#ദിനസരികള്‍ 852 - ഇനിയും മരിക്കാത്ത ജാതി
ഇനിയും മരിക്കാത്ത ജാതി
നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിലേക്ക് ജാതിചിന്ത
ഇക്കാലങ്ങളില്‍ കൂടുതല്‍ കുടുതലായി തിരിച്ചു വരികയാണെന്ന് സൌഹൃദ
സംഭാഷണത്തിനിടയ്ക്ക് ഒരു സുഹൃത്ത് സംശയിക്കുന്നു. എന്നു മാത്രവുമല്ല തികച്ചും
അനാവശ്യമായി ചുറ്റുമുണ്ടാകുന്ന പല പ്രശ്നങ്ങളേയും ജാതിയുമായി കൂട്ടിക്കെട്ടുവാന്‍
പലരും അമിത വ്യഗ്രത കാണിക്കുന്നുമുണ്ട് എന്ന് അദ്ദേഹം പറയുന്നു. അതായത് ,
ജാതിയുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളില്‍ പോലും ഒരു ഭാഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന്
ജാതിയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് അക്കൂട്ടര്‍ ചെയ്യുന്നത്.സമുഹത്തില്‍
നിലവിലുള്ള കൂട്ടായ്മകളെ ഇല്ലാതാക്കി ശിഥിലീകരിക്കുന്ന ഇത്തരം തെറ്റായ പ്രവണതകളെ
പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നാമെങ്കിലും അകറ്റി നിറുത്തേണ്ടതുണ്ട് –
അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അദ്ദേഹത്തിന്റെ വാദങ്ങള്‍ ശരിയാണ്.എവിടെ നോക്കിയാലും ജാതിയെക്കുറിച്ചും
മറ്റുമുള്ള ചിന്തകളേ കാണാനുള്ളു. ഒരിടവേളക്കു ശേഷം ഭ്രാന്തമായ രീതിയില്‍ ജാതി
ചിന്ത വര്‍ദ്ധിച്ചിരിക്കുന്നുവെന്നു പലരും ചിന്തിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ
നിഷ്കളങ്കവും സത്യസന്ധവുമായ ഒരഭിപ്രായം എന്ന നിലയില്‍ നമുക്ക് അദ്ദേഹത്തോട്
യോജിപ്പു തോന്നാം.എന്നാല്‍ വസ്തുതകളെ കുറച്ചുകൂടി ആഴത്തില്‍ പരിശോധിക്കുമ്പോള്‍
കേവലം ഉപരിപ്ലവമായ ഒരു അഭിപ്രായം മാത്രമാണതെന്ന് നമുക്ക് മനസ്സിലാകുക തന്നെ
ചെയ്യും.
എന്തുകൊണ്ടാണ് ജാതീയത വര്‍ദ്ധിച്ചിരിക്കുന്നതെന്ന് നാം
ചിന്തിക്കുന്നത് ? ജാതി
ചിന്ത എന്നെങ്കിലും കേരളത്തിന്റെ പൊതുമനസ്സില്‍ നിന്നും വിട്ടുപോയിരുന്നോ? പ്രഥമമായും
പ്രധാനമായും നാം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണിവ.
രണ്ടാമത്തെ ചോദ്യം ആദ്യ പരിഗണിക്കുക.ജാതീയതയുടെ വെകിളികള്‍
പരിപൂര്‍ണമായും ഒരു ഘട്ടത്തിലും കേരളത്തിന്റെ പൊതുമനസ്സില്‍ നിന്നും വിട്ടു
പോയിരുന്നില്ലെന്നതാണ് ശരി. നാം അടക്കിപ്പിടിച്ചിട്ടുണ്ടാകാം, ജാതീയതയുടെ തേറ്റകള്‍
പുറമേക്കു കാണാതെ ഒളിപ്പിച്ചു നിറുത്തിയതിനെ ഇല്ലായ്മയായി നാം കരുതിപ്പോന്നു.
എന്നാല്‍ ഈ തേറ്റകള്‍ ആവശ്യമുള്ളപ്പോഴൊക്കെ പുറത്തുവന്നു.ചിലപ്പോഴൊക്കെ പ്രകടമായും
പലപ്പോഴും അതിസൂക്ഷ്മവുമായ രീതികളിലാണ് അവ നമുക്കിടയില്‍ പ്രവര്‍ത്തിച്ചത്. അത്
തിരിച്ചറിയണമെങ്കില്‍ കടുത്ത തരത്തിലുള്ള മാനവികാവബോധവും സാമൂഹിക കാഴ്ചപ്പാടും
വേണമായിരുന്നു. ഒരുദാഹരണം പറഞ്ഞാല്‍ ജാതി സൂക്ഷ്മമായി പ്രവര്‍ത്തിച്ചത് ഒരുദാഹരണം
പറഞ്ഞാല്‍ ശബരിമല തന്നെയാണ്.
വിശ്വാസ സംരക്ഷണത്തിന്റെ മുഖപടമണിഞ്ഞ് ശബരി മലയിലെ ആചാരങ്ങള്‍
പൊതു സമൂഹത്തിനു മുന്നില്‍ വിചാരണക്കെത്തിയ സന്ദര്‍ഭം അനുസ്മരിക്കുക. സ്ത്രീകളുടെ
പ്രവേശനം വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് പൊതുവേ വാദിക്കപ്പെട്ടത്.
എന്നാല്‍ സ്ത്രീകളെ രണ്ടാംസ്ഥാനത്തേക്ക് പുറന്തള്ളുന്ന ഒരു സവര്‍ണ വ്യവസ്ഥയുടെ
തിട്ടൂരമാണ് ആ അകറ്റി നിറുത്തലിനു പിന്നിലെന്ന വസ്തുത പലരും പരിഗണിച്ചില്ലെന്ന്
മാത്രവുമല്ല , അത് ചൂണ്ടിക്കാണിച്ചവരെ കഴിവിനൊത്ത് ആക്ഷേപിക്കുകയും ചെയ്തു.വര്‍ണ
വ്യവസ്ഥയുടെ മറ്റൊരു തരത്തിലുള്ള ഇടപെടലാണ് അവിടെ നാം കണ്ടത്. അതിന് വിശ്വാസവുമായി
യാതൊരു വിധത്തിലുള്ള ബന്ധവുമുണ്ടായിരുന്നില്ല.എന്നിട്ടുപോലും താഴെത്തട്ടിലുള്ളവര്‍
ആരോ വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട്
തെരുവിലിറങ്ങിയത് നാം കണ്ടതാണ്.അറിയാതെ തന്നെ അവര്‍ സംരക്ഷിച്ചു പിടിക്കാന്‍
ശ്രമിക്കാന്‍ ശ്രമിച്ചത് തങ്ങളെ താഴേക്കിടയിലുള്ളവരായി പരിഗണിക്കപ്പെടുന്നവരുടെ
ശാസനങ്ങള്‍ തന്നെയാണ്.തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും പോലെയുള്ള
പ്രത്യക്ഷമായ ജാത്യാചാരങ്ങളെ നാം എതിര്‍ക്കുമ്പോഴും വളഞ്ഞ വഴിക്ക് ജാതി വ്യവസ്ഥ
പ്രവര്‍ത്തിക്കുന്നതിന്റെ ഒരുദാഹരണമാണ് നാം കണ്ടത്. ക്ഷേത്രത്തിലെ പൂജാരിയെ തൊട്ടു
കൂട എന്ന ശാസനം വിശ്വാസത്തിന്റെ പരിവേഷമണിഞ്ഞ് സംരക്ഷിക്കപ്പെടുന്ന ഒരനാചാരമാണ്.
എന്താണ് തൊട്ടാല്‍ എന്ന് ചോദിക്കേണ്ട ഒരു വര്‍ഗ്ഗം തൊട്ടുകൂടായ്മയെ
വിശ്വാസത്തിന്റെ പേരില്‍ ന്യായീകരിച്ചു സ്വീകരിക്കുന്നു.
ഇതുപോലെ പ്രത്യക്ഷമായും പരോക്ഷമായും ജാതീയത നിലനില്ക്കുന്ന
എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താം. അതെല്ലാം വ്യക്തമാക്കുന്നത് ജാതീയതയും
അതിനെ ചുറ്റിപ്പറ്റിയുള്ള സവര്‍ണമായ ആചാരങ്ങളും എല്ലാക്കാലത്തേയും സാഹചര്യങ്ങള്‍ക്കൊത്ത്
ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നുവെന്നു
തന്നെയാണ്.ജാതിവിമുക്തമായ ഒരു കേരളം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് മാത്രവുമല്ല
, കേരളത്തിന്റെ പൊതുമനസ്സില്‍ ജാതീയത നിര്‍ണായകമായ ഒരു ബാധയായി കുടികൊണ്ട്
പോരികയും ചെയ്തിരുന്നു.
എന്തുകൊണ്ട് ജാതീയത ഇക്കാലത്ത് ഏറെ വര്‍ദ്ധിച്ചു എന്ന
ചോദ്യത്തിനെ ഇവിടെ വെച്ച് നാം അഭിമുഖീകരിക്കുക. പ്രത്യക്ഷമായിട്ടുള്ള ഇടപെടലുകള്‍
പ്രായേണ ചുരുങ്ങിയെങ്കിലും പരോക്ഷമായും അതിസൂക്ഷ്മമായും ജാതി നടത്തുന്ന ഇടപെടലുകളെ
എക്കാലത്തേയും കാള്‍ നാമിപ്പോള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. അതായത് നമ്മുടെ
വര്‍ദ്ധിച്ച രാഷ്ട്രീയാവബോധവും സാമൂഹിക ധാരണകളും ഒരു കാലത്ത് ചുറ്റും സ്വാഭാവികമെന്ന
രീതിയില്‍ നടന്നു വന്നിരുന്ന പലതിലും ജാതിയുടെ സ്വാധീനങ്ങളെ തിരിച്ചറിഞ്ഞു
തുടങ്ങിയിരിക്കുന്നുവെന്ന് സാരം.മലയാളിയുടെ സവര്‍ണമനസ്സില്‍ വളരെ ആഴത്തില്‍
വേരോടിയിട്ടുള്ള സുഖമുള്ള ഒരൊര്‍മയാണ് ജാതി. ഏതു സമയത്തും അത് പ്രവര്‍ത്തനോന്മുഖത
പ്രകടിപ്പിച്ചുകൊണ്ടിരിക്കും.അതുകൊണ്ടാണ് മന്ത്രിയാണെങ്കിലും പൊലയനല്ലേ മുതലായ
സംവര്‍ഗങ്ങളുണ്ടാകുന്നത്.ചോവക്കൂതിമോന്‍ എന്ന പ്രയോഗം അനുബന്ധമായി ഓര്‍മിക്കുക.
ജാതി ഇതുവരെ നാം വിട്ടിട്ടില്ല എന്നു തന്നെയാണ് കാര്യങ്ങള്‍
വ്യക്തമാക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും അത് നമ്മുടെ സാമൂഹിക ജീവിതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.ജാഗ്രതയോടെയുള്ള
പ്രതിപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലയെങ്കില്‍ ജീവിതത്തെ
സമസ്തമേഖലകളേയും ജാതിയുടെ നീരാളിക്കൈകള്‍ പ്രത്യക്ഷമായിത്തന്നെ ചുറ്റി വരിയുന്നത്
നമുക്ക് കാണേണ്ടി വരും. ഇപ്പോള്‍ നമുക്കിടയിലെ ഹിന്ദുത്വയുടെ ഇടപെടലുകള്‍
അത്തരത്തിലെ ഒരു സമൂഹത്തിലേക്കുള്ള പ്രയാണം എളുപ്പമാക്കുകയും ചെയ്യും.
Comments