#ദിനസരികള്‍ 858 - “പിറവി”
“രഘൂ,
കൈ മുറുകെപ്പിടിച്ചോളൂ. അച്ഛന്‍ വീഴാണ്ടിരിക്കട്ടെ!” മലയാള സിനിമ ഇത്രയും തരളമായ ഒരു മൊഴി വേറെ
കേട്ടിട്ടുണ്ടാവുമോ? എനിക്ക്
സംശയമാണ്. ഒരച്ഛന്റെ പ്രതീക്ഷകള്‍ , വിഹ്വലതകള്‍ എല്ലാം തന്നെ തള്ളിക്കയറി വന്ന്
നമ്മെ വീര്‍പ്പു മുട്ടിക്കുന്ന അന്തരീക്ഷം ഈയൊരൊറ്റ സംഭാഷണം
സൃഷ്ടിച്ചെടുക്കുന്നു.വാര്‍ദ്ധക്യത്തിന്റെ സമസ്ത വിഷമതകളും നമ്മെ
അനുഭവിപ്പിക്കുന്നു.ഒരു പക്ഷേ പിറവി എന്ന സിനിമയില്‍ നിന്ന് ബാക്കിയെല്ലാ
സംഭാഷണങ്ങളും നാം ഒഴിവാക്കുന്നുവെന്ന് കരുതുക.എങ്കില്‍പ്പോലും ഈയൊരു
നിമിഷത്തിന്റെ കരുത്തില്‍ ആ സിനിമ ജീവഭാവനകളെ തൊട്ടുണര്‍ത്തുക തന്നെ ചെയ്യും
ഷാജി എന്‍ കരുണ്‍ പിറവി എന്ന തന്റെ ആദ്യസിനിമ സംവിധാനം
ചെയ്യുന്നത് 1989 ലാണ്.കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ കാമറ പുരസ്കാരം
പിറവിയ്ക്ക് ലഭിച്ചു.ജി. അരവിന്ദന്റെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തനമാരംഭിച്ച
ഷാജി, സ്വം, കുട്ടിസ്രാങ്ക്, വാനപ്രസ്ഥം മുതലായ ചിത്രങ്ങള്‍ സംവിധാനം
ചെയ്തിട്ടുണ്ട്.ആദ്യ സിനിമ എന്നത് സാങ്കേതികമായ ഒന്നാണ്. കൃതഹസ്തനായ ഒരു
സംവിധായകന്റെ ഉള്‍ക്കാഴ്ച ഈ സിനിമയെ ഒന്നാന്തരമാക്കിത്തീര്‍ത്തിരിക്കുന്നുവെന്ന്
സമ്മതിക്കാതെ വയ്യ.
പിറവി ഒരു കാത്തിരിപ്പിന്റെ കഥയാണ്. ഏക മകനെ കാത്തിരിക്കുന്ന
ഒരച്ഛന്റേയും അമ്മയുടേയും കഥ. ഒപ്പം അവരുടെ മകളും ഈ കാത്തിരിപ്പില്‍
പങ്കാളിയാകുന്നു. മകനാകട്ടെ ദൂരെയുള്ള കോളേജില്‍ പഠനത്തിനു പോയതാണ്.അവന്‍
വരുമെന്ന് അറിയിച്ച തീയതിയിലൊന്നും വരാതായതോടെ അവര്‍ വിഷമത്തിലാകുന്നു.തീരുമാനമെടുക്കേണ്ടവന്‍
എത്തിച്ചേരാത്തതിനാല്‍ പെങ്ങളുടെ കല്യാണ നിശ്ചയം മാറ്റിവെയ്ക്കപ്പെടുന്നു.പോലീസ്
മകനെ അറസ്റ്റു ചെയ്തുവെന്നും പിന്നീട് വിട്ടയച്ചുവെന്നുമുള്ള വിവരം അച്ഛനുണ്ട്.
വിട്ടയച്ചുവെന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നുമുണ്ട്.എന്നിട്ടും ഇങ്ങോട്ടുവരാതെ
തന്റെ മകന്‍ രഘു എവിടെപ്പോയി എന്നാണ് അദ്ദേഹം ആവലാതിപ്പെടുന്നത്.
മകന്‍ പോലീസ് പിടിയിലായ കഥ അവസാനം മകള്‍ അറിയുന്നു.അവള്‍ മകനെ
തേടി വൃദ്ധനായ അച്ഛനെ അയക്കുന്നു.അച്ഛനാകട്ടെ തനിക്കു പരിചയമുള്ള മന്ത്രിയുടെ
ശുപാര്‍ശക്കത്തുമായി ഡി ജി പിയെ പോയി കാണുന്നു. താന്‍ അന്വേഷിക്കാം അവന്‍
എന്തായാലും തിരിച്ചുവരും എന്ന് ഡി ജി പി പറയുന്നതുകേട്ട് അയാള്‍
മടങ്ങുന്നു.എന്നാല്‍ മകനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതാണെന്ന സത്യം ഡി ജി പി തന്റെ
അടുത്തിരിക്കുന്ന ആളോട് സംസാരിക്കുന്നതില്‍ നിന്നും നമുക്ക്
മനസ്സിലാകുന്നു.അച്ഛനാകട്ടെ പോലീസ് ഭാഷ്യം വിശ്വസിച്ചുകൊണ്ട് വീട്ടിലേക്ക് എത്തി
ഭാര്യയേയും മകളേയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ അച്ഛന്റെ വിശദീകരണത്തിലും മറപടിയും തൃപ്തയാകാതെ
അസ്വസ്ഥയായ മകള്‍ മാലതി, അവസാനം അനുജനെ അന്വേഷിച്ചിറങ്ങുന്നു.അവന്റെ കോളേജിലെ
സഹപാഠികളെ കാണുന്നു.തന്റെ അനുജന്‍ രഘു ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന സത്യം
അവള്‍ മനസ്സിലാക്കുന്നു.തിരിച്ച് വീട്ടിലെത്തിയ മാലതി രഘുവിനെ
കാത്തിരിക്കേണ്ടതില്ലെന്ന് അച്ഛനേയും അമ്മയേയും അറിയിക്കുന്നു.
കഥാച്ചുരുക്കം ഞാന്‍ അവതരിപ്പിച്ചത് വളരെ
യാന്ത്രികമായിട്ടാണെന്ന് അറിയാതെയല്ല.മനുഷ്യ ഹൃദയത്തെ ദ്രവിപ്പിക്കുന്ന ഒട്ടനവധി
മുഹൂര്‍ത്തങ്ങളെ തന്മയത്വത്തോടെ അനുഭവിപ്പിക്കുന്ന പിറവി അസാധാരണമായ ഒരനുഭൂതിയായി
മാറുന്നത് അറിയണമെങ്കില്‍ നാം ആ അച്ഛനിലൂടെയും അമ്മയിലൂടെയും മകളിലൂടെയും
സഞ്ചരിക്കുക തന്നെ വേണം. അവര്‍ അനുഭവിച്ച വേദനകളുടേയും വേവലാതികളുടേയും സ്ഥാനത്ത്
നമ്മെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ടാകണം ആ യാത്ര നാം തുടങ്ങേണ്ടത്.
ആദിമധ്യാന്തം മിടിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലോക്കിന്റെ
സാന്നിധ്യം ഈ സിനിമയിലുണ്ട്. ജീവിതത്തിന്റെ ഗതീയതയെ സൂചിപ്പിക്കുന്ന ആ മിടിപ്പ്
ഒരിക്കലും ആവര്‍ത്തിക്കാത്ത മരണത്തേയും കാലത്തേയും സൂചിപ്പിക്കുന്നു. തന്റെ മകനെ
തല്ലിക്കൊന്ന പോലീസ് മേധാവിയെ രണ്ടു കൈയ്യുമുയര്‍ത്തി നന്നായി വരുമെന്ന്
നിഷ്കളങ്കമായി അനുഗ്രഹിക്കുന്ന വൃദ്ധനായ പിതാവ് ആരെയാണ് നോവിക്കാതിരിക്കുക? മകള്‍ അന്വേഷണത്തിനു ശേഷം പരീക്ഷീണയായി
വീട്ടിലേക്കത്തുമ്പോള്‍ ആ പിതാവ് ചോദിക്കുന്നത് അവര്‍ എന്നോടു പറഞ്ഞ അതേ
നുണകള്‍ തന്നെ നിന്നോടും പറഞ്ഞുവോ മകളേ എന്നാണ്.ആ ചോദ്യം അദ്ദേഹത്തിന് എല്ലാ
കാര്യങ്ങളും ബോധ്യമുണ്ടായിരുന്നുവെന്നും എന്നിട്ടും വേദനകളെ ഉള്ളിലടക്കി വെച്ച
വേദനകളെ മറ്റാരേയും അറിയാക്കാതെയിരുന്നതാണെന്ന് വ്യക്തമാകുന്നു.
മലയാളികള്‍ക്ക് മകനെ കാത്തിരിക്കുന്ന
അച്ഛന്റെ വേദന അത്ര അപരിചതമല്ല. എന്റെ മകനെ എന്തിനാണ് നിങ്ങളിപ്പോഴും മഴയത്ത്
നിറുത്തിയിരിക്കുന്നതെന്ന ചോദ്യം നമ്മുടെ തലയ്ക്കുമുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ട്.ആ
മുഴക്കത്തിന്റെ മനുഷ്യത്വപരമായ ആഴങ്ങള്‍ അനുഭവിച്ചറിയണമെങ്കില്‍ നിങ്ങള്‍ പിറവി
കാണുക തന്നെ വേണം.
Comments