#ദിനസരികള്‍ 859 - പ്രതിസന്ധികള്‍ക്ക് പ്രതിവിധിയാകുന്ന മതം


          ഒരു സ്വതന്ത്ര മതേതര രാജ്യമെന്ന നിലയില്‍ രണ്ടു പ്രതിസന്ധികളെയാണ് നാം നേരിടുന്നത്. അതിലൊന്ന്  ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുകയാണ് എന്നതാണ് . അല്ല എന്ന് ആരൊക്കെ വാദിച്ചാലും ഈ രാജ്യത്ത് ഉടനീളം കാണുന്ന മാറ്റങ്ങളില്‍ പ്രഖ്യാപിക്കപ്പെടുന്ന ഒരേയൊരു വസ്തുത ഹിന്ദുത്വ അജണ്ടകള്‍ വ്യക്തിജീവിതവുമായും രാഷ്ട്രജീവിതവുമായും ബന്ധപ്പെട്ടിരിക്കുന്ന മുഴുവന്‍ വിഷയങ്ങളേയും പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നുവെന്നാണ്. ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ ഇന്ത്യയില്‍ ഒരു മാറ്റം കാണുന്നുണ്ടോ എന്നു ചോദിച്ചുകൊണ്ട് നമ്മുടെ ബഹിരാകാശ മേഖലയേയും സാമ്പത്തിക പുരോഗതിയേയുമൊക്കെ വികസനത്തിന്റെ ഉദാഹരണങ്ങളായി നരേന്ദ്രമോഡി ഉന്നയിച്ചിരുന്നു.എന്നാല്‍  മോഡി ചൂണ്ടിക്കാണിച്ചവയല്ല മറിച്ച് പൌരജീവിതത്തിന്റെ ഓരോ അടരുകളിലും മതം വന്നു കയറുന്നുവെന്നതാണ് ആ മാറ്റം എന്നതാണ് വസ്തുത.
          അസ്തമിച്ചു പോകുന്ന ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒരു ന്യനപക്ഷത്തിന്റേതുമാത്രമായി മാറിയിരിക്കുന്നു. എന്നാല്‍ ആ ആശങ്കകള്‍ ഫലവത്തായി ചര്‍ച്ച ചെയ്യപ്പെടാനുള്ള സാഹചര്യങ്ങള്‍ പോലും നമ്മുടെ രാജ്യത്ത് അവശേഷിക്കുന്നില്ല. ഭ്രാന്തമായ ഭൂരിപക്ഷത്തിന്റെ ആര്‍പ്പുവിളികളില്‍ അവരുടെ ശബ്ദം ആരുടേയും ചെവികളിലെത്തിപ്പെടാതെ പോകുന്നു.
          അതോടൊപ്പം തന്നെ നാം സാമ്പത്തികമായി പാപ്പരാകുകയുമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നീതി ആയോഗിന്റെ ഉപാധ്യക്ഷന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ട് അധികം ദിവസങ്ങളായിട്ടില്ല. നിലവിലുള്ള മാന്ദ്യത്തെ നേരിടാന്‍ ധമന്ത്രി പ്രഖ്യാപിച്ച ഉത്തേജന പാക്കേജിന് കഴിയില്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലില്ലായ്മ നികത്താനാകാത്ത വിധം വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19) വളർച്ച 6.8 ശതമാനമായി ഇടിഞ്ഞു. 2017-18ൽ ഇത്‌ 7.2 ശതമാനമായിരുന്നു.ജൂലൈയിൽ കാർ വിൽപ്പനയിൽ 2018ലെ ഇതേമാസത്തെ അപേക്ഷിച്ച്‌ 30.9 ശതമാനം ഇടിവുണ്ടായി. 20 വർഷത്തെ ഏറ്റവും വലിയ ഇടിവാണിത്‌. വാണിജ്യവാഹന വിൽപ്പനയിൽ 25.7 ശതമാനം ഇടിവുണ്ടായി. രാജ്യത്തെ ഏഴ്‌ പ്രധാന നഗരത്തിൽ 1.74 ലക്ഷം അപ്പാർട്ടുമെന്റ്‌ വിറ്റുപോയില്ല. ഇവയുടെ മൊത്തം മൂല്യം 1.77 ലക്ഷംകോടി രൂപയോളംവരും. സ്വകാര്യകമ്പനികൾ പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച്‌ 50 ശതമാനം ഇടിവുണ്ടായി. എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
          സാഹചര്യം ഇങ്ങനെയായിരിക്കുമ്പോഴും കൃത്യമായ ഒരു പ്രതിവിധി നിര്‍‌ദ്ദേശിക്കാതെ തങ്ങളിപ്പോഴും അമേരിക്കയുടേയും ചൈനയുടേയും സാമ്പത്തിക വളര്‍‍ച്ചയോടൊപ്പമാണെന്ന് വീരവാദം പറഞ്ഞുകൊണ്ടും ചന്ദ്രയാനിലേക്ക് അയച്ച ദൌത്യത്തിന്റെ പേരില്‍ അഭിമാനം കൊള്ളാന്‍ ആഹ്വാനം ചെയ്തും അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ജനതയുടെ ശ്രദ്ധ തിരിക്കുകയാണ്.
          ഈ അവസരത്തിലാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി അനുഭവപ്പെടുന്നില്ലേയെന്ന് വിദേശ ഇന്ത്യക്കാരോട് മോഡി ചോദിക്കുന്നത്. ഇത്രയും ചെറിയ മുതല്‍ മുടക്കില്‍ ചാന്ദ്രയാന്‍ പോലെയുള്ള ദൌത്യങ്ങള്‍ നടത്താന്‍ ഇന്ത്യക്കെങ്ങനെ കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ ലോക രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതത്രേ !
          മതരാജ്യമായി മാറിക്കൊണ്ടിരിക്കുന്ന വിധത്തില്‍ നടക്കുന്ന കടന്നു കയറ്റങ്ങളേയും സാമ്പത്തിരംഗത്തെ തിരിച്ചടികളേയും മറച്ചു വെയ്ക്കാന്‍ എത്ര മനോഹരമായിട്ടാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് നോക്കുക.
          ഇനി വരാന്‍ പോകുന്ന കാലം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ മതത്തെ ഉപയോഗിക്കുകയെന്നതാണ്. അതായത് രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചു വിടാന്‍ കഴിയുന്ന തരത്തില്‍ സാമുദായിക കലാപങ്ങളും അതിര്‍ത്തിത്തര്‍ക്കങ്ങളും രൂക്ഷമാക്കുക എന്നതാണ് ആ പോംവഴി. ദുരന്തങ്ങളെ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക എന്നതുമാത്രമാണ് ഈ ജനതയെ കാത്തിരിക്കുന്ന വിധി.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം