമില്ലാതെ നിന്നിടത്ത് ഉറച്ചു നില്ക്കുന്ന ഹിമാലയത്തെപ്പോലെ അവള്‍ അക്ഷോഭ്യയായി കാണപ്പെട്ടു.
           ( വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ മിത്രാവതി എന്ന കവിതയെ അടിസ്ഥാനമാക്കി എഴുതിയത് )                      
                                                                                                (തുടരും)


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍